UPDATES

വായന/സംസ്കാരം

ഗലിയാനോ: എന്നന്നേക്കുമായി നഷ്ടപ്പെട്ടൊരു പുസ്തകം- പി.എന്‍ ഗോപീകൃഷ്ണന്‍ എഴുതുന്നു

Avatar

പി.എന്‍.ഗോപീകൃഷ്ണന്‍

ബങ്കാളം കഴിഞ്ഞാല്‍ നാം വായനയ്ക്ക് തല വച്ചുകൊടുത്ത മറ്റൊരു ദേശം ലത്തീന മേരിക്കയാണ്. വല്ലാത്തൊരു വരവായിരുന്നു അത്. നെരൂദ, നിക്കാനോര്‍ പാറ, സെസാര്‍ വയാഹോ, ഒക്‌ടോവിയോ പാസ്, റോബര്‍ട്ടോ ജൂവറോസ്, തുടങ്ങിയ കവികള്‍, മാര്‍ക്വേസ്, അമാദോ, റോ അബസ്‌തോസ്, യോസ തുടങ്ങിയ കഥപറച്ചിലുകാര്‍. കവിതയും കഥയുമായി ബോര്‍ഹേസും ബൊലാനോയും. സന്യാസവും ഉള്‍വലിവുകളും കൊണ്ട് സമ്പന്നമായ നമ്മുടെ എഴുത്തിന് ജീവിതാസക്തി നിറഞ്ഞ, പുറത്തേയ്ക്കു പ്രവഹിക്കുന്ന ലത്തീനമേരിക്കന്‍ എഴുത്ത് പുതിയൊരുനുഭവമായിരുന്നു. ഉദാത്തതകളേയും അധമതകളേയും കുറിച്ചുള്ള ഉറച്ചുപോയ സങ്കല്പങ്ങളെ അത് കടപുഴക്കി. സ്വന്തം നാടിനെ എങ്ങനെ വര്‍ണ്ണാഭമായ പ്രകാശിപ്പിക്കാമെന്നും.

എന്നാല്‍ കഥയ്ക്കും നോവലിനും സിനിമയ്ക്കും ചിത്രകലയ്ക്കുമപ്പുറം മറ്റ് ഗദ്യാഖ്യാനങ്ങള്‍ വലുതായി നാം വായിച്ചില്ല. യോസയും മാര്‍ക്വേസും ബോര്‍ഹെസും പാസും ബൊലാനോയും മറ്റും ലേഖനങ്ങള്‍ എഴുതിയിരുന്നുവെങ്കിലും. അതിനാല്‍ നമ്മുടെ പൊതുവായനയിലേക്ക് വൈകിയെത്തിയ ഒരാളാണ് എഡ്വാര്‍ഡോ ഗലിയാനോ. 2009ല്‍ നയതന്ത്രത്തിലെ മഞ്ഞുരുക്കാന്‍ ഒബാമ, ഹ്യൂഗോഷാവേസിനെ സന്ദര്‍ശിക്കുകയുണ്ടായി. നീണ്ട ഒരിടവേളയ്ക്കു ശേഷമാണ് നവീന ലത്തീന മേരിക്കന്‍ രാഷ്ട്രങ്ങളുടെ പൊതുശത്രുവായ അമേരിക്കയുടെ പ്രസിഡന്റ് വെനിസ്വേലയില്‍ എത്തുന്നത്. അതും ആഗോളവത്ക്കരണത്തിന്റെ കണ്ണിലെ കരടായി ലത്തീമേരിക്കന്‍ രാഷ്ട്രങ്ങളുടെ ഒരു കോണ്‍ഫെഡറേഷന്‍ നിലനില്‍ക്കുമ്പോള്‍. ഒബാമ വന്നു. ‘അതിഥി ദേവോ ഭവ’; എന്ന ഇന്ത്യന്‍ മട്ടില്‍ സമ്പൂര്‍ണ്ണമായ ഒരു കീഴടങ്ങലായിരുന്നില്ല ആ സ്വീകരണം. ലത്തീനമേരിക്കന്‍ സാഹിത്യത്തില്‍ നിറയെ കാണുന്ന അര്‍ത്ഥപൂര്‍ണ്ണമായ ആംഗ്യങ്ങള്‍ കൊണ്ടും വചനങ്ങള്‍ കൊണ്ടും നിറഞ്ഞതായിരുന്നു അത്. നമ്മുടെ പ്രധാനമന്ത്രി ഈയ്യിടെ പാകിസ്ഥാന്‍ പ്രസിഡന്റിനോടു കാണിച്ച തരംതാഴ്ന്ന കുട്ടിക്കളിയുമല്ലായിരുന്നു അത്. നിറയെ രാഷ്ട്രീയ സന്ദേശങ്ങള്‍ നിറച്ചു വെച്ച മറ്റൊരു ആഖ്യാനമായിരുന്നു അത്. ഷാവേസ്, ഒബാമയ്ക്ക് നല്‍കിയ പുസ്തകം എഡ്വാര്‍ഡോ ഗലിയാനോയുടെ ‘ഓപ്പണ്‍ വെയിന്‍സ് ഓഫ് ലാറ്റിനമേരിക്ക’ ആയിരുന്നു.

ആ സന്ദര്‍ഭം ആഗോളശ്രദ്ധയിലേക്ക് ഉയര്‍ത്തും മുമ്പുതന്നെ എഡ്വാര്‍ഡോ ഗലിയാനോയും ആ പുസ്തകവും പ്രസിദ്ധി നേടിയിരുന്നു. 1970കളില്‍ ചെറുപ്പം വിടാത്ത ഗലിയാനോയാണ് ആ പുസ്തകം എഴുതിയത്. അതിന്റെ പുതിയ പതിപ്പിന് അവതാരിക എഴുതിയത് ഇസബെല്‍ ആയേന്ദയാണ്. അതെ. അഗസ്‌റ്റോ പിനോഷെ അട്ടിമറിച്ച സാല്‍വദോര്‍ ആയേന്ദയുടെ പിന്മുറക്കാരി. പില്‍ക്കാല നോവലിസ്റ്റ്. അവര്‍ അവതാരിക അവസാനിപ്പിക്കുന്നത് ഇങ്ങനെ,’1973 ലെ സൈനിക അട്ടിമറിയെ തുടര്‍ന്ന് എനിക്കും ജന്മരാജ്യം ഉപേക്ഷിക്കേണ്ടിവന്നു. വലുതായൊന്നും എടുക്കുവാന്‍ എനിക്ക് കഴിഞ്ഞില്ല. കുറച്ചു വസ്ത്രങ്ങള്‍, കുടുംബചിത്രങ്ങള്‍, ഉദ്യാനത്തിലെ മാലിന്യങ്ങള്‍ നിറച്ച സഞ്ചി, പിന്നെ രണ്ടു പുസ്തകങ്ങളും: ഒന്ന്, നെരൂദയുടെ ഗീതകങ്ങള്‍, രണ്ടാമത്തേത്, മഞ്ഞപ്പുറംചട്ടയുള്ള ആ പുസ്തകം: ‘ലത്തീനമേരിക്കയുടെ തുറന്ന ഞരമ്പുകള്‍'(Open v-eins of la-tin erica). ഇരുപതു കൊല്ലമായി അതേ പുസ്തകം എന്റെകൂടെയുണ്ട്.

ഭൂമിയില്‍ നീതി നടപ്പാക്കണം എന്ന് ആഗ്രമെങ്കിലും ആഗ്രഹിക്കുന്നവര്‍ വര്‍ഷങ്ങളോളം കൂടെകൊണ്ടുനടന്നു വായിച്ച പുസ്തകമാണ് ഷാവേസ്, ഒബാമയ്ക്ക് കൊടുത്തത്. അത് നിറയെ ചൂഷണത്തിന്റെ കഥകളായിരുന്നു. കൊളംബസ് തൊട്ടുതുടങ്ങിയ വെള്ളക്കാരന്റെ ചൂഷണത്തിന്റെ കഥ. ഭാഷയും സംസ്‌ക്കാരവും അപ്പവും തട്ടിപ്പറിക്കപ്പെട്ട ഇടത്തുനിന്നും പൊരുതിക്കയറുന്ന മനുഷ്യത്വത്തിന്റെ കഥ. അങ്ങനെയാണ് പുസ്തകങ്ങള്‍ പുസ്തകങ്ങളല്ലാതാകുന്നത്. കൂടെ നടക്കുന്ന വഴികാട്ടി ആകുന്നത്. ഗാന്ധി ഒരിക്കല്‍ പറഞ്ഞപോലെ ‘ആധുനിക മനുഷ്യന്‍ കെട്ടിയ രക്ഷ’.
ഒരു പക്ഷേ, രണ്ടുപുസ്തകങ്ങളാണ് ലാറ്റിനമേരിക്കന്‍ ജീവിതത്തിന്റെ ആത്മകഥയെന്ന് വിശേഷിപ്പിക്കാവുന്നത്. ഒന്ന് ഒക്ടാവിയോ പാസ്സിന്റെ ഏകാന്തതയുടെ ഊടുവഴികള്‍ (Labryntn of solitude). രണ്ട് ഗലീയാനോവിന്റെ മേല്‍പുസ്തകം. ആദ്യത്തേത് ലത്തീനമേരയ്ക്ക് തൊട്ടുമുകളില്‍ കിടക്കുന്ന മെക്‌സിക്കോയുടെ ആത്മനിഷ്ഠ ചരിത്രം. സമൂഹങ്ങള്‍ക്കും വ്യക്തികള്‍ക്കുമെന്നപോലെ രാഷ്ട്രങ്ങള്‍ക്കും ആത്മനിഷ്ഠ ചരിത്രമുണ്ടെന്നും അതിനൊരു ഭാഷയുണ്ടെന്നും ലോകത്തെ മനസ്സിലാക്കിത്തന്ന പുസ്തകം. ‘ഏകാന്തത’ എന്ന പദം മലയാളത്തില്‍ കാല്‍പ്പനികവും തരളവുമാണ്. എന്നാല്‍ പാസിന്റെ ഏകാന്തത ചരിത്രപരമാണ്. ഗഹനവുമാണ്. മനുഷ്യാവസ്ഥയുടെ ഒരു അന്തിമാവസ്ഥയാണത്. ജനിക്കുന്ന നേരത്തും മരിയ്ക്കുന്ന നേരത്തും ഒറ്റയ്ക്കാവുന്ന മനുഷ്യജീവിയില്‍ ഏതു സന്ദര്‍ഭത്തിലും ഏകാന്തതയുടെ ഒരു മിടിപ്പ് പായുന്നുണ്ട്. അത് എപ്പോഴും അവിടെയുണ്ട്. വ്യക്തികളില്‍ മാത്രമല്ല രാജ്യങ്ങളിലും സമൂഹങ്ങളിലും. മനുഷ്യജീവിതത്തിന്റെ മറ്റൊരു അഗ്രിമാവസ്ഥ കൂടിച്ചേരലാണ്. വ്യക്തിപരമായ എല്ലാറ്റിനേയും കൈയ്യൊഴിച്ച് ഒരു സംഘത്തെ ആര്‍ജ്ജിക്കല്‍. ഉത്സവങ്ങളിലും മേളങ്ങളിലും നടക്കുന്ന ഒന്ന്. ഈ രണ്ട് അഗ്രിമാവസ്ഥകളെ മുന്‍നിര്‍ത്തി പാസ് തന്റെ അതിമനോഹരമായ ഗദ്യത്തില്‍ മെക്‌സിക്കോയുടെ ചരിത്രം എഴുതുന്നു. കോര്‍ട്ടേസ് എന്ന പടനായകന്‍ സ്‌പെയിനില്‍ നിന്നെത്തി മെക്‌സിക്കോയിലെ ആസടെക് വര്‍ഗ്ഗക്കാരെ കീഴടക്കുന്നതോടെ മെക്‌സിക്കോയുടെ എകാന്തചരിത്രം ആരംഭിക്കുകയാണ്. ഗലിയാനോയുടെ പുസ്തകത്തിന്റെ ആദ്യഭാഗവും കോര്‍ട്ടേസിന്റെ വരവിനെ കാണിക്കുന്നുണ്ട്. ഒരു ശബ്ദവും കേള്‍പ്പിക്കാതെ മൂന്നു ഹിരോഷിമ ബോംബുകള്‍ക്ക് ഉണ്ടാക്കാനാകുന്ന നാശം ലത്തീനമേരിക്കന്‍ ജനത സാമ്രാജ്യത്ത ചൂഷണം മൂലം അനുഭവിച്ചുവരുന്നു. പല്ലുകള്‍ കടിച്ചുപിടിച്ച് ഈ വലിയ നാശത്തെ സഹിക്കാന്‍ പഠിച്ച ജനതയെ മുന്‍നിര്‍ത്തിയാണ് ഗലിയാനോ അക്കഥ പറയുന്നത്. ലാറ്റിനമേരിയ്ക്കന്‍ ‘ദാരിദ്ര്യം’ തീര്‍ക്കാന്‍ ജനപ്പെരുപ്പമെന്ന പെരുംനുണ മെനഞ്ഞെടുത്ത അമേരിക്കന്‍ കള്ളത്തരത്തെ കടന്നാക്രമിക്കുന്നു, ഗലിയാനോ. ലാ പാസിലെ ഒരു ചുവരെഴുത്തിലെ കറുത്ത ഹാസ്യത്തെ ഗലിയാനോ ഉദാഹരിക്കുന്നുണ്ട്, ‘ദാരിദ്ര്യത്തോട് എതിരിടാന്‍ ഒരു പിച്ചക്കാരനെ കൊല്ലുക’.

ഒരു പക്ഷേ, ഈ വേള്‍ഡ് ബാങ്ക്, കോര്‍പ്പറേറ്റ്, സാമ്രാജ്യത്തെ ഭരണാധികാരയുക്തിയാണ് നാമടക്കമുള്ള ലോകത്തിലെ മഹാഭൂരിപക്ഷം പ്രജകളും അനുഭവിക്കുന്നത്. ഫ്രാന്‍സ് ഫേനന്റെ വിഖ്യാതപുസ്തകത്തിന്(The wretched of the earth) ഴാങ്ങ് പോള്‍ സാര്‍ത്ര് എഴുതിയ അവതാരികയില്‍ പറയുംപോലെ, സാമ്രാജ്യത്വം എഴുത്തിനിരുത്തിയ ‘നല്ലകുട്ടികളായി’ നാം വിദ്യ അഭ്യസിച്ചു കൊണ്ടേയിരിക്കുന്നു. യൂറോപ്യന്‍ സംസ്‌കാരവുമായി പുലബന്ധമില്ലാത്ത മനുഷ്യര്‍ ‘പാര്‍ത്തിനോണ്‍’ എന്ന് വീണ്ടും വീണ്ടും ഉച്ചരിക്കേണ്ടിവരുന്നു. ആ ആഭാസമാണ് മൂന്നാം ലോക ബുദ്ധിജീവിയുടെ ആസ്തി, എന്ന് പൊതുവേ ധരിപ്പിക്കാന്‍ ഈ സാംസ്‌ക്കാരിക, സാമ്പത്തിക, രാഷ്ട്രീയ അധിനിവേശത്തിന് സാധിക്കുന്ന ഇടത്തു വെച്ചാണ് രാഷ്ട്രീയം തുടങ്ങേണ്ടത് എന്ന് ഫാനനെപ്പോലെ ഗലിയോനോയും വിശ്വസിച്ചു. അതിനാല്‍ വലിയ അക്കാദമീഷ്യന്‍മാര്‍ക്ക് കാണാന്‍ കഴിയാതിരുന്ന തന്റെ രാജ്യത്തിന്റെ തുറന്ന ഞരമ്പുകളെ ഗലിയാനോ കണ്ടു. അതിലൂടെ പ്രവഹിക്കുന്ന രക്തത്തേയും.
ആ കാഴ്ചയെ ഇസബേല്‍ ആയേന്ദ മനോഹരമായി പറയുന്നുണ്ട്: തന്റെ രാജ്യത്തെ എല്ലാവരേയും പോലെ അയാളും ഒരു ഫുട്‌ബോള്‍ കളിക്കാരനാകാന്‍ ആഗ്രഹിച്ചു. സംന്യാസിയാകാനും. പക്ഷെ മാരകപാപങ്ങള്‍ ചെയ്ത ഒരാളായിട്ടാണ് അയാള്‍ പരിണമിച്ചത്. ഒരിക്കല്‍ അയാള്‍ തന്നെ പറഞ്ഞപോലെ ”ഞാനാരേയും കൊന്നില്ല. ശരിയാണ്. പക്ഷേ, അത് എനിക്കാഗ്രഹമില്ലാഞ്ഞിട്ടല്ല. അത് നടപ്പിലാക്കാനുള്ള ത്രാണിയില്ലാതെയാണ്”. ഫാനന്‍ തന്റെ പുസ്തകം തന്നെയെഴുതിയത് മൂന്നാം ലോകത്ത് അല്‍പ്പമെങ്കിലും ചിന്തിക്കുന്ന മനുഷ്യര്‍ എങ്ങനെ അക്രമാസക്തരാകുന്നു എന്ന് കാണിക്കാനാണ്. 197 3ലെ സൈനിക അട്ടിമറിയെത്തുടര്‍ന്ന് ഗലിയാനോ ജയിലിലായി. അവിടെ നിന്നും അധികം താമസിയാതെ ആര്‍ജന്റീനയിലേക്ക് ഒരു അഭയാര്‍ത്ഥിയായി അദ്ദേഹം ചേക്കേറി. അവിടെയും അധികം നാള്‍ സ്വസ്ഥത കിട്ടിയില്ല. അര്‍ന്റീനയില്‍, 1976ല്‍ നടന്ന അട്ടിമറിയെത്തുടര്‍ന്ന് ഇടതുപക്ഷക്കാരേയും പത്രപ്രവര്‍ത്തകരേയും കലാകാരന്മാരേയും പുതിയ സര്‍ക്കാര്‍ വേട്ടായടാന്‍ തുടങ്ങി പ്രതിസന്ധി (Crisis) എന്ന പേരില്‍ ഒരു മാസിക നടത്തിയിരുന്ന ഗലിയാനോ വീണ്ടും ഒരു തവണക്കൂടി അഭയാര്‍ത്ഥിയായി. ഇത്തവണ സ്‌പെയിനിലേക്കാണ് കുടിയേറിയത്. അങ്ങിനെ ഓടിക്കൊണ്ടിരിക്കുന്ന ഒരു ജീവിതത്തിന്നവസാനമാണ് ഓപ്പണ്‍ വെയിന്‍സ് ഓഫ് ലാറ്റിന്‍ അമേരിക്ക രചിക്കപ്പെടുന്നത്.

ഗലിയാനോയുടെ എഴുത്തിന്റെ അടിത്തറ, ഇരുപതാം നൂറ്റാണ്ടിന്റെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകളുടെ അടിത്തറയായ നീതിയെക്കുറിച്ചുള്ള അവസാനിക്കാത്ത ഉത്കണ്ഠകള്‍ ആയിരുന്നു. അയാളുടെ കഥകളിലും കവിതകളിലും മറ്റെഴുത്തുകളിലും അത് പ്രതിഫലിച്ചു വെളിവാക്കുന്നത് നമുക്ക് കാണാം. ‘മിറേഴ്‌സ്’ എന്ന അതിമനോഹരമായ പുസ്തകം നോക്കുക. ചെറു ചെറു ഖണ്ഡങ്ങളില്‍ ലാറ്റിനമേരിക്കയെ മുഴുവനായി വിസ്തരിക്കുന്ന പുസ്തകമാണത്. മറഡോണയും ഹിഗ്വിറ്റയും പെലെയും അതിലുണ്ട്. നിരവധി കഥകളും, മറ്റനവധി ലത്തീനമേരിക്കന്‍ വ്യക്തികളും ചരിതങ്ങളും. ഒരിടത്തും അയഞ്ഞുപോകാതെ, കൊച്ചു വര്‍ത്തമാനാകാതെ, ആ പുസ്തകം ഒരു അത്ഭുതമായ് അവശേഷിക്കുന്നു.

മറ്റനേകരുടെ എന്ന പോലെ എന്റേയും പ്രിയപ്പെട്ട പുസ്തകമായിരുന്നു അത്. ബഹുമാനത്തേക്കാള്‍ സ്‌നേഹം തോന്നുന്ന പുസ്തകം. അത് കൈയ്യില്‍കിട്ടിയ നാളുകളില്‍ ഉറങ്ങുമ്പോഴല്ലാതെ ഞാനതിനെ മറന്നില്ല. ഓഫീസിലും നിരത്തിലും വീട്ടിലും സൗഹൃദസദസ്സുകളിലും വര്‍ത്തമാനങ്ങളിലും അത് എന്റെകൂടെ നടന്നു. ടോയ്‌ലറ്റില്‍പോലും കൂടെവന്നു. അക്കാലത്ത് (ഇക്കാലത്തും) ഏറ്റവും നല്ല വായനയാണ് തര്‍ജ്ജമചെയ്യല്‍ എന്നു ഞാന്‍ വിശ്വസിച്ചിരുന്നു. അങ്ങനെ അതിലെ പലഖണ്ഡങ്ങളും കരടുരൂപത്തില്‍ തര്‍ജ്ജമചെയ്യുകയുയം ചെയ്തിരുന്നു. ആയിടെ ഞാന്‍ ബഹുമാനിക്കുന്ന ഒരു കവിയുടെ വീട്ടില്‍ ചെന്നപ്പോള്‍ അവിടെ ‘മിറേഴ്‌സ്’കിടപ്പുണ്ടായിരുന്നു. ‘ഞാനത് തര്‍ജ്ജമ ചെയ്തുകൊണ്ടിരിക്കുകയാണ്.’ അദ്ദേഹം പറഞ്ഞു. ‘കൂടുതല്‍ നന്നായ് വായിക്കാന്‍ വേണ്ടി’. ആ സാധാരണ നിമിഷങ്ങള്‍ അസാധാരണമായി എനിക്ക് തോന്നി. പിന്നീട്, ഞാന്‍ പരിചയിച്ചിട്ടുള്ള ഏറ്റവും നല്ല വായനക്കാരില്‍ ഒരാള്‍ എന്‍. ശശിധരന്‍, അതിലെ പലഖണ്ഡങ്ങളും തര്‍ജ്ജമ ചെയ്തതും വായിക്കുകയുണ്ടായി. എഡ്വാര്‍ഡോ ഗലിയാനോ മരിച്ചെന്നറിഞ്ഞ രാത്രിയില്‍ ഞാന്‍ ശശിമാഷെ വിളിച്ചു. ‘നമ്മുടെ എഴുത്തുകാര്‍’എന്നു വിളിക്കുന്നവര്‍ ഒന്നൊന്നായിപോകുകയാണല്ലോ’ എന്നു ചോദിച്ചു. ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് ഗുന്തര്‍ഗ്രാസ് മരിച്ചെന്നറിഞ്ഞത്.

‘നമ്മളും മരിക്കും’; ശശിമാഷ് പറഞ്ഞു.

‘നമ്മള്‍ മരിക്കും എന്ന് നമുക്കറിയാം. പക്ഷെ ഗലിയാനോയെപോലുള്ള ഒരു എഴുത്തുകാരന്‍ ഒരിക്കലും മരിക്കില്ല. എന്നാണ് ഞാന്‍ വിശ്വസിച്ചിരുന്നത്.” ഞാന്‍ പറഞ്ഞു.

‘ഒളിപ്പോര്’ എന്ന സിനിമയ്ക്ക് എഴുതിയപ്പോള്‍ അതിലെ നായകന്‍, മോണോ ലോഗുകളിലൂടെ സംസാരിക്കുന്ന അജയന്‍ എന്ന കവി, രണ്ടിടത്ത് ഗലിയാനോയുടെ പേരു പറയുന്നുണ്ട്. ”നമ്മേക്കാള്‍ നന്നായി നമ്മുടെ ഓര്‍മ്മകള്‍ക്കാണു നമ്മെ അറിയാന്‍ കഴിയുക” എന്ന് ഓര്‍മ്മകളിലേയ്ക്ക് കൂപ്പുകുത്തുമ്പോള്‍ അയാള്‍ ഗലിയാനോയെ ഉദ്ധരിക്കുന്നുണ്ട്. തന്റെ പ്രിയപ്പെട്ടവളായ വാണിയുമായി പുസ്തകശാലയില്‍ കയറുമ്പോള്‍ അയാള്‍ ഗലിയാനോയുടെ പേര് പറയുന്നുമുണ്ട്. ആദ്യത്തെ ഷോട്ട് എടുത്തുകഴിഞ്ഞപ്പോള്‍ നായക കഥാത്രത്തിന്റെ വേഷം ചെയ്ത ഫഹദ് ഫാസില്‍ എന്ന നടന്‍ എന്റെ അടുത്തുവന്ന് ഗലിയാനോയെക്കുറിച്ച് ചോദിച്ചു. അദ്ദേഹത്തെപ്പറ്റി ഞാന്‍ പറഞ്ഞത് ശ്രദ്ധിച്ചുകേട്ടു. അവസാനം ഗലിയാനോടുള്ള ഒരു പുസ്തകം ഓട്ടോഗ്രാഫ് ചെയ്തു തരണമെന്ന് ശ്വാസം പിടിച്ചു. അങ്ങനെയാണ് ആ പ്രിയപ്പെട്ട പുസ്തകം ‘മിറ്റേഴ്‌സ്’ എനിക്ക് നഷ്ടപ്പെട്ടത്.

എല്ലാ നല്ല പുസ്തകളുടേയും വിടപറയല്‍ മുഹൂര്‍ത്തത്തില്‍ എപ്പോഴും വായനയുടേയും മനസ്സിലാക്കലിന്റേയും ഒരു ഒഴുക്കുണ്ട്. വായന ഒരു നദിയാണ് എന്ന് വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുംവിധം അതില്‍ ഇറങ്ങിക്കുളിക്കുന്നത് ഏകവചനമായ വായനക്കാരനല്ല. ബഹുവചനമായ വായനക്കാരാണ് എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് ആ പുസ്തകം അകന്നകന്നുപോയത്.

(കവിയും എഴുത്തുകാരനുമാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 
അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ താഴെകൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍