UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുട്ടികള്‍ ചുമട്ടുകാരല്ല

Avatar

ലക്ഷ്മി നായര്‍

യാത്ര കഴിഞ്ഞ് വീട്ടില്‍ ചെന്നപ്പോള്‍ സര്‍വ്വന്റ് ക്വാര്‍ട്ടറിന്റെ മുന്നില്‍ വിടര്‍ന്ന കണ്ണുകളുമായി ഒരു ഈര്‍ക്കില്‍ ചെക്കന്‍. കയ്യിലുള്ള ബാഗും എന്നെയും അവന്‍ മാറിമാറി നോക്കി. പരിചയമില്ലാത്ത എന്റെ മുഖം അവന്‍ നല്ലോണം നിരീക്ഷിച്ചു. എന്താ പേര്? ഞാന്‍ അവന്റെ താടിയില്‍ കൈവച്ച് ചോദിച്ചു. ‘കപില്‍’ ആത്മവിശ്വാസത്തോടെ അവന്‍ പറഞ്ഞു. എന്നിട്ട് ദീപാവലിയുടെ ഇരുട്ടില്‍ ആകാശത്ത് പൊട്ടുന്ന വര്‍ണ്ണാഭമായ ശോഭപോലെ അവന്‍ ചിരിച്ചു. ‘ എത്ര കൗതുകമുള്ള മുഖം’. ഞാന്‍ എന്റെ ആതിഥേയനായ മിര്‍സയോടു പറഞ്ഞു.

ഞാന്‍ കണ്ട കപില്‍ ഒരു തികഞ്ഞ ബാലനാണ്. നിറയെ കൗതുകവും സാമാന്യം നല്ല മിഠായി കൊതിയും, കുറെ ചോദ്യങ്ങളും, നിറഞ്ഞ ആത്മവിശ്വാസവും, ആവശ്യത്തിന് അനുസരണയും ഉള്ള ഒരു ചെറിയ റോക്കറ്റ്. ഞാന്‍ അവിടെ താമസിച്ച രണ്ട് ദിവസത്തിനുള്ളില്‍ ഞാനും അവനും കൂട്ടുകാരായി. എന്റെ ഉള്ളില്‍ ഒരദ്ധ്യാപിക ഉള്ളതിനാലാവാം അവനെ, പ്ലീസ്’, ‘താങ്ക്യൂ’ എന്നൊക്കെ ഞാന്‍ പഠിപ്പിച്ചു. ചിട്ട പ്രകാരം അവന്‍ അതൊക്കെ ആവര്‍ത്തിക്കുകയും ചെയ്തു. മിര്‍സക്ക് കുട്ടികളെ ഒരു തരത്തിലും ഒതുക്കുന്നതിനോട് യോജിപ്പില്ലായിരുന്നു. വാക്കുകള്‍ കൊണ്ടല്ലെങ്കിലും, നോട്ടം കൊണ്ട് മിര്‍സ നിഷേധിച്ചു.

ഒരു വര്‍ഷം കഴിഞ്ഞ് ഞാന്‍ വീണ്ടും കപിലിനെ കാണുമ്പോള്‍ അവന്‍ സ്‌കൂളില്‍ പോയി തുടങ്ങിയിരുന്നു. മിര്‍സയുടെ സഹോദരി സല്‍മയും അന്നവിടെയുണ്ട്. കപിലെന്നെ മറന്നിട്ടില്ലായിരുന്നു. ഞാന്‍ കൊടുത്ത മിഠായി പെട്ടി കയ്യില്‍ വാങ്ങിയ അവന്‍ മിണ്ടാതെ പോയപ്പോള്‍ ഞാന്‍ ചോദിച്ചു. ‘ കപില്‍, ഒന്നും പറയുന്നില്ലേ?’  വീണ്ടും അവന്‍ മുല്ലമൊട്ട് പോലത്തെ പല്ലുകള്‍ കാണിച്ച് ചിരിച്ചു. എന്നിട്ട് സ്വല്‍പ്പം സങ്കോചത്തോടെ അവന്‍ പറഞ്ഞു: താങ്ക് യു.

പിറ്റേദിവസം, ഏകദേശം വൈകുന്നേരം അഞ്ച് മണി ആയിട്ടുണ്ടാവും. അവധി ദിവസമായതിനാല്‍ ഞങ്ങള്‍ എല്ലാവരും വീട്ടിലുണ്ട്. കപിലിന്റെ അലറി വിളിച്ചുള്ള കരച്ചില്‍ കേട്ടു. സല്‍മ ഒറ്റച്ചാട്ടത്തില്‍ പുറത്തേക്കോടി. മിര്‍സ ടിവി കാണുകയായിരുന്നെങ്കിലും ചെവിയും ശ്രദ്ധയും പുറത്തായിരുന്നു. ഞാന്‍ അനങ്ങിയില്ല.

സല്‍മ കപിലിനെയും കൂട്ടി ഉള്ളിലേക്ക് വന്നു. അവന്റെ കണ്ണീര്‍ ഗോളങ്ങള്‍ ജ്വലിക്കുന്നുണ്ടായിരുന്നു. പക്ഷേ കരച്ചില്‍ നിന്നു. സല്‍മ അവനോട് പറഞ്ഞു: ‘പോണ്ട, നീ പോണ്ട.’ വിഷയം ട്യൂഷനാണ്. രണ്ടുപേര്‍ക്കും പറയത്തക്ക വിദ്യാഭ്യാസ യോഗ്യതയൊന്നുമില്ല. പക്ഷെ ആ ഇടുങ്ങിയ വീട്ടിനുള്ളില്‍ പത്താംതരം എങ്കിലും പാസ്സായ നാലുപേരുണ്ട്. പക്ഷെ നമ്മുടെ നാട്ടില്‍ ട്യൂഷന്റെ പ്രസക്തിയെന്താണെന്ന് പറഞ്ഞറിയിക്കേണ്ടതില്ലല്ലൊ. അതവിടെ നില്‍ക്കട്ടെ.

യാന്ത്രികമായി ഞാന്‍ പറഞ്ഞു: ‘സല്‍മ ഡോണ്‍ട് സേ ദാറ്റ്…’കപിലിന്റെ കരച്ചില്‍ പൂര്‍ണ്ണമായും നിന്നു കഴിഞ്ഞിരുന്നു. മിര്‍സ അവന്റെ ലോകത്തിലെ ഏറ്റവും ശക്തിമാനായ വ്യക്തിയാണ്. മിര്‍സയുടെയടുത്തെത്തിയാല്‍ അവന് പിന്നെ കരച്ചില്‍ ഉപയോഗിക്കേണ്ടാന്നറിയാം. മിര്‍സ അപ്പോഴേക്കും അവനെ ലാളിക്കാന്‍ തുടങ്ങിയിരുന്നു. ഞാന്‍ പറഞ്ഞു: ‘അവന്റെ മാതാപിതാക്കളെ നിഷേധിക്കാന്‍ പഠിപ്പിക്കരുത്. അവന്‍ പോകണോ വേണ്ടയോ എന്ന് അവര്‍ തീരുമാനിക്കണം. അവന്‍ അനുസരിക്കണം .’ അപ്പോഴേയ്ക്ക് മിര്‍സയുടെ കോപത്തിന്റെ അമ്പ് എന്നിലേക്ക് തിരിഞ്ഞു.’ നിനക്കെന്തറിയാം! കുട്ടികളുടെ മനശ്ശാസ്ത്രം മനസ്സിലാക്കണം. അവന്‍ പോകേണ്ട ഒരു കാര്യവും ഇല്ല. മുട്ടയില്‍ നിന്ന് വിരിയും മുമ്പേ, കളിച്ചു നടക്കേണ്ട പ്രായത്തില്‍ ട്യൂഷന്‍ മാസ്റ്ററുടെ മുന്നില്‍ പോയി കഷ്ടപ്പെടേണ്ട കാര്യം അവനില്ല. അതില്‍ കുറഞ്ഞുള്ള പഠിത്തം മതി…’ ക്ഷിപ്രകോപിയും വാള്‍മുനയെക്കാളും മൂര്‍ച്ചയുള്ള നാവിന്റെ ഉടമയുമായ മിര്‍സയും, വിശ്വസിക്കുന്നതൊക്കെ ഇരുമ്പുലക്കയാണെന്നും, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഉച്ചകോടി അടക്കിവാഴുന്നുവെന്ന് വിശ്വസിക്കുന്ന ഞാനും തമ്മില്‍ ആ ഒരു വൈകുന്നേരം മുഴുവന്‍ തര്‍ക്കിച്ചു. എന്റെ ഓര്‍മ്മയില്‍ അടുത്ത ദിവസവും ഞങ്ങള്‍ പരസ്പരം മൗനം പാലിച്ചു. സല്‍മ മൂകസാക്ഷിയായി.

ഇത് ഒരു സംഭവ കഥയാണ്. ഇവിടെ തെറ്റും ശരിയും ഇല്ല. പറഞ്ഞ സംഭവത്തില്‍ എല്ലാവരും ഒരേസമയം തെറ്റുകാരും ശരിക്കാരുമാണ്. പഠിപ്പിക്കാന്‍ നിവര്‍ത്തിയില്ലാത്ത പാവപ്പെട്ട മാതാപിതാക്കള്‍ അവരുടെ മകനെ പഠിപ്പിക്കാന്‍ സഹായം തേടുന്നതില്‍ എന്താ തെറ്റ്? നാലു വയസ്സു പോലും പ്രായമാകാത്ത കപില്‍ അവധിക്കാലത്ത് അവന്റെ കൂട്ടുകാരോടൊപ്പം പോയി കളിക്കാന്‍ വാശിപിടിക്കുന്നതില്‍ എന്താ തെറ്റ്? കരയുന്ന കുട്ടിയെ സാന്ത്വനിപ്പിച്ച സല്‍മയോ, ഒരു തെറ്റായ പ്രവണതയെ തിരുത്താന്‍ ശ്രമിച്ച മിര്‍സയോ, ഞാനോ തെറ്റുകാരല്ല. പിന്നെ എന്തിനായിരുന്നു ആ സാന്ദ്രമായ സായന്തനം യുദ്ധക്കളമായത്!

കപിലിന്റെ പുസ്തകങ്ങള്‍ ഞാന്‍ പരിശോധിച്ചപ്പോള്‍,  എ-2, 1-100 എന്നിങ്ങനെ വാക്കുകളും, അക്കങ്ങളും, ചെറിയ വാക്യങ്ങളും ഒക്കെ പട്ടികയില്‍ കൊടുത്തിട്ടുണ്ട്. തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നതിന് ഇതിലും വല്യ ഉപമ കിട്ടില്ല. ഒരു വര്‍ഷം അവന്‍ സ്‌കൂളില്‍പോയി. പക്ഷേ ഇതില്‍ ഒരക്ഷരം പോലും അവന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. പെന്‍സില്‍ ഉറപ്പിച്ച് പിടിക്കാനുള്ള കരുത്ത് പോലും അവന്റെ വിരലുകള്‍ക്കുണ്ടായിരുന്നില്ല. അവന്റെ ബാഗില്‍ എട്ട് പുസ്തകങ്ങളുണ്ടായിരുന്നു. ഭാരം താങ്ങാതെ ബാഗ് പലയിടത്തു അറ്റുപോയിരുന്നു.

നമ്മള്‍ എന്താണ് ഉദ്ദേശിക്കുന്നത്? ഒന്നന്നൊര മണിക്കൂര്‍ അവനും പുസ്തകങ്ങളും ഞാനുമായി ചിലവഴിച്ചത് എന്നെ ഒരു പോലെ സന്തോഷിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്തു. അവന് പഠിക്കാന്‍ യാതൊരു മടിയുമില്ല, എഴുതാനും. ‘ മതി ഇനിപ്പോയി കളിക്കൂ’ എന്ന് പറഞ്ഞപ്പോഴും അവന് പോകാന്‍ ധൃതിയൊന്നുമില്ലായിരുന്നു. സാമ്പത്തികമായി പിന്നോക്കമായ അവനെപ്പോലെയുള്ള പല കുടുംബങ്ങളിലെയും കുട്ടികള്‍ കഷ്ടപ്പെടാന്‍ തയ്യാറുള്ളവരാണ്. എ.സി ബസ്സില്‍ കയറി എ.സി സ്‌കൂളില്‍ പോയി പഠിപ്പിക്കപ്പെടുന്ന കുട്ടികളുടെ ആവശ്യങ്ങളില്‍ കാല്‍ ഭാഗം പോലും ഇവര്‍ക്കില്ല. എന്നിട്ടും എന്തോ ഇവരുടെ കാര്യം വരുമ്പോള്‍ വിദ്യാഭ്യാസ മുതലാളിമാര്‍ക്ക് സങ്കോചം?

വിദ്യ അഭ്യസിക്കുന്ന കുട്ടികള്‍ക്ക് അതൊരു ആഭാസമായി മാറുന്നതെന്തുകൊണ്ട്? അനിവാര്യ വിദ്യാഭ്യാസമില്ലാത്ത മാതാപിതാക്കള്‍ക്ക് അവരുടെ മക്കള്‍ക്ക് അവരുടെ അവസ്ഥ വരരുതെന്ന് വിചാരിക്കുന്നതില്‍ എന്താണ് തെറ്റ്.

എവിടെയാണ് അഴിച്ചു പണിയേണ്ടത്? ശിശുവിദ്യഭ്യാസരംഗത്ത് അനേകം പ്രശ്‌നങ്ങളുണ്ട്. ദൃഢനിശ്ചയമുള്ള സര്‍ക്കാരും, സമൂഹവും ഉണ്ടെങ്കില്‍ എല്ലാം പരിഹരിക്കാവുന്ന പ്രശ്‌നങ്ങളാണ്. പക്ഷെ ഒറ്റ ശ്വാസത്തില്‍ എല്ലാം ഒരുമിച്ച് നടക്കില്ല, തുടക്കം കുറിക്കാന്‍. സ്‌കൂളിലേക്ക് അയക്കപ്പെടുന്ന കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്താനുള്ള വഴി ഉണ്ടാക്കുന്നതാവും ആദ്യത്തെ ചുവട്.

മാതാപിതാക്കളെ സമഗ്രമായി ഉല്‍ക്കൊള്ളിക്കുന്ന നയം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വീകരിക്കണം. പാഠക്രമം വീട്ടില്‍ മടങ്ങിയെത്തുന്ന കുഞ്ഞിനെ പഠിപ്പിക്കാന്‍ എങ്ങിനെ സഹായിക്കാമെന്ന ചര്‍ച്ചയും പ്രവൃത്തിയും ഉണ്ടാക്കണം. വിദ്യഭ്യാസം കുറഞ്ഞ മാതാപിതാക്കളുടെ കുട്ടികളെ ക്ലാസ്സില്‍ പിന്നോക്കമാകാതെ ശ്രദ്ധിക്കേണ്ടത് സ്‌കൂളിന്റെ ചുമതലയാകണം.

ട്യൂഷന്‍ ആശ്രയിക്കേണ്ടി വരുന്നത് സ്‌കൂളിലെ പഠനരീതി ഉത്തമമല്ലാത്തത് കൊണ്ടാണ്. ചെറിയ ക്ലാസുകളില്‍ പഠനഭാരം കൂട്ടി പഠിപ്പിക്കുന്നത് കൊണ്ട് കുട്ടിയുടെ മനശാസ്ത്രത്തിനെയോ പ്രായോഗിക അറിവിനെയോ ഒരു തരത്തിലും സഹായിക്കുന്നില്ല. പകരം പട്ടികയുടെ അളവ് കുറച്ചാല്‍ കളിക്കേണ്ട സമയത്ത് കുട്ടികള്‍ പഠിക്കേണ്ടി വരില്ല.

സ്‌കൂളിലെ പ്രായോഗികമായ പരിപാടികളില്‍ കുട്ടികള്‍ കളിയിലും കാര്യത്തിലും കൂടി പഠിക്കാന്‍ ഇടയാകണം. ഒന്നാം ക്ലാസില്‍ ചേരുന്നതിന് മുമ്പേ ഒന്ന് മുതല്‍ നൂറുവരെ എണ്ണാനും കുറയ്ക്കാനും അതിന്റെ സ്‌പെല്ലിങ്ങും ഒന്നും പഠിക്കാതെയാണ് നമ്മുടെ പ്രമുഖരായ പല ശാസ്ത്രജ്ഞരും, അപോത്തിക്കരികളും ഉണ്ടായത്. കുട്ടികളെക്കൊണ്ട് ഭാരം ചുമപ്പിച്ചല്ല സ്‌കൂളിന്റെ, മാതാപിതാക്കളുടെ അന്തസ്സ് സംരംക്ഷിക്കേണ്ടത്.

വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഒതുങ്ങുന്ന വിദ്യ കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ ഇന്നത്തെ അദ്ധ്യാപക നിലവാരത്തില്‍ മാറ്റം വരുത്തണം. പിഞ്ച് കുഞ്ഞുങ്ങളെ തറ, പറ പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ വേതനം മറ്റേതു ക്ലാസിലെ അദ്ധ്യാപകരെക്കാട്ടിലും കൂടുതലായിരിക്കണം. ചെറിയ ക്ലാസുകളില്‍ പഠിപ്പിക്കുന്നത് ഒരു അഭിമാനമായി സമൂഹത്തില്‍ തെളിയണം. എന്നാല്‍ മാത്രമെ ശിശുവിദ്യഭ്യാസരംഗത്ത് പുരോഗമനമുണ്ടാകൂ.

ശൈശവത്തില്‍ പഠിത്തത്തോട് നീരസം തോന്നിയാല്‍ പിന്നെ വരും കാലങ്ങളില്‍ കുട്ടി പിന്നോട്ട് പോകാനേ സാധ്യതയുള്ളൂ.സന്തോഷത്തോടെ പഠിപ്പിക്കുന്ന അദ്ധ്യാപകരും, അതിലേറെ സന്തോഷത്തോടെ പഠിക്കുന്ന കുട്ടികളും ആണ് നാടിന്റെ ഭാവി മെനയുന്നത്. പ്രകൃതിയെ പരിചയപ്പെടാനും, നിറങ്ങള്‍ ആസ്വദിക്കാനും, മണ്ണിന്റെയും മഴയുടെയും നിറവും മണവും അറിയാനും, പുസ്തകങ്ങളെ സനേഹിക്കാനും പഠിപ്പിക്കുന്ന സ്‌കൂളുകള്‍ക്ക് മാത്രമേ യഥാര്‍ത്ഥ പൗരന്മാരെ നിര്‍മ്മിക്കാന്‍ സാധിക്കുകയുള്ളൂ.

ഇനിയും ഒരായിരം കപിലുകളുണ്ടാകാം. ബുദ്ധിയും കൗതുകവും നിറഞ്ഞ അവരുടെ മനസ്സുകളില്‍ കച്ചവട കലര്‍പ്പുള്ള യാന്ത്രികത നിറക്കാനും അതിലേറെ വിദ്വാന്മാരുണ്ടാകും.പക്ഷെ അവരുടെ ഭാവി സുരക്ഷിതമാകണമെങ്കില്‍, വിദ്യ വെറും ആഭാസമാകരുതെങ്കില്‍ അവരുടെ പക്ഷം ചിന്തിക്കുകയും പ്രവൃത്തിക്കുകയും ചെയ്യുന്ന മിര്‍സകളെയാണ് നമുക്കാവശ്യം. ഞാനും നിങ്ങളും മിര്‍സയാകണം.

(27 വര്‍ഷമായി അധ്യാപന രംഗത്ത് പ്രവര്‍ത്തിക്കുന്ന ലക്ഷ്മി നായര്‍ ഇപ്പോള്‍ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ T.I.M.Eലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായി ജോലി ചെയ്യുന്നു. സോഫ്ട് സ്കില്‍സ്, ഭാഷ, സാഹിത്യം, വയോജന വിദ്യാഭ്യാസം, സാങ്കേതിക വൈദഗ്ദ്ധ്യം തുടങ്ങി നിരവധി മേഖലകളില്‍ പ്രവര്‍ത്തന പരിചയം ഉണ്ട്.)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍