UPDATES

ബിജു എബനേസര്‍

കാഴ്ചപ്പാട്

ബിജു എബനേസര്‍

ന്യൂസ് അപ്ഡേറ്റ്സ്

നല്ല പണികിട്ടുമെങ്കില്‍ എന്തും പഠിക്കുന്ന മലയാളി

പാഠപുസ്തകങ്ങള്‍ കോഴ്‌സിന്റെ കാലാവധി കഴിഞ്ഞായാലും എത്തിക്കുമെന്ന ദൃഢപ്രതിജ്ഞയിലാണ് വിദ്യാഭ്യാസമന്ത്രി. കടിക്കുന്ന പട്ടിക്ക് തലയെന്തിന്? അതുപോലെ പഠിക്കുന്ന കുട്ടിക്ക് പുസ്തകം എന്തിന്? അബ്ദുള്‍ റബ്ബ് വിദ്യാഭ്യാസ മന്ത്രിയായത് പെഡഗോജി അഥവാ ബോധനശാസ്ത്രത്തില്‍ പി എച്ച് ഡി എടുത്തിട്ടൊന്നും അല്ല. പുസ്തകത്തില്‍ നിന്നോ ജീവിതത്തില്‍ നിന്നോ നല്ല പാഠങ്ങള്‍ വല്ലതും പഠിച്ചവരാണോ ഈ ഭൂമിമലയാളത്തില്‍ ഉള്ളത്. പണികിട്ടാന്‍ എളുപ്പമുള്ളതു വല്ലതും തട്ടിക്കൂട്ടി പഠിച്ചെന്നു വരുത്തി നാടുവിടാന്‍ ശീലിച്ചവര്‍ക്ക് കിത്താബ് തലയില്‍ വച്ച് ഉറങ്ങാന്‍ കൊള്ളാം.

ആശാന്‍ പള്ളിക്കൂടങ്ങള്‍ എന്ന ഓലപ്പുരകള്‍ അരനൂറ്റാണ്ട് മുമ്പുവരെ കേരളത്തില്‍ എല്ലാ നാട്ടിന്‍പുറങ്ങളിലും ഉണ്ടായിരുന്നു. മണ്ണില്‍ എഴുതി പഠിച്ച് മടിയില്‍ വാരിയിട്ട് വീട്ടില്‍ പോയിരുന്ന് ആവര്‍ത്തിച്ച് എഴുതി മാതൃഭാഷ വശമാക്കിയ ആശാന്മാരുടെ മക്കളും കൊച്ചുമക്കളും കണ്ണുതുറന്നപ്പോള്‍ പഠനരീതികള്‍ മാറി. നഴ്‌സറി സ്‌കൂളുകള്‍ വന്നു. കിന്റര്‍ഗാര്‍ഡന്‍ ഉണ്ടായി. വള്ളിനിക്കറില്‍ പിടിച്ച് പൊട്ടിയ സ്ലേറ്റുമായി മൂക്കള ഒലിപ്പിച്ച് ആശാന്‍പള്ളിക്കൂടത്തില്‍ പോയി പഠിച്ച് വളര്‍ന്നവരുടെ മക്കള്‍ പൂത്തുമ്പികളെപ്പോലെ സ്‌കൂളുകളിലേക്ക് പാറിപ്പറന്നു. മുഖമൊഴികെയുള്ള ശരീരഭാഗമെല്ലാം പൊതുനിറമുള്ള വസ്ത്രംകൊണ്ടു പൊതിഞ്ഞു. കാലുറയിട്ടു. ഷൂസ് കെട്ടി. വേഷം മാറിയാല്‍ ഭാഷയും മാറും. കോളനിഭരണക്കാര്‍ ഉപേക്ഷിച്ചിട്ടുപോയ ഭാഷയിലായി കുഞ്ഞിന്റെ പഠനക്കൊഞ്ചല്‍. ”ബാബാ ബ്ലാക്ക് ഷീപ്പ്, ഹാവ് യു എനി വൂള്‍?” എന്ന് അര്‍ത്ഥമറിയാതെ കുഞ്ഞ് ആരോടും ചോദിക്കാന്‍ തുടങ്ങിയപ്പോള്‍ അച്ഛനമ്മമാര്‍ക്ക് ആഹ്ലാദത്തിന് അതിരില്ലാതായി. മോന്‍ ഒരു കുഞ്ഞുധ്വരയായല്ലോ. ഇനിയെന്ത് വേണം?

വീട്ടിലും നാട്ടിലും കാണുന്നതല്ല സ്‌കൂളിലെ ക്ലാസ്മുറിയില്‍ കുഞ്ഞുങ്ങള്‍ കേള്‍ക്കുന്നത്. നിത്യജീവിതത്തില്‍ അനുഭവപ്പെടുന്നതും പഠിക്കുന്ന കാര്യങ്ങളും തമ്മില്‍ ഒരു ബന്ധവും ഇല്ല. ചുട്ടുപൊള്ളുന്ന വേനലില്‍ സ്‌കൂള്‍ യൂണിഫോമില്‍ വെന്തുവിയര്‍ക്കുന്ന നമ്മുടെ പൊന്നോമനകള്‍ മഞ്ഞുരാജ്യത്തെ കൊടുംതണുപ്പില്‍ വളരുന്ന പാശ്ചാത്യ വിദ്യാര്‍ത്ഥികളുടെ അനുഭവപാഠങ്ങള്‍ ഉരുവിട്ടു പഠിക്കുന്നു. ചെമ്മരിയാടിനോട് തണുപ്പകറ്റാന്‍ കമ്പിളിവസ്ത്രം ഉണ്ടോ എന്ന് തിരക്കുന്നു. എന്തു രസകരമായ പ്രാഥമിക പാഠങ്ങള്‍! ‘ബാബാ ബ്ലാക് ഷീപ്പ്……’ എന്ന് ഒച്ചയിടുന്ന നേരത്ത് മാതൃഭാഷയിലെ എത്ര നല്ല പാഠാനുഭവങ്ങളാണ് മറവിയിലേക്ക് മാഞ്ഞുപോകുന്നത്. ഉദാഹരണത്തിന്:

”പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം
വായ്ക്കുന്ന വേലിക്കു വര്‍ണ്ണങ്ങള്‍ തൂകാന്‍
ചോക്കുന്നു കാടന്തിമേഘങ്ങള്‍ പോലെ”

ഈ വരികള്‍ പഠിക്കാതെ ”ജോണി, ജോണി, യെസ് പപ്പ. ഈറ്റിംഗ് ഷുഗര്‍? നോ പപ്പ. ടെല്ലിംഗ് ലൈസ്? നോ പപ്പാ. ഓപ്പണ്‍ യുവര്‍ മൗത്ത്. ഹഹഹ….” എന്നാണ് അച്ഛനും മകനും തമ്മില്‍ സംസാരിക്കുന്നത്. വെറുതെയല്ല കേരളത്തില്‍ പ്രമേഹരോഗികള്‍ പെരുകുന്നത്.

വിദ്യാഭ്യാസം അനുഭവധന്യമാകണ്ട. മാതൃഭാഷയിലും വേണ്ട. അങ്ങനെ തീരുമാനിച്ചത് നമ്മുടെ സര്‍ക്കാരല്ല. ഇംഗ്ലീഷില്‍ മൊഴിഞ്ഞാലേ അറിവായി ഗണിക്കപ്പെടൂ എന്ന് ധരിച്ച അധമന്മാരുടെ മക്കള്‍ അനുഭവിക്കുന്ന വ്യഥ അവര്‍ക്കു മാത്രമേ അറിയൂ. ജീവിക്കുന്ന സ്വന്തം ചുറ്റുപാടുകളെക്കുറിച്ച് അറിയാതെയും മാതൃഭാഷ പഠിക്കാതെയും നേടുന്ന വിദ്യാഭ്യാസത്തിന്റെ ദഹനക്കേട് ഒരു വ്യക്തിയുടെ സ്വഭാവഘടനയെ ഏത് തരത്തില്‍ വികലമാക്കുമെന്ന് ആര്‍ക്കും പറയാനാകില്ല. അത്തരത്തിലുള്ള ശാസ്ത്രീയ പഠനങ്ങളൊന്നും നമ്മുടെ നാട്ടില്‍ നടക്കുന്നില്ല. എന്നാല്‍ സ്‌നേഹരഹിതമായും ക്രൂരമായും പെരുമാറുന്ന മനുഷ്യര്‍ സമൂഹത്തില്‍ കൂടിവരുന്നുണ്ട്. അവര്‍ക്ക് ലഭിച്ച അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ തകരാറാണോ അതിനു കാരണമെന്ന് അന്വേഷിക്കേണ്ടിവരും.

ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതിനെ എതിര്‍ക്കുന്ന ഒരു ഭാഷാഭ്രാന്തനല്ല ഈ ലേഖകന്‍. ഏതു ഭാഷയും സംസ്‌കാരവും പഠിക്കുന്നത് നല്ലതുതന്നെ. എന്നാല്‍ അനുഭവദരിദ്രമായ വിദ്യാഭ്യാസത്തിന്റെ കേടുപാടുകള്‍ പല തലമുറകളെ നശിപ്പിക്കുമെന്ന് ആര്‍ക്കാണ് അറിയാത്തത്? വൃദ്ധരായ മാതാപിതാക്കളെ ചണ്ടിയായി വീടിന്റെ വരാന്തയിലേക്ക് വലിച്ചെറിയുന്നവരും കുഞ്ഞുങ്ങളെ വലിയ ബാധ്യതയായി കരുതുന്നവരും നമുക്കിടയില്‍ വര്‍ദ്ധിച്ചുവരുന്നു. ഞാനും ഭാര്യയും ഞങ്ങളുടെ ഫ്‌ളാറ്റും പട്ടിയും കുട്ടിയും സ്‌കൂട്ടറും കാറും എന്ന വിചാരത്തിലേക്ക് ഒതുങ്ങുന്ന സ്വാര്‍ത്ഥഭരിതരായ ഒരു തലമുറ ഇവിടെയുണ്ട്. അയല്‍ക്കാരെ അറിയാത്തവര്‍. അയല്‍വീട് കാണാത്തവര്‍. സമൂഹം തനിക്കുവേണ്ടിയെന്ന് കരുതുന്നവര്‍. അങ്ങനെയുള്ളവര്‍ ഓടിക്കുന്ന വാഹനങ്ങള്‍ അമിതവേഗത്തില്‍ വലിയ അപകടത്തില്‍ ചെന്നു തകരുന്നു. പൊതുവാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ പ്രായമായ യാത്രക്കാര്‍ക്ക് ഇരിപ്പിടം ഒഴിഞ്ഞുകൊടുക്കുക എന്ന നല്ല ശീലം പഴയ ഒരു ശീലമാണ്. ഇപ്പോള്‍ പൂര്‍ണ്ണ ഗര്‍ഭിണി പ്രയാസപ്പെട്ടു നില്‍ക്കുന്നതു കണ്ടാലും എഴുന്നേറ്റ് കൊടുക്കാത്ത യുവതീയുവാക്കളെ ബസ്സില്‍ നാം പതിവായി കാണുന്നുണ്ട്. അന്യരെപ്പറ്റി വിചാരമില്ലാത്ത ആ നിര്‍മ്മമത്വം സംസ്‌കാരശൂന്യതയാണ്. ശരിയായ വിദ്യാഭ്യാസം സിദ്ധിച്ച ആര്‍ക്കും അങ്ങനെ പെരുമാറാനാവില്ല.

സമാനമായ ഒരു സാഹചര്യത്തില്‍ പരിസരം മറന്നിരുന്ന് യാത്ര ചെയ്ത ഒരു യുവാവിന്റെ പിന്നാലെ ഞാന്‍ ഒരിക്കല്‍ ബസ്സ് ഇറങ്ങി പിന്തുടര്‍ന്നു. അയാളെ പരിചയപ്പെടാന്‍ മാത്രമായി ഒരു ഹോട്ടലിലേക്ക് ഞാന്‍ കൂടെ കയറി. കൈ കഴുകി അടുത്തടുത്ത കസേരകളില്‍ ഇരുന്നു. പേരു ചോദിച്ചു. പരിചയപ്പെട്ടു. തരളിതനും സുന്ദരനുമാണ് അയാള്‍. നഗരത്തിലെ പ്രശസ്തമായ എന്‍ജിനീയറിംഗ് കോളേജില്‍ പഠിക്കുന്നു. മാതാപിതാക്കള്‍ ദേശസാല്‍കൃത ബാങ്കുകളില്‍ ജോലി ചെയ്യുന്നു. ഒരു അനിയത്തിയുള്ളത് പ്ലസ് ടു വിദ്യാര്‍ത്ഥിനി. ഭഗവത്ഗീത വ്യാഖ്യാനിച്ചു കേള്‍പ്പിച്ച് ലോകത്തെ അല്‍ഭുതപ്പെടുത്തിയ പ്രശസ്തനായ യോഗിയുടെ നാമധേയത്തില്‍ സ്ഥാപിതമായ വിദ്യാലയത്തിലാണ് ആ യുവസ്‌നേഹിതന്‍ നഴ്‌സറി ക്ലാസ്സ് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെ പഠിച്ചത്. പ്രവേശന പരീക്ഷയിലെ മികച്ച റാങ്കിന്റെ പേരില്‍ എന്‍ജിനീയറിംഗ് കോളേജില്‍ പഠനാവസരം ലഭിച്ചു. ബി ടെക്ക് കഴിഞ്ഞ് എം ബി എ പഠിക്കണമെന്നും വിദേശത്തോ സ്വദേശത്തോ ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി നേടണമെന്നും അയാള്‍ അഭിലഷിക്കുന്നു.

ആ പയ്യന്റെ നക്ഷത്രക്കണ്ണുകളില്‍ പ്രത്യാശയുടെ കിരണങ്ങള്‍ ഉണ്ടായിരുന്നു. അയാള്‍ക്ക് ശുഭാശംസകള്‍ നേര്‍ന്ന് ഞങ്ങള്‍ പിരിഞ്ഞു. ബസ്സിലെ യാത്രാവേളയില്‍ 80 വയസ്സ് തോന്നിക്കുന്ന ഒരു വൃദ്ധന് ഇരിപ്പിടം ഒഴിഞ്ഞു കൊടുക്കണമെന്ന് തോന്നാത്ത അയാളുടെ മനസ്സിനെ ഞാന്‍ വെറുക്കുന്നു. എന്നാല്‍ അത് ആ ചെറുപ്പക്കാരന്റെ മാത്രം കുറ്റമല്ല. അയാള്‍ക്കു ലഭിച്ച വിദ്യാഭ്യാസത്തില്‍ അങ്ങനൊരു പാഠം ഉണ്ടാകാതെ പോയതിന് ആരെ കുറ്റപ്പെടുത്തണം? വലിയ ഒരു ചെറിയ കാര്യമാണിത്. എങ്കിലും ജീവിതത്തില്‍ ഇത്തരം അനുകമ്പകള്‍ നമുക്ക് ആവശ്യമുണ്ട്, വിദ്യാസമ്പന്നന്‍ എന്ന് ഭാവിക്കുന്നവരില്‍ നിന്നുപോലും വളരെ വിരളമായിട്ടേ ഇപ്പോള്‍ അത് അനുഭവപ്പെടാറുള്ളൂ. ‘അന്യജീവനുതകി സ്വജീവിതം ധന്യമാക്കും’ എന്ന് പാഠപുസ്തകത്തില്‍ ഉണ്ടായിട്ടു മാത്രം കാര്യമില്ല. അപ്പോള്‍ അങ്ങനെയുള്ള മഹാപാഠങ്ങള്‍ അറിയാതെ, കേള്‍ക്കാതെ ഉന്നത വിദ്യാഭ്യാസത്തിന്റെ എല്ലാ പടവുകളും കയറി ഇറങ്ങി വരുന്നവര്‍ സമൂഹത്തിന് എങ്ങനെ പ്രയോജനപ്പെടും?

സിവില്‍ സര്‍വീസ് പരീക്ഷാഫലം ഇക്കൊല്ലം കേരളത്തിലെ ധാരാളം വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും കണ്ണു തുറപ്പിക്കുമെന്ന് കരുതുന്നു. മാതൃഭാഷയില്‍ എഴുതിയവരും മാതൃഭാഷ ഐച്ഛിക വിഷയമായി സ്വീകരിച്ചവരും സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടി. പഠനം ജീവിതത്തിന് പൊടുന്നനെ ഉപകരിക്കുമെന്നു കണ്ടാല്‍ ആരും അങ്ങോട്ടു ശ്രദ്ധതിരിക്കും. ഒരു ബിരുദധാരിക്ക് ദേശീയതലത്തില്‍ നടക്കുന്ന മത്സര പരീക്ഷയിലൂടെ ഒരു പ്രദേശത്തിന്റെ ഭരണാധിപനാകാന്‍ അവസരം ലഭിക്കുന്നു. ഇന്ത്യയിലെ യുവാക്കള്‍ക്കു മാത്രം ലഭിക്കുന്ന ഒരു സുവര്‍ണ്ണാവസരമാണിത്. ഐ എ എസ്സില്‍ എത്തുന്നവര്‍ക്ക് സേവനകാലത്ത് ചുരുങ്ങിയ പക്ഷം മൂന്ന് വര്‍ഷമെങ്കിലും ഒരു ജില്ലാ ഭരണാധികാരിയാകാം. മുപ്പതു ലക്ഷത്തോളം ജനങ്ങള്‍ വസിക്കുന്ന ഒരു പ്രദേശത്തിന്റെ ഭരണാധിപനാണ് ജില്ലാ കളക്ടര്‍. ജനാധിപത്യ വ്യവസ്ഥയില്‍ ഒരു ഉദ്യോഗസ്ഥന് ഭാവനയും പ്രതിഭയും ഉണ്ടെങ്കില്‍ ക്രിയാത്മകമായി പ്രവര്‍ത്തിച്ച് ചരിത്രത്തിന്റെ ഭാഗമാകാന്‍ പോലും കഴിയും. കളക്ടര്‍ പദവി അത്തരത്തില്‍ പ്രയോജനപ്പെടുത്തി പ്രശസ്തരായവര്‍ കേരളത്തിലുണ്ട്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് മലയാളം സ്വീകരിച്ചാല്‍ ഉത്തരക്കടലാസ് കേരളത്തിലെ പ്രൊഫസര്‍മാരാണ് പരിശോധിക്കുന്നത്. പരീക്ഷാര്‍ത്ഥികള്‍ക്ക് അനുകൂല ഘടകമാണത്. മാതൃഭാഷാ പഠനംകൊണ്ട് അങ്ങനെങ്കിലും ഒരു ഗുണമുണ്ടാകുമെന്ന് കരുതുക. കേരള പബ്ലിക് സര്‍വീസ് കമ്മീഷനും കൂടി വിചാരിച്ചാല്‍ മലയാളം ആരെയും അടിച്ചേല്‍പ്പിക്കാതെ ഇഷ്ടത്തോടെ പഠിച്ചുകൊള്ളും. നല്ല പണികിട്ടുമെങ്കില്‍ മലയാളി എന്തും പഠിക്കും. രണ്ടാംലോകയുദ്ധം നടക്കുമ്പോള്‍ ഹിറ്റ്‌ലര്‍ നയിച്ച ഫാസിസ്റ്റ് കക്ഷി ജയിക്കുമെന്ന് കരുതി ജര്‍മ്മന്‍ ഭാഷയും ജാപ്പനിസും പഠിക്കാന്‍ ഓടിനടന്നവര്‍ ഇവിടെ ഉണ്ടായിരുന്നെന്ന് കേട്ടു. രാവിലെ ഭൂപടം നിവര്‍ത്തിവച്ച് ജോലിക്ക് എങ്ങോട്ടേക്കു വിമാനം കയറണം എന്ന് നോക്കിക്കൊണ്ടിരിക്കുന്ന യുവാക്കളുടെ നാട്ടില്‍ മാതൃഭാഷയുടെ മഹത്വം ഭക്ഷിച്ച് വയറുനിറയ്ക്കാന്‍ ഉപദേശിക്കുന്നത് വിഡ്ഢിത്തം. എങ്കിലും പറയട്ടെ, വയറു മാത്രമല്ല മോനേ, ഹൃദയവും നമുക്ക് സ്വന്തം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബിജു എബനേസര്‍

ബിജു എബനേസര്‍

പ്രമുഖ ഓണ്‍ലൈന്‍ എഴുത്തുകാരനും Foonza Mediaയുടെ സഹ സ്ഥാപകനുമാണ് ബിജു എബെനേസര്‍. മലയാള സിനിമയുടെ കഴിഞ്ഞകാലത്തെ ആര്‍ക്കൈവ് ചെയ്യുന്ന കമ്യൂണിറ്റി പവേര്‍ഡ് ഇനിഷ്യേറ്റീവ് ആയ ഓള്‍ഡ് മലയാളം സിനിമ ബ്ലോഗ്, മലയാള സിനിമ പേരുകളെ കുറിച്ചുള്ള ചിന്തകള്‍ പങ്ക് വെക്കുന്ന സെല്ലുലോയിഡ് കാലിഗ്രാഫി തുടങ്ങിയ ഓണ്‍ലൈന്‍ സംരംഭങ്ങളുടെ ബുദ്ധികേന്ദ്രം. നേരത്തെ AOL.comല്‍ കോളമിസ്റ്റായിരുന്നു. ഇപ്പോള്‍ ബംഗളൂരുവില്‍ താമസം.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍