UPDATES

വാര്‍ത്തകള്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍ വോട്ടിംഗ് യന്ത്രം തകരാറിലായി

വോട്ടിംഗ് യന്ത്രത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്തുന്നത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഗൗരവമായി എടുത്തില്ലെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ട് ചെയ്യാന്‍ ബൂത്തിലെത്തിയപ്പോള്‍ വോട്ടിംഗ് യന്ത്രം തകരാറിലായി. ഇതുമൂലം ഏറെ നേരെ കാത്തിരുന്ന ശേഷമാണ് പോളിംഗ് തുടര്‍ന്നത്. പിണറായിയിലെ ആര്‍സി അമല സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച മുഖ്യമന്ത്രി തന്നെയാണ് തന്റെ ബൂത്തിലെ വോട്ടിംഗ് യന്ത്രം തകരാറിലായ വിവരം അറിയിച്ചത്.

തൊട്ടടുത്ത മറ്റൊരു ബൂത്തിലെയും അടുത്ത പഞ്ചായത്തിലെയും വോട്ടിംഗ് യന്ത്രങ്ങളും തകരാറിലായെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇത് അടുത്തുള്ള സ്ഥലങ്ങളിലെ മാത്രം കാര്യമാണെന്നും കേരളത്തിലങ്ങോളമിങ്ങോളം നിരവധി ഇടങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങളുടെ തകരാര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആറ് മണിയോടെ മിക്ക ബൂത്തുകളിലും മോക് പോളിംഗ് ആരംഭിച്ചിരുന്നു. അതോടൊപ്പം തന്നെ പലയിടങ്ങളിലും വോട്ടിംഗ് യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തുകയും ചെയ്തു. കോഴിക്കോട്ടാണ് മോക് പോളിംഗില്‍ ആദ്യം പാകപ്പിഴ കണ്ടെത്തിയത്. കൊല്ലത്തും വിവിപാറ്റ് യന്ത്രത്തില്‍ തകരാര്‍ കണ്ടെത്തി. മലപ്പുറത്ത് വൈദ്യുതിയില്ലാത്തതിനാല്‍ പലയിടങ്ങളിലും മെഴുകുതിരി വെട്ടത്തിലാണ് മോക് പോളിംഗ്. ജില്ലയുടെ പലഭാഗങ്ങളിലും വൈദ്യുതിയില്ല. മൊബൈലിന്റെയും മെഴുകുതിരിയുടെയും വെളിച്ചത്തിലാണ് മോക് പോളിംഗ് നടത്തുന്നത്. എന്നാല്‍ ഇതുമൂലം പോളിംഗ് തടസ്സപ്പെടില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. മഴ മൂലം പോളിംഗ് സാമഗ്രികള്‍ നനഞ്ഞതിനാല്‍ മലപ്പുറം മുണ്ടുപറമ്പില്‍ 113, 109 ബൂത്തുകള്‍ മാറ്റി ക്രമീകരിക്കുകയാണ്.

കൊല്ലം ജില്ലയിലെ പത്തനാപുരം കലഞ്ഞൂര്‍ 162-ാം ബൂത്തിലെ വോട്ടിംഗ് യന്ത്രം തകരാറിലായി. ഇവിടെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എന്‍ ബാലഗോപാല്‍ വോട്ട് ചെയ്യേണ്ടത്. പരവൂര്‍ നഗരസഭയിലെ പാറയില്‍ക്കാവ് വാര്‍ഡിലെ 81-ാം നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് മെഷീന്‍ പ്രവര്‍ത്തിച്ചില്ല. രാവിലെ അഞ്ചരയോടെ പരീക്ഷണ വോട്ടിംഗ് നടത്താന്‍ പ്രിസൈഡിംഗ് ഓഫീസര്‍ ശ്രമിച്ചപ്പോഴാണ് ഇത് കണ്ടെത്തിയത്. പ്രേമചന്ദ്രന്‍ എന്ന പേരിന് നേരെയുള്ള ബട്ടണ്‍ അമര്‍ത്തുമ്പോള്‍ പ്രവര്‍ത്തിക്കാത്തതാണ് തകരാര്‍.

കണ്ണൂര്‍ കാഞ്ഞിരക്കൊല്ലിയിലെ 149-ാം നമ്പര്‍ ബൂത്തിലും വോട്ടിംഗ് യന്ത്രത്തിലും തകരാര്‍ കണ്ടെത്തി. ബട്ടണ്‍ അമര്‍ത്താനാകാത്തതാണ് ഇവിടുത്തെയും തകരാര്‍. പകരം യന്ത്രങ്ങള്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. മുഖ്യമന്ത്രിയുടെ ബൂത്ത് പിണറായിയിലെ 161-ാം നമ്പര്‍ ബൂത്താണ്. ഇത് കൂടാതെ 151-ാേം നമ്പര്‍ ബൂത്തിലും തകരാര്‍ കണ്ടെത്തി.

കോഴിക്കോട് തിരുത്തിയാട് ആശ്വാസ കേന്ദ്രത്തില്‍ 152-ാം നമ്പര്‍ ബൂത്തില്‍ വിവിപാറ്റ് യന്ത്രത്തിന് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മോക്‌പോളിംഗ് വൈകി. പിന്നീട് പ്രശ്‌നം പരിഹരിച്ച് മോക് പോളിംഗ് നടത്തി. കുന്നമംഗലം ഹൈസ്‌കൂളിലെ മൂന്ന് ബൂത്തുകളിലും വോട്ടിംഗ് യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തി. ഇവിടെ വോട്ടെടുപ്പ് ഇനിയും തുടങ്ങിയിട്ടില്ല.

നാദാപുരം മുളക്കുന്നില്‍ 33-ാം നമ്പര്‍ ബൂത്തിലും പശുക്കടവ് 34-ാം നമ്പര്‍ ബൂത്തിലും വോട്ടിംഗ് യന്ത്രത്തില്‍ തകരാര്‍ കണ്ടെത്തി. ഇവിടെ മോക് പോളിംഗ് ആരംഭിച്ചിട്ടില്ല.

എറണാകുളം എളമക്കര ഗവ. ഹൈസ്‌കൂള്‍, കോതമംഗലം ദേവസ്വം ബോര്‍ഡ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ ബാലറ്റ് യൂണിറ്റുകളില്‍ തകരാര്‍ കണ്ടെത്തി. ഇവ മാറ്റി സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചു. കളമശ്ശേരി ഒമ്പതാം നമ്പര്‍ അങ്കണവാടി, പറവൂര്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ വിവി പാറ്റുകളില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മാറ്റി സ്ഥാപിച്ചു. കോതമംഗലം ദേവസ്വം ബോര്‍ഡ് ഹൈസ്‌കൂളിലെയും ബാലറ്റ് യൂണിറ്റ് മാറ്റി സ്ഥാപിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വോട്ട് ചെയ്യാനെത്തിയ ബൂത്തില്‍ തകരാര്‍ കണ്ടെത്തി. വോട്ട് ചെയ്യാതെയാണ് അദ്ദേഹം മടങ്ങിയത്. പള്ളിപ്രം അസാസുല്‍ ഇസ്ലാം മദ്രസ്സയിലെ വിവി പാറ്റില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മാറ്റി സ്ഥാപിച്ചു.

തൃശൂര്‍ അരിമ്പൂരിലെ പോളിങ് സ്റ്റേഷനില്‍ 5 വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായി. മോക് പോളിംഗ് ഇനിയും ആരംഭിച്ചിട്ടില്ല. തൃശൂര്‍ കേരള വര്‍മ്മയിലെ പോളിംഗ് ബൂത്തിലെ 2 വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലാണ്. മണ്ണുത്തി ഹോളി ഫാമിലി സ്‌കൂളിലെ 118-ാം ബൂത്തിലെ യന്ത്രം പണി മുടക്കി. ചുവന്ന മണ്ണ് എ എല്‍ പി സ്‌ക്കൂളിലെ വോട്ടിംഗ് യന്ത്രവും പ്രവര്‍ത്തിക്കുന്നില്ല. ആലപ്പുഴ കായംകുളത്ത് 138, 139 നമ്പര്‍ ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്നില്ല. ഇടുക്കിയില്‍ നാലിടത്ത് തകരാര്‍ കണ്ടെത്തി. വെള്ളായംകുടി 170-ാം നമ്പര്‍ ബൂത്തിലും ചുങ്കം 100-ാം നമ്പര്‍ ബൂത്തിലും വിവിപാറ്റ് തരാറായതിനെ തുടര്‍ന്ന് മോക് പോളിംഗ് ആരംഭിക്കാന്‍ വൈകി.

പത്തനംതിട്ട ആനപ്പാറ എല്‍ പി സ്‌കൂളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായതിനാല്‍ പുതിയ യന്ത്രം സ്ഥാപിച്ചു. പത്തനംതിട്ടയില്‍ വ്യാപകമായി വോട്ടിംഗ് യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തിയതായി പരാതി ഉയരുന്നുണ്ട്. ചെന്നീര്‍ക്കര 180-ാം നമ്പര്‍, കലഞ്ഞൂര്‍ 162-ാം നമ്പര്‍, തോട്ടപ്പുഴശ്ശേരി 55-ാം നമ്പര്‍, കോന്നി 155-ാം നമ്പര്‍, ഇലന്തൂര്‍ 131-ാം നമ്പര്‍, 132–ാം നമ്പര്‍. കോണ്‍ഗ്രസ്സ്, ബിജെപി ചിഹ്നങ്ങളില്‍ വോട്ട് വീഴുന്നില്ലെന്നാണ് പരാതി.

കാസര്‍കോട് 20 ബൂത്തുകളിലാണ് യന്ത്ര തകരാര്‍ കണ്ടെത്തിയത്. ഇവിടേക്ക് പുതിയ യന്ത്രങ്ങള്‍ എത്തിച്ചു തുടങ്ങി. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ 2, 3, 4 ബൂത്തുകളിലും യന്ത്ര തകരാര്‍ കണ്ടെത്തി. കോവളം ചൊവ്വരയില്‍ 51-ാം നമ്പര്‍ ബൂത്തില്‍ കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്പോള്‍ താമരയ്ക്ക് വോട്ട് വീഴുന്നതായി കണ്ടെത്തി. 76 പേര്‍ വോട്ട് ചെയ്ത ശേഷമാണ് തകരാര്‍ കണ്ടെത്തിയത്.

വോട്ടിംഗ് യന്ത്രങ്ങളുടെ തകരാറിനെ കുറിച്ച് നേരത്തെ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. ആക്ഷേപമുയര്‍ന്ന സാഹചര്യത്തില്‍ ഇതൊഴിവാക്കാന്‍ നേരത്തെ തന്നെ നടപടി സ്വീകരിക്കണമായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് തകരാര്‍ ഇല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉറപ്പുവരുത്തണമായിരുന്നെന്ന് പിണറായി പറഞ്ഞു. വോട്ടിംഗ് യന്ത്രത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്തുന്നത് ഗൗരവമായി എടുത്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലാകെ വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായത് ഗൗരവമായെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍