UPDATES

മണ്ഡലങ്ങളിലൂടെ

സമ്പത്തിന്റെ തുടര്‍ വിജയങ്ങള്‍ക്ക് ചെക്ക് പറഞ്ഞ് അടൂര്‍ പ്രകാശും ശോഭാ സുരേന്ദ്രനും: ആറ്റിങ്ങല്‍ ഫോട്ടോ ഫിനിഷിലേക്ക്‌

ശക്തമായ ത്രികോണ മത്സരമാണ് ഇക്കുറി ആറ്റിങ്ങലില്‍ നടക്കുന്നത്‌

ഒരുവശത്ത് തീരപ്രദേശവും മറ്റൊരു വശത്ത് കുന്നുകളുമാണ് ആറ്റിങ്ങല്‍ മണ്ഡലത്തിന്റെ പ്രത്യേകത. തെരഞ്ഞെടുപ്പ് ചൂട് ശക്തമാകുന്നതിനൊപ്പം വിവാദങ്ങളും ശക്തമായ മണ്ഡലമാണ് ഇത്. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രന് വേണ്ടി പ്രചരണം നടത്തുമ്പോള്‍ ‘മുസ്ലീമാണോയെന്ന് തിരിച്ചറിയാന്‍ മുണ്ട് പൊക്കി നോക്കിയാല്‍ മതി’യെന്ന് പറഞ്ഞതിന് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ ഇപ്പോള്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുകയാണ്. പാലോട് ഓടുചുട്ടപടുക്കയില്‍ സ്ഥാപിക്കാനൊരുങ്ങുന്ന ബയോ വെയ്‌സ്റ്റ് പ്ലാന്റിനെതിരെ നടക്കുന്ന സമരമാണ് ആറ്റിങ്ങല്‍ മണ്ഡലത്തിലെ പ്രധാന ചര്‍ച്ചകളിലൊന്ന്. പ്ലാന്റിനെതിരെ തിരുവനന്തപുരം ജില്ലയൊന്നാകെയാണ് രംഗത്ത് വന്നിരിക്കുന്നതെന്നത് തെരഞ്ഞെടുപ്പ് ഫലത്തെയും സ്വാധീനിച്ചേക്കാം. കോണ്‍ഗ്രസുകാരും ബിജെപിക്കാരും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തന്നെ ഈ സമരത്തിന് പിന്തുണ നല്‍കുന്നതും ഇതിനാലാണ്. പ്ലാന്റിന് അനുകൂലമായ നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

2014ലെ തെരഞ്ഞെടുപ്പില്‍ എ സമ്പത്ത് 3,92,478 വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന്റെ ബിന്ദു കൃഷ്ണ 3,23,100 വോട്ടുകള്‍ മാത്രമാണ് നേടിയത്. സമ്പത്തിന് 63,378 വോട്ടിന്റെ ഭൂരിപക്ഷം. 2009ല്‍ 18,341 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന സ്ഥാനത്താണ് ഇത്. ആ തെരഞ്ഞെടുപ്പില്‍ സമ്പത്ത് 3,28,036 വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രൊഫ. ജി ബാലചന്ദ്രന്‍ 3,09,695 വോട്ടുകളാണ് നേടിയത്. വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങള്‍ ചേരുന്നതാണ് ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലം. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമ്പത്ത് വന്‍ഭൂരിപക്ഷത്തില്‍ ഇവിടെ ജയിക്കുമ്പോള്‍ ഇതില്‍ അരുവിക്കര, കാട്ടാക്കട, നെടുമങ്ങാട്, വര്‍ക്കല മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ആണ് ജയിച്ചത്. എന്നിട്ടും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെയാണ് സമ്പത്ത് ഇവിടെ ജയിച്ചത്. ബിജെപിയുടെ ഗിരിജ കുമാരി എസ്, എസ്ഡിപിഒഐയുടെ എംകെ മനോജ് കുമാര്‍ എന്നിവരായിരുന്നു മറ്റ് സ്ഥാനാര്‍ത്ഥികള്‍. ഗിരിജ കുമാരി 90,528 വോട്ടുകള്‍ നേടിയപ്പോള്‍ മനോജ് കുമാര്‍ 11,225 വോട്ടുകള്‍ നേടി.

സമ്പത്ത് തുടര്‍ച്ചയായ മൂന്നാം അങ്കത്തിനും ലോക്‌സഭയിലേക്ക് നാലാം ഊഴം തേടിയും ഇക്കുറി ഇറങ്ങുമ്പോള്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ശക്തമായ ത്രികോണ മത്സരം തന്നെയാണ് ഇവിടെ ഇക്കുറി പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസിന് വേണ്ടി മുന്‍ മന്ത്രി അടൂര്‍ പ്രകാശനും ബിജെപിയ്ക്ക് വേണ്ടി അവരുടെ തീപ്പൊരി നേതാവ് ശോഭാ സുരേന്ദ്രനുമാണ് മത്സരിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മണ്ഡലത്തില്‍ നടപ്പാക്കിയ വികസനമാണ് സമ്പത്ത് മുന്നോട്ട് വയ്ക്കുന്നത്. മണ്ഡലത്തിലും പാര്‍ലമെന്റിലും സമ്പത്ത് സജീവ സാന്നിധ്യമായിരുന്നുവെന്നതും അദ്ദേഹത്തിന്റെ പ്ലസ് പോയിന്റുകളാണ്. അതേസമയം സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെയാണ് അടൂര്‍ പ്രകാശ് വോട്ട് തേടുന്നത്. എന്നാല്‍ പ്രചരണം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ അതിന്റേതായ ഓളമുണ്ടാക്കാന്‍ അടൂര്‍ പ്രകാശന് സാധിക്കുന്നുണ്ടോയെന്ന് സംശയമാണ്. നേരെ തിരിച്ച് വിവാദങ്ങളിലൂടെ ശ്രദ്ധ നേടാന്‍ ശോഭാ സുരേന്ദ്രന് സാധിച്ചിട്ടുമുണ്ട്. ശോഭയുടെ മണ്ഡലം പര്യടനത്തിനിടെ സിപിഎം പ്രവര്‍ത്തകര്‍ സംഘര്‍ഷം സൃഷ്ടിച്ചത് വാര്‍ത്തയായിരുന്നു. ഇതിനെതിരെ ശോഭ നടത്തിയ പ്രതിഷേധവും ചര്‍ച്ചയായി. ശോഭയ്ക്ക് നേരെ വധശ്രമമുണ്ടായതും ഇതിനിടെയില്‍ വാര്‍ത്തയായി. ശബരിമല തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയമാക്കുമെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. കൂടാതെ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിക്കാറാം മീണയെ അവര്‍ അന്ന് വെല്ലുവിളിക്കുകയും ചെയ്തു.

2014ലെ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ നിയമസഭാ മണ്ഡലങ്ങളില്‍ മൂന്നെണ്ണം മാത്രമാണ് സിപിഎമ്മിന്റെ കൈവശമുണ്ടായിരുന്നുള്ളൂവെങ്കില്‍ ഇക്കുറി കളം വേറെയാണ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴിലെ ആറ് മണ്ഡലങ്ങളിലും ഇടതുപക്ഷമാണ് ജയിച്ചത്. അരുവിക്കരയില്‍ മാത്രമാണ് ഇക്കുറി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയിച്ചത്. കോണ്‍ഗ്രസിന്റെ കെ എസ് ശബരീനാഥ് 70,910 വോട്ടുകള്‍ നേടിയപ്പോള്‍ സിപിഎമ്മിന്റെ എഎ റഷീദ് 49,596 വോട്ടുകള്‍ നേടി. ബിജെപിയുടെ രാജസേനന്‍ ആകട്ടെ 20,294 വോട്ടുകളില്‍ ഒതുങ്ങി. ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലത്തില്‍ സിപിഎമ്മിന്റെ ബി സത്യന്‍ 72,808 വോട്ടുകള്‍ നേടി വിജയിച്ചു. യുഡിഎഫ് സ്ഥാാര്‍ത്ഥിയായിരുന്ന ആര്‍എസ്പിയുടെ കെ ചന്ദ്രബാബു 32,425 വോട്ടുകളാണ് നേടിയത്. ബിജെപിയുടെ റജി പ്രസാദ് 27,602 വോട്ടുകള്‍ നേടി. ചിറയിന്‍കീഴില്‍ സിപിഎം സ്ഥാനാര്‍ത്ഥി 64,692 വോട്ടുകള്‍ നേടി ജയിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ കെ എസ് അജിത് കുമാര്‍ 50,370 വോട്ടുകള്‍ നേടി. ബിജെപിയുടെ പി പി വാവ 19,478 വോട്ടുകളില്‍ ഒതുങ്ങി. കാട്ടാക്കട മണ്ഡലത്തില്‍ സിപിഎമ്മിന്റെ ഐ ബി സതീഷ് 51,614 വോട്ടുകളും കോണ്‍ഗ്രസിന്റെ എന്‍ ശക്തന്‍ 50,765 വോട്ടുകളും ബിജെപിയുടെ പി കെ കൃഷ്ണദാസ് 38,700 വോട്ടുകളും നേടി. നെടുമങ്ങാട് സിപിഐയുടെ സി ദിവാകരന്‍ 57,745 വോട്ടുകളും കോണ്‍ഗ്രസിന്റെ പാലോട് രവി 54,124 വോട്ടുകളും ബിജെപിയുടെ വി വി രാജേഷ് 35,139 വോട്ടുകളും നേടി. വാമനപുരത്ത് സിപിഎം സ്ഥാനാര്‍ത്ഥി ഡി കെ മുരളി 65,848 വോട്ടുകളും കോണ്‍ഗ്രസിന്റെ ടി ശരത്ചന്ദ്ര പ്രസാദ് 56,252 വോട്ടുകളും ബിഡിജെഎസിന്റെ ആര്‍ വി നിഖില്‍ 13,956 വോട്ടുകളും നേടി. വര്‍ക്കലയില്‍ സിപിഎമ്മിന്റെ വി ജോയ് 53,102 വോട്ടുകളും കോണ്‍ഗ്രസിന്റെ വര്‍ക്കല കാഹര്‍ 50,716 വോട്ടുകളും ബിഡിജെഎസിന്റെ അജി എസ്ആര്‍എം 19,872 വോട്ടുകളും നേടി. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ 4,15,405 വോട്ടുകള്‍ നേടിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ 3,65,562 വോട്ടുകളും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ 1,75,041 വോട്ടുകളും നേടി. ഈ ട്രെന്‍ഡ് ആവര്‍ത്തിച്ചാല്‍ സമ്പത്ത് അമ്പതിനായിരം വോട്ടിന്റെയെങ്കിലും ഭൂരിപക്ഷത്തില്‍ ജയിക്കേണ്ടതാണ്. കൂടാതെ തന്റെ വ്യക്തിപരമായ വോട്ടുകള്‍ വേറെയും.

നിലവിലെ രാഷ്ട്രീയാവസ്ഥയില്‍ ഇടതുപക്ഷത്തെ സംബന്ധിച്ച് ഭയക്കേണ്ട ഒരു സാഹചര്യവും ആറ്റിങ്ങല്‍ മണ്ഡലത്തിലില്ല. തുടര്‍ച്ചയായി രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ട എ സമ്പത്ത് ജനകീയ അടിത്തറയുള്ള നേതാവാണ്. മികച്ച പാര്‍ലമെന്റേറിയന്‍ എന്ന് പേരെടുത്ത ആളാണ് എ സമ്പത്ത്. 2014-2018 കാലഘടത്തില്‍ 217 ചര്‍ച്ചകളില്‍ ആണ് സമ്പത്ത് പങ്കെടുത്തിട്ടുള്ളത്. അഞ്ച് സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യങ്ങളുടെ എണ്ണത്തില്‍ സംസ്ഥാന ശരാശരിയേക്കാള്‍ താഴെയാണ് സമ്പത്തിന്റെ പ്രകടനം. 355 ചോദ്യങ്ങളാണ് സമ്പത്ത് ഉന്നയിച്ചത്. സംസ്ഥാന ശരാശരിക്കൊപ്പം ഹാജര്‍ നിലയും ഉണ്ട്.

അതേസമയം മണ്ഡലത്തിലെ സമുദായ സ്വാധീനം അടൂര്‍ പ്രകാശനും ശോഭാ സുരേന്ദ്രനുമാണ് പ്രതീക്ഷ നല്‍കുന്നത്. ഈഴവ-നായര്‍ സമുദായങ്ങളുടെ വോട്ടാണ് ഇവിടെ നിര്‍ണായകം. മുസ്ലിം, ക്രിസ്ത്യന്‍, നാടാര്‍ സമുദായങ്ങളും മണ്ഡലത്തിലുണ്ട്. എല്ലാ സമുദായങ്ങള്‍ക്കുമിടയില്‍ അടൂര്‍ പ്രകാശിന് സ്വാധീനമുണ്ട്. അതിനാലാണ് കോന്നി എംഎല്‍എയായ അടൂര്‍ പ്രകാശിനെ തന്നെ ഇവിടെ മത്സരിപ്പിക്കുന്നത്. ശബരിമല വിഷയം ചര്‍ച്ചയാക്കി ശോഭാ സുരേന്ദ്രനും സമുദായങ്ങളുടെ പിന്തുണ നേടാന്‍ ശ്രമിക്കുന്നു. സമുദായങ്ങളെ കൂട്ടുപിടിച്ചുള്ള ഇവരുടെ കണക്കു കൂട്ടല്‍ വിജയിച്ചാല്‍ സമ്പത്തിന്റെയും ഇടതുപക്ഷത്തിന്റെയും തുടര്‍ വിജയങ്ങള്‍ക്ക് ഈ തെരഞ്ഞെടുപ്പോടെ അവസാനമാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍