UPDATES

സ്ഥാനാര്‍ത്ഥിയെ അറിയാം

‘പിഞ്ഞികീറിയ ഒറ്റ പാവാടയും ബ്ലൗസും മാത്രമുള്ള കാലത്തു നിന്നും’ ഇന്നത്തെ ശോഭാ സുരേന്ദ്രനിലേക്കുള്ള വളര്‍ച്ച

കുട്ടിക്കാലത്ത് അനുഭവിച്ച കഷ്ടപ്പാടുകളും ദാരിദ്ര്യവും ശോഭയെ രാഷ്ട്രീയത്തിന് അതീതമായി ഒരു മനുഷ്യസ്‌നേഹിയായി ആയാണ് വളര്‍ത്തിയത്

ബിജെപിയ്ക്ക് യാതൊരു പ്രതീക്ഷയും വേണ്ടാത്ത ആറ്റിങ്ങല്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി ഇക്കുറി അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത് പാര്‍ട്ടിയുടെ തീപ്പൊരി നേതാവ് ശോഭാ സുരേന്ദ്രനെയാണ്. എതിരാളികളെ മറുപടി പറയാന്‍ അനുവദിക്കാതെ വാക്കുകള്‍ കൊണ്ട് അടിച്ചിരുത്തുന്നതാണ് ശോഭയുടെ രീതിയെന്ന് ചാനല്‍ ചര്‍ച്ചകളില്‍ നിന്നു തന്നെ വ്യക്തമാണ്. ആറ്റിങ്ങലില്‍ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി എ സമ്പത്തും യുഡിഫഎഫിന്റെ സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശനുമാണ്. മണ്ഡലത്തിലെ ജനകീയ പിന്തുണയും എംപിയായിരുന്ന പത്ത് വര്‍ഷക്കാലത്തെ പ്രവര്‍ത്തന മികവും കണക്കിലെടുത്താല്‍ സമ്പത്തിനാണ് എല്ലാ അര്‍ത്ഥത്തിലും മേല്‍ക്കൈയെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭാ സുരേന്ദ്രന്‍ എത്തുന്നതോടെ ശക്തമായ ത്രികോണ മത്സരത്തിന് ഇവിടെ കളമൊരുങ്ങിയിരിക്കുകയാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ശോഭയുടെ പ്രസംഗരീതി കണക്കിലെടുക്കുമ്പോള്‍ എതിരാളി എത്ര പ്രഗല്‍ഭനാണെങ്കിലും അവരെ നിര്‍വീര്യമാക്കാനും അവരുടെ കഴിവുകേടുകള്‍ മാത്രം ഉയര്‍ത്തിക്കാട്ടാനുമുള്ള കഴിവ് ശോഭാ സുരേന്ദ്രനുണ്ട്.

നിലവില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ശോഭ ബാലഗോകുലത്തിലൂടെയാണ് പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. തൃശൂര്‍ ജില്ലാ സെക്രട്ടറി, ജില്ലാ ഭഗിനി പ്രമുഖ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ശോഭ എബിവിപിയില്‍ വിവിധ ചുമതലകളും വഹിച്ചിട്ടുണ്ട്. 1995ല്‍ യുവമോര്‍ച്ചാ ജില്ലാ വൈസ്പ്രവസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ നിര്‍വാഹക സമിതി അംഗവുമായി. കേരളത്തില്‍ നിന്നും ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതിയില്‍ എത്തിച്ചേര്‍ന്ന ആദ്യ വനിത കൂടിയാണ് ഇവര്‍. ദേശീയ നിര്‍വാഹക സമിതി അംഗം കെ കെ സുരേന്ദ്രനാണ് ശോഭയുടെ ഭര്‍ത്താവ്.

ദാരിദ്ര്യം നിറഞ്ഞതായിരുന്നു ശോഭാ സുരേന്ദ്രന്റെ ബാല്യകാലം. 2014 സെപ്തംബര്‍ 17 ലക്കത്തിലെ കേരള കൗമുദിയില്‍ എഴുതിയ ഒരു കുറിപ്പില്‍ അവര്‍ ഇങ്ങനെ പറയുന്നു. ‘ഓണനാളുകളില്‍ പുത്തന്‍ ഉടുപ്പിട്ട് കൂട്ടുകാരികള്‍ നടന്ന് വരുമ്പോള്‍ എതിര്‍ദിശയിലൂടെ വരുന്ന ഞാന്‍ ഒളിച്ചു നില്‍ക്കുമായിരുന്നു. ഓണക്കോടിയൊക്കെ വെറും മോഹമായി ഉള്ളില്‍ പതഞ്ഞു പൊന്തിയ നിമിഷങ്ങള്‍. ഞങ്ങളുടെ മുഖം കണ്ട് അച്ഛന്‍ ചോദിക്കുമായിരുന്നു ഓണത്തിന് വയറ് നിറച്ച് ഭക്ഷണമാണോ പുത്തന്‍ ഉടുപ്പാണോ വേണ്ടതെന്ന്. അതു ചോദിച്ച് അച്ഛന്‍ ഞങ്ങളെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുമായിരുന്നു. അച്ഛന് മരം വെട്ടായിരുന്നു പണി. എത്ര പണിയെടുത്താലും വലിയ കൂലിയില്ല. അഞ്ച് പെണ്ണും ഒരാണുമാണ് ഞങ്ങള്‍. അതില്‍ ഏറ്റവും ഇളയതാണ് ഞാന്‍. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ മരിച്ചു. അമ്മയാണ് വളര്‍ത്തിയത്. ആ കഷ്ടപ്പാടിലൂടെയായിരുന്നു വളര്‍ന്നു വലുതായത്’.

ഒരു പാവാടയും ബ്ലൗസും മാത്രമുണ്ടായിരുന്ന പ്രിഡിഗ്രി കാലത്തെക്കുറിച്ചും ശോഭ ഇതില്‍ പറയുന്നുണ്ട്. കോളേജില്‍ നിന്നും തിരിച്ചെത്തി അതു കഴുകിയിട്ട് പിറ്റേന്ന് അതുതന്നെയാണ് ഇട്ടുകൊണ്ട് പോകേണ്ടത്. ആ പാവാടയും ബ്ലൗസും കീറുന്നത് വരെ അതുതന്നെയാണ് വേഷം. ബാലഗോകുലത്തിലെ ക്ലാസുകളാണ് ശോഭാ സുരേന്ദ്രനിലെ തീപ്പൊരി പ്രാസംഗികയെ വളര്‍ത്തിയത്. പാവടക്കാരിയുടെ തീപ്പൊരി പ്രസംഗം എന്നായിരുന്നു പലരും അതിനെ വിശേഷിപ്പിച്ചിരുന്നത്. സാമ്പത്തികമായും ജാതീയമായുമുള്ള അകറ്റിനിര്‍ത്തലുകളാണ് ശോഭയെ ബാലഗോകുലവുമായി അടുപ്പിച്ചത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളിലും സ്ത്രീകള്‍ക്ക് കൃത്യമായ അംഗീകാരം വേണമെന്ന ആവശ്യമാണ് ശോഭ ഉന്നയിക്കുന്നത്. കുട്ടിക്കാലത്ത് അനുഭവിച്ച കഷ്ടപ്പാടുകളും ദാരിദ്ര്യവും ശോഭയെ രാഷ്ട്രീയത്തിന് അതീതമായി ഒരു മനുഷ്യസ്‌നേഹിയായി ആയാണ് വളര്‍ത്തിയത്. കോളനികളിലെ 28 കുട്ടികളെ സെലക്ട് ചെയ്ത് തന്റെ കുട്ടികളെ പോലെ ഇവര്‍ വളര്‍ത്തുന്നുണ്ട്. അവരുടെ മുഴുവന്‍ പഠന ചെലവും വഹിക്കുന്നതും ശോഭയാണ്. കൂടാതെ മുപ്പത് സ്ത്രീകളുടെ കൂട്ടായ്മ രൂപീകരിച്ച് ഭൂമി പാട്ടത്തിനെടുത്ത് നെല്ലി, മഞ്ഞള്‍, ചേന തുടങ്ങിയവ കൃഷി ചെയ്യുന്നുമുണ്ട്.

ഏതൊരു ബിജെപി നേതാവിനെയും പോലെ ഹിന്ദുത്വവും മതവികാരവും തന്നെയാണ് ശോഭയുടെയും രാഷ്ട്രീയ പ്രചരണ ആയുധം. അതിനാല്‍ തന്നെ വിവാദങ്ങളും ഒരുകാലത്തും ഇവരെ വിട്ടുപോയിട്ടില്ല. വര്‍ഗ്ഗീയ വിദ്വേഷം വിതയ്ക്കുന്ന പ്രസംഗങ്ങളുടെ പേരില്‍ നിരവധി കേസുകള്‍ ഇവര്‍ക്കെതിരെയുണ്ട്. 2012 ഫെബ്രുവരിയില്‍ പാലിയേക്കര ടോള്‍ പ്ലാസയ്‌ക്കെതിരെ നടത്തിയ സമരത്തിന്റെ പേരില്‍ ശോഭാ സുരേന്ദ്രനെ അടുത്തിടെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ടോള്‍ പ്ലാസയ്ക്ക് നാശം വരുത്തിയതും ഗതാഗതം തടസ്സപ്പെടുത്തിയതും മറ്റും ആരോപിച്ച് 54 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

ശബരിമല വിഷയത്തില്‍ അനാവശ്യ ഹരജി നല്‍കിയതിന് കേരള ഹൈകോടതി ശോഭാ സുരേന്ദ്രന് പിഴ വിധിച്ചതും അടുത്തകാലത്താണ്. ശബരിമലയിലെ പൊലീസ് വീഴ്ച്ചക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിനാണ് ശോഭ സുരേന്ദ്രന് കോടതിയുടെ വിമര്‍ശനവും പിഴയും ലഭിച്ചത്. എന്നാല്‍ ഇതിനെതിരെ സുപ്രീംകോടതിയില്‍ പോകുമെന്നും, പിഴ നല്‍കാന്‍ ഉദ്ദേശമില്ലെന്നും ശോഭ പറഞ്ഞിരുന്നെങ്കിലും, ഇതിന് പിന്നാലെ തന്നെ പിഴയടച്ച് ശോഭാ സുരേന്ദ്രന്‍ കോടതി നടപടികളില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇതുവരെ ആറ് തെരഞ്ഞെടുപ്പുകളിലാണ് ശോഭാ സുരേന്ദ്രന്‍ മത്സരിച്ചത്. പൊതു തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ നിന്നും പുതുക്കാട് നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. 2004ലെ വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പില്‍ നിയമസഭയിലേക്ക് മത്സരിച്ചും പരാജയപ്പെട്ടു. അതേസമയം 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മത്സരിച്ച ശോഭ 1.36 ലക്ഷം വോട്ടാണ് നേടിയത്. എന്നാല്‍ ശോഭ ശരിക്കും ഞെട്ടിച്ചത് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ്. പാലക്കാട് മത്സരിച്ച അവര്‍ സിപിഎം സ്ഥാനാര്‍ത്ഥി എന്‍എന്‍ കൃഷ്ണദാസിനെ പിന്നിലാക്കി 40,076 വോട്ടുകളോടെ രണ്ടാം സ്ഥാനത്തെത്തി. ചാനല്‍ ചര്‍ച്ചകളിലൂടെ അവര്‍ ജനങ്ങള്‍ക്കിടയില്‍ നേടിയ സുപരിചിതത്വമാണ് ഇതിന് കാരണമായി വിലയിരുത്തപ്പെടുന്നത്.

ഈ തെരഞ്ഞെടുപ്പിലും അവര്‍ പാലക്കാട് തന്നെ ആവശ്യപ്പെട്ടത് അവിടുത്തെ ജനങ്ങള്‍ക്കിടയില്‍ ആര്‍ജ്ജിക്കാന്‍ സാധിച്ച ജനപ്രീതി കാരണമാണ്. എന്നാല്‍ പാര്‍ട്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ആറ്റിങ്ങലില്‍ മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ പ്രതിപക്ഷ ബഹുമാനമില്ലാതെ സംസാരിച്ചും ഇവര്‍ ജനങ്ങളുടെ അപ്രീതി സമ്പാദിച്ചിട്ടുണ്ട്. അതേസമയം ശബരിമല ആചാര ലംഘനത്തിന്റെ പേരില്‍ ബിജെപി മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളെ ആറ്റിങ്ങലിലെ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിച്ചാല്‍ ഇവര്‍ ജയിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. തീപ്പൊരി പ്രസംഗം കൊണ്ട് അവര്‍ക്ക് അതിന് സാധിക്കുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നതും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍