UPDATES

ട്രെന്‍ഡിങ്ങ്

ട്വന്റി 20 യെ തീര്‍ത്തു; ഈ വിജയം ബെന്നി ബഹനാന് ഇരട്ടിമധുരം

ചാലക്കുടി മണ്ഡലത്തില്‍ ബെന്നി ബഹനാന്‍ വിജയിക്കുന്നത്, എതിര്‍ സ്ഥാനാര്‍ത്ഥികളെ മാത്രമല്ല, ഒരു കോര്‍പ്പറേറ്റ് വെല്ലുവിളിയെക്കൂടി തകര്‍ത്താണ്. കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി 20 ജനകീയ മുന്നണിയും അതിന് നേതൃത്വം കൊടുക്കുന്ന കിറ്റെക്‌സും ഈ തെരഞ്ഞെടുപ്പില്‍ മുഖ്യലക്ഷ്യമായി കണ്ടത് ബെന്നി ബഹനാന്റെ തോല്‍വി ആയിരുന്നു. എന്നാല്‍ ഇടതുപക്ഷത്തില്‍ നിന്നും മണ്ഡലം തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് കഴിയുമ്പോള്‍ തകരുന്നത് ആ കോര്‍പ്പറേറ്റ് താത്പര്യം തന്നെയാണ്.

കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ഇരു മുന്നണികളെയും പ്രത്യേകിച്ച് കോണ്‍ഗ്രസിനെ തകര്‍ത്ത് കിഴക്കമ്പലം പഞ്ചായത്തിന്റെ ഭരണം പിടിച്ചെടുത്തതോടെയാണ് ട്വന്റി-ട്വന്റിയും കിറ്റെക്‌സും ശ്രദ്ധ നേടുന്നത്. സിഎസ്ആര്‍ ഫണ്ടിന്റെ അമിത വിനിയോഗം നടത്തി തങ്ങളുടെ ബിസിനസ് താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി കിറ്റെക്‌സ് നടത്തിയ തന്ത്രമാണ് ട്വന്റി 20 യും പഞ്ചായത്ത് ഭരണം പിടിച്ചെടുക്കലുമെന്ന് ഇടതു വലതു രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം പരാതി ഉയര്‍ത്തുമ്പോഴും പഞ്ചായത്തില്‍ വ്യക്തമായ സ്വാധീനം ചെലുത്തി മുന്നോട്ടു പോകാന്‍ ട്വന്റി 20 ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് നേരിട്ടിരിക്കുന്ന വലിയ തിരിച്ചടിയാണ് ബന്നി ബഹനാന്റെ വിജയം. കിറ്റെക്‌സ് ഗ്രൂപ്പിന്റെയും അതുവഴി ട്വന്റി20യുടെയും മുഖ്യ ശത്രുക്കളില്‍ ഒരാളായിരുന്നു കോണ്‍ഗ്രസിന്റെ ജില്ലയില്‍ നിന്നുള്ള നേതാക്കളില്‍ പ്രമുഖനായ ബന്നി ബഹനാന്‍. ചാലക്കുടിയില്‍ ട്വന്റി 20 മത്സരിക്കുമെന്നു വാര്‍ത്തകള്‍ പുറത്തു വന്നപ്പോള്‍, അതിന് കാരണമായി പറഞ്ഞത് ഇരു മുന്നണികളും തങ്ങളോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരേയുള്ള പോരാട്ടം എന്നാണ്. യഥാര്‍ത്ഥത്തില്‍ ട്വന്റി 20 ലക്ഷ്യം ബെന്നി ബഹനാന്‍ തന്നെയായിരുന്നു. ഡിജിപി ജേക്കബ് തോമസിനെ മത്സരിപ്പിക്കാന്‍ ശ്രമിക്കുകയും നിയമപ്രശ്‌നങ്ങള്‍ മൂലം ജേക്കബ് തോമസിന് സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയാതെ വരികയും ചെയ്തതോടെ മത്സര രംഗത്തു നിന്നും ട്വന്റി 20 പിന്മാറിയെങ്കിലും തങ്ങളുടെ കൈവശമുള്ള വോട്ടുകള്‍ കൊണ്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന വെല്ലുവിളി പഞ്ചായത്തിനകത്ത് ട്വന്റി 20 മുഴക്കിയിരുന്നു.

"</p

എന്നാല്‍ ട്വന്റി 20 തനിക്കെതിരേ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അതേ നാണയത്തില്‍ തിരിച്ചടിക്കാനാണ് ബെന്നി ബഹനാന്‍ തയ്യാറായത്. ഇത് പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പാണ്, ഇന്ത്യന്‍ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ്. ഇവിടെ ഏതെങ്കിലും മൂലയിലുള്ള ഒരു പഞ്ചായത്ത് വിചാരിച്ചാല്‍ ഒരു ചുക്കും നടക്കില്ലെന്ന ബെന്നി ബഹാനാന്റെ മറുപടി ട്വന്റി 20 ക്കും കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് എംഡി സാബു എം ജേക്കബിനും ഉള്ളതായിരുന്നു. ഈ പ്രസ്താവനയുടെ പേരില്‍ ട്വന്റി 20 വ്യാപകമായ പ്രചാരണമാണ് ബെന്നി ബഹനാനെതിരേ നടത്തിയത്. കിഴക്കമ്പലത്തുകാരെ ഒന്നടങ്കം ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്ത ബെന്നി ബഹനാന് വോട്ടില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് ട്വന്റി 20 പ്രതിഷേധ മാര്‍ച്ച് നടത്തുകയും ബെന്നി ബഹനാനെതിരേ വ്യക്തപരമായ ആരോപണങ്ങള്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു. ബെന്നിയെ തോല്‍പ്പിക്കുമെന്നത് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

കിഴക്കമ്പലം പഞ്ചായത്തില്‍പ്പെട്ടവരും ചാലക്കുടി മണ്ഡലത്തില്‍ വോട്ടുള്ള കിറ്റെക്‌സിലെ ജീവനക്കാരോടും ബെന്നിക്കെതിരേ വോട്ട് ചെയ്യാനുള്ള ആഹ്വാനവും ഉണ്ടായി. ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാം എന്നു പറഞ്ഞിടത്തു നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റിന് വോട്ട് ചെയ്യാനുള്ള ആഹ്വാനത്തിലേക്കും കാര്യങ്ങള്‍ എത്തിയിരുന്നു. ചില എക്‌സിറ്റ് പോള്‍, സര്‍വേ ഫലങ്ങളില്‍ ചാലക്കുടിയില്‍ ഇടതു വിജയം പ്രഖ്യാപിച്ചതിന്റെ കാരണങ്ങളിലൊന്നും ട്വന്റി20 ക്ക് ബെന്നി ബഹനാനോടുള്ള എതിര്‍പ്പായിരുന്നു. എന്നാല്‍ ഈ എതിര്‍പ്പുകളെയെല്ലാം തകര്‍ത്തെറിഞ്ഞാണ് ലക്ഷത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബെന്നി ബഹനാന്‍ വിജയിച്ചത്. ഈ വിജയം ട്വന്റി20യുടെ കിഴക്കമ്പലത്തെ അടിത്തറ കൂടി ഇളക്കാനുള്ളതാണെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍