UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രതിഷേധിച്ചാല്‍ പ്രതികാരം; ഹൈദരാബാദ് ഇഫ്‌ളുവില്‍ നടക്കുന്നത്

Avatar

രാകേഷ് നായര്‍

അസ്വാതന്ത്ര്യത്തിന്റെ കാമ്പസുകളെക്കുറിച്ച് വീണ്ടും വീണ്ടും പറയേണ്ടി വരുന്നത് ജനാധിപത്യത്തിന്റെ ദൗര്‍ഭാഗ്യമാണ്. ഹൈദരാബാദ് ഇഫ്‌ളുവില്‍ (English and Foreign Language University) വിദ്യാര്‍ത്ഥി സ്വാതന്ത്ര്യത്തിന്റെ മേലുള്ള കടന്നു കയറ്റത്തിനെതിരെ നടക്കുന്ന പ്രതിരോധങ്ങളെ ഫാസിസ്റ്റ് രീതിയില്‍ അടിച്ചമര്‍ത്താനുള്ള അധികാരികളുടെ നീക്കം അതുകൊണ്ട് തന്നെ രാജ്യമാകമാനം ചര്‍ച്ച ചെയ്യേണ്ടതായുണ്ട്. ഒരു കാമ്പസിനുള്ളില്‍ മാത്രം ഒതുങ്ങേണ്ട വിഷയമല്ല ഇഫ്‌ളുവില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. രാജ്യത്ത് നിലവില്‍ ഏതുതരം രാഷ്ട്രീയകാലാവസ്ഥയാണോ നിലനില്‍ക്കുന്നത് അതിനോടു സമാനമായ അവസ്ഥ തന്നെ ഇ എഫ് എല്‍ യൂണിവേഴ്‌സിറ്റിക്കുള്ളിലുമുണ്ട് എന്നത് ജനാധിപത്യബോധം സൂക്ഷിക്കുന്ന സമൂഹം ഗൗരവത്തോടെ കാണണം.

വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത
സ്വതന്ത്ര ചിന്താഗതിയോടെ നിലപാടെടുക്കുന്ന ഒരു വിദ്യാര്‍ത്ഥി സമൂഹം ഇഫ്‌ളുവില്‍ നിലനില്‍ക്കുന്നുണ്ടെന്നത് ആ കാമ്പസില്‍ നിന്ന് പുറത്തുവന്ന പല സര്‍ഗാത്മക സമരങ്ങളിലൂടെയും നമ്മള്‍ അറിഞ്ഞിട്ടുള്ളതാണ്. അഡ്മിനിസ്‌ട്രേഷന്‍ ബോഡിയുടെ ഏകാധിപത്യബോധത്തിനെതിരെ ശക്തമായ രീതിയില്‍ പ്രതികരിച്ചുപോന്നിരുന്ന വിദ്യാര്‍ത്ഥികളെ അതുകൊണ്ടു തന്നെ അധികാരികള്‍ തങ്ങളുടെ പ്രതിയോഗികളായാണ് കണ്ടുപോന്നിരുന്നത്.

ഇതിനിടയിലാണ് സ്വച്ഛ് ഭാരത് അഭിയാനോടനുബന്ധിച്ച് കാമ്പസില്‍ നടത്തിയ പ്രവര്‍ത്തികളെ വിമര്‍ശിച്ചുകൊണ്ട് ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥിയായ അര്‍ജിബ് സര്‍ക്കാര്‍ തന്റെ ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. ഈ വിമര്‍ശനം അധികാരികളെ ചൊടിപ്പിച്ചു. യൂണിവേഴ്‌സിറ്റിക്കെതിരെ അപമാനകരമായ പ്രചരണം നടത്തുന്നുവെന്നാരോപണത്തോടെ അര്‍ജിബിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

എന്നാല്‍ അഡ്മിന്‍ ബോഡിയുടെ ഈ നീക്കത്തിനെതിരെ കാമ്പസിനകത്ത് വിദ്യര്‍ത്ഥികളുടെ പ്രതിഷേധം ഉയര്‍ന്നു. തികച്ചും സര്‍ഗാത്മകമായ പ്രതിഷേധം. യാതൊരുവിധ അക്രമങ്ങളോ (മുന്‍കാലങ്ങളില്‍ ഇത്തരം ചില അനിഷ്ടസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നത് ഓര്‍ത്തുകൊണ്ടു തന്നെ) പ്രകോപനപരമായ മുദ്രാവാക്യങ്ങളോ മുഴക്കാതെ, സംഗീത പരിപാടികള്‍ അവതരിപ്പിക്കുക (റിക്വീം ഇഫ്ലൂ മ്യൂസിക്കല്‍ നൈറ്റ്), മനുഷ്യ ചങ്ങല തീര്‍ക്കുക, കറുത്ത വസ്ത്രം അണിഞ്ഞെത്തുക, വായ്മൂടി കെട്ടുക അടക്കമുള്ള ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ മാത്രമായിരുന്നു വിദ്യാര്‍ത്ഥികളുടെ ഭാഗത്തു നിന്നുയര്‍ന്നത്.

അര്‍ജിബിന് നീതി ലഭ്യമാക്കുക, നിരന്തരമായി തങ്ങള്‍ ആവശ്യപ്പെടുന്ന തെരഞ്ഞെടുപ്പ് നടത്തുക, കാമ്പസിലും ഹോസ്റ്റലിലും നടക്കുന്ന ലിംഗവിവേചനം അവസാനിപ്പിക്കുക എന്നിവയായിരുന്നു പ്രതിഷേധങ്ങള്‍ ഉയര്‍ത്തി വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു കൊണ്ടിരുന്നത്. യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി വിരുദ്ധ സമീപനങ്ങള്‍ക്കെതിരെ പോരാടാന്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയമോ പ്രസ്ഥാനങ്ങളോ ശക്തമല്ല എന്നതുതന്നെയാണ് ഇലക്ഷന്‍ നടത്തുക എന്ന ആവശ്യം കൂടുതല്‍ ശക്തമാക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിച്ചത്. എപ്രകാരമോ ഒരു ഏകാധിപത്യ ഭരണകൂടം തങ്ങള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ നേരിടുക അതിനോടു സാമ്യമുള്ള നടപടികളുമായാണ് ഇക്കാലമത്രയും ഇഫ്‌ളു അധികൃതര്‍ വിദ്യാര്‍ത്ഥികളെ നേരിട്ടുപോന്നിരുന്നത്. ഇനിയും തങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ അനുവദിക്കില്ലെന്ന സന്ദേശം വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളിലൂടെ ഉയര്‍ന്നപ്പോഴാണ് എതിര്‍പക്ഷം തങ്ങളുടെ അധികാരം ഒരിക്കല്‍ കൂടി തെറ്റായി ഉപയോഗിച്ചത്.

പ്രതിഷേധിച്ചവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ്
കാമ്പസില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയ 12 പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിക്കൊണ്ടായിരുന്നു അഡ്മിനിസ്ട്രേഷന്‍റെ പ്രതികരണം. സര്‍വകലാശാല വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നതായിരുന്നു കുറ്റം. പന്ത്രണ്ടുപേര്‍ക്കും ഒരേ ക്ലോസ് വച്ച് സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ച് നോട്ടീസുകള്‍ വന്നു. അന്ധമായൊരു പ്രതികാര നടപടിയായിരുന്നു ഇതെന്നതിന്റെ തെളിവായി രണ്ടു കാര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ തന്നെ ചൂണ്ടികാണിക്കുന്നുണ്ട്. നോട്ടീസ് കിട്ടിയവരില്‍ ഒരാള്‍ കാമ്പസില്‍ നടന്ന പ്രതിഷേധങ്ങളിലൊന്നും സജീവമായി പങ്കെടുക്കാതിരുന്നൊരാളാണ്. പ്രതിഷേധ പ്രകടനകളുടെ ഏതാനും ഫോട്ടോകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നുമാത്രം. ഈ തെളിവുവെച്ചുകൊണ്ടുമാത്രമാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. മറ്റൊരാള്‍ പ്രതിഷേധങ്ങളുടെ തുടക്കത്തില്‍ സജീവമായിരുന്നെങ്കിലും പിന്നിടു വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്കു പോവേണ്ടി വന്നയാളാണ്. പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ ഇയാളുടെ സാന്നിധ്യം കാമ്പസില്‍ ഉണ്ടായിരുന്നില്ല എന്നതുപോലും ശ്രദ്ധിക്കാതെയാണ് നടപടിയെടുത്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളും ദൃക്‌സാക്ഷികളും ഇയാള്‍ക്കെതിരെയുള്ള തെളിവുകളാണെന്നാണ് അവര്‍ പറയുന്നത്. സ്ഥലത്ത് ഇല്ലാതിരുന്നൊരാള്‍ എങ്ങനെയാണ് സിസിടിവിയില്‍ പതിയുന്നത്? ഈ കാരണം കാണിക്കല്‍ നോട്ടീസിന് വിദ്യാര്‍ത്ഥികള്‍ മറുപടി നല്‍കി. ഇത് ഞങ്ങളുടെ അവകാശമാണ്, തികച്ചും സമാധാനപരമായ പ്രതിഷേധങ്ങളായിരുന്നു നടത്തിയത്. ഒരു നേരത്തെ ക്ലാസ് പോലും മുടങ്ങാതെ, വൈകുന്നേരങ്ങളില്‍ മാത്രമായിരുന്നു ഞങ്ങള്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്. ഇതെങ്ങനെയാണു കോളേജ് വിരുദ്ധ പ്രവര്‍ത്തനങ്ങളാകുന്നത്? പ്രതിഷേധം ജനാധിപത്യാവകാശമല്ലേ? വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നു.

തെരഞ്ഞെടുപ്പ് എന്ന കണ്ണില്‍ പൊടിയിടല്‍
കാമ്പസുകളില്‍ ജനാധിപത്യരീതിയിലുള്ള തെരഞ്ഞെടുപ്പ് നടത്തുന്നത് ഉറപ്പാക്കണമെന്നു ലിംഗ്‌ദോ കമ്മിറ്റി റിപ്പോട്ട് ആവശ്യപ്പെടുമ്പോള്‍ തന്നെയാണ് കേന്ദ്ര സര്‍വകലാശാലയായ ഇഫ്‌ളുവില്‍ ആ ജനാധിപത്യരൂപത്തിന് സ്ഥാനമില്ലാതെ വന്നിരുന്നത്. ഇതിനെതിരെയുള്ള വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളുടെ ഫലമെന്നോണം ആ ആവശ്യത്തിന് ഇപ്പോള്‍ അധികൃതര്‍ വഴങ്ങിയിരിക്കുകയാണ്. എന്നാല്‍ ഇതൊരു കണ്ണില്‍ പൊടിയിടലാണ്. നവംബര്‍ അഞ്ചിന് മുമ്പ് കാമ്പസുകളിള്‍ ഇലക്ഷന്‍ നടന്നിരിക്കണം എന്നു വ്യവസ്ഥയുള്ളപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തേണ്ട അവസാനദിവസമാണ് ഇഫ്‌ളുവില്‍ ഇലക്ഷന്‍ ഡിക്ലറേഷന്‍ ഉണ്ടാവുന്നത്. ജനാധിപത്യമൂല്യങ്ങളൊന്നും തന്നെ പാലിക്കാതെ ഒരു കെട്ടിച്ചമയ്ക്കല്‍. തെരഞ്ഞെടുപ്പിന് ശേഷം ഒരു വിദ്യാര്‍ത്ഥി യൂണിയന്‍ നിലവില്‍ വന്നാല്‍ പോലും ഒന്നും ചെയ്യാന്‍ സമ്മതിക്കില്ലെന്ന സൂചനകളാണ് അഡ്മിനിസ്‌ട്രേഷന്റെ ഭാഗത്തു നിന്നുവരുന്നത്. ഇതറിയാവുന്ന വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടുകയാണെങ്കില്‍ രാജിവച്ചിറങ്ങിപ്പോരാനുള്ള തയ്യാറെടുപ്പോടെ തന്നെയാണ് ഇലക്ഷനില്‍ പങ്കെടുക്കുന്നതും.

പ്രതികാര നടപടികള്‍
കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച പന്ത്രണ്ടുപേര്‍ മറുപടി നല്‍കിയെങ്കിലും മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ ഈ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ശിക്ഷാനടപടികളാണ് ഉണ്ടായത്. പതിനൊന്നംഗ പാനലാണ് അച്ചടക്ക നടപടി സ്വീകരിക്കുന്നതിനായി കൂടിയത്. ഇതില്‍ ഒരധ്യാപകനൊഴിച്ച് ബാക്കിയെല്ലാവരും തന്നെ വിദ്യാര്‍ത്ഥികളെ ശിക്ഷിക്കണമെന്ന നിലപാടിലായിരുന്നു. വിയോജിച്ച അധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആക്ഷന്‍ എടുക്കുന്നതിനു മുമ്പ് അവരുടെ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ടിരുന്നു. എക്‌സപ്ലനേഷന്‍ ആവശ്യപ്പെടുകയല്ലാതെ, ഒരു ഹിയറിംഗിനുപോലും വിദ്യാര്‍ത്ഥികളെ വിളിക്കാന്‍ തയ്യാറായിരുന്നില്ല. വ്യക്തമായ തെളിവുകളുടെ അഭാവത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കുന്നതെന്നും ഇതിനോട് യോജിക്കാന്‍ ആകില്ലെന്നമുള്ള തന്റെ അഭിപ്രായം മിനിട്‌സില്‍ രേഖപ്പെടുത്തിയാണ് ആ അധ്യാപകന്‍ ഇറങ്ങി പോയത്. എന്നാല്‍ മൃഗീയ ഭൂരിപക്ഷത്തോടെ അച്ചടക്ക സമിതി പന്ത്രണ്ടില്‍ പതിനൊന്നുപേര്‍ക്കെതിരെയും ശിക്ഷണ നടപടികള്‍ സ്വീകരിച്ചു. പ്രതികാരമെന്നോണം.

ഒരേ കുറ്റത്തിന് വെവ്വേറെ ശിക്ഷ
ചെയ്ത തെറ്റുകള്‍ ഒന്നു തന്നെയാണെങ്കിലും വിധിച്ച ശിക്ഷ വ്യത്യസ്തമായിരുന്നു. രണ്ടുപേര്‍ക്ക് താക്കീതായിരുന്നുവെങ്കില്‍, പിഎച്ച്ഡി ചെയ്തിരുന്നവരില്‍ രണ്ടുപേരുടെ ഹോസ്റ്റല്‍ അഡ്മിഷന്‍ മൂന്നു മാസത്തേക്ക് കാന്‍സല്‍ ചെയ്യുകയും അവരുടെ ആറുമാസത്തെ സ്‌റ്റൈപന്‍ഡ് കട്ട് ചെയ്യുകയുമാണ് ഉണ്ടായത്. ആറുമാസത്തെ സ്റ്റൈപന്‍ഡ് എന്നു പറയുന്നത് നിസ്സാരമല്ല, ഇതില്‍ ഒരാള്‍ ജെ ആര്‍ എഫ് ആണ്. ഇയാള്‍ക്ക് ആറുമാസത്തേക്ക് നഷ്ടപ്പെടുന്നത് ഒന്നരലക്ഷത്തോളം രൂപയാണ്. രണ്ടാമത്തെയാള്‍ നോണ്‍-നെറ്റ് ആണെങ്കിലും ഇദ്ദേഹത്തിനും അരലക്ഷത്തോളം രൂപ നഷ്ടപ്പെടും. കൂടാതെ താമസസൗകര്യവും നിഷേധിച്ചു. ഹോസ്റ്റലുകള്‍ പൂട്ടുന്നതിന് ആവശ്യമായ മുന്‍നടപടികള്‍ വേണമെന്നിരിക്കെ, അതിക്രമിച്ചു കയറിയുള്ള അധികാരപ്രയോഗമാണ് ഇവിടെ നടക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിലും ക്രൂരതയാണ് ഒന്നാം വര്‍ഷ ബി എ വിദ്യാര്‍ത്ഥിനിയോട് കാണിച്ചത്. ഈ കുട്ടിയുടെ ഹോസ്റ്റല്‍ അഡ്മിഷന്‍ ആറുമാസത്തേക്ക് കാന്‍സല്‍ ചെയ്തു. കൂടാതെ കാമ്പസില്‍ ചെലവഴിക്കുന്നതിനുള്ള സമയത്തില്‍ നിയന്ത്രണം കൊണ്ടുവന്നു. ചരുക്കത്തില്‍ ഒരു പതിനെട്ടുകാരിയുടെ സുരക്ഷിത്വമാണ് സര്‍വകലാശാല ഇല്ലാതാക്കിയിരിക്കുന്നത്. ഇതിലൂടെ ഇഫ്ലു അധികൃതര്‍ തികഞ്ഞ ഫാസിസ്റ്റ് മനോഭാവമാണ് തങ്ങള്‍ക്കുള്ളതെന്നു തെളിയിച്ചിരിക്കുകയാണ്. ഈ വര്‍ഷം തന്നെ വിവിധ കാരണങ്ങള്‍ പറഞ്ഞ് പത്തോളം അഡ്മിഷനുകളാണ് റദ്ദ് ചെയ്തത്. അര്‍ജിബ് സര്‍ക്കാരിനെ ഇപ്പോള്‍ പുറത്താക്കിയിരിക്കുകയാണ്. ഒരു വിശദീകരണവും പറയാതെയുള്ള പുറത്താക്കല്‍ നോട്ടീസാണ് അര്‍ജിബിന് കൊടുത്തത്. ഈ വര്‍ഷം തന്നെയാണ് അന്ധയായൊരു പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയെ, അവരുടെ ഒരു പേപ്പര്‍ ഫെയ്‌ലായതിന്റ പേരില്‍ പുറത്താക്കിയത്. ഈ കുട്ടി കോടതിയില്‍ പോയി. കോടതി അവര്‍ക്ക് അനുകൂലമായി വിധിച്ചു. സ്റ്റാറ്റസ് കോ തുടരനാണ് കോടതി പറഞ്ഞത്. കോടതി ഉത്തരവുമായി വന്ന വിദ്യാര്‍ത്ഥിനിയോട് സ്റ്റാറ്റസ് കോ തുടരുക എന്നാല്‍ പുറത്താക്കിയ നടപടി തന്നെ തുടര്‍ന്നോളാനാണ് കോടതി പറഞ്ഞിരിക്കുന്നതെന്ന വാദം പറഞ്ഞ് പ്രവേശനം നിഷേധിക്കുകയായിരുന്നു അധികൃതര്‍ ചെയ്തത്. സര്‍വകലാശാലയ്ക്ക് ആറ് അഭിഭാഷകരുണ്ട്. വിദ്യാര്‍ത്ഥികള്‍ ഏതെങ്കിലും ചോദ്യം ഉയര്‍ത്തിയാല്‍ അതുകൊണ്ടു തന്നെ നിങ്ങള്‍ കോടതിയില്‍ പോയ്‌ക്കോളൂ എന്ന ധിക്കാരമാണ് അധികൃതര്‍ നടത്തുന്നത്. 

വിരോധം മലയാളികളോടോ?
കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച പന്ത്രണ്ടുപേരില്‍ ഒരു ബംഗാളി വിദ്യാര്‍ത്ഥിയൊഴിച്ചാല്‍ ബാക്കി പതിനൊന്നു പേരും മലയാളികളാണ്. കാമ്പസില്‍ നടന്നുവരുന്ന പലപ്രശ്‌നങ്ങളിലും വിദ്യാര്‍ത്ഥികളുടെ ഭാഗത്തു നിന്നുകൊണ്ട് ഇടപെടലുകള്‍ നടത്തിവരുന്നത് ഇഫ്‌ളുവിലെ മലയാളി വിദ്യാര്‍ത്ഥികളായിരുന്നു. കാമ്പസിലും ഹോസ്റ്റലിലും നടക്കുന്ന വിവേചനങ്ങള്‍ക്കും വിദ്യാര്‍ത്ഥി വിരുദ്ധ നടപടികള്‍ക്കും എതിരെ ശബ്ദമുയര്‍ത്തിയും പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചും ഇവര്‍ അധികൃതരുമായി നിരന്തരമായ ആശയസംഘട്ടനങ്ങള്‍ നടത്തിപ്പോന്നിരുന്നവരാണ്. ഇപ്പോഴത്തെ ശിക്ഷാനടപടികള്‍ കാണുമ്പോള്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്കെതിരെ കരുതിക്കൂട്ടിയുള്ള പ്രതികാരം നടക്കുകയാണോ എന്നു സംശയിക്കുന്നതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഇഫ്‌ളുവില്‍ വേണ്ടത് സാമൂഹിക ഇടപെടലാണ്
വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത് കാമ്പസിനുള്ളിലെ പ്രശ്‌നങ്ങള്‍ക്ക് സമൂഹികമായൊരു ഇടപെടലാണ്. സ്‌കൂള്‍ എന്ന നിലയില്‍ നടത്തിക്കൊണ്ടുപോകാനാണ്, ഒരു കാലത്ത് എറെ അഭിനന്ദിക്കപ്പെട്ടിരുന്ന ഒരു സര്‍വകലാശാലയില്‍ ഇപ്പോള്‍ നീക്കങ്ങള്‍ നടക്കുന്നത്. ഇതിനെ ചെറുക്കാന്‍ നിലവില്‍ രാഷ്ട്രീയമായൊരു ശക്തി കാമ്പസിനകത്ത് വിദ്യാര്‍ത്ഥികള്‍ക്കില്ല. കേഡര്‍ സ്വഭവത്തിലുള്ള സംഘടനാശക്തിയുടെ അഭാവം അവരെ സാരമായി ബാധിക്കുന്നുണ്ട്. നിലവില്‍ നടക്കുന്നത് സര്‍ഗാത്മക ചെറുത്തുനില്‍പ്പുകളാണ്. ഇവയെ എങ്ങനെയാണ് അധികൃതര്‍ നേരിടുന്നതെന്നതാണ് ഇപ്പോഴത്തെ ശിക്ഷാനടപടികള്‍ കാണിക്കുന്നത്. പ്രതികരിക്കുന്നവരെ നിശബ്ദരാക്കുകയാണ്, ഒന്നുകില്‍ പുറത്താക്കും, ഇല്ലെങ്കില്‍ ഭയത്തിന്റെ മുനയില്‍ നിര്‍ത്തും. സമരങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ പോലും അതില്‍ പങ്കെടുക്കുന്നവരില്‍ അധികവും തങ്ങള്‍ നിര്‍ജ്ജീവമല്ല എന്നു കാണിക്കുന്ന പങ്കാളിത്തം മാത്രമാണ് നടത്തുന്നതെന്ന തുറന്നു പറച്ചില്‍ കാമ്പസില്‍ നിന്നുതന്നെ ഉണ്ടാകുന്നുണ്ട്. ഒരാഴ്ച്ചയില്‍ അധികം നീണ്ടു നില്‍ക്കുന്ന ഒരു സമരം പോലും കാമ്പസില്‍ ഉണ്ടാകുന്നില്ല. ഇനിയൊരു സമരം നടത്തണമെങ്കില്‍ പോലും ഇപ്പോള്‍ ശിക്ഷാനടപടികള്‍ നേരിടുന്നവര്‍ തന്നെ മുന്നിട്ടിറങ്ങണം. അങ്ങനെ വന്നാല്‍ അവരെ പുറത്താക്കുന്നതില്‍വരെ കാര്യങ്ങളെത്തുമെന്നും ഒരു വിദ്യാര്‍ത്ഥി പറയുന്നു. അധികൃതര്‍ നടത്തുന്ന ഭയപ്പെടുത്തലാണ് ഭൂരിപക്ഷം വിദ്യാര്‍ത്ഥികളെയും പിന്നാക്കം വലിക്കുന്നത്. കേരളത്തിലേതുപോലെ പുറത്തു നിന്നുള്ള പിന്തുണ ഇഫ്ലുവിലെ വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടുന്നില്ല. ഒറ്റപ്പെട്ടൊരു തുരുത്തില്‍ നിന്നുകൊണ്ടുള്ള പ്രതിരോധമാണ് ഇപ്പോള്‍ നടക്കുന്നത്. വിശാലമായൊരു ലോകത്തിന്റെ പിന്തുണ കൈവന്നാല്‍ മാത്രമെ ഇവിടെ വിജയിക്കാന്‍ സാധിക്കൂ, ഈ പോരാട്ടം ജനപക്ഷം എത്തണം. ജനാധിപത്യത്തിന്റെ നിലനില്‍പ്പ് സര്‍വകലാശാലകളിലും നഷ്ടപ്പെടരുതെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. ഈ ആവശ്യം ഏറ്റെടുക്കാന്‍ പുറംലോകവും തയ്യാറായാല്‍ ഇഫ്ലുവിലെ അധികാരി ധാര്‍ഷ്ട്യങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഇടാന്‍ കഴിയും. കാമ്പസുകള്‍ ഉത്തമപൗര രൂപീകരണശാലകളായി നിലനില്‍ക്കട്ടെ.  ജനാധിപത്യസമൂഹത്തിന് നിശബ്ദതയുടെ പ്രയോക്താക്കളെയല്ല ആവശ്യം…

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് രാകേഷ്)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍