UPDATES

വാര്‍ത്തകള്‍

കൊല്ലത്ത് വോട്ട് മറിക്കല്‍ സ്ഥിരീകരിച്ച് ബിജെപി നേതാക്കള്‍: പാര്‍ട്ടിയില്‍ പൊട്ടിത്തെറി

ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതില്‍ തുടക്കം മുതലേ എതിര്‍പ്പ് ഉയര്‍ന്നിരുന്നു

കൊല്ലത്ത് ബിജെപിയുടെ വോട്ട് കോണ്‍ഗ്രസിന് മറിക്കുന്നത് സ്ഥിരീകരിച്ച് യുവമോര്‍ച്ചാ നേതാവ്. മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ആര്‍ പ്രശാന്ത് ആണ് വോട്ടുകച്ചവടത്തെ തുറന്നെതിര്‍ത്ത് രംഗത്തെത്തിയത്. നേതാക്കളുടെ അറിവോടെയുള്ള വോട്ടുകച്ചവടത്തില്‍ പ്രതിഷേധിച്ച് മേക്ക് എ മിഷനെന്ന സംഘടനയ്ക്ക് നിയോജക മണ്ഡലത്തില്‍ രൂപം നല്‍കിയതായും പ്രശാന്ത് പറഞ്ഞു.

ബിജെപി വോട്ട് ബിജെപിക്ക് ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന നൂറ് കണക്കിന് പ്രവര്‍ത്തകരില്‍ നിരാശയുണ്ടാക്കുന്നതാണ് നേതൃത്വത്തിന്റെ സമീപനമെന്നും പ്രശാന്ത് അറിയിച്ചു. മറ്റൊരു സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കേണ്ട ബിജെപി ഏറ്റെടുക്കരുതെന്നും പ്രശാന്ത് ആവശ്യപ്പെട്ടു. നേതാക്കളുടെ താല്‍പര്യം പ്രവര്‍ത്തകരില്‍ അടിച്ചേല്‍പ്പിക്കാന്‍ അംഗീകരിക്കില്ല. എല്ലാവരിലും സംശയം ജനിപ്പിക്കുന്നതാണ് ചിലരുടെ സമീപനം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലും ഇത് പ്രകടമായിരുന്നു. അണികളുടെ സംശയം മാറ്റാന്‍ പോലും ഇതുവരെയും നേതൃത്വം ഇടപെട്ടിട്ടില്ല. കൊല്ലത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പ്രചരണം പേരിന് മാത്രമാണെന്നും പ്രശാന്ത് ആരോപിച്ചു.

പ്രതിഷേധം വിവാദമായതോടെ ഇന്നലെ കൊല്ലത്ത് ബിജെപിയുടെ മണ്ഡലം കമ്മിറ്റി യോഗം ചേര്‍ന്നു. ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതില്‍ തുടക്കം മുതലേ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ബാഹ്യമായ ഇടപെടലുണ്ടായെന്ന് ആരോപിച്ച് യുവമോര്‍ച്ച സംസ്ഥാന കമ്മിറ്റി അംഗം സനില്‍ വാസവനാണ് നേരത്തെ രംഗത്ത് വന്നത്. ബിജെപി ലീഗല്‍ സെല്‍ മുന്‍ ജില്ലാ കണ്‍വീനര്‍ അഡ്വ. കല്ലൂര്‍ കൈലാസ് നാഥും എതിര്‍പ്പ് ഉന്നയിച്ചു.

ന്യൂനപക്ഷ മോര്‍ച്ചയുടെ സംസ്ഥാന പ്രസിഡന്റാണ് കൊല്ലത്തെ സ്ഥാനാര്‍ത്ഥി കെ വി സാബു. സുരേഷ് ഗോപി, അല്‍ഫോണ്‍സ് കണ്ണന്താനം, ടോം വടക്കന്‍, എന്‍ജിഒ സംഘ് മുന്‍സംസ്ഥാന പ്രസിഡന്റ് ശ്യാംകുമാര്‍ എന്നിവരുടെ പേരുകളാണ് കൊല്ലത്ത് പരിഗണിച്ചിരുന്നത്. നേതൃത്വം നിര്‍ദ്ദേശിച്ചാല്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് സുരേഷ് ഗോപി അറിയിക്കുകയും ചെയ്തു. എന്നാല്‍ നേതൃത്വം ഇത് ബോധപൂര്‍വം ഇത് ഒഴിവാക്കി. സാബുവിനെ മത്സരിപ്പിക്കുന്നതിന് പിന്നില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായി ഉണ്ടാക്കിയ രഹസ്യധാരണയാണെന്ന ആക്ഷേപം ശക്തമാകുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍