UPDATES

വിശകലനം

ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ മാനംകാത്തത് കേരളത്തിലെ കോണ്‍ഗ്രസുകാരുടെ ബുദ്ധി

അമേഠിയില്‍ പരാജയപ്പെട്ടെങ്കിലും പത്തിരട്ടിയിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാഹുല്‍ വയനാട്ടില്‍ ജയിച്ചത്

വോട്ടെണ്ണല്‍ ഏകദേശം പൂര്‍ത്തിയാകുമ്പോള്‍ കോണ്‍ഗ്രസ് കടുത്ത നിരാശയിലാണ്. കണക്കുകള്‍ പരിശോധിച്ചാല്‍ നാണക്കേടിന്റെ പടുകുഴിയിലാണ് കോണ്‍ഗ്രസ് വീണിരിക്കുന്നതെന്ന് മനസിലാകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അമേഠിയിലെ പരാജയം കൂടി ഉറപ്പാകുന്നതോടെ ആ നാണക്കേടിന്റെ ആഴവും പരപ്പും വര്‍ധിക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 44 സീറ്റുകളിലാണ് കോണ്‍ഗ്രസ് ജയിച്ചിരുന്നത്. ഈ തെരഞ്ഞെടുപ്പ് ആയപ്പോള്‍ അത് 53 ആയെന്നത് മാത്രമാണ് കോണ്‍ഗ്രസിന്റെ ആശ്വാസം.

അതേസമയം കേരളമാണ് വലിയ രണ്ട് നാണക്കേടുകളില്‍ നിന്നും കോണ്‍ഗ്രസിനെ രക്ഷപ്പെടുത്തിയത്. അമേഠിയില്‍ നാല്‍പ്പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാഹുല്‍ ഗാന്ധി തോറ്റിരിക്കുന്നത്. കഴിഞ്ഞ തവണ വിജയിച്ച സീറ്റുകളുടെ എണ്ണത്തില്‍ നിന്നും കുറവ് സീറ്റുകള്‍ ലഭിക്കേണ്ട സാഹചര്യമായിരുന്നു കോണ്‍ഗ്രസിനെ കാത്തിരുന്നത്. ഈ രണ്ട് നാണക്കേടുകളും മറയ്ക്കാന്‍ കോണ്‍ഗ്രസിനെ സഹായിച്ചത് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ ബുദ്ധിയാണ്. അമേഠിയില്‍ പരാജയപ്പെട്ടെങ്കിലും പത്തിരട്ടിയിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാഹുല്‍ വയനാട്ടില്‍ ജയിച്ചത്. രാഹുലിനെ കേരളത്തില്‍ മത്സരിപ്പിക്കണമെന്ന ബുദ്ധി ഉയര്‍ന്നത് കേരളത്തിലെ നേതാക്കളില്‍ നിന്നാണ്. ഉമ്മന്‍ ചാണ്ടി പരസ്യമാക്കുകയും പിന്നീട് എകെ ആന്റണി കൂടി നിര്‍ബന്ധിക്കുകയും ചെയ്തപ്പോഴാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിക്കുന്നത്. ഒരുപക്ഷെ അന്ന് അത്തരമൊരു തീരുമാനമെടുക്കാതെ അമേഠിയില്‍ മാത്രമാണ് രാഹുല്‍ മത്സരിച്ചിരുന്നതെങ്കില്‍ കോണ്‍ഗ്രസ് നേരിട്ട ഈ പരാജയത്തിന്റെ ആഴം എത്ര ഭീകരമായിരുന്നേനെ.

കേരളത്തില്‍ ഇത്തവണ യുഡിഎഫിന്റെ തൂത്തുവാരലിന് കാരണമായ ഒരു പ്രധാന ഘടകമാണ് രാഹുലിന്റെ കേരളത്തിലെ സ്ഥാനാര്‍ത്ഥിത്വം. രാഹുല്‍ കേരളത്തില്‍ മത്സരിച്ചതിനെ ഇവിടുത്തെ കോണ്‍ഗ്രസ് അനുഭാവികളും ജനങ്ങളും ആവേശത്തോടെയാണ് ഏറ്റെടുത്തത്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെ വയനാട്ടിലെ ജനത അനുഗ്രഹിച്ച് വിട്ടതെങ്ങനെയാണെന്ന് നാല് ലക്ഷത്തിന് മുകളിലുള്ള ആ ഭൂരിപക്ഷത്തില്‍ നിന്നും വ്യക്തമാണ്. രാഹുല്‍ ഇവിടെ മത്സരിച്ചിരുന്നില്ലെങ്കില്‍ ശബരിമല വിഷയത്തെ രാഷ്ട്രീയവല്‍ക്കരിച്ച ബിജെപിയുടെ തന്ത്രം വിജയിക്കുകയോ എല്‍ഡിഎഫിന് ഒന്ന് എന്ന നാണംകെട്ട നമ്പരില്‍ ഈ തെരഞ്ഞെടുപ്പ് അവസാനിപ്പിക്കുകയോ വേണ്ടി വരില്ലായിരുന്നു. ഏറ്റവും കുറഞ്ഞത് അഞ്ച് സീറ്റെങ്കിലും എല്‍ഡിഎഫ് പ്രതീക്ഷിച്ചിരുന്നു എന്നതാണ് സത്യം. അത്തരം സാധ്യതകളെല്ലാം ഇല്ലാതായത് രാഹുലിന്റെ കേരളത്തിലെ സ്ഥാനാര്‍ത്ഥിത്വത്തോടെയാണ്. അതിലൂടെ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് ഒമ്പത്‌ സീറ്റ് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുകയും ചെയ്തു.

അതുപോലെ തന്നെ ഇത്തവണ കോണ്‍ഗ്രസിന്റെ ആകെയുള്ള സീറ്റ് 44ല്‍ നിന്നും 53 ആയി വര്‍ദ്ധിച്ചിട്ടുണ്ട്. കേരളത്തില്‍ കഴിഞ്ഞ തവണ എട്ട് സീറ്റായിരുന്നത് 15 എണ്ണം ആയതാണ് അതിനും കോണ്‍ഗ്രസിനെ സഹായിച്ചത്. അതായത് ആ ഏഴ് സീറ്റ് അധികമായി ലഭിച്ചില്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസ് ഇത്തവണ 46 സീറ്റില്‍ ഒതുങ്ങുമായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ അധികാരം പിടിക്കാമെന്ന പ്രതീക്ഷയില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസിന് അതില്‍പ്പരം ഒരു നാണക്കേട് വരാനില്ലായിരുന്നു. ഈ രണ്ട് സാഹചര്യങ്ങളുമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ ബുദ്ധി മൂലം ദേശീയ കോണ്‍ഗ്രസ് നേതൃത്വം തരണം ചെയ്തത്.

read more:മത്സരിക്കേണ്ടെന്ന തീരുമാനത്തില്‍ ഇപ്പോള്‍ കെസി വേണുഗോപാല്‍ ഖേദിക്കുന്നുണ്ടാകുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍