UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹൈസ്‌കൂള്‍ അത്‌ലറ്റിക്‌സ് ടീമില്‍ ഇടം കിട്ടാതിരുന്ന വേഗ രാജകുമാരി

Avatar

അഴിമുഖം പ്രതിനിധി

വനിതകളുടെ 100 മീറ്ററില്‍ സ്വര്‍ണം നേടി രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയിരിക്കുകയാണ്  ജമൈക്കന്‍ സ്പ്രിന്റര്‍ എലൈന്‍ തോംപ്‌സണ്‍. 10.71 സെക്കന്റിനുള്ളില്‍ കുതിച്ചെത്തിയാണ് എലൈന്‍ സ്വര്‍ണത്തിനുടമയായത്. പ്രാഥമിക റൗണ്ടില്‍ 11.21 സെക്കന്റ് സമയം കുറിച്ച എലൈന്‍ സെമി ഫൈനലില്‍ സമയം 10.88 സെക്കന്റായി തിരുത്തിയെഴുതി. 2012 ലെ ലണ്ടന്‍ ഒളിംപിക് ചാമ്പ്യനും നാട്ടുകാരിയുമായ ഷെല്ലി ആന്‍ ഫ്രേസറെ അട്ടിമറിച്ചാണ് ഈ ഇരുപത്തിനാലുകാരി സ്വര്‍ണം ഓടിയെടുത്തത്. തുടര്‍ച്ചയായ മൂന്നാം സ്വര്‍ണം മോഹിച്ചെത്തിയ പോക്കറ്റ് റോക്കറ്റ് എന്നറിയപ്പെടുന്ന ഷെല്ലിക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. വെള്ളി നേടിയ അമേരിക്കന്‍ താരം ടോവി ബോറിക്കും പിന്നിലായി 10.86 സെക്കന്റിലാണ് ഷെല്ലി ഫിനിഷ് ചെയ്തത്.

ജമൈക്കയിലെ മാഞ്ചസ്റ്റര്‍ പാരിഷാണ് എലൈന്‍ തോംപ്‌സണിന്റെ സ്വദേശം. സ്‌കൂള്‍ തലത്തില്‍ മികച്ച ഓട്ടക്കാരി അല്ലാതിരുന്ന എലൈന്‍ 2009 ലെ ബോയ്‌സ് ആന്‍ഡ് ഗേള്‍സ് ചാമ്പ്യന്‍ഷിപ്പിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. 100 മീറ്ററില്‍ നാലാമതായി 12.01 സെക്കന്റിലാണ് എലൈന്‍ ഫിനിഷ് ചെയ്തത്. സ്‌കൂള്‍ പഠനത്തിനു ശേഷം ജമൈക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍ ചേര്‍ന്ന എലൈന്‍ എംപിവി ട്രാക്ക് ക്ലബ് മുഖ്യ പരിശീലകന്‍ സ്റ്റീഫന്‍ ഫ്രാന്‍സിസിന്റെ കീഴില്‍ മികച്ച പരിശീലനം ലഭിച്ചതോടെ ട്രാക്കില്‍ മുന്നേറ്റം ആരംഭിച്ചു.

2013 ല്‍ ഗിബ്‌സണ്‍ റിലേയ്‌സില്‍ 11.41 സെക്കന്റില്‍ രണ്ടാമതെത്തി സീസണിലെ മികച്ച സമയം കുറിച്ചു. ഇതേവര്‍ഷം സെന്‍ട്രല്‍ അമേരിക്കന്‍ ആന്‍ഡ് കരീബിയന്‍ ചാമ്പ്യന്‍ഷിപ്പില്‍ 4×400 മീറ്റര്‍ റിലേയില്‍ സ്വര്‍ണം. 2014 കോമണ്‍വെല്‍ത്ത് ഗെയിംസിലൂടെയാണ് എലൈന്‍ അന്താരാഷ്ട്ര മത്സരരംഗത്തേയ്ക്ക് കടന്നു വന്നത്. റിലേ ഹീറ്റ്‌സില്‍ ജമൈക്കയെ പ്രതിനിധീകരിച്ച എലൈന്‍ ഫൈനലില്‍ ടീമിലുണ്ടായിരുന്നില്ലെങ്കിലും ടീമിന് സ്വര്‍ണം ലഭിച്ചു. 2015 ല്‍ ജമൈക്കന്‍ ഇന്റര്‍ കോളേജിയറ്റ് ചാമ്പ്യനാവുകയും ആദ്യമായി 11 സെക്കന്റില്‍ താഴെ സമയത്തിനുള്ളില്‍ ഫിനിഷിംഗ് പോയിന്റ് കടക്കുകയും ചെയ്തു. പിന്നീടും ഇതേ നേട്ടം ആവര്‍ത്തിച്ച അവര്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ താരങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കാന്‍ താമസമുണ്ടായില്ല. നിലവില്‍ 100 മീറ്ററില്‍ ലോക റാങ്കിങ്കില്‍ 30 ാം സ്ഥാനത്താണ് എലൈന്‍.

ജമൈക്കന്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്ററില്‍ എലൈന്‍ മല്‍സരിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. കോച്ച് സ്റ്റീഫന്‍ ഫ്രാന്‍സിസിന്റെ നിര്‍ദ്ദേശ പ്രകാരം 200 മീറ്ററില്‍ മാത്രം എലൈന്‍ മല്‍സരിച്ചത് ജമൈക്കയില്‍ വിവാദത്തിന് വഴി തെളിച്ചെങ്കിലും ഈ ഇനത്തില്‍ കരിയറിലെ മികച്ച സമയമായ 22.37 കണ്ടെത്താന്‍ അവര്‍ക്ക് സാധിച്ചു. 200 മീറ്ററിലെ ജമൈക്കന്‍ നാഷണല്‍ ട്രയല്‍സ് കിരീടം സ്വന്തമാക്കിയ എലൈന് ഇത് ലോക ചാമ്പ്യന്‍ഷിപ്പിലേക്കും വഴി തുറന്നു. 10.70 സെക്കന്റില്‍ ഫിനിഷ് ചെയ്ത എലൈന്‍ അവിടെയും ഷെല്ലിയെ പിന്നിലാക്കി. ലണ്ടന്‍ ഗ്രാന്‍ഡ് പ്രിയില്‍ 22.10 എന്ന മികച്ച സമയം കണ്ടത്തിയ എലൈന്‍ മെര്‍ലിന്‍ ഓട്ടി 1991 ല്‍ സ്ഥാപിച്ച റെക്കോര്‍ഡ് പഴങ്കഥയാക്കി. ലോക ചാമ്പ്യന്‍ഷിപ്പില്‍ റിലേയില്‍ വീണ്ടും സ്വര്‍ണം നേടി. 200 മീറ്ററില്‍ വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നെങ്കിലും മുന്‍ ചാമ്പ്യന്‍ഷിപ്പുകളിലേക്കാള്‍ മികച്ച സമയംത്തില്‍ ഫിനിഷ് ചെയ്യാന്‍ എലൈന് സാധിച്ചു. ചാമ്പ്യന്‍ഷിപ്പിലെ ലോകത്തിലെ അഞ്ചാമത്തെ വേഗമേറിയ താരം എന്ന ബഹുമതിയും എലൈന്‍ സ്വന്തമാക്കി. ഹൈസ്‌ക്കൂള്‍ കാലത്ത് പലവിധ കാരണങ്ങളാല്‍ എലൈനെ അധികൃതര്‍ സ്‌കൂള്‍ അത്‌ലറ്റിക് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഹൈസ്‌കൂള്‍ അത്‌ലറ്റിക്‌സ് ടീമില്‍ ഇടം നേടാനാവാതെ പോയ താരം ഇന്ന് ലോകത്തിലെ ഏറ്റവും വേഗമേറിയ താരമായിരിക്കുന്നു.

ചരിത്രത്തിലെ ഏറ്റവും കാഠിന്യമേറിയ മല്‍സരമായാണ് റിയോയിലെ 100 മീറ്റര്‍ ട്രാക്ക്  മല്‍സരം വിലയിരുത്തപ്പടുന്നത്. ഇതാദ്യമായാണ് ഒരു മല്‍സരത്തില്‍ ഏഴ് മല്‍സരാര്‍ത്ഥികള്‍ 11 സെക്കന്റില്‍ താഴെ സമയം കുറിക്കുന്നത്. വനിതകളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ജമൈക്ക നേടുന്ന തുടര്‍ച്ചയായ മൂന്നാം ഒളിംപിക് സ്വര്‍ണമാണിത്. കഴിഞ്ഞ മൂന്ന് ഒളിംപിക്‌സുകളില്‍ 100 മീറ്ററില്‍ നല്‍കിയ ഒന്‍പത് മെഡലുകളില്‍ ഏഴെണ്ണവും സ്വന്തമാക്കിയത് ജമൈക്കന്‍ താരങ്ങളാണെന്നറിയുമ്പോഴാണ് എലൈന്‍ ഉള്‍പ്പെടെയുള്ളവരുടെ മികവ് മനസിലാവുക. ഫിനിഷിംഗ് ലൈന്‍ കടന്നയുടന്‍ സ്വര്‍ണം തനിക്കാണെന്ന് മനസിലാക്കിയപ്പോള്‍ എലൈന്റെ മുഖത്തു വിരിഞ്ഞ ഭാവങ്ങള്‍ അവര്‍ ഈ നേട്ടം എത്രത്തോളം ആഗ്രഹിച്ചിരുന്നു എന്നതിന്റെ തെളിവാണ്. സ്വര്‍ണം നേടിയെന്നറിഞ്ഞപ്പോള്‍ എങ്ങനെ ആഘോഷിക്കണമെന്ന് പോലും അറിയില്ലായിരുന്നുവെന്ന് മല്‍സര ശേഷം അവര്‍ പ്രതികരിച്ചു. 100 മീറ്ററില്‍ സ്വര്‍ണം ജമൈക്കയുടെ കയ്യില്‍ നിലനില്‍ക്കുന്നതില്‍ താന്‍ ഏറെ സന്തോഷവതിയാണെന്ന, മെഡല്‍ നേട്ടത്തിനു ശേഷമുള്ള ഷെല്ലിയുടെ പ്രതികരണം താരങ്ങളുടെ ഐക്യത്തിന് ഉദാഹരണം. എലൈനും ഷെല്ലിയും ചേര്‍ന്ന ടീം ഈ വാരം തന്നെ റിലേയില്‍ മല്‍സരിക്കാനിറങ്ങുമ്പോള്‍ ഒരു സ്വര്‍ണം കൂടി ജമൈക്ക ഉറപ്പിക്കുന്നു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍