UPDATES

വാര്‍ത്തകള്‍

ഇത്തവണയില്ലെങ്കില്‍ ഒരിക്കലുമില്ലെന്ന് അറിയാമായിരുന്ന ഉണ്ണിത്താന്‍

ഇത്തവണയില്ലെങ്കില്‍ പിന്നെ ഒരിക്കലുമില്ല എന്ന ബോധ്യത്തിലായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കാസറഗോഡിനു പോയത്. തനിക്കൊപ്പം ഉള്ളവരും തനിക്കു പിന്നാലെ വന്നവരുമൊക്കെ പാര്‍ലമെന്ററി രംഗത്തും പാര്‍ട്ടി പദവികളിലും എത്തപ്പെട്ടപ്പോഴും ഉണ്ണിത്താന് നഷ്ടങ്ങളായിരുന്നു. നിയമസഭ/ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ മാറി മാറി മത്സരിക്കാന്‍ പാര്‍ട്ടി സിറ്റ് നല്‍കിയിട്ടുണ്ടെങ്കിലും ജയിക്കാനല്ല, വെറുതെ മത്സരിക്കാന്‍ മാത്രമാണവയെന്നു രാജ്‌മോഹന്‍ ഉണ്ണിത്താന് തന്നെ അറിയാമായിരുന്നു. അതുപോലെയായിരുന്നു പാര്‍ട്ടി സ്ഥാനങ്ങളുടെ കാര്യവും. ഇത്തവണ കെപിസിസി പുനഃസംഘടനയില്‍ പോലും ഉണ്ണിത്താന് നേരിട്ടത് അവഗണനായിരുന്നു. കെപിസിസി മെബര്‍ ആക്കാന്‍ പോലും ആര്‍ക്കും താത്പര്യമില്ലാതിരുന്നിടത്തു നിന്നും ഒടുവില്‍ പറയാനെങ്കിലും ഒരു സ്ഥാനം കിട്ടിയത് പ്രതിപക്ഷ നേതാവിന്റെ ദയയിലും. അതുകൊണ്ടൊക്കെ തന്നെ ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാസറഗോഡ് മത്സരിക്കാന്‍ അവസരം കിട്ടിയപ്പോള്‍ വിജയത്തെ കുറഞ്ഞൊന്നും ഉണ്ണിത്താന്റെ മനസില്‍ ഇല്ലായിരുന്നു.

തീര്‍ത്തും പ്രതികൂലമായൊരു കളത്തിലേക്കാണ് ഉണ്ണിത്താന്‍ ഇറങ്ങിയത്. പരമ്പരാഗത ഇടതു കോട്ടയാണ് കാസറഗോഡ്. എതിരിടാനുള്ളതാകട്ടെ സിപിഎമ്മിന്റെ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളിലൊരാളായ സതീഷ് ചന്ദ്രനും. മണ്ഡലത്തില്‍ ചിരപരിചിതനാണ് സതീഷ് ചന്ദ്രന്‍. ഉണ്ണിത്താനാകട്ടെ വരത്തനും. കൂനിന്‍മേല്‍ കുരുവെന്ന പോലെ, കാസറഗോഡെ കോണ്‍ഗ്രസ് നേതൃത്വത്തിന് ഉണ്ണിത്താന്റെ വരവ് പിടിച്ചില്ല. അതവര്‍ ജാഥയായും പരാതിയായുമൊക്കെ പ്രകടിപ്പിക്കുകയും ചെയ്തു. അവസാന നിമിഷം വരെ പറഞ്ഞുകേട്ട സുബയ്യ റായിയെ തഴഞ്ഞാണ് രാജ്‌മോഹന്‍ ഉണ്ണിത്താന് കാസറഗോഡ് സീറ്റ് നല്‍കിയത്. ഇതാണ് പൊട്ടിത്തെറിക്ക് കാരണമായത്. ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നിലിന്റെ നേതൃത്വത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരേ നീക്കങ്ങള്‍ നടന്നു. തനിക്ക് താമസിക്കാന്‍ സ്ഥലം നല്‍കിയില്ല, ഉച്ചയൂണ് നല്‍കിയില്ല എന്നൊക്കെയുള്ള രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരിവേദനങ്ങളും എല്ലാവരും കേട്ടതാണ്. എന്നാല്‍ ഇതിനെയെല്ലാം മുളയിലെ നുള്ളിക്കളയാന്‍ കഴിഞ്ഞിടത്താണ് ഉണ്ണിത്താന്റെ വിജയം. പ്രചാരണ പരിപാടി പറഞ്ഞിരിക്കുന്ന സ്ഥലത്ത് നിന്നും 40 കിലോമീറ്റര്‍ മാറി ഉണ്ണിത്താന് താമസസൗകര്യം ഏര്‍പ്പെടുത്തിയ ജില്ല നേതൃത്വത്തിന്റെ കളികള്‍ ഒട്ടും യാദൃശ്ചികമായിരുന്നില്ല. എന്നാല്‍ തനിക്കെതിരേ പാളയത്തില്‍ തന്നെ നടക്കുന്ന പടയൊരുക്കത്തിനെതിരേ ഉണ്ണിത്താന്‍ ഒരു നിമിഷം പോലും മൗനമായില്ല. പരസ്യമായി തന്നെ തന്റെ പരാതികള്‍ പറഞ്ഞു. അതായത് കോണ്‍ഗ്രസിനോട് പോലും വിട്ടുവീഴ്ച്ചയ്ക്ക് ഉണ്ണിത്താന്‍ തയ്യാറായില്ല. അതോടെ നേതൃത്വം ഇടപെട്ടു. ശക്തമായ താക്കീത് ജില്ല നേതത്വത്തിന് നല്‍കി. പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നതരത്തില്‍ തന്നെ വിരട്ടി. ഇതോടെ കളം ഉണ്ണിത്താന് അനുകൂലമായി മറിഞ്ഞു. അവിടെ നിന്നാണ് കാസറഗോഡ് എന്ന ഇടതു കോട്ട ഉണ്ണിത്താന്‍ കൈപിടിയിലാക്കുന്നത്.

Read: ഇത് വെറുമൊരു തരംഗമല്ല, കൊടുങ്കാറ്റാണ്

ഇടതുപക്ഷത്തിന്റെ മണ്ഡലം എന്നതിലുപരി സതീഷ് ചന്ദ്രന്റെ വ്യക്തിപ്രഭാവത്തില്‍ ഊന്നിയായിരുന്നു സിപിഎം ഇത്തവണ വിജയം പ്രതീക്ഷിച്ചത്. എന്നാല്‍ കാസറഗോഡ് ഇത്തവണ നടന്നത് വ്യക്തമായ രാഷ്ട്രീയ വോട്ടിംഗ് ആയിരുന്നു. സ്ഥാനാര്‍ത്ഥികളുടെ മെറിറ്റോ ഡിമെറിറ്റോ ആയിരുന്നില്ല ഘടകം. ആ രാഷ്ട്രീയ പോരാട്ടത്തിലാണ് ഉണ്ണിത്താന്‍ വിജയിച്ചത്. ഇടതു കോട്ടകളായ സ്ഥലങ്ങളില്‍ പോലും മേല്‍ക്കൈ നേടാന്‍ ഉണ്ണിത്താന് സാധിച്ചതും ശ്രദ്ധിക്കുക. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിന്റെ ഗുണം യുഡിഎഫ് അനുഭവിച്ചതിന്റെ മറ്റൊരു ഉദ്ദാഹരണം കൂടിയാണ് കാസറഗോഡ്. പ്രത്യേകിച്ച് തീരപ്രദേശങ്ങളിലെ മുസ്ലിം വോട്ടുകള്‍ പാടെ കോണ്‍ഗ്രസിന് അനുകൂലമായി. ഇതോടൊപ്പം ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് ഇടഞ്ഞു നിന്നവരും യുഡിഎഫിലേക്ക് പോയി. ബിജെപി കിട്ടുമെന്നു കരുതിയ വോട്ടുകളായിരുന്നു കളം മാറി ഉണ്ണിത്താനു വീണത്. വലിയ തോതില്‍ അല്ലെങ്കിലും കാസറഗോഡും ശബരിമല തിരിച്ചടിയായി എന്നത് ഇടതുപക്ഷത്തെ ചിന്തിപ്പിക്കും. ഇതിനൊപ്പം രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാന്‍ വന്നതിലൂടെ കിട്ടിയ അനുകൂല തരംഗം ഉണ്ണിത്താനും ഗുണം ചെയ്തു. ഇതിനെല്ലാം അപ്പുറം മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കന്മാര്‍ പറയുന്ന കാര്യം, ഈ വിജയം സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരായ വിജയം എന്നാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെ കൊലപാതകം വലിയ രീതിയില്‍ സിപിമ്മിനെതിരേ തിരിയാന്‍ ജനങ്ങളെ പ്രേരിപ്പിച്ചെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഉദുമ മണ്ഡലത്തിലെ കല്ല്യാട്ട് നടന്ന കൊലപാതകം, സിപിഎം മണ്ഡലമായിരുന്നിട്ടു കൂടി അവിടെ പാര്‍ട്ടിയെ കൈവിടാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കിയെന്നത് ഉണ്ണിത്താന്‍ നേടിയ വോട്ടുകള്‍ കൊണ്ട് തെളിയുന്ന കാര്യമാണ്. എല്ലാ വിലയിരുത്തലുകള്‍ക്കുമൊടുവില്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ദീര്‍ഘകാലത്തെ തന്റെ രാഷ്ട്രീയ ജീവിതത്തിനിടയിലെ ഏറ്റവും തിളക്കമേറിയ വിജയം സ്വന്തമാക്കിയിരിക്കുന്നു.

Read: ഷാനിമോള്‍ ഉസ്മാനോട് ആലപ്പുഴ ചെയ്തത് ചതി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍