UPDATES

എജ്യുക്കേഷന്‍ ഫീച്ചേഴ്‌സ്

ഉറക്കമിളച്ച് പഠിയ്ക്കരുത്; അത് അത്രയ്ക്കങ്ങ് ഗുണം ചെയ്യില്ല

കുട്ടികളെ ഏറ്റവും കുറഞ്ഞത് എട്ടു മണിക്കൂറെങ്കിലും ഉറങ്ങാന്‍ അനുവദിക്കണം. അതുകഴിഞ്ഞുമതി പഠനമൊക്കെ.

ഉറക്കമിളച്ച് പഠിയ്ക്കരുതെന്ന് പറഞ്ഞാല്‍ പരീക്ഷ പടിപ്പുറത്തെത്തി നില്‍ക്കുന്ന ഈ മാര്‍ച്ച് മാസത്തില്‍ രക്ഷിതാക്കള്‍ വാളുമായെത്തും. പക്ഷെ സത്യമതാണ്. ഉറങ്ങാതെയുള്ള പഠിത്തവും ഉറക്കമിളച്ചുള്ള പഠിത്തമൊന്നും അത്രയ്ക്കങ്ങു ഗുണം ചെയ്യില്ലെന്നാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയവരൊക്കെ പറയുന്നത്.

അവന്‍ എത്രമാസം ഉറക്കമിളച്ചിരുന്ന് പഠിച്ചതാണ് എന്നിട്ടും….പരീക്ഷഫലം വരുമ്പോള്‍ ഇങ്ങനെ പരാതി പറയുന്ന രക്ഷിതാക്കളെ നമ്മള്‍ എല്ലായിടത്തും കാണാറുണ്ട്. എന്നാലും ആരും അതിന്റെ കാരണം അന്വേഷിക്കാറില്ല. പലപ്പോഴും പഴി പരീക്ഷ സബ്രദായത്തിനും അധ്യാപകര്‍ക്കും സ്‌കൂളിനോ കലാലയത്തിനോ ഒക്കെ ആയിരിക്കും.കുട്ടികള്‍ നന്നായി പഠിയ്ക്കണമെങ്കില്‍ അവരെ നന്നായി ഉറങ്ങാന്‍ അനുവദിക്കണം. ഉറക്കമിളച്ചുള്ള പഠനം ഗുണം ചെയ്യില്ലെന്നു മാത്രമല്ല അതു ദോഷമായി തീരുകയും ചെയ്യും.

കുട്ടികളെ ഏറ്റവും കുറഞ്ഞത് എട്ടു മണിക്കൂറെങ്കിലും ഉറങ്ങാന്‍ അനുവദിക്കണം. അതുകഴിഞ്ഞുമതി പഠനമൊക്കെ. പുലര്‍ച്ചെ എഴുന്നേറ്റ് പഠിയ്ക്കുന്നത് നല്ലശീലം തന്നെ. എന്നാലും മതിയായ ഉറക്കം ലഭിക്കുന്നുവെന്ന് ഉറപ്പാക്കിവേണം അത് ചെയ്യുവാന്‍. പഠനശേഷം ആവശ്യത്തിന് ഉറക്കം ലഭിച്ചാല്‍ നിങ്ങള്‍ക്ക് പഠിച്ച കാര്യങ്ങളൊക്കെ ഏകോപിപ്പിക്കുന്നതിന് സഹായിക്കുമെന്നാണ് മനശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. ഉറക്കത്തില്‍ ഈ ഏകോപനം നടക്കുമെന്നും ഉണര്‍ന്നശേഷം ഒരു വട്ടം കൂടി അതിലൂടെ കടന്നുപോകാന്‍ സാധിച്ചാല്‍ പഠിച്ച കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുമെന്നും അവര്‍ വിശദീകരിക്കുന്നു.

പുതുതായി ഒരു കാര്യം പഠിയ്ക്കുക. എന്നിട്ട് നന്നായി ഉറങ്ങുക. ഉണര്‍ന്നെണീറ്റതിനുശേഷം പഠിച്ച കാര്യം വീണ്ടും ഒരു വട്ടം കൂടി ആവര്‍ത്തിക്കുക.ഇത്തരത്തില്‍ പല ഘട്ടങ്ങളിലൂടെ ഊട്ടി ഉറപ്പിക്കപ്പെടുന്ന അറിവാണ് ഓര്‍മ്മയില്‍ തെളിമയോടെ നില്‍ക്കുകയെന്നു മനശാസ്ത്രജ്ഞന്മാര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ കരഗതമാക്കുന്ന അറിവാണ് അഞ്ചും ആറും മാസം കഴിഞ്ഞെത്തുന്ന പരീക്ഷയില്‍ ഗുണം ചെയ്യുക.

ഉറക്കം ഇളച്ച് പഠിയ്ക്കുന്നതുകൊണ്ടു ഗുണമുണ്ടോയെന്നു മനസ്സിലാക്കാനായി മനശാസ്ത്രജ്ഞന്മാര് പല പഠനങ്ങളും നടത്തിയിട്ടുണ്ട്. സാധാരണ നിലയില്‍ ഉറക്കം നല്‍കിയും നിയന്ത്രിതമായ തോതില്‍ ഉറങ്ങാന്‍ അനുവദിച്ചും പൂര്‍ണമായും ഉറങ്ങാതേയുമൊക്കെ കുട്ടികളെ പലതായി തിരിച്ച് അവരിതിനായി പരീക്ഷണനിരീക്ഷണങ്ങളൊക്കെ നടത്തിയിട്ടുമുണ്ട്. പല കാലങ്ങളില്‍ നടത്തിയ ഈ പഠനങ്ങളൊക്കെ ചൂണ്ടിക്കാണിക്കുന്നത് കാര്യങ്ങള്‍ കൃത്യമായി ഹൃദിസ്തമാക്കുന്നതിനും ഓര്‍മ്മിച്ചെടുക്കുന്നതിനും ഒക്കെ സാധിക്കുന്നത് സാധാരണ നിലയില്‍ എട്ടു മണിക്കൂറെങ്കിലും രാത്രിയില്‍ തുടര്‍ച്ചയായി ഉറക്കം ലഭിക്കുന്നവര്‍ക്കാണെന്നാണ്. പരീക്ഷാ കാലത്ത് കുട്ടികളെ ഉറങ്ങാന്‍ അനുവദിക്കാത്ത രക്ഷിതാക്കള്‍ ഈ കാര്യം മനസ്സിലാക്കണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍