UPDATES

വിശകലനം

തിരുവിതാംകൂറില്‍ ഉണ്ടായിരുന്നു തമിഴ് സംസാരിക്കുന്നവര്‍ക്കായി ഒരു കോണ്‍ഗ്രസ് പാര്‍ട്ടി

പല സര്‍ക്കാരുകളേയും താങ്ങി നിര്‍ത്തുകയും താഴെ ഇറക്കുകയും ചെയ്ത ആ പാര്‍ട്ടിയ്ക്ക് ഭാഷ അടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തോടെ പ്രസക്തി നഷ്ടമാകുകയായിരുന്നു

ഇതര സംസ്ഥാനക്കാരുടെ ബലത്തിലാണ് ഇക്കാലം മലയാളികളുടെ ജീവിതം. ഇതര സംസ്ഥാന തൊഴിലാളികളുടെ ആധിക്യം കൊണ്ട് ഹിന്ദിയിലും ബംഗാളിയിലും തമിഴിലും ഒക്കെ ബോര്‍ഡുകളുള്ള ബസ്സുകളും കടകളും എമ്പാടും കാണാം. ‘ഭായി’മാരും ‘അണ്ണ’ന്മാരും ഇല്ലാതെ മലയാളികള്‍ക്ക് ശ്വാസം കഴിക്കാനാവില്ല. എന്നാല്‍ ഏഴ് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇവിടെ തമിഴ് ഭാഷ സംസാരിക്കുന്നവര്‍ക്ക് മാത്രമായി ഒരു കോണ്‍ഗ്രസ് പാര്‍ട്ടി നിലനിന്നിരുന്നുവെന്ന് എത്രപേര്‍ക്കറിയാം.

അനവധി നിരവധി പാര്‍ട്ടികളെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും സംഘടന കോണ്‍ഗ്രസും ഇന്ദിരാ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ഡെമോക്രാറ്റിക് കോണ്‍ഗ്രസും ഡെമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസും എന്നതുടങ്ങി പരശതം കോണ്‍ഗ്രസുകളും നമുക്കറിയാം. പക്ഷെ കേരളം രൂപം കൊള്ളുന്നതിനു മുന്‍പ് തിരുവിതാകൂറിലെ തമിഴ് ഭാഷ സംസാരിക്കുന്നവര്‍ക്ക് മാത്രമായി രൂപം കൊണ്ട തിരുവിതാംകൂര്‍ തമിഴ്‌നാട് കോണ്‍ഗ്രസ് പാര്‍ട്ടിയെ കുറിച്ച് എത്രപേര്‍ കേട്ടിട്ടുണ്ടാകും. ചരിത്ര പുസ്തകങ്ങളില്‍ വായിച്ചുവിട്ടവരില്‍ എത്രയാളുകള്‍ അത് ഓര്‍മ്മിക്കുന്നുണ്ടാകും. മാര്‍ത്താണ്ഡം വെടിവെയ്‌പൊന്നും മലയാളിയുടെ വിദൂര സ്മരണയില്‍ പോലും ഉണ്ടെന്നു തോന്നുന്നില്ല.

ക്ഷണാപ്രഭാ ചഞ്ചലമായിരുന്നു പാര്‍ട്ടിയെങ്കിലും നിലനിന്ന കാലത്ത് അതിന്റെ പ്രഭ ചെറുതൊന്നുമായിരുന്നില്ല. പല സര്‍ക്കാരുകളേയും താങ്ങി നിര്‍ത്തുകയും താഴെ ഇറക്കുകയും ചെയ്ത ആ പാര്‍ട്ടിയ്ക്ക് ഭാഷ അടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തോടെ പ്രസക്തി നഷ്ടമാകുകയായിരുന്നു. സ്വാതന്ത്ര്യാനന്തര കാലത്ത് തമിഴ് ഭാഷയുടെ വ്യക്തിത്വം നിലനിര്‍ത്തണമെന്ന ലക്ഷ്യവുമായി തെക്കന്‍ തിരുവിതാംകൂറില്‍ ഉദയം ചെയ്തതാണ് ടി.ടി.എന്‍.സി. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന തിരുവിതാംകൂര്‍ തമിഴ്‌നാട് കോണ്‍ഗ്രസ്സെന്ന് ചരിത്രകാരനായ എ. ശ്രീധരമേനോന്‍ എഴുതുന്നു.

ഇന്നത്തെ തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍ ഉള്‍പ്പെടുന്ന തെക്കന്‍ തിരുവിതാകൂര്‍ പ്രദേശം ദീര്‍ഘകാലം തിരുവിതാംകൂര്‍ രാജാവിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു. തോവാള, അഗസ്തീശ്വരം, വിളവന്‍കോട് എന്നീ താലൂക്കുകളും കല്‍ക്കുളം താലൂക്കിന്റെ തെക്കുഭാഗവും ഉള്‍പ്പെടുന്ന ഈ പ്രദേശത്തെ നാഞ്ചിനാടെന്നാണ് അറിയപ്പെട്ടിരുന്നത്. തിരുവിതാംകൂറിലെ പ്രധാന നെല്ലുത്പാദന കേന്ദ്രമായിരുന്ന ഇവിടം ‘നെല്ലറ’ എന്നും വിശേഷിപ്പിക്കപ്പെട്ടിരുന്നു. ദീര്‍ഘമായ ചരിത്രപാരമ്പര്യമുള്ള നാഞ്ചിനാട് ചോളരാജ്യം, പാണ്ഡ്യരാജ്യം, വിജയനഗരരാജ്യം, ആര്‍ക്കാട്ട്, ചേരരാജ്യം, ആയ് രാജ്യം, വേണാട്ടുരാജ്യം എന്നിവയുടെ ഭാഗമായിരുന്നു. പതിമൂന്നാം നൂറ്റാണ്ടില്‍ നാഞ്ചിക്കുറവന്‍ എന്ന ഭരണാധികാരി നാഞ്ചിനാട്ടിനെ ഒരു സ്വതന്ത്രരാഷ്ട്രമായും നിലനിര്‍ത്തിയിരുന്നതായും ചരിത്ര പുസ്തകങ്ങളില്‍ കാണുന്നു.

രാജഭരണം അവസാനിക്കുകയും പ്രായപൂര്‍ത്തി വോട്ടവകാശത്തില്‍ അടിസ്ഥാനപ്പെടുത്തിയുള്ള ജനകീയ ഭരണം ആരംഭിക്കുകയും ചെയ്തതോടെ ആ പ്രദേശത്തെ അടുത്തുകിടക്കുന്ന തമിഴ്ഭാഷ സംസാരിക്കുന്ന മദ്രാസ് സംസ്ഥാനത്തിന്റെ (ഇന്നത്തെ തമിഴ്‌നാടിന്റെ) ഭാഗമാക്കണമെന്നാവശ്യപ്പെട്ടാണ് ടി.ടി.എന്‍.സി. ജന്മം കൊള്ളുന്നത്. മലയാളം സംസാരിക്കുന്ന സംസ്ഥാനത്ത് തമിഴര്‍ ന്യൂനപക്ഷമായി തീരുമോയെന്ന ഭയം അന്നാട്ടുകാര്‍ക്കുണ്ടായിരുന്നു. 1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും ലയിച്ച് തിരു കൊച്ചി സംസ്ഥാനം രൂപപ്പെട്ടതോടെ തങ്ങളുടെ പ്രാധാന്യം കുറയുന്നതായി അവര്‍ തിരിച്ചറിഞ്ഞു.

നേശമണി, നഥാനിയല്‍, താണുലിംഗനാടാര്‍ തുടങ്ങിയവരായിരുടെ നേതൃത്വത്തില്‍ രൂപം കൊണ്ട് ടി.ടി.എന്‍.സി പൊടുന്നനവെ തെക്കന്‍ തിരുവിതാംകൂറിലെ ജനസ്വാധീനമുള്ള പ്രസ്ഥാനമായി വളര്‍ന്നു. തിരുവിതാംകൂര്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസിന്റെ സ്വാധീനം തെക്കന്‍ താലൂക്കുകളില്‍ തകര്‍ക്കുന്നതിനായിട്ട് ദിവാന്‍ സര്‍ സിപി രാമസ്വാമി അയ്യരുടെ ആശിസ്സ് തുടക്കകാലത്ത് ടി.ടി.എന്‍.സിക്കു ലഭിച്ചിരുന്നതായി പലരും രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവിതാംകൂറിലും പിന്നീട് തിരുകൊച്ചിയിലും നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ തമിഴ്ഭൂരിപക്ഷമുള്ള താലൂക്കുകളിലെ എല്ലാ സീറ്റുകളും ടി.ടി.എന്‍.സി തൂത്തുവാരി. 1947 ഓഗസ്റ്റ് 15-നു ഇംഗ്‌ളീഷുകാര്‍ ഇന്ത്യയിലെ ഭരണം അവസാനിപ്പിച്ചുവെങ്കിലും നാഞ്ചിനാട്ടിലെ തമിഴ്‌നാടു കോണ്‍ഗ്രസ്സിന്റെ വലിയ പ്രക്ഷോഭങ്ങളുടെ പാതയിലേക്ക് കടക്കുകയായിരുന്നു. ഇതോടനുബന്ധിച്ച് രണ്ടു വെടിവയ്പുകളും 1948-ലും 1954-ലും തെക്കന്‍ തിരുവിതാംകൂറിലുണ്ടായി.

1948-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ തിരുവിതാംകൂര്‍ അസംബ്‌ളിയിലെ 104 സീറ്റില്‍ പതിനാലെണ്ണവും ടി.ടി.എന്‍.സിക്കു ലഭിച്ചു. ഈ 14 പേരും ഒറ്റക്കെട്ടായി സഭയില്‍ നിലകൊണ്ടതോടെ അവര്‍ക്ക് മന്ത്രിസഭകളെ സൃഷ്ടിക്കുന്നതിലും പൊളിക്കുന്നതിലും നിര്‍ണായക പങ്കുവഹിക്കാന്‍ സാധിച്ചു. 1949-ല്‍ തിരുവിതാംകൂറും കൊച്ചിയും ചേര്‍ന്ന് ഐക്യസംസ്ഥാനം രൂപീകരിച്ചപ്പോള്‍ തമിഴ് വംശജരെ മദ്രാസ് സംസ്ഥാനത്തില്‍ ചേര്‍ക്കണമെന്ന വാദം കൂടുതല്‍ ശക്തമായി. 1952-ല്‍ തിരുവിതാംകൂര്‍-കൊച്ചി സംസ്ഥാനത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 108 സീറ്റുകളില്‍ കോണ്‍ഗ്രസിന് 44 സീറ്റേ ലഭിച്ചുള്ളു. ടി.ടി.എന്‍.സിക്ക് എട്ട് സീറ്റുകള്‍ ലഭിച്ചു. ഇവരുടെ പിന്തുണയോടെയാണ് എ.ജെ. ജോണ്‍ മുഖ്യമന്ത്രിയായുള്ള കോണ്‍ഗ്രസ് മന്ത്രിസഭ അധികാരത്തില്‍ വന്നത്.1953 സെപ്റ്റംബറില്‍ ടി.ടി.എന്‍.സി പിന്തുണ പിന്‍വലിച്ചതോടെ ഈ മന്ത്രിസഭ നിലംപതിച്ചുവെങ്കിലും കാവല്‍ മന്ത്രിസഭയായി തുടര്‍ന്നു.

1954ലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ ആകെയുള്ള 117 സീറ്റുകളില്‍ 45 എണ്ണം കോണ്‍ഗ്രസ് നേടി. ടി.ടി.എന്‍.സി 12 സീറ്റുകള്‍ നേടിയെങ്കിലും അവര്‍ ഇക്കുറി കോണ്‍ഗ്രസിനെ പിന്തുണച്ചില്ല. എന്നാല്‍ 19 അംഗങ്ങളുള്ള പിഎസ്പി കോണ്‍ഗ്രസിനു പിന്തുണയുമായെത്തി. അങ്ങനെയാണ് പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള ന്യൂനപക്ഷ മന്ത്രിസഭ ഉണ്ടാകുന്നത്. പട്ടത്തിന്റെ ഭരണകാലം തെക്കന്‍ തിരുവിതാംകൂറില്‍ രാഷ്ട്രീയാസ്വാസ്ഥ്യങ്ങളുടെ കാലം തന്നെ ആയിരുന്നു. തമിഴ് താലൂക്കുകള്‍ മദ്രാസ് സംസ്ഥാനത്തോടൊപ്പം ചേര്‍ക്കുന്നതിനായി ടി.ടി.എന്‍.സി പ്രത്യക്ഷ സമര പരിപാടികളിലേക്ക് കടന്നു. മേഖലയിലെ ക്രമസമാധാനം അപ്പാടെ തകര്‍ന്നു. മാര്‍ത്താണ്ഡത്തിനടുത്തുവെച്ച് പ്രക്ഷോഭകാരികള്‍ക്കു നേരെ പോലീസ് വെടിവെച്ചു. വെടിവെയ്പില്‍ ഏഴു പേര്‍ മരിച്ചു. ഇതോടെ കോണ്‍ഗ്രസ് പിഎസ്പിക്കു നല്‍കിയ പിന്തുണ പിന്‍വലിച്ചു. 1955 ഫെബ്രുവരി എട്ടിന് അവിശ്വാസം പാസാകുകയും ചെയ്തതോടെ മന്ത്രിസഭ രാജിവെച്ചു. പട്ടം നിലംപൊത്തി.

തുടര്‍ന്ന് ടി.ടി.എന്‍.സിയുടെ പിന്തുണയോടെ പനമ്പിള്ളി ഗോവിന്ദമേനോന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭ അധികാരത്തിലെത്തി. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അന്തച്ഛിദ്രം മൂലം ആ മന്ത്രിസഭയും തകര്‍ന്നു. 1956 മാര്‍ച്ച് 26ന് ഇവിടെ രാഷ്ട്രപതി ഭരണം നിലവില്‍ വന്നു. ഈ സമയമായപ്പോഴേക്കും ഭാഷ അടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചന തുടങ്ങുകയും അതിനായി കമ്മീഷനെ നിയമിക്കുകയും ചെയ്തു. സയ്യിദ് ഫസല്‍ അലി ചെയര്‍മാനും പണ്ഡിറ്റ് ഹൃദയനാഥ് കുന്‍സ്രു, സര്‍ദാര്‍ കെ.എം. പണിക്കര്‍ എന്നിവര്‍ അംഗങ്ങളുമായ സംസ്ഥാന പുനസംഘടന കമ്മീഷന്‍ 1956 നവംബര്‍ ഒന്നിന് ഇന്ത്യയെ പതിനാലു ഭാഷാ സംസ്ഥാനങ്ങള്‍ ആയി വിഭജിക്കുകയും തിരുവിതാംകൂറിന്റെ തെക്കേ അറ്റത്തുള്ള തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവംകോട്, ചെങ്കോട്ട എന്നീ താലൂക്കുകളെ മദ്രാസ് സംസ്ഥാനത്തോടു കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഇതോടെ ടി.ടി.എന്‍.സി എന്ന പ്രസ്ഥാനത്തിന്റെ സ്വത്വവും പ്രസക്തിയും നഷ്ടമായി.

എസ് ബിനീഷ് പണിക്കര്‍

എസ് ബിനീഷ് പണിക്കര്‍

മാധ്യമ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, കൊച്ചിയില്‍ താമസം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍