UPDATES

വയനാടെന്ന പൊതിയാ തേങ്ങ! കോണ്‍ഗ്രസിന്റെ തലവേദന കൂട്ടി ഹൈക്കമാന്റിന് ലീഗിന്റെ കത്ത്: സ്ഥാനാര്‍ത്ഥി നാളേക്കകമെന്ന് എഐസിസി

വയനാട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പ്രതിഷേധം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്നലെ വൈകുന്നേരം വന്ന ലിസ്റ്റിലും വയനാടിനെ ഉള്‍പ്പെടുത്താത്ത സാഹചര്യത്തില്‍ മുസ്ലിംലീഗ് ഉടക്കിലേക്ക്. സ്ഥാനാര്‍ത്ഥി നിര്‍ണയം ഉടന്‍ വേണമെന്ന് ആവശ്യപ്പെട്ട് അവര്‍ എഐസിസിയ്ക്ക് കത്തയച്ചു. തീരുമാനം വേഗമുണ്ടായാല്‍ നല്ലതെന്ന് പറഞ്ഞാണ് കത്തയച്ചതെന്ന് പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കെപിസിസിയ്ക്കും കത്തിന്റെ കോപ്പി അയച്ചിട്ടുണ്ട്.

തീരുമാനം നീണ്ട് പോകരുതെന്നാണ് ലീഗിന്റെ അഭിപ്രായം. നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ച് തുടങ്ങിയ സാഹചര്യത്തില്‍ ഉറപ്പുള്ള സീറ്റിലെ അനിശ്ചിതാവസ്ഥ സാഹചര്യങ്ങള്‍ മാറ്റിമറിക്കുമോയെന്നാണ് ലീഗിന്റെ ആശങ്ക. എന്നാല്‍ ഉടന്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായാല്‍ സാഹചര്യം അനുകൂലമാകുമെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു. അതേസമയം തീരുമാനം വൈകുന്നതില്‍ നിരാശയില്ലെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു. ‘തീരുമാനം എടുക്കേണ്ടത് കോണ്‍ഗ്രസ് ആണ്. അവര്‍ക്ക് മാത്രമാണ് തീരുമാനം വൈകുന്നതിന്റെ കാരണം അറിയൂ. വയനാട് മാത്രമല്ലല്ലോ പ്രഖ്യാപിക്കാനുള്ളത്. രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനെ ലീഗ് ആദ്യം മുതല്‍ സ്വാഗതം ചെയ്തതാണ്. തങ്ങള്‍ പറഞ്ഞതെല്ലാം പറഞ്ഞത് തന്നെയാണ്’ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുമെന്ന വാര്‍ത്ത ശക്തമായതോടെയാണ് സീറ്റില്‍ അനിശ്ചിതത്വവും ആരംഭിച്ചത്. നേരത്തെ ടി സിദ്ദിഖ് മത്സരിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരുന്നത്. എന്നാല്‍ രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചതോടെ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. തൊട്ടുപിറകെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇത് ആവര്‍ത്തിച്ചതോടെ രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി. എന്നാല്‍ ബിജെപിയെയാണ് എതിര്‍ക്കേണ്ടതെന്ന് പ്രഖ്യാപിച്ച രാഹുല്‍ കേരളത്തിലെത്തി ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ആദ്യമേ ആരോപണം ഉയര്‍ന്നു.

ഈ ചര്‍ച്ചകള്‍ തുടങ്ങിയിട്ട് ദിവസങ്ങളാകുന്നു. ഇതിനിടെയില്‍ കോണ്‍ഗ്രസിന്റെ പതിനഞ്ച് സ്ഥാനാര്‍ത്ഥി പട്ടികകള്‍ പുറത്തിറങ്ങുകയും ചെയ്തു. വയനാടിനൊപ്പം വടകര മണ്ഡലത്തിലെയും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും അവിടെ കെ മുരളീധരന്‍ പ്രചരണം ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ വയനാട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശയക്കുഴപ്പത്തിലാണ്. സിദ്ദിഖ് ആകട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചാണ് പ്രചരണം നടത്തുന്നത്. മറ്റ് മണ്ഡലങ്ങളിലെല്ലാം പ്രചരണം ചൂട് പിടിക്കുമ്പോഴും വയനാട്ടില്‍ മാത്രം വൈകുന്നതിനെതിരെ പ്രവര്‍ത്തകര്‍ക്കും അമര്‍ശമുണ്ട്.

ഇതിനിടയിലാണ് വയനാട്ടിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുന്നത് സിപിഎം കാരണമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചത്. രാഹുല്‍ വയനാട്ടില്‍ ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നത് കേന്ദ്രത്തിലെ ഒത്തൊരുമയെ ബാധിക്കുമെന്ന വാര്‍ത്തകള്‍ പരക്കുന്നുണ്ടെങ്കിലും സിപിഎം കേന്ദ്രനേതൃത്വം ഇതുവരെ ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. മുസ്ലിംലീഗ് ഒഴികെ യുഡിഎഫിലെ ഘടകക്ഷികളെല്ലാം രാഹുലിന്റെ വരവില്‍ അതൃപ്തി രേഖപ്പെടുത്തിയിട്ടുമുണ്ട്. അതേസമയം രാഹുലിന്റെ തീരുമാനമറിയാതെയാണ് ഇവിടെ ഈ ഉണ്ടയില്ലാ വെടി പൊട്ടിക്കുന്നതെന്നത് മറ്റൊരു കാര്യം.

എന്തായാലും ലീഗിന്റെ കത്തോ എന്തോ കാരണം കൊണ്ടാണെങ്കിലും നാളെ വൈകുന്നേരത്തിനുള്ളില്‍ ഇക്കാര്യത്തില്‍ ഒരു അന്തിമ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്. കേരളത്തിന്റെ കാത്തിരിപ്പിന് ഇനി ഒരു ദിവസത്തെ കാത്തിരിപ്പ് മാത്രമെന്ന് ചുരുക്കം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍