UPDATES

സോഷ്യൽ വയർ

അമിത് ഷായുടെ കൊച്ചുമകള്‍ ബിജെപി തൊപ്പിയിടാന്‍ വിസമ്മതിച്ച വാര്‍ത്ത ഇന്ത്യ ടുഡേ നീക്കം ചെയ്തു

കുട്ടി ധരിച്ചിരുന്ന തൊപ്പി മാറ്റി ബിജെപിയുടെ ചിഹ്നം പതിച്ച തൊപ്പി വയ്ക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇത് ഊരിമാറ്റിയത്

ബിജെപി അധ്യക്ഷന്‍ അമിത് ഷാ പങ്കുവച്ച ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. തന്റെ കൊച്ചുമകളുടെ വീഡിയോയാണ് അമിത് ഷാ പങ്കുവയ്ക്കുന്നത്. തന്റെ കൊച്ചുമകള്‍ ബിജെപിയുടെ തൊപ്പി വയ്ക്കുന്നതിന്റെ വീഡിയോയാണ് അമിത് ഷാ ഷെയര്‍ ചെയ്തത്.

എന്നാല്‍ കുട്ടി ഇത് ഊരിക്കളയുന്നതും വീഡിയോയിലുണ്ട്. ഇന്ത്യാ ടുഡേ, ലോക് സട്ടാ, എബിപി മജാ എന്നീ മാധ്യമങ്ങള്‍ ഈ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു. കുട്ടി ധരിച്ചിരുന്ന തൊപ്പി മാറ്റി ബിജെപിയുടെ ചിഹ്നം പതിച്ച തൊപ്പി വയ്ക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇത് ഊരിമാറ്റിയത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോയെ കുറിച്ച് വലിയ തോതിലുള്ള പ്രതികരണമാണ് ഉണ്ടായത്. എന്നാല്‍ കുട്ടി തൊപ്പി ഊരിക്കളയുന്നതാണ് പലരും ഉയര്‍ത്തിക്കാട്ടിയത്. അമിത് ഷായെ പരിഹസിക്കാനും ഇവര്‍ ഇത് ഉപയോഗിച്ചു.

അതേസമയം ഇന്ന് രാവിലെ ഇന്ത്യ ടുഡേയില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ഇന്ന് വൈകുന്നേരമായപ്പോള്‍ അപ്രത്യക്ഷമായിരിക്കുകയാണ്. ഇന്ത്യ ടുഡേയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഇത് അപ്രത്യക്ഷമായത്. അവരുടെ വെബ്‌സൈറ്റില്‍ വീഡിയോ സെക്ഷനില്‍ ഇത് ഇപ്പോഴുമുണ്ടെങ്കിലും അമിത് ഷായുടെ കൊച്ചുമകള്‍ ബിജെപി തൊപ്പി ഊരിക്കളയുന്നുവെന്ന ആദ്യത്തെ പരാമര്‍ശം നീക്കം ചെയ്തിട്ടുണ്ട്. ‘അമിത് ഷായുടെ കൊച്ചുമകള്‍ ബിജെപി തൊപ്പിയണിയാന്‍ വിസമ്മതിച്ചു’ എന്ന തലക്കെട്ടിലായിരുന്നു നേരത്തെ വാര്‍ത്ത വന്നത്. അതേസമയം റോഡ്‌ഷോയില്‍ തടിച്ചുകൂടിയ ആള്‍ക്കൂട്ടം ബിജെപി വിജയിക്കുമെന്നതിന്റെ സൂചനയാണെന്ന് അമിത് ഷാ പറയുന്നു.

ഇന്ത്യ ടുഡേയുടെ തന്നെ ആജ് തക്കും ഈ വാര്‍ത്ത നീക്കം ചെയ്തിട്ടുണ്ട്. ഇത് ആദ്യമായല്ല അമിത് ഷായെക്കുറിച്ചുള്ള ഒരു വാര്‍ത്ത അപ്രത്യക്ഷമാകുന്നത്. മുമ്പ് അദ്ദേഹത്തിന്റെ സ്വത്ത് സംബന്ധിച്ച വാര്‍ത്തയും സ്മൃതി ഇറാനിയുടെ ഡിഗ്രി സംബന്ധിച്ച വാര്‍ത്തയും ഇത്തരത്തില്‍ അപ്രത്യക്ഷമായിരുന്നു. അതേസമയം മുന്‍സംഭവങ്ങളെ പോലെ ഇതിന്റെ കാരണവും വ്യക്തമല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍