UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശശികലയ്‌ക്കൊപ്പം ഗവര്‍ണറെ കാണാന്‍ പോയ മന്ത്രിയും പനീര്‍സെല്‍വത്തിന് പിന്തുണയറിയിച്ചു

പോയസ് ഗാര്‍ഡനില്‍ ശശികലയ്ക്ക് ഒരുക്കിയിരുന്ന പോലീസ് സുരക്ഷ പൂര്‍ണമായും പിന്‍വലിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍

തമിഴ്‌നാട്ടില്‍ കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം കൂടുതല്‍ പിന്തുണ നേടുന്നു. ഇന്ന് അണ്ണാ ഡിഎംകെയുടെ രണ്ട് എംപിമാരുടെ പിന്തുണ ലഭിച്ച പനീര്‍സെല്‍വം കഴിഞ്ഞദിവസം വരെ ശശികലയ്‌ക്കൊപ്പമുണ്ടായിരുന്ന വിദ്യാഭ്യാസ മന്ത്രി പാണ്ഡ്യരാജന്റെയും പരോക്ഷ പിന്തുണ നേടി.

അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല തനിക്കുള്ള എംഎല്‍എമാരുടെ പിന്തുണ ഗവര്‍ണറെ അറിയിക്കാന്‍ പോയപ്പോള്‍ ഒപ്പം ഇദ്ദേഹവും പോയിരുന്നു. വോട്ടര്‍മാരുടെ അഭിപ്രായം പരിഗണിക്കുമെന്നും ജയലളിതയുടെ അന്തസും പാര്‍ട്ടിയുടെ ഐക്യവും നിലനിര്‍ത്തുമെന്നുമാണ് പാണ്ഡ്യരാജന്‍ ട്വിറ്റര്‍ അക്കൗണ്ട് വഴി അറിയിച്ചിരിക്കുന്നത്.

നാമക്കല്‍ എംപി പി ആര്‍ സുന്ദരം, കൃഷ്ണഗിരി എംപി അശോക് കുമാര്‍ എന്നിവരാണ് ഇന്ന് രാവിലെ പനീര്‍സെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചത്. 37 എംപിമാരാണ് ലോക്‌സഭയില്‍ അണ്ണാ ഡിഎംകെയ്ക്കുള്ളത്. 134 എംഎല്‍എമാരില്‍ അഞ്ച് പേര്‍ പനീര്‍സെല്‍വത്തിന് പരസ്യമായി തന്നെ പിന്തുണ അറിയിച്ചു കഴിഞ്ഞു.

ഇതിനിടെ പുതുച്ചേരി ഘടകവും പനീര്‍സെല്‍വത്തിന് പിന്തുണ പ്രഖ്യാപിക്കുമെന്നാണ് വിവരം. നാല് എംഎല്‍എമാര്‍ യോഗം ചേരുകയാണ് ഇപ്പോള്‍. തീരുമാനം ഉടനുണ്ടാകുമെന്ന് പോണ്ടിച്ചേരി എംഎല്‍എ അന്‍പഴകന്‍ അറിയിച്ചു.

അതേസമയം പോയസ് ഗാര്‍ഡനില്‍ ശശികലയ്ക്ക് ഒരുക്കിയിരുന്ന പോലീസ് സുരക്ഷ പൂര്‍ണമായും പിന്‍വലിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. നേരത്തെ സ്റ്റാലിന്റെ ആവശ്യ പ്രകാരം സുരക്ഷ ഭാഗികമായി പിന്‍വലിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍