UPDATES

ഇനി മറുപടി നിങ്ങള്‍ പറയൂ; വി.സിക്ക് ഷോകോസ് നോട്ടീസ് നല്‍കി ഇഫ്ളു

Avatar

റോസ് സെബാസ്റ്റ്യന്‍

പ്രിയ സര്‍വകലാശാലയ്ക്ക്, ഒരു ചരമക്കുറിപ്പ്,
ഏറെ ഇഷ്ടപ്പെടുകയും അഭിമാനിക്കുകയും ചെയ്ത ഒരു പഠിപ്പിടം നാള്‍ക്കുനാള്‍ നശിച്ചുകൊണ്ടിരിക്കുന്നതിലുള്ള പ്രതിഷേധവും വേദനയുമാണ് ഈ കുറിപ്പിനാധാരം. ദേശീയവും അന്തര്‍ദേശീയവുമായ അതിര്‍ത്തികള്‍ക്കതീതമായ സാംസ്‌കാരിക കൊടുക്കല്‍വാങ്ങലുകളുടെ, ലിംഗനീതിയുടെ, ദളിത് രാഷ്ട്രീയ മുന്നേറ്റങ്ങളുടെ, അക്കാദമിക് നവീനതകളുടെ ചില പുത്തന്‍ പാഠങ്ങള്‍ ഞങ്ങള്‍ക്കൊരുക്കിയ ഹൈദരാബാദ് ഇഫ്‌ളു കഴിഞ്ഞ രണ്ടുവര്‍ഷങ്ങള്‍ കൊണ്ട് മനുഷ്യമുഖം നഷ്ടപ്പെട്ട ഒരു ബ്യൂറോക്രസി മാത്രമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇഫ്ലുവില്‍ ഇപ്പോള്‍ ഒരു ഓണ്‍ലൈന്‍ കാമ്പയിന്‍ നടക്കുകയാണ്. തുടര്‍ച്ചയായി തങ്ങളുടെ അവകാശങ്ങള്‍ ലംഘിച്ചതിന് വിദ്യാര്‍ഥികള്‍ സര്‍വകലാശാല അധികാരികള്‍ക്ക് ഒരു കാരണം കാണിക്കല്‍ നോട്ടീസ് കൊടുത്തിരിക്കുന്നു. ഈ നോട്ടീസ് എല്ലാവരുടെയും കവര്‍ ഫോട്ടോ ആക്കികൊണ്ടുള്ള ഈ സമരമുറക്കൊരു പശ്ചാത്തലമുണ്ട്. യാക്കൂബ് മേമന്‍ വധശിക്ഷയുടെ അവസരത്തില്‍, ‘A Short Film about Killing’ എന്ന കീസ്ലൊവ്‌സ്‌കി ചിത്രത്തിന്റെ പൊതുപ്രദര്‍ശനം കാമ്പസില്‍ സംഘടിപ്പിച്ചതിന് ശരത് എന്ന വിദ്യാര്‍ത്ഥിസംഘടനാപ്രവര്‍ത്തകന് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചിരുന്നു. എല്ലാ തരത്തിലുമുള്ള സംഘടനാ പ്രവര്‍ത്തനവും കാമ്പസില്‍ നിരോധിച്ചുകൊണ്ട് പുതുതായി വന്ന ഒരു ഓര്‍ഡിനന്‍സാണ് ഇതിനു പിന്‍ബലമായി അവര്‍ കാണിച്ചത്. യു.ജി.സി യുടെ വിദ്യാര്‍ത്ഥി അവകാശ നിര്‍ദേശപത്രികയിലെ 6-ഉം 7-ഉം വകുപ്പുകള്‍ പ്രകാരം ഈ ഓര്‍ഡിനന്‍സ് നിയമവിരുദ്ധമല്ലേ എന്ന് ചോദിച്ചപ്പോള്‍, ‘എങ്കില്‍ നിങ്ങള്‍ കോടതിയില്‍ പോയ്‌ക്കോളു’ എന്നായിരുന്നു പ്രോക്ടറുടെ ധാര്‍ഷ്ട്യം നിറഞ്ഞ മറുപടി.

ഇപ്പോള്‍ നടക്കുന്ന ഓണ്‍ലൈന്‍ കാമ്പയിനു വഴി തെളിച്ചത് അര്‍ജബ് സര്‍ക്കാര്‍ എന്ന സുഹൃത്തിനു കഴിഞ്ഞയാഴ്ച്ച ലഭിച്ച കാരണം കാണിക്കല്‍ നോട്ടീസാണ്. ‘സ്വഛ്ച് ഭാരത് ‘ പദ്ധതി കാമ്പസില്‍ നടപ്പാക്കിയ രീതിയിലെ ഉപരിപ്ലവതയും വ്യര്‍ത്ഥതയും ചൂണ്ടി കാണിച്ച് അര്‍ജബ് ഒരു ഫേസ് ബുക്ക് പോസ്റ്റ് ഇട്ടതാണ് കാരണം.(https://www.facebook.com/photo.php?fbid=1018880811486854&set=a.664888453552760.1073741831.100000948347586&type=3&theater) തികച്ചും മാന്യമായ ഭാഷയില്‍, എന്നാല്‍ വിമര്‍ശനബുദ്ധ്യാലുള്ള ഒരു പ്രതികരണക്കുറിപ്പ്. സര്‍വകലാശാല ഞങ്ങളുടെ സൈബര്‍ ഇടങ്ങള്‍ പോലും നിരീക്ഷിക്കുകയും അതിന്റെ പേരില്‍ ശിക്ഷാനടപടികള്‍ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് മേല്‍പ്പറഞ്ഞ കാമ്പയിന്‍ ഞങ്ങള്‍ തുടങ്ങുന്നത്. ഗൌരവമേറിയ നിയമലംഘനങ്ങള്‍ക്കെതിരെ മാത്രം ഉപയോഗിക്കേണ്ട show-cause എന്ന നിയമസംവിധാനം ദുരുപയോഗിച്ച് വിദ്യാര്‍ത്ഥി സമൂഹത്തില്‍ ഭീതി പടര്‍ത്തി, അഭിപ്രായ ഭിന്നതകളെ അമര്‍ച്ച ചെയ്യാനുള്ള അധികാരികളുടെ നീക്കത്തിനെതിരെയാണ് ഞങ്ങളുടെ ഈ സമരം. സര്‍വകലാശാല ഞങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസുകള്‍ പതിച്ചു തരുന്ന ലെറ്റര്‍ഹെഡിന്റെ അതേ മാതൃകയില്‍, അവരുടെ അതേ ബ്യൂറോക്രാറ്റിക്, യാന്ത്രിക ഭാഷയില്‍ ഞങ്ങള്‍ അവര്‍ക്ക് ഒരു കാരണം കാണിക്കല്‍ നോട്ടീസ് കൊടുക്കുന്നു; ഞങ്ങള്‍ വിചാരണ ചെയ്യപ്പെട്ട അതേ സൈബര്‍ ഇടത്തില്‍. ഈ നോട്ടീസ് കവര്‍ഫോട്ടോ ആക്കുകയും ‘RIP EFLU’ എന്ന പോസ്റ്റര്‍ പ്രൊഫൈല്‍ ചിത്രമാക്കുകയും ചെയ്യുക എന്നതാണ് ഈ സമരത്തിന്റെ ഒരു വശം; കാമ്പസ്സിനു അകത്താകട്ടെ , അധികാരികള്‍ ആവശ്യപ്പെട്ട പ്രകാരം അഭിപ്രായ പ്രകടനത്തിന് മാപ്പിരക്കുക എന്ന ദുരവസ്ഥയിലേക്ക് സഹപാഠികളെ തള്ളിവിടാതെ, അവരോടൊപ്പം പോരാടുക എന്നതാണ് മറ്റൊരു വശം.

 

 

ഈ കുറിപ്പില്‍ ഒതുങ്ങാത്തവിധം നിരവധിയാണ് ഇഫ്‌ളുവില്‍ കഴിഞ്ഞ കുറെ നാളുകളായി നടക്കുന്ന അനീതികള്‍. 2014 നവംബറില്‍, വി.സി.ക്കെതിരെ തെരുവ്‌നാടകം കളിച്ചതിനു ഒരു കൂട്ടം വിദ്യാര്‍ഥികള്‍ക്കെതിരെ താക്കീത് നോട്ടീസുകള്‍ അധികാരികള്‍ പുറപ്പെടുവിച്ചിരുന്നു. ഞങ്ങള്‍ അനുമതി എടുത്തില്ലാരുന്നത്രേ! ‘നിങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ ഞങ്ങളെ ദയവു ചെയ്ത് അനുവദിക്കണം’ എന്ന അസംബന്ധരേഖ കൊടുത്തില്ലെന്നു ചുരുക്കം. FTII സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഇഫ്‌ളുവില്‍ നടന്ന ധര്‍ണയില്‍ പങ്കെടുക്കാന്‍ എത്തിയ HCU അധ്യാപകന്‍ പ്രൊഫ. വിജയിയ്ക്ക് അധികാരികള്‍ പ്രവേശനാനുമതി നിഷേധിക്കുകയാണുണ്ടായത്. (പ്രൊഫസ്സര്‍ക്കെന്താ യൂണിവേഴ്‌സിറ്റിയില്‍ കാര്യം എന്നാണ് ടിയാരുടെ ലൈന്‍). പകരം കടത്തി വിട്ടത് ഒരു വണ്ടി നിറയെ പോലീസിനെ.

ലിംഗഭേദമന്യേ വിദ്യാര്‍ഥികള്‍ ഇടപഴകിയിരുന്ന റീഡിംഗ് റൂം, മെസ്സ് , ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ ലിംഗവിവേചനം കൊണ്ടുവരിക, സമരങ്ങള്‍ക്ക് മുന്‍കൈയെടുക്കുന്ന വിദ്യാര്‍ത്ഥികളെ പുറത്താക്കുകയോ തുടര്‍പഠനത്തിന് അഡ്മിഷന്‍ നിഷേധിക്കുകയോ ചെയ്യുക, കാരണമില്ലാതെ യൂണിയന്‍ ഇലക്ഷന്‍ വൈകിക്കുക എന്നിങ്ങനെ നീളുന്നു അവരുടെ ചെയ്തികള്‍. ഈ വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് പലപ്പോഴായി MHRD-യിലേക്കയച്ച പരാതികളെല്ലാം അവഗണിക്കപ്പെട്ടു (പിടിച്ചതിലും വലുത് അളയില്‍ എന്ന അവസ്ഥയാണ് MHRD!). ആഗസ്റ്റ് 15നും ജനുവരി 26-നും പതാക ഉയര്‍ത്താന്‍ മാത്രം ഞങ്ങള്‍ക്ക് ‘ദര്‍ശനം’ നല്‍കുന്ന ഇപ്പോഴത്തെ വി.സി സുനൈന സിംഗിന്റെ ശ്രദ്ധയത്രയും ഓഫീസ് രേഖകള്‍ ചിട്ടയില്‍ ആക്കുന്നതിലാണ്. (കുട്ടികളോടൊപ്പം മെസ്സില്‍ ഉണ്ണുകയും, ഒന്നിച്ചു നടക്കുകയും ചെയ്തിരുന്ന വി.സിമാരുണ്ടായിരുന്ന ഒരു കാമ്പസാണ് ഇത് ). വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഹോസ്റ്റലുകള്‍, വിവിധ ഡിപ്പാര്‍ട്ട്മെന്റുകള്‍ എന്നിവയെല്ലാം സംബന്ധിച്ച സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കുക, അവരുടെ ഭാഷ്യത്തില്‍ ‘കുത്തഴിഞ്ഞു കിടക്കുന്ന’ യൂണിവേഴ്‌സിറ്റിയെ വരുതിയിലാക്കാന്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവരിക , കെട്ടിടങ്ങള്‍ക്കും പരിസരങ്ങള്‍ക്കും മോടി കൂട്ടുക എന്നതിലൊക്കെയാണ് അവരുടെ ശ്രദ്ധയത്രയും. പക്ഷേ, ഒരു ജയില്‍ വാര്‍ഡന്റെയോ, ഒരു ഇന്‍കംടാക്‌സ് ഓഫീസറുടെയോ പ്രവര്‍ത്തന രീതിയല്ല ഒരു സര്‍വകലാശാലയില്‍ വേണ്ടത്. വി.സിയുടെ അനുമതിയോടെയും അനുഗ്രഹാശിസ്സുകളോടെയും താല്പര്യപ്രകാരവും അല്ലാതെ ഒരു പരിപാടിയും കാമ്പസില്‍ നടക്കുന്നില്ല. സര്‍ക്കാരിനെതിരായി നിലകൊള്ളുന്ന പല പ്രമുഖ വ്യക്തികള്‍ക്കും പ്രവേശനാനുമതി നിഷേധിക്കുന്നു. കസ്റ്റഡിയില്‍ നിന്നിറങ്ങി അധികം വൈകാതെ ബിനായക് സെന്‍ അഭിസംബോധന ചെയ്ത ചരിത്രമുള്ള ഈ സര്‍വകലാശാലയില്‍ കഴിഞ്ഞ വര്‍ഷം ദേശവിരുദ്ധം എന്ന് ചൂണ്ടിക്കാണിച്ച് ഫ്‌ലാവിയ ആഗ്‌നസിന്റെ പരിപാടി റദ്ദു ചെയ്യുകയാണുണ്ടായത്. വി.സിയുടെ ഈ അക്കാദമിക, സാംസ്‌കാരിക ഭാവനശൂന്യതക്കും പിടിപ്പുകേടിനും വിലയായി കൊടുക്കേണ്ടി വന്നത് ഇഫ്‌ളുവിലെ അക്കാദമിക് സ്വാതന്ത്രവും സജീവമായിരുന്ന കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളും ജനാധിപത്യ മര്യാദകളുമാണ്.

 

 

ഈ സര്‍വകലാശാല അഭിമാനപൂര്‍വ്വം ഉയര്‍ത്തിപ്പിടിച്ചിരുന്ന പല മൂല്യങ്ങളും പതിയെ ഇല്ലാതാക്കപ്പെടുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ, ഇവിടം ഒരു സര്‍ക്കാരാപ്പീസു മാത്രമായി ചുരുങ്ങുന്നു. അധികാരവും നിയമവും പോലീസും വിചാരണയും ശിക്ഷാനടപടികളും എല്ലാം അവരുടേതാണ്. ഞങ്ങള്‍ക്കുള്ളത് അവര്‍ പടച്ചുവിട്ട ഭയവും, അതിനേയും വെന്നു നില്‍ക്കുന്ന ഈ പ്രതിഷേധവും മാത്രം.

 

(ഇഫ്ലുവില്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് കള്‍ച്ചറല്‍ സ്റ്റഡീസില്‍ ഗവേഷകവിദ്യാര്‍ഥിയാണ് റോസ്)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍