UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മൈക്ക് കിട്ടിയാല്‍ വിവരക്കേട്; നാക്കെടുത്താല്‍ അധിക്ഷേപം; എളമരം കരീമില്‍ നിന്ന് നമ്മള്‍ കേട്ടത്

Avatar

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തിലെ നിര്‍ണായക ദിവസങ്ങളില്‍ ഒന്നായിരുന്നു ഇന്നലെ. 45 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സ്വകാര്യ ബില്ല് രാജ്യസഭ പാസാക്കി. അതും തങ്ങളുടെ ശബ്ദം മുഖ്യധാരയില്‍ എത്തിക്കാന്‍ ഏറെക്കാലമായി പോരാടിക്കൊണ്ടിരിക്കുന്ന ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ബില്ല്. നമ്മുടെ സാമൂഹിക ജീവിതത്തില്‍ നിന്ന് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു വിഭാഗത്തിന് വേണ്ടിയുള്ള വിപ്ലവകരം എന്ന് വിശേഷിപ്പിക്കാവുന്ന നീക്കം രാജ്യസഭയില്‍ നടക്കുമ്പോള്‍ രാജ്യത്തിന്റെ ഇങ്ങ് തെക്കെ അറ്റത്ത് മറ്റൊരു പാര്‍ശ്വവല്‍കൃത വിഭാഗമായ ഭിന്നശേഷിയുള്ള മനുഷ്യരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അഖിലേന്ത്യേ നേതാവ് പേരെടുത്ത് പറഞ്ഞ് അധിക്ഷേപിക്കുകയായിരുന്നു.

കെഎസ്ആര്‍ടിസി നഷ്ടത്തിലായതിന്റെ കാരണങ്ങള്‍ ഗവേഷണം ചെയ്യുന്നതിനിടയിലാണ് അടുത്ത കാലത്ത് ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ത്തപ്പെട്ട സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം ഭിന്നശേഷിയുള്ളവര്‍ക്കെതിരെ ആഞ്ഞടിച്ചത്. അവര്‍ക്കൊക്കെ യാത്ര സൗജന്യം നല്‍കിയതുകൊണ്ടാണത്രെ കെഎസ്ആര്‍ടിസി നഷ്ടത്തിലായത്.

അംഗവൈകല്യമുള്ള വികലാംഗരല്ലെന്നും അവര്‍ ഭിന്നശേഷിയുള്ള സാധാരണ മനുഷ്യരാണെന്നും സമൂഹം അംഗീകരിച്ചിട്ട് കാലം കുറെയായി. പക്ഷെ നമ്മുടെ ബഹുമാനപ്പെട്ട നേതാക്കള്‍ക്ക് ഇതൊന്നും അറിയില്ല. ഒരു മൈക്ക് കൈയില്‍ കിട്ടിയാല്‍, മുന്നില്‍ പത്താളുകൂടിയാല്‍ എന്ത് വിവരക്കേടും വിളിച്ചുപറയുന്ന പക്വതയില്ലായ്മ നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി.

സിപിഎം എന്ന പാര്‍ട്ടി ആഗോളീകരണത്തിനും സ്വകാര്യവല്‍ക്കരണത്തിനും എതിരാണെന്നാണ് വയ്പ്പ്. സ്വാഭാവികമായും സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കണം എന്ന് ആവശ്യപ്പെടുന്നവരുമാണ്. അപ്പോള്‍ ഇത്തരം യാത്ര സൗജന്യങ്ങളും ആ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ പട്ടികയില്‍ വരുമെന്ന് മുന്‍ തൊഴിലാളി യൂണിയന്‍ നേതാവും മുന്‍ വ്യവസായ മന്ത്രിയുമൊക്കെയായ എളമരം കരീമിനെ പോലെയുള്ള പ്രതിഭകളെ ആരാണ് പറഞ്ഞ് പഠിപ്പിക്കുക? പാര്‍ട്ടിയുടെ പ്രഖ്യാപിത സാമ്പത്തികനയത്തിനെതിരെ പരസ്യമായി പ്രതികരിച്ച ഈ കേന്ദ്രകമ്മിറ്റി അംഗത്തിനെതിരെ നടപടിയെടുക്കാന്‍ പുതിയ ജനറല്‍ സെക്രട്ടറി തയ്യാറാവുമോ? ഞൊട്ടും എന്നാണ് മറുപടി. പ്രത്യശാസ്ത്ര പ്രശ്‌നങ്ങളൊക്കെ ഈ പാര്‍ട്ടി മറന്നിട്ട് കാലം കുറെയായി സാര്‍.

വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാനുകൂല്യം നല്‍കുന്നതാണ് കെഎസ്ആര്‍ടിസിയുടെ നഷ്ടത്തിന് മറ്റൊരു കാരണം എന്നാണ് എളമരം കണ്ടെത്തിയിരിക്കുന്നത്. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് യാത്ര സൗജന്യത്തിന്റെ പേരില്‍ നിരവധി സമരങ്ങള്‍ സംഘടിപ്പിച്ച കുട്ടി സഖാക്കള്‍ ആരെങ്കിലും ഇത് കേട്ടിരിക്കുമോ? വിദ്യാര്‍ത്ഥി സമൂഹത്തിനെതിരെ ഇത്രയും പ്രതിലോമകരമായ പ്രസ്താവന നടത്തിയ കേന്ദ്ര കമ്മിറ്റി അംഗത്തിനെതിരെ പ്രതികരിക്കാന്‍ ചിന്ത ജറോമിനെ പോലെയുള്ള തീപ്പൊരികള്‍ തയ്യാറാവുമോ? അതോ വിഎസ് അച്യുതാനന്ദനെതിരെ കവിതയെഴുതിയ അവസാനിപ്പിക്കാനുള്ള വിപ്ലവവീര്യമേ അവര്‍ക്കൊക്കെ ഉള്ളു എന്ന് കരുതേണ്ടതുണ്ടോ? എതായാലും എളമരം പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ഒരു മാപ്പെഴുതി ഫേസ്ബുക്കില്‍ ഇട്ടിട്ടുണ്ട്. അത്രയും സന്തോഷം. പക്ഷെ ആ വാചകങ്ങള്‍ ചിലര്‍ക്കുണ്ടായ മുറിവ് അത്ര വേഗം മാഞ്ഞുപോകുമോ എന്ന് മൈക്കിന് മുന്നില്‍ കോമരം തുള്ളുന്ന നമ്മുടെ നേതാക്കള്‍ ഒന്ന് ചിന്തിക്കുന്നത് നന്ന്.

പൊതു സമൂഹത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ ഭാഷാപരം കൂടിയാണെന്ന് തിരിച്ചറിയാന്‍ നമ്മുടെ നേതാക്കള്‍ക്ക് കഴിയാത്തതെന്തുകൊണ്ടാണ്? അവരെ നയിക്കുന്ന മാനസികാവസ്ഥ തന്നെയാണ് ഇതിന് കാരണമെന്ന് വേണം കരുതാന്‍. നയിച്ച് നയിച്ച് സ്വയം ഒരു ഫ്യൂഡല്‍ ജന്മിയായി മാറുന്ന അവസ്ഥയാണ് നമ്മുടെ മിക്ക നേതാക്കള്‍ക്കും. അതുകൊണ്ട് തന്നെ മൈക്കും അണികളും ഉണ്ടെങ്കില്‍ എന്തു വിളിച്ചുപറയാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് അവര്‍ ധരിച്ച് വച്ചിരിക്കുന്നു. ഞാന്‍ ആണ് ശരി, ഞാന്‍ മാത്രമാണ് ശരിയെന്ന ഈ മാനസികാവസ്ഥയില്‍ നിന്നും നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ മോചിതരാകാത്തിടത്തോളം ഇത്തരം വാമൊഴിവഴക്കങ്ങള്‍ ഇനിയും കേള്‍ക്കാന്‍ നമ്മള്‍ മലയാളികള്‍ വിധിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ടതിന്റെ പിറ്റെ ദിവസം ആ മനുഷ്യനെ കുലംകുത്തി എന്ന് വിശേഷിപ്പിക്കുന്നത് നമ്മള്‍ കേള്‍ക്കേണ്ടി വരുന്നു, ഒരേ നിയമസഭയില്‍ മറുപക്ഷത്തിരിക്കുന്നവരെ പൊതുവേദിയില്‍ ജാതിപറഞ്ഞ് അധിഷേപിക്കുന്നത് നമ്മള്‍ സഹിക്കേണ്ടി വരുന്നു, 35 വര്‍ഷം ഒരേ മുന്നണിയില്‍ കൂടെ പ്രവര്‍ത്തിച്ചവരെ ‘പരനാറി’ എന്ന് വിളിക്കുന്നതും നമ്മള്‍ കേള്‍ക്കേണ്ടി വരുന്നു, കാമറ ഓണ്‍ ചെയ്ത് വച്ചിരിക്കുകയാണെന്നറിയാതെ കേരളത്തിലെ ഏറ്റവും ബഹുമാന്യയായ ഒരു വനിതാ നേതാവിനെ പച്ചത്തെറി വിളിക്കുന്നത് കേട്ട് നമുക്ക് മൂക്കത്ത് വിരല്‍വെച്ച് ലജ്ജിതരായി നില്‍ക്കേണ്ടി വരുന്നു. ചില ഉദാഹരണങ്ങള്‍ മാത്രമാണ് ഇവിടെ സൂചിപ്പിച്ചത്. എണ്ണിപ്പറയാന്‍ ഇനിയും ധാരാളം കാണും.

എവിടെയെങ്കിലും ഒരു പ്രസംഗം നടത്തിയാല്‍, അതിന്റെ രാഷ്ട്രീയ പ്രാധാന്യവും പത്രത്തിലെ സ്ഥലവും അനുസരിച്ച് മാത്രം പിറ്റെ ദിവസം ജനങ്ങളിലെത്തുന്ന കാലം കഴിഞ്ഞെന്ന് നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ തിരിച്ചറിയണം. ഒരോ നിമിഷവും പിന്തുടരപ്പെടുകയും പകര്‍ത്തപ്പെടുകയും ചെയ്യുന്ന ഒരു കാലത്തിലാണ് ജീവിക്കുന്നതെന്ന് നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ക്ക് തിരിച്ചറിവ് വന്നാലെ ഈ ദുര്യോഗത്തിന് മാറ്റം വരൂ. അതിന് പക്ഷെ കാലത്തെ തിരിച്ചറിയാനുള്ള വിവേകമാണ് വേണ്ടത്. അതുണ്ടായിരുന്നെങ്കില്‍ ഇവരൊക്കെ രാഷ്ട്രീയ നേതാക്കളായി ഞെളിഞ്ഞ് നടക്കുമായിരുന്നോ എന്ന ചോദ്യം വേറെ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍