UPDATES

വാര്‍ത്തകള്‍

കോണ്‍ഗ്രസിന്റെ മൈദമാവ് പരിപാടി ഇനി ഇവിടെ വേവില്ല: കടകംപള്ളി സുരേന്ദ്രന്‍

കോണ്‍ഗ്രസിന്റെ നിലപാട് മൈദമാവ് പോലെയാണ്. കേന്ദ്രനേതൃത്വം അതുകൊണ്ട് ദോശ ചുടും, കെപിസിസി പോറോട്ട ചുടും ചില നേതാക്കള്‍ ബോണ്ട ഉണ്ടാക്കും

കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍. തിരുവന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യ വല്‍ക്കരണവുമായി ബന്ധപ്പെട്ടാണ് മന്ത്രിയുടെ വിമര്‍ശനം. കോണ്‍ഗ്രസിന്റെ നിലപാട് മൈദാമാവു പോലെയാണെന്നും ഓരോരുത്തരും അവരവരുടേതായ രീതിയിലാണ് നിലപാടുകള്‍ വ്യക്തമാക്കുന്നതെന്നു ആരോപിച്ച് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കടകംപ്പള്ളി സുരേന്ദ്രന്‍ വിമര്‍ശനവുമായി എത്തിയത്.

കോണ്‍ഗ്രസ് നേതൃത്വവും അനുയായികളും ഇങ്ങനെ പുകമറ സൃഷ്ടിച്ചു ജനങ്ങളെ കബളിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്നും വിമാനത്താവള സ്വകാര്യ വല്‍ക്കരണത്തിന് അനുകൂലമാണോ എതിരാണോ കോണ്‍ഗ്രസ് നിലപാട് എന്ന് വ്യക്തമാക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തയ്യാറാകണമെന്നും പോസ്റ്റില്‍ പറയുന്നു.

പോസ്റ്റ് പൂര്‍ണ്ണ രൂപത്തില്‍,

കോണ്‍ഗ്രസുകാരുടെ നിലപാട് മൈദാമാവ് പോലെ ആണെന്നൊരു തമാശ ഉണ്ട്. ഓരോരുത്തര്‍ക്കും അത് ഓരോ രീതിയില്‍ ഉപയോഗിക്കാം. കേന്ദ്ര നേതൃത്വം നല്ലവണ്ണം വെള്ളം ചേര്‍ത്ത് ദോശ ചുടും. കെ പി സി സി ഇതേ മൈദാമാവ് കട്ടിയില്‍ കുഴച്ച് പൊറോട്ട ചുടും. ചില നേതാക്കള്‍ കാരവും പഞ്ചസാരയും ചേര്‍ത്ത് ബോണ്ട ഉണ്ടാക്കും. ഇങ്ങനെ ഒരേ വിഷയത്തില്‍ തന്നെ പല പല നിലപാട് ആയിരിക്കും അവര്‍ എടുക്കുക. എങ്ങനെ വീണാലും പൂച്ച നാല് കാലില്‍ എന്ന് പറയുന്ന പോലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഇതില്‍ ഏതേലും ഒന്ന് കാണിച്ചു ഇതാണ് ഞങ്ങളുടെ നിലപാട് എന്ന് പറഞ്ഞു രക്ഷപ്പെടാനും സാധിക്കും.

ഇതിപ്പോള്‍ പറയാന്‍ കാരണം കോണ്‍ഗ്രസുകാരുടെ ഒരു പ്രചരണം ഫേസ്ബുക്കില്‍ വ്യാപകമായി കാണാനിടയായി. അദാനിക്ക് വിമാനത്താവളം വിട്ടു കൊടുത്തപ്പോള്‍ കേരളം ഭരിച്ചത് ഇടതുപക്ഷമല്ലേ എന്നാണ് ചോദ്യം. 
കേന്ദ്രസര്‍ക്കാര്‍ തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണ പദ്ധതി കൊണ്ട് വന്നപ്പോള്‍ മുതല്‍ അതിശക്തമായി ഇടതുപക്ഷ സര്‍ക്കാര്‍ അതിനെ എതിര്‍ക്കുകയും വിയോജിപ്പ്‌ അറിയിക്കുകയും ചെയ്തിട്ടുണ്ട്. സ്വകാര്യവല്‍ക്കരണത്തില്‍ നിന്ന് പിന്തിരിയണമെന്നും വികസനം സിയാല്‍ മാതൃകയില്‍ ആക്കണമെന്നുമുള്ള സംസ്ഥാനത്തിന്റെ അഭ്യര്‍ത്ഥന അവഗണിച്ചു ടെണ്ടര്‍ വിളിക്കുകയാണ്‌ കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. രണ്ട തവണ മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചെങ്കിലും അനുകൂല സമീപനം സ്വീകരിക്കുവാന്‍ കേന്ദ്രം തയ്യാറായില്ല. കണ്ണൂര്‍, കൊച്ചി വിമാനത്താവളങ്ങളുടെ നിര്‍മ്മാണത്തിലും നടത്തിപ്പിലുമുള്ള സംസ്ഥാനത്തിന്റെ പരിചയം കണക്കിലെടുത്ത് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് സംസ്ഥാനത്തെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനം രൂപീകൃതമാകുന്നതിനു മുമ്പ് തിരുവിതാംകൂര്‍ രാജാവ് കൈമാറിയ ഭൂമിയും, സംസ്ഥാനം രൂപീകൃതമായശേഷം സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ ഭൂമിയും ഉള്‍പ്പെടുന്നതിനാലും സ്വകാര്യവല്‍ക്കരിക്കുന്നപക്ഷം നല്‍കിയ ഭൂമിയുടെ പരിഗണന നല്‍കുമെന്ന് 2003-ല്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നതും പരിഗണിച്ചാണ് സര്‍ക്കാര്‍ ഇപ്രകാരമൊരു ആവശ്യം മുന്നോട്ടുവച്ചത്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സംസ്ഥാനത്തിന്റെ അധീനതയിലുള്ള ഒരു സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ മുഖേന നടപ്പാക്കണമെന്നും വിമാനനത്താവളത്തിന് ഏറ്റെടുത്ത് നല്‍കിയ ഭൂമിയുടെ വിലയ്ക്ക് തത്തുല്യമായ ഓഹരി സംസ്ഥാനത്തിന് നല്‍കണമെന്ന നിര്‍ദ്ദേശവും കേന്ദ്രത്തെ അറിയിച്ചിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ അനുകൂല നിലപാട് ഉണ്ടാകാത്തതിനാല്‍ വിമാനത്താവള നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ‘തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ്’ എന്ന ഒരു സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കുകയുണ്ടായി. ബിഡിനുള്ള നടപടിക്രമങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കുന്ന എസ്.പി.വിക്ക് പരിധിയില്ലാത്ത റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പരിമിതമായ 10 ശതമാനം റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസല്‍ നല്‍കാനാണ് കേന്ദ്രം സമ്മതിച്ചത്. തുടര്‍ന്ന് നടന്ന ടെണ്ടറില്‍ വിമാനത്താവള നടത്തിപ്പില്‍ പ്രായോഗിക പരിജ്ഞാനം ഇല്ലാത്ത അദാനി ഗ്രൂപ്പ്‌ നടത്തിപ്പ് അവകാശം നേടുകയായിരുന്നു. ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളെ സ്വകാര്യവല്‍ക്കരിക്കുന്ന കാലത്ത് മുന്‍പരിചയം നിര്‍ബന്ധമായിരുന്നു. ഇതിന് പുറമെ മുന്‍പരിചയമുള്ള ഒരു കമ്പനിയെ ഒഴിവാക്കുകയും ചെയ്തു. അദാനി ഗ്രൂപ്പ് വാഗ്ദാനം ചെയ്ത നിരക്ക് തന്നെ നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുപറഞ്ഞിട്ടും അവരെ തന്നെ തിരഞ്ഞെടുത്ത എഎഐയുടെ നടപടി പൊതുതാല്‍പര്യത്തിന് വിരുദ്ധവും നിയമങ്ങളുടെ ലംഘനവുമാണ്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. നമ്മുടെ സ്വന്തം വിമാനത്താവളം സ്വകാര്യ കുത്തകകളുടെ കൈയില്‍ അകപ്പെടാതെ ഇരിക്കാന്‍ ഏതറ്റം വരെ പോകാനും സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. ഇതിനു പുറമേ വിമാനത്താവള സ്വകാര്യവല്‍ക്കരണത്തിനെതിരെ അതിശക്തമായ പ്രതിഷേധപരിപാടികള്‍ ഇടതുമുന്നണി നടത്തുകയുണ്ടായി. പൊതുജനങ്ങളെ സംഘടിപ്പിച്ചു ബഹുജന കണ്‍വന്‍ഷനുകളും പ്രതിഷേധ യോഗങ്ങളും നടത്തി. സംസ്ഥാനവ്യാപകമായും തിരുവനന്തപുരം ജില്ലയില്‍ പ്രത്യേകമായും കരിദിനാചരണം നടത്തി.

എന്നാല്‍ കോണ്‍ഗ്രസും യൂ ഡി എഫും മൈദാമാവ് നിലപാട് ആണ് ഇക്കാര്യത്തില്‍ സ്വീകരിച്ചത്. കോണ്ഗ്രസ് സംസ്ഥാന നേതൃത്വത്തിനു വിഭിന്നമായി സ്വകാര്യവല്‍ക്കരണത്തെ അനുകൂലിക്കുന്ന നിലപാട് ആയിരുന്നു തിരുവനന്തപുരം എം പി ആയിരുന്ന ശശി തരൂര്‍ സ്വീകരിച്ചത്. സ്വകാര്യവല്‍ക്കരണ നീക്കം വിമാനത്താവളത്തിന് ഗുണം ചെയ്യും എന്നാണ് അദ്ദേഹം പറഞ്ഞത്. കക്ഷിരാഷ്ട്രീയ ഭേദമെന്യേ ആയിരക്കണക്കിന് തൊഴിലാളികളുടെ ജോലി വരെ അനിശ്ചിതാവസ്ഥയില്‍ നില്‍ക്കെയാണ് തീര്‍ത്തും തൊഴിലാളി വിരുദ്ധവും സംസ്ഥാന താല്‍പര്യങ്ങള്‍ക്കും എന്തിനേറെ പറയുന്നു കൊണ്ഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിന്റെ പോലും നിലപാടുകള്‍ക്ക് കടകവിരുദ്ധവുമായ അഭിപ്രായപ്രകടനം അദ്ദേഹം നടത്തിയത്.

കോണ്‍ഗ്രസ് നേതൃത്വവും അനുയായികളും ഇങ്ങനെ പുകമറ സൃഷ്ടിച്ചു ജനങ്ങളെ കബളിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ തയ്യാറാകണം. വിമാനത്താവള സ്വകാര്യവല്‍ക്കരണത്തിന് അനുകൂലമാണോ എതിരാണോ കോണ്‍ഗ്രസ് നിലപാട് എന്ന് വ്യക്തമാക്കാന്‍ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും തയ്യാറാകണം. ശശി തരൂര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാടുകലെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായം എന്താണെന്നും ശശി തരൂരിനെ തിരുത്താന്‍ ഉള്ള ആര്‍ജ്ജവം ഉണ്ടോ എന്നും വ്യക്തമാക്കണം. മൈദാമാവ് പരിപാടി ഇനിയിവിടെ വേവില്ല എന്ന് മനസിലാക്കുന്നത് നല്ലതാണു.’

 

Read More : തോറ്റാല്‍ പണി കിട്ടും; ശശി തരൂരിന് അള്ള് വെക്കാന്‍ നോക്കിയ മൂവര്‍ സംഘത്തിന് ഹൈക്കമാന്‍ഡിന്റെ താക്കീത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍