UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: എഡ്വേഡ് എട്ടാമന്‍ സ്ഥാനത്യാഗം ചെയ്തു

Avatar

1936 ഡിസംബര്‍ 10

സ്‌നേഹിച്ച് പെണ്ണിന് വേണ്ടി രാജകിരീടം വലിച്ചെറിഞ്ഞ രാജാവിന്റെ കഥയാണിന്ന്. ബ്രിട്ടീഷ് കിരീടം സ്ഥാനത്യാഗ പത്രത്തില്‍ (Instrument of Abdication) എഡ്വേഡ് എട്ടാമന്‍ രാജാവ് 1936 ഡിസംബര്‍ പത്തിന് ഒപ്പുവച്ചു. അമേരിക്കന്‍ വരേണ്യ വാലിസ് സിംപ്‌സണെ വിവാഹം കഴിക്കുന്നതിനായി രാജാവ് സ്ഥാനത്യാഗം ചെയ്തത് രാജ്യത്ത് വലിയ ഭരണഘടന പ്രതിസന്ധിക്ക് കാരണമായി. സ്ഥാനമൊഴിയുന്ന രാജാവിന്റെ മൂന്ന് സഹോദരന്മാരായിരുന്നു സാക്ഷികളായി രേഖയില്‍ ഒപ്പുവച്ചത്. പിന്നീട് ജോര്‍ജ്ജ് ആറാമന്‍ രാജാവായി മാറിയ ആല്‍ബര്‍ട്ട്, ഗ്ലൂച്ചെസ്റ്റര്‍ പ്രഭു ഹെന്ററി, കെന്റ് പ്രഭു ജോര്‍ജ്ജ് എന്നിവരായിരുന്നു അവര്‍.

1936 ഡിസംബര്‍ പത്തിന് സ്ഥാനത്യാഗ പത്രത്തില്‍ രാജാവ് ഒപ്പുവെച്ചെങ്കിലും മഹാരാജാവിന്റെ സ്ഥാനത്യാഗ നിയമത്തിന് രാജകീയ അനുമതി ലഭിക്കുന്നത് വരെ അദ്ദേഹത്തിന് സ്ഥാനത്ത് തുടരേണ്ടി വന്നു. ഡിസംബര്‍ പതിനൊന്നിന് തന്നെ അദ്ദേഹം അത് നേടിയെടുത്തു. ബ്രിട്ടീഷ് പാര്‍ലമെന്റ് ഭേദഗതികളൊന്നും കൂടാതെ ചട്ടം ഒരു ദിവസം കൊണ്ട് പാസാക്കി. എഡ്വാര്‍ഡിന്റെ പിന്‍മുറക്കാര്‍ക്ക് ആര്‍ക്കും രാജകിരീടത്തില്‍ അവകാശമുണ്ടായിരിക്കില്ലെന്നും ചട്ടത്തില്‍ നിഷ്‌കര്‍ഷിച്ചിരുന്നു. പതിനൊന്നിന് രാത്രി പത്തുമണിക്ക് എഡ്വേര്‍ഡ് ബിബിസിയിലൂടെ രാജ്യത്തെയും അംഗരാജ്യങ്ങളെയും (അക്കാലത്ത് അത് ലോകജനസംഖ്യയുടെ 25 ശതമാനം വരുമായിരുന്നു) അഭിസംബോധന ചെയ്ത് സംസാരിച്ചു. അദ്ദേഹത്തെ സര്‍ ജോണ്‍ റീത്ത് അവതരിപ്പിച്ചത് മുന്‍ രാജാവ് എന്നും ‘ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് എഡ്വേഡ് എന്നുമായിരുന്നു. പ്രസംഗം രേഖപ്പെടുത്തരുതെന്ന് പ്രത്യേക നിര്‍ദ്ദേശമുണ്ടായിരുന്നിട്ടും ബിബിസി എഞ്ചിനീയര്‍മാര്‍ പ്രസംഗം റെക്കോഡ് ചെയ്തു. വര്‍ഷങ്ങളോളം ഈ രേഖയില്ലെന്നായിരുന്നു അവര്‍ വാദിച്ചിരുന്നത്. 

എഡ്വേഡ് എട്ടാമന്‍ സ്ഥാനത്യാഗം ചെയ്തുകൊണ്ടുള്ള പ്രസംഗം


യുകെ സര്‍ക്കാരും കോമണ്‍വെല്‍ത്ത് അംഗരാജ്യങ്ങളും വിവാഹത്തെ എതിര്‍ത്തിരുന്നു. മതപരവും നിയമപരവും രാഷ്ട്രീയപരവും ധാര്‍മ്മികവുമായ തടസ്സങ്ങളാണ് ഉയര്‍ത്തപ്പെട്ടത്. ബ്രിട്ടീഷ് രാജാവ് എന്ന നിലയില്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ സാങ്കേതിക തലവന്‍ കൂടിയായിരുന്നു എഡ്വേഡ്. വിവാഹമോചനം നേടിയ വ്യക്തിയുടെ മുന്‍പങ്കാളി ജീവിച്ചിരിക്കുമ്പോള്‍ അവര്‍ക്ക് വീണ്ടും വിവാഹം കഴിക്കാന്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് അനുവദിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ സിംപ്‌സണെ വിവാഹം കഴിച്ച ശേഷം അധികാരത്തില്‍ തുടരാന്‍ അദ്ദേഹത്തിന് ആവില്ലെന്ന് പരക്കെ വിശ്വസിക്കപ്പെട്ടിരുന്നു. മാത്രമല്ല രാജ്ഞിയാവാനുള്ള സിംപ്‌സണിന്റെ രാഷ്ട്രീയ, സാമൂഹിക യോഗ്യതകളും ചോദ്യം ചെയ്യപ്പെട്ടിരുന്നു. അവര്‍ രണ്ട് തവണ വിവാഹമോചനം നേടിയ ആളാണെന്നതാണ് യാഥാസ്ഥിക ബ്രിട്ടീഷ് സമൂഹത്തിന് അസ്വസ്ഥത ഉണ്ടാക്കിയത്. മാത്രമല്ല രാജാവിനോടുള്ള പ്രണയത്തെക്കാള്‍ പണത്തോടും പദവിയോടുമുള്ള ആര്‍ത്തിയാണ് സിംപ്‌സണെ നയിച്ചിരുന്നതെന്നും കരുതപ്പെട്ടിരുന്നു. എന്നാല്‍ എല്ലാ എതിര്‍പ്പുകളെയും അവഗണിച്ചുകൊണ്ട്, താന്‍ സിംപ്‌സണെ പ്രേമിക്കുന്നതായും സര്‍ക്കാര്‍ അനുവദിച്ചാലും ഇല്ലെങ്കിലും അവരെ വിവാഹം കഴിക്കുമെന്നും എഡ്വേഡ് പ്രഖ്യാപിച്ചു.

ബ്രിട്ടീഷ് ഷിപ്പിംഗ് എക്‌സിക്യൂട്ടീവായിരുന്ന എര്‍ണസ്റ്റ് ആള്‍ഡ്രിച്ച് സിംപ്‌സണിന്റെ ഭാര്യയായിരുന്ന, അമേരിക്കന്‍ പൗരത്വമുളള വാലിസിനെ 1931 ജനുവരി പത്തിനാണ് രാജാവ് പരിചയപ്പെടുന്നത്. എര്‍ണസ്റ്റ് സിംപ്‌സണ്‍ അവരുടെ രണ്ടാമത്തെ ഭര്‍ത്താവായിരുന്നു. യുഎസ് നാവിക പൈലറ്റായിരുന്ന വിന്‍ സ്‌പെന്‍സറില്‍ നിന്നും അവര്‍ 1927ല്‍ വിവാഹമോചനം നേടിയിരുന്നു. 1934ലാണ് വെയില്‍സ് രാജകുമാരനും വാലിസ് സിംപ്‌സണുമായി പ്രണയത്തിലായതെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. സ്ഥാനത്യാഗത്തെ തുടര്‍ന്ന് എഡ്വേഡിന് വിന്‍സര്‍ പ്രഭു എന്ന സ്ഥാനപ്പേര് നല്‍കി. തൊട്ടടുത്ത വര്‍ഷം അദ്ദേഹം വാലിസിനെ വിവാഹം കഴിച്ചു. 35 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം മരിക്കുന്നത് വരെ ആ ബന്ധം തുടരുകയും ചെയ്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍