UPDATES

വിശകലനം

ആലപ്പുഴയില്‍ എല്‍ഡിഎഫിനെ തുണച്ചത് കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തിയ രാധാകൃഷ്ണന്‍ പിടിച്ച വോട്ടുകള്‍

1,86,013 വോട്ടുകളാണ് രാധാകൃഷ്ണന്‍ സ്വന്തമാക്കിയത്

എല്‍ഡിഎഫിന് ആശ്വാസമായ ഒരേയൊരു മണ്ഡലം, അതാണ് ആലപ്പുഴ. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ എം ആരിഫ് 8878 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആലപ്പുഴ ലോക്സഭാ മണ്ഡലത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. വോട്ടെണ്ണല്‍ തുടങ്ങിയത് മുതല്‍ നേരിയ മാര്‍ജിനില്‍ ലീഡ് നില മാറി മറിഞ്ഞ ആലപ്പുഴയില്‍ ഉച്ചയോടെ പതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലേക്ക് ആരിഫ് എത്തി. ഒരു ഘട്ടത്തില്‍ പതിനയ്യായിരം വോട്ടുകളുടെ ലീഡിലേക്ക് പോയെങ്കിലും വോട്ടെണ്ണല്‍ അവസാനിക്കുന്ന ഘട്ടമായപ്പോഴേക്കും അത് പതിനായിരത്തിലേക്ക് താഴ്ന്നു. ഒടുവില്‍ പോസ്റ്റല്‍ വോട്ടുകളും എണ്ണികഴിഞ്ഞപ്പോള്‍ 4,42,019 വോട്ടുകളോടെ ആരിഫ് വിജയിച്ചു.

ശക്തമായ പോരാട്ടം കാഴ്ചവച്ച ഷാനിമോള്‍ ഉസ്മാന്‍ 4,33,141 വോട്ട് നേടി. വിജയ സാധ്യത വളരെ കുറവ് കണക്കാക്കപ്പെട്ടിരുന്ന ഷാനിമോള്‍ അവസാനവട്ട വോട്ടെണ്ണല്‍ വരെ വിജയസാധ്യത നിലനിര്‍ത്തി. എന്നാല്‍ ജയപരാജയത്തില്‍ നിര്‍ണായകമായത് കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ കെ എസ് രാധാകൃഷ്ണന്‍ മണ്ഡലത്തില്‍ പിടിച്ച വോട്ടുകളാണ്. 1,86,013 വോട്ടുകളാണ് രാധാകൃഷ്ണന്‍ സ്വന്തമാക്കിയത്. മുന്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന എ വി താമരാക്ഷന് 43051 വോട്ടുകള്‍ മാത്രം ലഭിച്ചപ്പോള്‍ അതിലും നാല് മടങ്ങ് വോട്ടുകള്‍ നേടിയാണ് രാധാകൃഷ്ണന്‍ മത്സരഗതി നിയന്ത്രിച്ചത്.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 4,62,525 വോട്ടുകളാണ് വിജയിച്ച കെ സി വേണുഗോപാല്‍ നേടിയത്. 4,43,118 വോട്ടുകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സി ബി ചന്ദ്രബാബുവും നേടി. എന്നാല്‍ ചന്ദ്രബാബു നേടിയ വോട്ടുകള്‍ പോലും വിജയിച്ച എ എം ആരിഫിന് നേടാനായില്ല എന്നത് ശ്രദ്ധേയമാണ്. അതേസമയം യുഡിഎഫ് തരംഗത്തില്‍ മുങ്ങിയ കേരളത്തില്‍ നിന്ന് വിജയിച്ച ഏക എല്‍ഡിഎഫ് പ്രതിനിധി എന്ന നിലയില്‍ ഈ വിജയം പ്രധാന്യമര്‍ഹിക്കുന്നു.

ശ്രദ്ധേയമായ മറ്റൊരു കാര്യം, അരൂര്‍ എംഎല്‍എയായ ആരിഫിന് സ്വന്തം മണ്ഡലത്തില്‍ പോലും ഭൂരിപക്ഷം നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെന്നതാണ്. ചേര്‍ത്തല, കായംകുളം നിയമസഭാ മണ്ഡലങ്ങളില്‍ മാത്രമാണ് ആരിഫിന് ഭൂരിപക്ഷം ലഭിച്ചത്. കായംകുളത്ത് ആറായിരം വോട്ടുകളിലധികം ഭൂരിപക്ഷം നേടിയപ്പോള്‍ ചേര്‍ത്തലയില്‍ 17,400 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, അരൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ ഷാനിമോള്‍ ഉസ്മാന്‍ ലീഡ് ചെയ്തു. ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള രണ്ട് പേര്‍ ഏറ്റുമുട്ടിയപ്പോള്‍ ആരിഫിനാണ് കൂടുതല്‍ വോട്ട് നേടാനാത്. അതേസമയം ഹിന്ദു വോട്ടുകളുടെ ഏകീകരണം ഒരു പരിധിവരെയുണ്ടാവുകയും അത് കെ എസ് രാധാകൃഷ്ണന് ഗുണമാവുകയും ചെയ്തു. നല്ലൊരു ശതമാനം ക്രിസ്ത്യന്‍ സമുദായ വോട്ടുകളും കെഎസ് രാധാകൃഷ്ണന് നേടാനായി എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വോട്ടെണ്ണല്‍ തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റിടങ്ങളിലെ മത്സരഫലം സംബന്ധിച്ച് ഏകദേശ ധാരണ ലഭിച്ചെങ്കിലും ആലപ്പുഴയില്‍ അവസാന നിമിഷം വരെ അനിശ്ചിതത്വം തുടര്‍ന്നു. യഥാര്‍ഥത്തില്‍ ഫോട്ടോ ഫിനിഷ് എന്ന് വിളിക്കാവുന്ന തരത്തിലായിരുന്നു ആലപ്പുഴയിലെ മത്സരഫലം.

read more:ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ മാനംകാത്തത് കേരളത്തിലെ കോണ്‍ഗ്രസുകാരുടെ ബുദ്ധി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍