UPDATES

വാര്‍ത്തകള്‍

മായാവതി ദേശീയ പ്രതീകം, അവരോട് സ്‌നേഹവും ബഹുമാനവും: രാഹുല്‍ ഗാന്ധി

മായാവതിയെ പ്രതിപക്ഷം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയേക്കും എന്ന അഭ്യൂഹങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. രാഹുല്‍ ഗാന്ധി തന്നെ പ്രധാനമന്ത്രിയാകണം എന്ന നിര്‍ബന്ധം കോണ്‍ഗ്രസിനില്ല എന്ന് എകെ ആന്റണി പറഞ്ഞിരുന്നു.

ബി എസ് പി അധ്യക്ഷ മായാവതി ദേശീയ പ്രതീകമാണ് എന്നും അവരോട് സ്‌നേഹവും ബഹുമാനവുമാണ് ഉള്ളത് എന്നും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. അവര്‍ രാജ്യത്തിന് നല്‍കുന്ന സംഭാവനകളോട് ബഹുമാനമാണ്. അവര്‍ മറ്റൊരു പാര്‍ട്ടിയില്‍ പെട്ട ആളായിരിക്കാം. എന്നാല്‍ അവര്‍ ഈ രാജ്യത്തിന് ഒരു സന്ദേശം നല്‍കുന്നുണ്ട്. ഞങ്ങള്‍ രാഷ്ട്രീയമായ പോരാട്ടത്തിലാണ്. കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഞങ്ങളുടെ പോരാട്ടം. എനിക്ക് അവരോട് സ്‌നേഹവും ബഹുമാനവുമാണ് – രാഹുല്‍ പറഞ്ഞു.

അതേസമയം രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മായാവതി രംഗത്തെത്തി. ഏപ്രില്‍ 26ന് ദലിത് സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് രാജസ്ഥാന്‍ സര്‍ക്കാരിനെ മായാവതി വിമര്‍ശിച്ചത്. രാജസ്ഥാനില്‍ വോട്ടെടുപ്പ് കഴിയുന്നത് വരെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി അവര്‍ ഈ വിവരം മറച്ചുവച്ചു. ഇരയുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തി. സുപ്രീം കോടതി രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ നടപടി സ്വീകരിക്കണം.

കോണ്‍ഗ്രസിനെ എസ് പിയും ബി എസ് പിയും യുപിയില്‍ സഖ്യത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും രാഹുല്‍ ഗാന്ധി മത്സരിക്കുന്ന അമേഠിയിലും സോണിയ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിലും ബി എസ് പി – എസ് പി മഹാസഖ്യത്തിന്റെ പിന്തുണ കോണ്‍ഗ്രസിനായിരുന്നു. മധ്യപ്രദേശില്‍ ബി എസ് പി സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലേയ്ക്ക് പോയതിനെ തുടര്‍ന്ന് മായാവതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ചെറിയ ഭൂരിപക്ഷം മാത്രമുള്ള കമല്‍നാഥ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കും എന്ന് മായാവതി ഭീഷണി മുഴക്കിയിരുന്നു.

മായാവതിയെ പ്രതിപക്ഷം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയേക്കും എന്ന അഭ്യൂഹങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. രാഹുല്‍ ഗാന്ധി തന്നെ പ്രധാനമന്ത്രിയാകണം എന്ന നിര്‍ബന്ധം കോണ്‍ഗ്രസിനില്ല എന്ന് മുതിര്‍ന്ന നേതാവായ എകെ ആന്റണി പറഞ്ഞിരുന്നു. യുപിയില്‍ 38 സീറ്റിലാണ് ബി എസ് പി മത്സരിക്കുന്നത്. സമാജ് വാദി പാര്‍ട്ടി 37 സീറ്റിലും. ബി എസ് പി – എസ് പി മഹാസഖ്യത്തിന്റെ പ്രധാനപ്പെട്ട നേതാക്കള്‍ മത്സരിക്കുന്ന സീറ്റുകള്‍ ഒഴിച്ച്‌നിര്‍ത്തി ബാക്കി സീറ്റുകളില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് ജനവിധി തേടുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍