UPDATES

സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വിഎസും വിഎമ്മും

അഴിമുഖം പ്രതിനിധി

സിപിഐ(എം) കേന്ദ്രകമ്മിറ്റി അംഗം എളമരം കരീമിനെതിരെ മലബാര്‍ സിമെന്റ്‌സുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണം അഴിമതിയില്‍ മുങ്ങിനില്‍ക്കുന്ന യുഡിഎഫ് സര്‍ക്കാരിന് പിടിക്കാന്‍ കിട്ടിയ കച്ചിതുരുമ്പാകുന്നു. എന്നാല്‍ യുഡിഎഫിന്റെ ആക്രമണത്തേക്കാള്‍ സിപിഐഎമ്മിന് ആദ്യം പ്രതിരോധിക്കേണ്ടി വരിക പ്രതിപക്ഷ നേതാവായ വിഎസ് അച്യുതാനന്ദന്റെ ആക്രമണത്തെയാകും. 

സിപിഐഎം ഔദ്യോഗിക പക്ഷത്തെ അടിക്കാന്‍ കിട്ടിയ വിഷയമായി അദ്ദേഹം കരീമീനെതിരായ ആരോപണത്തെ ഉപയോഗിച്ചു കഴിഞ്ഞു. അഴിമതി ആരോപണം ആര്‍ക്കെതിരെ ഉയര്‍ന്നാലും അന്വേഷണവും നടപടിയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു കഴിഞ്ഞു. തന്റെ ആവശ്യത്തിന് ബലം കിട്ടാന്‍ അദ്ദേഹം എക്‌സൈസ് മന്ത്രി കെ ബാബുവിനും ധനമന്ത്രി കെഎം മാണിക്കും എതിരായി നടക്കുന്ന അന്വേഷണത്തെ കൂട്ടുപിടിക്കുകയും ചെയ്യുന്നുണ്ട്. തനിക്കെതിരായ ആരോപണം ആയാലും അന്വേഷിക്കണം എന്ന് വിശാല ഹൃദയനുമാകുന്നുണ്ട് വിഎസ്. കരീമിനെതിരെ മൊഴിയുണ്ടെങ്കില്‍ സ്വാഭാവികമായും അന്വേഷണം നടക്കുമല്ലോയെന്നും വിഎസ് ചോദിക്കുന്നുണ്ട്. സിപിഐഎമ്മുമായി ബന്ധപ്പെട്ട കേസുകളില്‍ വിഎസിന്റെ വാക്കുകള്‍ക്ക് വില കൊടുക്കുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഈ വാക്കുകളെ മുഖവിലയ്ക്ക് എടുക്കുമോയെന്ന് കാത്തിരു കാണണം.

അതേസമയം എളമരത്തിന് എതിരായ ആരോപണം സിബഐയുടെ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഇതിനായി നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ അഴിമതി ആരോപണം തിരക്കഥയാണെന്ന വാദമാണ് എളമരം കരീം ഉയര്‍ത്തുന്നത്. യുഡിഎഫിന്റെ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള തിരക്കഥയുടെ ഭാഗമാണിത്. സമഗ്രാന്വേഷണം വേണമെന്ന വിഎസിന്റെ നിലപാടില്‍ യാതൊരു അപാകതയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍