UPDATES

അനുപമ ആനമങ്ങാട്

കാഴ്ചപ്പാട്

അനുപമ ആനമങ്ങാട്

ന്യൂസ് അപ്ഡേറ്റ്സ്

അച്ചടക്കപരിശീലനത്തില്‍ മാത്രമൊതുങ്ങുന്ന വിദ്യ എന്ന അഭ്യാസം

‘You’re really a good girl, you know.’

That’s what the headmaster used to say every time he saw Totto-chan. And every time he said it, Totto-chan would smile, give a little skip, and say, ‘Yes, I am a good girl.’ And she believed it.

ടോട്ടോചാന്റെ സ്‌കൂളില്‍ ഓരോ വിഷയത്തിനും ഓരോ പീരിയഡ് എന്ന രീതി ഇല്ലായിരുന്നു. കുട്ടികള്‍ ദിവസവും അവരവരുടെ ഇഷ്ടവിഷയം കൊണ്ടാരംഭിക്കും. ഓരോ കുട്ടിയും ഓരോ വിഷയമായിരിക്കും ചിലപ്പോള്‍ തുടങ്ങുക. ടീച്ചര്‍മാര്‍ ലക്ചര്‍ കൊടുക്കുന്നതിനു പകരം കുട്ടികളുടെ ഇടയില്‍ നടന്ന് അവരെ സഹായിച്ചു കൊണ്ടിരിക്കും. ഇങ്ങനെ, ഓരോ കുട്ടിയുടെയും ഇഷ്ടവിഷയവും താത്പര്യവുമെന്താണെന്ന് അദ്ധ്യാപകര്‍ക്ക് എളുപ്പം മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു. രക്ഷിതാക്കളോട് കുട്ടികളെ അവരുടെ എറ്റവും മോശം വസ്ത്രത്തില്‍ സ്‌കൂളിലയയ്ക്കാന്‍ കൊബായഷി മാസ്റ്റര്‍ പറയുമായിരുന്നു; കീറിപ്പോയാലും അഴുക്കു പറ്റിയാലും പ്രശ്‌നമില്ലല്ലോ. കുട്ടികള്‍ക്ക് വസ്ത്രത്തില്‍ പറ്റുന്ന അഴുക്കിനെപ്പറ്റിയും കീറിപ്പോകുന്നതിനെപ്പറ്റിയുമൊന്നും വിഷമിക്കേണ്ടി വരരുതെന്ന് മാസ്റ്റര്‍ക്ക് നിര്‍ബന്ധമായിരുന്നു.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ശാസ്ത്രസാഹിത്യപരിഷത്തിന്റെ പുസ്തകങ്ങളില്‍ നിന്നാണ് ടോട്ടോചാനിനെയും കൊബായഷി മാസ്റ്ററെയും പരിചയപ്പെടുന്നത്. പരിഷത്തിന്റെ തന്നെ വിജ്ഞാനോത്സവങ്ങളില്‍ വെച്ച് ചില കൊബായഷി മാസ്റ്റര്‍മാരെ നേരിട്ടു പരിചയപ്പെട്ടതുമോര്‍ക്കുന്നു. സ്‌കൂള്‍കാലഘട്ടത്തിലെ ഏറ്റവും നല്ല ഓര്‍മകളും ഇന്നുമോര്‍മയില്‍ നില്‍ക്കുന്ന പല ശാസ്ത്ര അറിവുകളുമെല്ലാം ഈ പുസ്തകങ്ങളുടെയും വിജ്ഞാനോത്സവങ്ങളുടെയും സംഭാവനകളായിരുന്നുവെന്നത് യാദൃശ്ചികമല്ല. മുഷിഞ്ഞു മുഖം ചുളിച്ച് ബെഞ്ചിലിരുന്നു ബ്ലാക്ക് ബോര്‍ഡില്‍ ടീച്ചറെഴുതുന്നത് നോക്കിയെഴുതിയതും പറയുന്നത് കേട്ടെഴുതിയതുമൊന്നും ഓര്‍മയിലെങ്ങും സ്ഥിരമായൊരു സ്ഥാനം പിടിച്ചിട്ടില്ല അധികം.

അച്ചടക്കപാഠശാലകളായിരിക്കണം സ്‌കൂളുകള്‍ എന്ന വിക്ടോറിയന്‍ മൂല്യബോധത്തിന്റെ ചുവരുകള്‍ക്കുള്ളില്‍ നിന്ന് പുറത്ത് വരാത്ത മനസ്സുകളാണ് നമ്മുടെ വിദ്യാഭ്യാസസംവിധാനത്തെ നയിക്കുന്നത്. Age Hierarchy (പ്രായത്തിനനുസരിച്ചുള്ള അധികാരശ്രേണി), Position Hierarchy (സ്ഥാനമാനങ്ങള്‍ക്കനുസരിച്ചുള്ള അധികാരശ്രേണി) എന്നിവയില്‍ നിന്ന് ഒട്ടും മുക്തമല്ലാത്ത പൊതുബോധമാണ് വിദ്യാഭ്യാസരംഗത്തും മുന്നിട്ടു നില്‍ക്കുന്നത്.

കറപറ്റാത്ത ഇസ്തിരിയിട്ട യൂണിഫോമുകളും ബ്രൗണ്‍ പേപ്പര്‍ കൊണ്ട് പൊതിഞ്ഞ് നെയിംസ്ലിപ്പ് ഒട്ടിച്ച പുസ്തകങ്ങളും അസംബ്ലി ലൈനില്‍ വടിപോലെ നില്‍ക്കുമ്പോള്‍ തലചുറ്റി വീണു പോകുന്ന വെയിലും ക്ലാസ്‌റൂം നിയമങ്ങളുമെല്ലാം വഴി വളര്‍ത്തിയെടുക്കപ്പെടുന്നത് അറിവോ ബൗദ്ധികവളര്‍ച്ചയൊ ധാര്‍മികബോധമോ ഒന്നുമല്ല; അച്ചില്‍ വാര്‍ത്തെടുത്ത യന്ത്രങ്ങളെ സൃഷ്ടിക്കാനുതകുന്ന വെറും അച്ചടക്കബോധം മാത്രമാണ്. ഭാവിയില്‍ പണമുണ്ടാക്കുന്ന മെഷീനുകളെ നിര്‍മിച്ചെടുക്കുന്ന ഒന്നു മാത്രമാണ് വിദ്യാഭ്യാസമെന്ന ബോധമാണ് ഭൂരിപക്ഷം രക്ഷിതാക്കളെയും ഭരിക്കുന്നത്.

മുതിര്‍ന്നവര്‍ പറയുന്നതെന്തും അതിലെ ധാര്‍മ്മികതയെയോ യുക്തിയെയോ ഒട്ടും ചോദ്യം ചെയ്യാതെ അനുസരിക്കുക എന്ന Age Hierarchy പഠിപ്പിക്കല്‍ ആണ് ഇക്കാലത്തും നമ്മുടെ അച്ചടക്കബോധത്തിന്റെ കാതല്‍. ഇതെത്രത്തോളം അപകടകരമാണെന്നും കുട്ടികളുടെ സ്വാഭാവികമായ മാനസിക, ബൗദ്ധികവികാസത്തെ ഇതെത്രത്തോളം തടസ്സപ്പെടുത്തുവെന്നും മനസ്സിലാക്കാതെയാണ് അച്ചടക്കം അടിച്ചേല്‍പ്പിക്കുന്നത്. കുട്ടികളെ വളര്‍ത്തല്‍ എന്നാല്‍ ‘പറഞ്ഞാല്‍ കേള്‍ക്കുന്ന നല്ല കുട്ടി’യെ രൂപപ്പെടുത്തി എടുക്കുക എന്നത് മാത്രമാണെന്ന ബോധത്തില്‍ നിന്ന് ചില രക്ഷിതാക്കളും അധ്യാപകരുമെങ്കിലും അല്‍പ്പാല്‍പ്പമായി പുറത്ത് വരുന്നുണ്ടെന്നത് ഒരാശ്വാസമാണ്. എന്നാലത് തുലോം കുറവാണ്.

കുട്ടിക്കാലത്തെ ഒരു സംഭവം ഓര്‍ക്കുന്നു. അനുജത്തി ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴോ മറ്റൊ ആണ്. ഞാന്‍ പ്രീഡിഗ്രീക്ക് പഠിക്കുന്നു. ശാസ്ത്രസാഹിത്യപരിഷത്ത് പരിഭാഷ ചെയ്തിറക്കുന്ന ശാസ്ത്ര, ഗണിതപുസ്തകങ്ങള്‍ സ്ഥിരമായി വായിക്കാറുണ്ടായിരുന്നു. ഗണിതത്തിലെ ചില രസകരമായ പാറ്റേണുകള്‍ (patterns) അവതരിപ്പിക്കുന്ന ഒരു പുസ്തകം ആ വര്‍ഷമിറങ്ങിയിരുന്നു. സയന്‍സ് എക്സിബിഷന് അവയില്‍ ചിലത് പോസ്റ്ററുകളായിറക്കി പ്രദര്‍ശിപ്പിക്കാം എന്ന് അവള്‍ തീരുമാനിച്ചു; അല്‍പം ഞാനും സഹായിച്ചു. സ്‌കെച്ച് പെന്നും ചാര്‍ട്ട് ഷീറ്റും സംഘടിപ്പിച്ച് ശനിയും ഞായറും കഷ്ടപ്പെട്ടിരുന്നു ചില പോസ്റ്ററുകള്‍ ഉണ്ടാക്കി അവള്‍ സ്‌കൂളില്‍ കൊണ്ട് പോയി; അപ്രൂവലിനു വേണ്ടി അധ്യാപകനെ കാണിച്ചു.

പോസ്റ്ററുകള്‍ വാങ്ങിച്ചു കൊണ്ട് പോയ സാര്‍ അവളെ സ്റ്റാഫ്‌റൂമില്‍ വിളിപ്പിച്ചു. പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത് മുഴുവന്‍ മണ്ടത്തരങ്ങള്‍ ആണെന്നും ഇതൊന്നും ഗണിതത്തില്‍ ഇല്ലെന്നും ഭാവന കണക്കില്‍ കാണിക്കരുതെന്നും പറഞ്ഞു കൊണ്ട് പരിഹസിച്ചു ചിരിച്ചു. പുസ്തകത്തിന്റെ പേരുപറഞ്ഞ് അതില്‍ നിന്നാണ് എല്ലാം എടുത്തതെന്ന് പറഞ്ഞു നോക്കിയെങ്കിലും ഇതൊന്നും ഒരു പുസ്തകത്തിലും കാണില്ലെന്നും മാഷായ എനിക്കറിയാത്ത കാര്യമാണോ നിനക്കറിയുന്നത് എന്ന വഴക്കും ഇനി ഇമ്മാതിരി സാധനങ്ങള്‍ കൊണ്ടുവരരുത് എന്ന വിലക്കും ആയിരുന്നു മറുപടി. കണ്ണില്‍ വെള്ളം തോരാതെയാണ് അന്നവള്‍ സ്‌കൂളില്‍ നിന്ന് മടങ്ങി വന്നത്. അതിനു ശേഷമാണോ എന്നറിയില്ല; ആയിരിക്കാം എന്നിപ്പോള്‍ തോന്നിപ്പോകുന്നു; ഗണിതം എന്ന വിഷയത്തിലേ അവളധികം താത്പര്യം കാണിച്ചിട്ടില്ല.

ഇതൊരു ഒറ്റപ്പെട്ട സംഭവവമല്ല; ഇതെന്തു കൊണ്ടോ ഓര്‍മയില്‍ തെളിഞ്ഞു നില്‍ക്കുന്നു എന്ന് മാത്രം. ചോദ്യങ്ങളെ, സംശയങ്ങളെ, ആശയങ്ങളെ എല്ലാം അടക്കിവെക്കാനും അടങ്ങി ഒതുങ്ങി ‘നല്ലകുട്ടി’യായി മിണ്ടാതെ ക്ലാസിലിരിക്കാനുമാണ് സ്‌കൂള്‍കാലം പഠിപ്പിച്ചത്. കനിവ് കാണിച്ച, മക്കളെയെന്നോണം സ്‌നേഹിച്ച, ഞങ്ങളുടെ വ്യക്തിത്വവികാസത്തിനു പ്രചോദനമേകിയിരുന്ന പ്രിയപ്പെട്ട അധ്യാപകരെ മറക്കുന്നില്ല; അവരൊക്കെ ഉണ്ടായിരുന്നതുകൊണ്ടാണ് പഠനം മുഴുവനായും പീഡനമല്ലെന്ന തോന്നല്‍ ഉണ്ടായതും വലിയ മോശമില്ലാതെ ആ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് പഠിച്ചുപാസായി പുറത്ത് വരാന്‍ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും കഴിഞ്ഞതും. എന്നാല്‍, അവര്‍ ഒരു ഭൂരിപക്ഷമായിരുന്നില്ല എന്നതാണ് സത്യം.

പത്രവാര്‍ത്തകള്‍ കാണുമ്പോള്‍ ഈയവസ്ഥയ്ക്ക് ഒരുപാടൊന്നും മാറ്റം വന്നിട്ടില്ല എന്നാണു മനസ്സിലാക്കുന്നത്. കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്ന അധ്യാപകര്‍, കുട്ടികളെ പരിഹസിക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്യുന്നവര്‍, മാനസികപീഡനമേല്‍പിച്ച് ആത്മഹത്യ വരെ എത്തിക്കുന്നവര്‍, ഇന്റേണല്‍ മാര്‍ക്കിലും ലാബിലും വൈവയിലും കണ്ടക്റ്റ് സര്‍ട്ടിഫിക്കറ്റിലുമെല്ലാം വ്യക്തിവിരോധവും ലിംഗവിവേചനവും ജാതിവിവേചനവും വരെ കാണിക്കുന്നവര്‍ എന്നിങ്ങനെ പലകൂട്ടര്‍ നമ്മുടെ അധ്യാപകസമൂഹത്തിനകത്തുണ്ട്.

പ്രൈമറി സ്‌കൂള്‍ മുതല്‍ റിസര്‍ച്ച് ഫെസിലിറ്റികളില്‍ വരെ, പലയളവില്‍ പലതരത്തില്‍ പുതിയനാമ്പുകള്‍ ചവിട്ടിയരക്കപ്പെടുന്നു. ശിക്ഷണം ശിക്ഷയാകുന്നിടത്ത്, അധ്യാപനം അധികാരപ്രയോഗം മാത്രമാവുന്നിടത്ത്, അറിവിനും പഠനത്തിനും സ്ഥാനമില്ല; അച്ചടക്കത്തിനും വിധേയത്വത്തിനും മാത്രമേ സ്ഥാനമുള്ളൂ. വെയിലത്ത് അസംബ്ലിയില്‍ നില്‍ക്കുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളില്‍ എത്രപേര്‍ക്ക് ആര്‍ത്തവസമയമായിരിക്കാമെന്ന് ആ സമയത്ത് സ്‌കൂളുകളുടെ മുമ്പിലൂടെ കടന്നുപോവേണ്ടി വരുമ്പോള്‍ ഞാന്‍ പലപ്പോഴും വിഷണ്ണയാകാറുണ്ട്. അതവിടുത്തെ അധ്യാപകര്‍ ആരെങ്കിലും അന്വേഷിക്കാറുണ്ടാവുമോ?

ശാരീരികവും ലൈംഗികവുമായ പീഡനങ്ങള്‍ പോലും പ്രതിരോധിക്കാനോ ആരോടെങ്കിലും തുറന്നു പറയാനോ കുട്ടികള്‍ ഭയപ്പെടുന്നത് ഇത്തരത്തില്‍ അടിച്ചേല്‍പിക്കുന്ന ഹൈരാര്‍ക്കിയുടെ കൂടി ഫലമാണ്. മുതിര്‍ന്നവര്‍ ചോദ്യം ചെയ്യപ്പെട്ടു കൂടാത്ത അവസാനവാക്കുകള്‍ ആണെന്ന് ചെറുപ്പം തൊട്ടേ പഠിച്ചു കൊണ്ട് വളര്‍ന്നുവരുന്ന കുഞ്ഞ് പരാതികള്‍ ആരോട് പറയാന്‍? വ്യക്തികളുടെ പ്രായം ‘ശരി’കളുടെ അളവുകോലാണെന്ന് മന:പാഠമാക്കിയ കുഞ്ഞ് ഏല്‍ക്കുന്ന പീഡനങ്ങള്‍ തന്നോടുള്ള അക്രമം ആണെന്നുപോലും എങ്ങനെ തിരിച്ചറിയാന്‍?

കുട്ടികളുടെ ബൗദ്ധികമായ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് അധ്യാപകരുടെ കടമ; തല്ലിക്കെടുത്തുകയല്ല എന്ന തിരിച്ചറിവ് കുറച്ചെങ്കിലും പ്രബലമായി വരുന്നുണ്ട് എന്നതൊരു നല്ല മാറ്റം തന്നെയാണ്. ക്ലാസില്‍ പറയുന്ന കാര്യങ്ങള്‍ വായടച്ചു വെച്ച് എഴുതിയെടുക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടല്ല; സംശയങ്ങള്‍ ചോദിക്കാന്‍ പ്രോത്സാഹിപ്പിച്ചും തുറന്ന ചര്‍ച്ചകള്‍ സാധ്യമാക്കിയുമാണ് വിദ്യ അഭ്യസിപ്പിക്കേണ്ടത് എന്ന് പുതുതലമുറ അധ്യാപകര്‍ പലരും മനസ്സിലാക്കിവരുന്നു.

ഈ മാറ്റങ്ങള്‍ക്കു പക്ഷേ, സാധ്യമായ അധ്യയനദിനങ്ങള്‍ മുഴുവന്‍ റേഡിയോ പ്രഭാഷണം പോലെ ക്ലാസ് എടുത്തു തീര്‍ത്താലും തീരാത്ത വിധം ഭാരമേറിയ സിലബസ് പലപ്പോഴും തടസ്സമാകുന്നു എന്നതും യാഥാര്‍ഥ്യമാണ്. ഇന്നത്തെ സിലബസുകള്‍ പണ്ടത്തെതിനെക്കാള്‍ കട്ടി കൂടിയതാണ്; അക്കാലത്തുതന്നെ, സമയമെടുത്ത് ക്ലാസില്‍ ചര്‍ച്ചകള്‍ നടത്തി വിഷയമവതരിപ്പിക്കുന്ന അധ്യാപകര്‍ക്ക് സിലബസ് മുഴുവനായി തീര്‍ക്കാന്‍ കഴിയാറില്ല.

മിടുക്കരായ ടോട്ടോചാന്‍മാരെ കൊണ്ട് നിറയുന്ന ലോകത്ത് നമുക്കിനിയും കൊബായഷി മാസ്റ്റര്‍മാരെ ആവശ്യമുണ്ട്. കത്തിത്തുടങ്ങുന്ന വിളക്കുകളെ തല്ലിക്കെടുത്തുന്നവരെയല്ല; മറിച്ച്, തിരിയണയാതെ അണച്ചു പിടിക്കുന്നവരെ ആവശ്യമുണ്ട്. ആരോക്കെയായിത്തീരേണ്ടവരായിരുന്നു ഇന്നത്തെ തലമുറ എന്നോര്‍ത്തിട്ടുണ്ടോ? അവര്‍ക്കെത്താമായിരുന്ന ഇടങ്ങളിലെത്തിക്കാന്‍ ഉതകുന്ന ഒരു വിദ്യാഭ്യാസം അവര്‍ക്ക് ലഭിച്ചിട്ടുണ്ടോ? അടുത്ത തലമുറക്കെങ്കിലും അത് സാധ്യമാക്കാന്‍ നമ്മെക്കൊണ്ടു കഴിയുമോ?

Mr. Kobayashi kept on repeating, the entire time she was at Tomoe, those important words that probably determined the course of her whole life:

‘Totto-chan, you’re really a good girl, you know.’

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍