UPDATES

വിശകലനം

ഒരേ സഭയില്‍ ജയിച്ചയാള്‍ എംഎല്‍എ; തോറ്റയാള്‍ മന്ത്രി

70ല്‍ തോല്‍പ്പിച്ച കൊട്ടറയെ തൊട്ടടുത്ത നിയമസഭ തെരഞ്ഞെടുപ്പ് നടന്ന 1977ല്‍ കൊട്ടാരക്കരയില്‍ വച്ചു തന്നെ തോല്‍പ്പിച്ച് ബാലകൃഷ്ണ പിള്ള അതിന് പ്രതികാരം ചെയ്യുകയും ചെയ്തു

ജയിച്ചയാള്‍ എംഎല്‍എയായി സഭയിലിരിക്കെ അതേ മണ്ഡലത്തില്‍ തോറ്റയാള്‍ മന്ത്രിയായ സംഭവം അത്യപൂര്‍വമാകണം. അത്തരം ഒരു സംഭവം കേരളത്തിലുണ്ടായി. 1970 മുതല്‍ 77 വരെ നീണ്ട സി. അച്യുതമേനോന്‍ മന്ത്രിസഭയുടെ കാലത്താണ് സംഭവം. ജയിച്ച എംഎല്‍എ കൊട്ടറ ഗോപാലകൃഷ്ണന്‍. അദ്ദേഹത്തോട് പരാജയപ്പെട്ടിട്ടും മന്ത്രിയായത് സാക്ഷാല്‍ ആര്‍. ബാലകൃഷ്ണ പിള്ളയും.

1970 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയില്‍ കോണ്‍ഗ്രസിലെ കൊട്ടറ ഗോപാലകൃഷ്ണന്റെ മുന്നില്‍ അടിയറവ് പറയേണ്ടിവരുമെന്ന് ആര്‍. ബാലകൃഷണ പിള്ള സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. സംഘടന കോണ്‍ഗ്രസുമായി ചേര്‍ന്നാണ് കേരള കോണ്‍ഗ്രസ് അന്ന് മത്സരിച്ചത്. സ്വന്തം തട്ടകത്തില്‍ തുടര്‍ച്ചയായുണ്ടായ രണ്ടാമത്തെ പരാജയം ബാലകൃഷ്ണ പിള്ളയെ വല്ലാതെ അസ്വസ്ഥനാക്കുകയും ചെയ്തു.

എഴുത്തുകാരനും കവിയും അഭിനേതാവും ഒക്കെയായിരുന്ന കൊട്ടറ ഗോപാലകൃഷ്ണന്‍ കൊട്ടാരക്കരയിലെ മുടിചൂടാമന്നനായ തനിക്ക് മുന്നില്‍ എന്ത് എന്ന ഭാവമായിരുന്നു ബാലകൃഷ്ണ പിള്ളയ്ക്ക്. ‘ഗോലി കളിച്ച് നടക്കേണ്ട പയ്യനാണോ എനിക്കെതിരെ മത്സരിക്കുന്ന’തെന്ന് പ്രചാരണത്തിനിടെ കൊട്ടറയ്‌ക്കെതിരെ അദ്ദേഹം നിരവധി വട്ടം അമ്പെയ്യുകയും ചെയ്തു. 26 കാരനായ കൊട്ടറയെ നിസ്സാരനായി കണ്ട ആര്‍. ബാലകൃഷണ പിള്ളയ്ക്ക് പക്ഷെ വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ സാരം പിടികിട്ടി. 4677 വോട്ടുകള്‍ക്ക് പിള്ള തോറ്റു. 32,536 വോട്ടുകള്‍ കൊട്ടറയ്ക്ക്. ബാലകൃഷ്ണ പിള്ളയ്ക്ക് 27,859 വോട്ടുകളും. 1967ല്‍ സിപിഐ നേതാവ് ഇ. ചന്ദ്രശേഖരന്‍ നായരോട് തോറ്റതിന്റെ ക്ഷീണം തീര്‍ക്കാനായി മത്സരരംഗത്ത് എത്തിയ ആര്‍. ബാലകൃഷണ പിള്ളയ്ക്ക് ക്ഷീണം ഇരട്ടിയായി.

1969 ഒക്ടോബര്‍ 24ന് ഇഎംഎസിന്റെ നേതൃത്വത്തിലെ ഐക്യമുന്നണി സര്‍ക്കാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് രാജ്യസഭാംഗമായ സി. അച്യുതമേനോനെ കേരളത്തിലെത്തിച്ച് മുഖ്യമന്ത്രിയാക്കിയെങ്കിലും ആ മന്ത്രിസഭയും നീണ്ടില്ല. മുഖ്യമന്ത്രിയാകാന്‍ വേണ്ടി അച്യുതമേനോന്‍ മത്സരിച്ചത് കൊട്ടാരക്കരയില്‍ നിന്നായിരുന്നു. അതിനായി സിറ്റിംഗ് എംഎല്‍എയായിരുന്ന ഇ. ചന്ദ്രശേഖരന്‍ നായര്‍ രാജിവെയ്ക്കുകയും ചെയ്തു. ഘടകക്ഷിയായ ഐഎസ്പിയിലെ ആഭ്യന്തര കലാപത്തെ തുടര്‍ന്നാണ് മന്ത്രിസഭയുടെ വഴിമുട്ടിയത്. 1970 ഏപ്രില്‍ 21ന് സി. അച്യുതമേനോന്‍ മന്ത്രിസഭ പിരിച്ചുവിടുന്നതിന് ശിപാര്‍ശയും ചെയ്തു. അങ്ങനെയാണ് തെരഞ്ഞെടുപ്പിനുള്ള കളം ഒരുങ്ങിയത്.

കൊട്ടാരക്കരയില്‍ ക്രോസ് വോട്ടിംഗ് നടന്നുവെന്നും ‘കോണ്‍ഗ്രസും സിപിഎമ്മും ചേര്‍ന്ന് നടത്തിയ അപ്രതീക്ഷിതവും ആലോചിക്കാന്‍ കഴിയാത്തതുമായ രാഷ്ട്രീയ നീക്കത്തിലൂടെയാണ്’ തന്നെ പരാജയപ്പെടുത്തിയതെന്നും ആര്‍. ബാലകൃഷ്ണ പിള്ള പിന്നീട് ആരോപിച്ചിട്ടുണ്ട്. അതെന്തായാലും തൊട്ടടുത്ത വര്‍ഷം നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പായപ്പോഴേക്കും രാഷ്ട്രീയ ചിത്രം വീണ്ടും മാറി. കോണ്‍ഗ്രസും ലീഗും ആര്‍എസ്പിയും പിഎസ്പിയും മറ്റും ഉള്‍പ്പെട്ട മുന്നണിയില്‍ കേരള കോണ്‍ഗ്രസ് എത്തി. ഇന്ദിരാഗാന്ധിയുടെ ഇടപെടല്‍ മൂലമാണ് കേരള കോണ്‍ഗ്രസിന് ആ മുന്നണിയിലേക്ക് പ്രവേശനത്തിന് കളമൊരുങ്ങിയത്. നിയമസഭ തെരഞ്ഞെടുപ്പില്‍ ഇരു മുന്നണികളോടും മത്സരിച്ച് കേരള കോണ്‍ഗ്രസ് 14ഉം സംഘടന കോണ്‍ഗ്രസ് നാലും സീറ്റുകള്‍ നേടിയിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് കേരള കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാന്‍ ഇന്ദിരാഗാന്ധി സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തെ നിര്‍ബന്ധിച്ചത്.

തുടര്‍ന്ന് കോണ്‍ഗ്രസിനും സിപിഐക്കുമൊക്കെ ഒപ്പം മുന്നണിയിലെത്തിയ കേരള കോണ്‍ഗ്രസിന് 1972ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പീരുമേട്. കോട്ടയം, മാവേലിക്കര സീറ്റുകള്‍ മത്സരിക്കാനായി ലഭിച്ചു. ആദ്യം പീരുമേട്ടില്‍ നിന്നും മത്സരിക്കാനായി നിശ്ചയിച്ച ആര്‍. ബാലകൃഷ്ണ പിള്ള പിന്നെ മത്സരം മാവേലിക്കരയിലേക്ക് മാറ്റി. മാവേലിക്കരയില്‍ ഇപ്പോഴത്തെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായ എസ്. രാമചന്ദ്രന്‍ പിള്ളയെ പരാജയപ്പെടുത്തിയാണ് ആര്‍. ബാലകൃഷ്ണ പിള്ള പാര്‍ലമെന്റില്‍ എത്തിയത്. അവിടെ സാമാജികനായി തുടരവെ ഇന്ദിരാഗാന്ധിയുടെ ഗുഡ് ബുക്കിലെത്തിയ ആര്‍. ബാലകൃഷണ പിള്ളയെ ഇന്ദിരാഗാന്ധി നേരിട്ട് ഇടപെട്ടാണ് കേരള മന്ത്രിസഭയില്‍ എത്തിച്ചതെന്ന് അദ്ദേഹം തന്നെ തന്റെ ആത്മകഥയില്‍ എഴുതിയിട്ടുണ്ട്.

Read More: പിതാവ് മുഖ്യമന്ത്രി, എതിരാളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനത്തിന് മകന്‍; കേരളം കണ്ട ഒരപൂര്‍വ പോരാട്ടം

1975 ഡിസംബര്‍ 26ന് ആര്‍. ബാലകൃഷ്ണ പിള്ള അച്യുതമേനോന്‍ മന്ത്രിസഭയിലെ ഗതാഗത- ജയില്‍-എക്‌സൈസ് മന്ത്രിയായി ചുമതലയേറ്റു. ബാലകൃഷ്ണ പിള്ള മന്ത്രിയാകുമ്പോള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ പരാജയപ്പെടുത്തിയ കൊട്ടറ ഗോപാലകൃഷ്ണന്‍ എംഎല്‍എയായി സഭയില്‍ ഉണ്ടായിരുന്നു. ആര്‍. ബാലകൃഷ്ണ പിള്ള ആദ്യമായി മന്ത്രിയാകുന്നതും സി. അച്യുതമേനോന്‍ മന്ത്രിസഭയിലായിരുന്നു.

70ല്‍ തോല്‍പ്പിച്ച കൊട്ടറയെ തൊട്ടടുത്ത നിയമസഭ തെരഞ്ഞെടുപ്പ് നടന്ന 1977ല്‍ കൊട്ടാരക്കരയില്‍ വച്ചു തന്നെ തോല്‍പ്പിച്ച് ബാലകൃഷ്ണ പിള്ള അതിന് പ്രതികാരം ചെയ്യുകയും ചെയ്തുവെന്നതും ചരിത്രം. 14,155 വോട്ടുകള്‍ക്കായിരുന്നു അന്ന് പിള്ള വിജയിച്ചത്.

കേരളത്തിലെ കോണ്‍ഗ്രസിലെ വൈബ്രന്റ് നേതാക്കളില്‍ ഒരാളെന്ന വിശേഷണത്തിന് അര്‍ഹനായ കൊട്ടറയ്ക്ക് പിന്നീട് നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായിട്ടില്ല. കലാ സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്ന കൊട്ടറ ജി. അരവിന്ദന്റെ തമ്പ്, കുമ്മാട്ടി, പോക്കുവെയില്‍, ഒരിടത്ത്, ഷാജി എന്‍. കരുണിന്റെ സ്വം, പിറവി തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഗാന രചയിതാവായ കൊട്ടറ ഒട്ടേറെ നിത്യമുദ്രിതമായ മുദ്രാവാക്യങ്ങളും കേരള രാഷ്ട്രീയത്തിന് നല്‍കി. ‘ഇഎംഎസ്സിനെ ഈയം പൂശി ഈയലുപോലെ പറപ്പിക്കും’ എന്നതടക്കമുള്ള നിരവധി മുദ്രാവാക്യങ്ങള്‍ ഇദ്ദേഹത്തിന്റേതാണ്. കൊട്ടറ ഗോപാലകൃഷ്ണനും തച്ചടി പ്രഭാകരനും ഒക്കെ ചേര്‍ന്ന് വീക്ഷണം നാടകട്രൂപ്പും രൂപീകരിച്ചിരുന്നു. 2003 ഫെബ്രുവരി 17ന് കൊട്ടറ മരണമടഞ്ഞു.

അവലംബം:
1. ആര്‍. ബാലകൃഷ്ണ പിള്ളയുടെ ആത്മകഥ, ഡിസി ബുക്‌സ്, കോട്ടയം
2. കേരള നിയമസഭ ഡാറ്റബേസ്
3. പിള്ളയെ മലര്‍ത്തിയടിച്ച ഗോലികളിക്കാരന്‍ ചെക്കന്‍, മാതൃഭൂമി ദിനപത്രം, ഏപ്രില്‍ 8, 2016

Read More: 1957ലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ വിധി നിര്‍ണ്ണയിച്ചത് ആര്‍ എസ് പിയുമായുള്ള ഉടക്കോ? കേരള രാഷ്ട്രീയ ചരിത്രം പറയുന്നത് ഇതാണ്

എസ് ബിനീഷ് പണിക്കര്‍

എസ് ബിനീഷ് പണിക്കര്‍

മാധ്യമ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, കൊച്ചിയില്‍ താമസം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍