UPDATES

ട്രെന്‍ഡിങ്ങ്

ഹാജര്‍ ബുക്കില്‍ എസ് സി, എസ് ടി വിദ്യാര്‍ത്ഥികളെ ചുവപ്പു മഷികൊണ്ട് അടയാളപ്പെടുത്തുന്നതിന് കര്‍ശനവിലക്ക്

വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ വിദ്യാഭ്യാസ വകുപ്പാണ് ഇങ്ങനെയൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്

കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ഹാജര്‍ പുസ്തകങ്ങളില്‍ പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ പേരിനുനേരെ ചുവന്ന മഷി ഉപയോഗിച്ചു വരയ്ക്കരുതെന്ന കര്‍ശന നിര്‍ദേശം നല്‍കി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. കായങ്കുളം എംഎല്‍എ പ്രതിഭ ഹരി മുഖാന്തരം കായങ്കുളം വിഠോബ ഹൈസ്‌കൂളിലെ ഗാന്ധിദര്‍ശന്‍ യൂണിറ്റിലെ വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ മന്ത്രിക്കു നല്‍കിയ അപേക്ഷയിലാണ് വിദ്യാഭ്യാസ ഡയറക്ടര്‍ ഇങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

കേരള വിദ്യാഭ്യാസ ചട്ടം VII ആം അധ്യായം ആറാം ചട്ടത്തിലാണ് ഹാജര്‍ പുസ്തകത്തെപ്പറ്റി പ്രതിപാദിക്കുന്നത്. ഇതില്‍ ഒരിടത്തും ചുവന്ന മഷി ഉപയോഗിച്ച് ഹാജര്‍ പുസ്തകത്തില്‍ രേഖപ്പെടുത്തലുകള്‍ നടത്തുന്നതിനെക്കുറിച്ച് സൂചിപ്പിക്കുന്നില്ല. എന്നിരിക്കെയാണു ലംപ്‌സംഗ്രാന്റ്, പ്രതിമാസ സ്റ്റൈപന്‍ഡ് തുടങ്ങിയ ധനസഹായങ്ങള്‍ക്കും മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ പേരുവിവരങ്ങള്‍ വേഗത്തില്‍ ശ്രദ്ധയില്‍പ്പെടുന്നതിനായി കേരളത്തിലെ വിദ്യാലയങ്ങളില്‍ ഹാജര്‍ പട്ടികയില്‍ ചുവന്ന മഷി ഉപയോഗിച്ച് രേഖപ്പെടുത്തലുകള്‍ നടത്തുന്നത്. എന്നാല്‍ തങ്ങളെ ഇത്തരത്തില്‍ ചുവന്ന മഷികൊണ്ട് വേര്‍തിരിച്ചിടുന്നത് മാനസിക വിഷമത്തിനു കാരണമാകുന്നതായാണു വിദ്യാര്‍ത്ഥികള്‍ മന്ത്രിക്കു നല്‍കിയ പരാതിയില്‍ പറയുന്നത്. സ്‌കൂളില്‍ മറ്റു കുട്ടികള്‍ക്കും തങ്ങള്‍ക്കുമിടയില്‍ ഒരു വേര്‍തിരിവ് ഉണ്ടാക്കാന്‍ ഇത്തരം അടയാളപ്പെടുത്തലുകള്‍ കാരണമാകുമെന്നും ഈ കുട്ടികള്‍ ഭയക്കുന്നു.

എന്നാല്‍ അധ്യാപകരുടെ ഭാഗത്തുള്ള ന്യായം മറ്റൊന്നാണ്. ലംപ്‌സംഗ്രാന്റ്, പ്രതിമാസ സ്റ്റൈപന്‍ഡ് മുതലായ ധനസഹായങ്ങളും ആനുകൂല്യങ്ങളും കിട്ടുന്ന വിദ്യാര്‍ത്ഥികളില്‍ ഒരാളെ പോലും വിട്ടുപോകാതിരിക്കാനും എല്ലാവര്‍ക്കും അനുകൂല്യങ്ങളും ധനസഹായവും ലഭ്യമാക്കാനും വേണ്ടിയാണ് ഇത്തരത്തില്‍ ചുവന്നമഷി ഉപയോഗിച്ചു രേഖപ്പെടുത്തുന്നതും ഇത് തികച്ചും നിര്‍ദോഷമായി ചെയ്യുന്നതാണെന്നുമാണ് അധ്യാപകര്‍ പറയുന്നത്.

എന്നാല്‍ ഈ ന്യായം അംഗീകരിക്കാന്‍ കഴിയില്ലെന്നും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളെ മറ്റു വിദ്യാര്‍ത്ഥികളില്‍ നിന്നും വേര്‍തിരിക്കാന്‍ ഹാജര്‍ പുസ്തകത്തിലെ ചുവന്ന മഷികൊണ്ടുള്ള രേഖപ്പെടുത്തലുകള്‍ കാരണമാകുന്നുണ്ടെന്നും അതുകൊണ്ട് തന്നെ എസ് സി എസ് ടി വിദ്യാര്‍ത്ഥികളെ ചുവന്ന മഷികൊണ്ട് രേഖപ്പെടുത്തുന്ന നടപടി ഇനി ആവര്‍ത്തിക്കരുതെന്നു കര്‍ശനമായി നിര്‍ദേശിക്കുകയാണെന്നുമായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവു പുറപ്പെടുവിച്ചുകൊണ്ട് അറിയിച്ചിട്ടുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍