UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘റിക്വീം ഇഫ്‌ളു’; സര്‍ഗാത്മക പ്രതിഷേധങ്ങളുമായി വീണ്ടും ഇഫ്‌ളു

Avatar

അനഘ ജയന്‍, ശ്രീജിത്ത് പി ശ്രീനിവാസന്‍

‘റിക്വീം ഇഫ്‌ളു’ മ്യൂസിക്കല്‍ നൈറ്റിന് ഇഫ്‌ളുവിലെ സാഗര്‍ സ്‌ക്വയര്‍ വേദി ആയത് വിദ്യാര്‍ത്ഥി സ്വാതന്ത്ര്യങ്ങള്‍ക്ക് മേലുള്ള ഭരണാധികാരികളുടെ കടന്നു കയറ്റങ്ങളെ അപലപിച്ചുകൊണ്ടാണ്. വ്യത്യസ്തമായ സമര മുറകള്‍ കൊണ്ട് എന്നും മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ള EFL യൂണിവേഴ്‌സിറ്റി ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത് ജനാധിപത്യപരമായ തെരഞ്ഞെടുപ്പിനും, ലിംഗസമത്വത്തിനും, അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സമര പരമ്പരകള്‍ക്കാണ്. സ്വച്ഛഭാരത് അഭിയാനോട് അനുബന്ധിച്ച് ഭരണാധികാരികള്‍ ക്യാമ്പസില്‍ നടത്തിയ ശുചീകരണ പ്രഹസനങ്ങളെ വിമര്‍ശിച്ചുകൊണ്ട് ഫെയ്‌സ് ബുക്കില്‍ നിലപാട് വ്യകതമാക്കിയ അര്‍ജിബ് സര്‍ക്കാര്‍ എന്ന വിദ്യാര്‍ത്ഥിക്ക്് കാരണം കാണിക്കല്‍ നോട്ടീസ് കിട്ടുന്നതോട് കൂടിയാണ് പ്രത്യക്ഷമായ സമരങ്ങള്‍ ആരംഭിച്ചത്. 

ബുധനാഴ്ച രാത്രിയോടുകൂടി മുന്‍കൂര്‍ അനുമതി കൂടാതെ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിലെ സാഗര്‍ സ്‌ക്വയര്‍ കയ്യടക്കി നടത്തിയ പ്രതിഷേധ ഗാനങ്ങളും കവിതാപാരായണവും അടങ്ങിയ സംഗീത നിശ ആയിരുന്നു ‘റിക്വീം ഇഫ്‌ളു’. രണ്ടര മാസത്തോളമായ് തുടരുന്ന നിരന്തര അഭ്യര്‍ഥനകളെ വക വയ്ക്കാതെ വിദ്യാര്‍ത്ഥി തെരഞ്ഞെടുപ്പിനെ അകാരണമായി വൈകിക്കുന്ന യൂണിവേഴ്‌സിറ്റി അഡ്മിന്റെ അനാസ്ഥയ്ക്ക് എതിരെ ഉള്ള ക്രിയാത്മക പ്രതിഷേധത്തിന്റെ ആദ്യ പടി ആകുകയായിരുന്നു ഇത്. തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ടോടെ ലിംഗ ഭേദമെന്യേ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലുകളിലേക്ക് അതിക്രമിച്ചു കയറി ജനാധിപത്യ ഇടം തിരിച്ചു പിടിക്കുവാന്‍ ആഹ്വാനം ചെയ്തു. ശേഷം ക്യാമ്പസിന് പുറത്തു ഒസ്മാനിയ റോഡില്‍ മനുഷ്യ ചങ്ങല തീര്‍ത്തു. 

കേവലം തെരഞ്ഞെടുപ്പ് എന്നതിലുപരി വര്‍ഷങ്ങളായി തുടര്‍ന്നു പോരുന്ന വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകളെ ചോദ്യം ചെയ്യുകയും തിരുത്താന്‍ ആവിശ്യപ്പെടുകയും ആണ് ഈ സമരങ്ങള്‍. വിദ്യാര്‍ത്ഥികള്‍ സ്വതന്ത്ര വിഹാരം നടത്തിയിരുന്ന വായന മുറികള്‍, ജിം, മെസ്സുകള്‍, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ ലിംഗ വിവേചനം കൊണ്ടുവന്ന ഭരണാധികാരികള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വിദ്യാര്‍ത്ഥികളുടെ വ്യക്തി സ്വതന്ത്ര്യത്തില്‍ കടന്നു കയറ്റം നടത്തുകയാണ്. യൂണിവേഴ്‌സിറ്റിക്ക് ഉള്ളിലുള്ള ആര്‍ക്കിയോളജിക്കല്‍ പ്രോപ്പര്‍ട്ടി കൂടിയായ ഹെറിറ്റേജ് വെല്‍ മുള്ളുവേലി കെട്ടി വേര്‍തിരിച്ചു വിദ്യാര്‍ത്ഥികളുടെ സ്ഥിരം hang out place നിഷേധിക്കുയാണ് അഡ്മിന്‍ ചെയ്തത്. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു വിദ്യാര്‍ത്ഥി പ്രാതിനിധ്യം ഇല്ലാത്തതിന്റെ പേരില്‍ ഇക്കാലമത്രയും ഈ പരാതികള്‍ ആരും ചെവികൊള്ളുന്നില്ലായിരുന്നു. വളരെ നാളായി തുടര്‍ന്നു പോരുന്ന പ്രശ്‌നങ്ങള്‍ക്കുള്ള അന്തിമ പരിഹാരമായാണ് ഈ തെരഞ്ഞെടുപ്പിനെ വിദ്യാര്‍ത്ഥികള്‍ കാണുന്നത്. 

വ്യാഴാഴ്ച വൈകിട്ട് നടന്ന ജനറല്‍ ബോഡി തീരുമാന പ്രകാരം പിറ്റേന്ന് കറുപ്പണിയുകയും വായ മൂടി കെട്ടുകയും ചെയ്ത വിദ്യാര്‍ത്ഥികള്‍ ഹെറിറ്റേജ് വെല്ലിനു ചുറ്റുമുള്ള മുള്ളുവേലിയില്‍ വെളുത്ത കാന്‍വാസ് ചുറ്റുകയും ചിത്രങ്ങള്‍ വരക്കുകയും ചെയ്തു. ഇതോടെ കനത്ത സമ്മര്‍ദ്ദത്തിലായ അഡ്മിന്‍ വളരെ അവ്യക്തമായ ഒരു തെരഞ്ഞെടുപ്പ് നോട്ടീസ് പുറപ്പെടുവിച്ചുകൊണ്ട് വിദ്യാര്‍ത്ഥികളുടെ കണ്ണില്‍ പൊടിയിടുവാനാണ് ശ്രമിച്ചത്. സമരത്തിനു മുന്‍നിരയില്‍ നിന്ന ശരത്ത് എന്ന വിദ്യാര്‍ത്ഥിയെ വൈസ് ചാന്‍സലര്‍ അനൗദ്യോഗികമായ് വിളിപ്പിക്കുകയും മുമ്പ് സമര്‍പ്പിച്ച ഒരു RTIയുടെ പേരില്‍ ചോദ്യം ചെയ്യുകയും ഉണ്ടായി. സര്‍വീസില്‍ ഇരിക്കെ ഒരുപാട് വിദ്യാര്‍ത്ഥി വിരുദ്ധ നടപടികള്‍ക്ക് മുന്നില്‍ നിന്ന ഒരു അധ്യാപകനെ വിരമിച്ചതിനു ശേഷവും സ്‌പെഷ്യല്‍ ഡ്യൂട്ടിയില്‍ തിരിച്ചെടുത്ത പ്രത്യേക നിയമത്തെ ചോദ്യം ചെയ്തായിരുന്നു ശരത്തിന്റെ RTI.

ജനാധിപത്യപരമായ തെരഞ്ഞെടുപ്പും സമത്വവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നത് വരെ സന്ധി ഇല്ലാത്ത സമരം തുടരാന്‍ തന്നെയാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.

(ഇഫ്ലുവില്‍ വിദ്യാര്‍ഥികളാണ് ലേഖകര്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍