UPDATES

ട്രെന്‍ഡിങ്ങ്

എംഎല്‍എ പരീക്ഷണം; മൂന്നിലും വിജയിച്ച് യുഡിഎഫ്, ആരിഫില്‍ ഒതുങ്ങി എല്‍ഡിഎഫ്

എന്തായലും പാലായിലടക്കം അഞ്ചു മണ്ഡലങ്ങളില്‍ ഇനി നിയമസഭ ഉപതെരഞ്ഞെടുപ്പ് വരും. ബാക്കി കാഴ്ച്ചകള്‍ അവിടെയാണ്.

കേരളത്തില്‍ നിന്നും പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ ഇത്തവണ രംഗത്തിറങ്ങിയത് ഒമ്പത് എംഎല്‍എമാര്‍ ആയിരുന്നു. അതില്‍ നാലുപേര്‍ വിജയിച്ചു. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും ആലപ്പുഴയില്‍ എ എം ആരിഫും വടകരയില്‍ കെ മുരളീധരനും എറണാകുളത്ത് ഹൈബി ഈഡനുമാണ് എം പിമാരായ എംഎല്‍എമാര്‍. ഇവരെക്കൂടാതെ പത്തനം തിട്ടയില്‍ വീണ ജോര്‍ജും, കോഴിക്കോട് പ്രദീപ് കുമാറും, പൊന്നാനിയില്‍ പി വി അന്‍വറും മാവേലിക്കരയില്‍ ചിറ്റയും ഗോപകുമാറും, തിരുവനന്തപുരത്ത് സി ദിവാകരനും മത്സരത്തിനുണ്ടായിരുന്നു. ഇവര്‍ യഥാക്രമം ആറന്മുള, കോഴിക്കോട്, നിലമ്പൂര്‍, അടൂര്‍, നെടുമങ്ങാട് നിയമസഭ മണ്ഡലങ്ങളിലെ ജനപ്രതിനിധികളാണ്. ഇടതുപക്ഷം അവരുടെ ആറു എംഎല്‍എമാരെയാണ് കളത്തില്‍ ഇറക്കിയത്. യുഡിഎഫ് മൂന്നും. ഇതില്‍ യുഡിഎഫിന്റെ മൂന്നു എംഎല്‍എമാരും വിജയിച്ചപ്പോള്‍ എല്‍ഡിഎഫിന്റെ ഒറ്റ എംഎല്‍എയ്ക്കാണ് എംപിയാകാന്‍ കഴിഞ്ഞത്. ബാക്കി അഞ്ചുപേരും തോറ്റു.

ഇതോടെ നാലു നിയമസഭ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിനും കളമൊരുങ്ങി. കെ മുരളീധരന്റെ മണ്ഡലമായ വട്ടിയൂര്‍ക്കാവ്, അടൂര്‍ പ്രകാശ് പ്രതിനിധീകരിച്ചിരുന്ന കോന്നി, ഹൈബി ഈഡന്റെ മണ്ഡലമായ എറണാകുളം, എ എം ആരിഫിന്റെ അരൂര്‍ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. ഇതില്‍ മൂന്നു നിയമസഭ മണ്ഡലങ്ങളും കോണ്‍ഗ്രസ് അനുകൂല മണ്ഡലങ്ങളാണെന്നതിനാല്‍ ഉപതെരഞ്ഞെടുപ്പിലും വിജയിച്ച് നിയമസഭയിലെ അംഗസംഖ്യയില്‍ മാറ്റമില്ലാതെ തുടരാന്‍ യുഡിഎഫിന് കഴിയുമെന്നാണ് കണക്കുകൂട്ടല്‍. അതേസമയം അരൂരില്‍ മാത്രമാണ് ഇടതു പ്രതീക്ഷ. എങ്കില്‍ കൂടിയും അരൂരില്‍ ആരിഫ് നാലു തവണയും എംഎല്‍എ ആയത് അതൊരു ഇടതു കോട്ടയായതുകൊണ്ടല്ല, മറിച്ച് ആരിഫിന്റെ വ്യക്തിപരമായ സ്വാധീനം കൊണ്ടുകൂടിയാണ്. അങ്ങനെ വരുമ്പോള്‍ ആരിഫിന് പകരം വരുന്ന സ്ഥാനാര്‍ത്ഥിക്ക് വിജയം എളുപ്പമാകില്ല. മറുവശത്ത് യുഡിഎഫ് ശക്തമായൊന്ന് ആഞ്ഞു പിടിച്ചാല്‍ മണ്ഡലം കൂടെ പോരാതെയുമിരിക്കില്ല. ഇതെല്ലാം കൊണ്ട് വരുന്ന ഉപതെരഞ്ഞെടുപ്പില്‍, ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥ മാറാതിരുന്നാല്‍, ഇടതു മുന്നണിക്ക് പ്രതീക്ഷകളൊന്നും അധികം വേണ്ട. യുഡിഎഫിനാകട്ടെ പ്രതീക്ഷിക്കാന്‍ ഏറെയുണ്ടുതാനും.

Read: ഇത് വെറുമൊരു തരംഗമല്ല, കൊടുങ്കാറ്റാണ്

എംഎല്‍എമാര്‍ വിജയിച്ച മണ്ഡലങ്ങളില്‍ എറണാകുളം ഒഴിച്ച് ബാക്കി രണ്ടിടത്തും യുഡിഎഫിന് ഉണ്ടായിരിക്കുന്നത് അട്ടിമറി വിജയങ്ങളാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ആറ്റിങ്ങലിലെ അടൂര്‍ പ്രകാശിന്റെ വിജയമാണ്. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ തുടര്‍ച്ചയായി വിജയിച്ചു വന്ന എ സമ്പത്തിനെയാണ് അടൂര്‍ പ്രകാശ് കീഴടക്കിയത്. കേരളത്തില്‍ യുഡിഎഫിന് വലിയ മുന്നേറ്റം പ്രവചിച്ചപ്പോഴും സര്‍വേകളും എക്‌സിറ്റ് പോളുകളും ഇടതിനു സാധ്യത കല്‍പ്പിച്ചിടമായിരുന്നു ആറ്റിങ്ങല്‍. ഉറച്ച ഇടതുകോട്ടയെന്ന വിശേഷണമായിരുന്നു ആ മണ്ഡലത്തിന് ഉണ്ടായിരുന്നത്. ഇത്തവണയെങ്ങനെയെങ്കിലും ആറ്റിങ്ങല്‍ തിരിച്ചുപിടിക്കണമെന്ന തീരുമാനത്തിലാണ് അടൂര്‍ പ്രകാശിനെ അവിടെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ തീരുമാനം ഉണ്ടായത്. ആ തീരുമാനം അടൂര്‍ പ്രകാശ് വിജയിപ്പിച്ചു. അതേസമയം സമ്പത്തിന്റെ തോല്‍വി ഇടതുപക്ഷത്തിന്, പ്രത്യേകിച്ച് സിപിഎമ്മിന് ഏറ്റ കനത്ത പ്രഹരമാണ്.

വടകര യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് ആയിരുന്നെങ്കിലും നിലവിലെ എംപി മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്റ് ആയതോടെ, വീണ്ടും നില്‍ക്കാന്‍ താത്പര്യം പ്രകടിപ്പിക്കാതിരുന്നതിനാല്‍ ഇത്തവണ ഇവിടെ ആരെ മത്സരിപ്പിക്കുമെന്ന കാര്യത്തില്‍ വലിയ അനിശ്ചിത്വം ഉണ്ടായി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വൈകാനും അത് കാരണമായി. പല പേരുകളും ഉയര്‍ന്നു വന്നെങ്കിലും പി ജയരാജന്‍ എന്ന ശക്തനെ സിപിഎം വടകരയില്‍ രംഗത്തിറക്കിയ സാഹചര്യത്തില്‍, വിജയിക്കാന്‍ കഴിവുള്ളൊരാള്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വേണമെന്ന ആവശ്യത്തില്‍ ചര്‍ച്ചകള്‍ ഏറെ നീണ്ടു. മുല്ലപ്പള്ളിക്കു മേല്‍ വരെ സമ്മര്‍ദ്ദം ഉണ്ടായെങ്കിലും ആരുമാരും വഴങ്ങാതെ നിന്നിടത്താണ് കെ മുരളീധരന്‍ എന്ന തുറുപ്പുഗുലാനെ കേരള നേതൃത്വം രംഗത്തിറക്കിയത്. ജീവന്‍മരണ പോരാട്ടമായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ മത്സരിക്കാന്‍ തയ്യാറായ മുരളീധരന്‍ വിജയിക്കുമ്പോള്‍ അത് അദേഹത്തിന് കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിനുള്ളില്‍ പ്രധാനിയാകാനുള്ള അവസരം കൂടിയാണ് നല്‍കിയിരിക്കുന്നത്.

സ്ഥാനാര്‍ത്ഥികളുടെ വ്യക്തിപ്രാഭാവം കൊണ്ട് ശ്രദ്ധേയമായ മണ്ഡലമായിരുന്നു എറണാകുളം. പി. രാജീവ് എന്ന മികച്ച പാര്‍ലമെന്റേറിയനെ ഇടതുപക്ഷം എറണാകുളത്ത് രംഗത്തിറക്കിയപ്പോള്‍, വിജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ പ്രതീക്ഷിച്ചിരുന്നില്ല. എതിര്‍സ്ഥാനാര്‍ത്ഥിയായി സിറ്റിംഗ് എം പി കെ വി തോമസ് തന്നെയായിരിക്കും ഇത്തവണയും മത്സരത്തിനുണ്ടാവുകയെന്ന ആത്മവിശ്വാസവും ഇടതിനുണ്ടായിരുന്നു. എന്നാല്‍ ഒരു ‘റിസ്‌ക്’ തന്നെയെടുത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം തോമസ് മാഷിനെ വെട്ടി ഹൈബി ഈഡനെ രാജീവിനെ തോല്‍പ്പിച്ച് എറണാകുളം നിലനിര്‍ത്താന്‍ കളത്തിലിറക്കി. എറണാകുളം യുഡിഎഫിന്റെ ഉറച്ച മണ്ഡലങ്ങളില്‍ ഒന്നാണെങ്കിലും രാജീവ് ഇത്തവണ അട്ടിമറി നടത്തുമോയെന്ന ആശങ്ക ഹൈബിയുടെ വരവോടെ കോണ്‍ഗ്രസിനും യുഡിഎഫിനും മാറി. തുടക്കത്തില്‍ തന്നെ പ്രവചിച്ചതുപോലൊരു ഫലം ഇവിടെ ഉണ്ടാവുകയും ചെയ്തു.

സാഹചര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമല്ലെന്ന് ആദ്യം തന്നെ മനസിലാക്കിയാണ് ഇടതു മുന്നണി ഇത്തവണ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. യുഡിഎഫിനെയും എന്‍ഡിഎയെയും മുന്നേ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കളം പിടിക്കാന്‍ എല്‍ഡിഎഫ് ശ്രമിച്ചതും അതുകൊണ്ടാണ്. മികച്ചയാളുകളെ തന്നെ സ്ഥാനാര്‍ത്ഥികളാക്കാന്‍ എല്‍ഡിഎഫിനു കഴിയുകയും ചെയ്തു. അതിന്റെ ഭാഗമാണ്, ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമെന്നോണം ആറ് എംഎല്‍എമാരെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാനും എല്‍ഡിഎഫ് തീരുമാനിച്ചത്. സ്ഥാനാര്‍ത്ഥികളാക്കിയ എംഎല്‍എമാര്‍ എല്ലാവരും തന്നെ സ്വന്തം നിലയ്ക്ക് വോട്ട് ബെയ്സ് ഉള്ളവരുമായിരുന്നു. അവര്‍ നിയമസഭയിലേക്ക് മത്സരിച്ച് ജയിക്കാന്‍ കാണിച്ച മിടുക്ക് പാര്‍ലമെന്റിലേക്കും കാണിച്ചാല്‍ വിജയം ഉറപ്പെന്നായിരുന്നു എല്‍ഡിഎഫിന്റെ കണക്കുക്കൂട്ടല്‍. എന്നാല്‍ ആ പ്രതീക്ഷ കാത്തത് എ എം ആരിഫ് മാത്രമാണ്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് മണ്ഡലമായ ആലുപ്പഴയില്‍ ഉറച്ച വിജയപ്രതീക്ഷയോടെ തന്നെയാണ് ആരിഫ് മത്സരിക്കാന്‍ ഇറങ്ങിയത്. 20 ല്‍ 20 ഉം എന്ന മാന്ത്രിക സംഖ്യ യുഡിഎഫിന് സ്വന്തമാക്കാന്‍ കഴിയാതെ തടഞ്ഞ ഒരേയോരു സിപിഎം സ്ഥാനാര്‍ത്ഥിയെന്ന വിശേഷണം ഇനിയെന്നും ആരിഫിനു മേല്‍ കാണും. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു തുടക്കം മുതല്‍ ഷാനിമോള്‍ ഉസ്മാനുമായി നടത്തിയതെങ്കിലും മോശമല്ലാത്ത മാര്‍ജിനില്‍ വിജയിച്ച്, അരൂരിന്റെ ഐശ്വര്യം ഇനി ആലപ്പുഴയുടേതെന്ന പരസ്യവാചകം വെറുതായാക്കിയില്ല ആരിഫ്. ഇടതുപക്ഷത്തിന് പ്രവചിച്ച സീറ്റുകളില്‍ ആകെ വിജയം കാണാന്‍ കഴിഞ്ഞതും ആരിഫിനാണ്. കെ സി വേണുഗോപാല്‍ എന്ന കരുത്തന്‍ വിട്ടുകൊടുത്ത കളത്തില്‍ ഷാനിമോള്‍ ഏറെ പ്രതീക്ഷ വച്ചിരുന്നതെങ്കിലും കോണ്‍ഗ്രസിന് ഈ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ ഏക വേദനയായും ഇടതുപക്ഷത്തിന് ഏക ആശ്വാസമായും ആലപ്പുഴയെ അരൂര്‍ എംഎല്‍എ എടുത്തു.

പരാജയപ്പെട്ടവരുടെ കൂട്ടത്തിലാണെങ്കിലും ഇടതുപക്ഷത്തിന് അല്‍പ്പമെങ്കിലും ആശ്വസിക്കാന്‍ വക നല്‍കിയ മറ്റൊരു എംഎല്‍എ പത്തനംതിട്ടയില്‍ മത്സരിച്ച വീണ ജോര്‍ജ് ആണ്. ഇവിടെ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിക്കു പിന്നില്‍ വരാന്‍ വീണയ്ക്ക് കഴിഞ്ഞു. രണ്ടാം സ്ഥാനമാണെങ്കിലും അത് ഇടതുപക്ഷത്തെ സംബന്ധിച്ച് ആശ്വാസകരമാണ്. കാരണം, ശബരിമല ക്ഷേത്രം ഉള്‍പ്പെടുന്ന മണ്ഡലമാണ് പത്തനംതിട്ട. ബിജെപി അവര്‍ വിജയിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന മണ്ഡലങ്ങളില്‍ പ്രധാനപ്പെട്ടത്. ശബരിമല സ്ത്രീ പ്രവേശനത്തെ തുടര്‍ന്ന് കേരളത്തില്‍ ഉണ്ടായ സംഭവ വികാസങ്ങളുടെ പ്രതിഫലനം ഏറ്റവുമധികം ഉണ്ടാകുമെന്നു കരുതിയ മണ്ഡലവും പത്തനംതിട്ടയായിരുന്നു. ഇവിടെ മൂന്നാം സ്ഥാനത്തേക്ക് ഇടതു സ്ഥാനാര്‍ത്ഥി വീണു പോയിരുന്നെങ്കില്‍ അത് സംസ്ഥാന സര്‍ക്കാരിന് തന്നെ വന്‍ തിരിച്ചടിയാകുമായിരുന്നു. അങ്ങനെ സംഭവിക്കാതെ, കെ സുരേന്ദ്രനെ മൂന്നാം സ്ഥാനത്തേക്ക് മാറ്റി നിര്‍ത്താന്‍ വീണയ്ക്ക് കഴിഞ്ഞത് തീര്‍ച്ചയായും നേട്ടം തന്നെയാണ്.

Read: പാട്ടുപാടി വോട്ട് തേടിയ രമ്യയെ അതിന്റെ പേരില്‍ കടന്നാക്രമിക്കാന്‍ സിപിഎം ശ്രമിച്ചപ്പോള്‍, തെറ്റിയത് അവര്‍ക്കായിരുന്നു

ഇടത് എംഎല്‍എമാര്‍ മത്സരിച്ചതില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് തിരുവനന്തപുരത്ത് സി ദിവാകരനാണ്. ഇവിടെ മൂന്നാം സ്ഥാനത്തേക്കാണ് സിപിഐ എംഎല്‍എ പിന്തള്ളപ്പെട്ടത്. 2014 ലെ തെരഞ്ഞെടുപ്പിലും സിപിഐ തിരുവനന്തപുരത്ത് മൂന്നാം സ്ഥാനത്തായിരുന്നു. ഒരുകാലത്ത് സിപിഐയുടെ കോട്ടയെന്നു പറയപ്പെട്ട മണ്ഡലമാണിത്. സിപിഐയുടെ പ്രമുഖ നേതാക്കളൊക്കെ ഇവിടെ നിന്നും പാര്‍ലമെന്റില്‍ എത്തിയിട്ടുമുണ്ട്. എന്നാല്‍ ഇപ്പോള്‍ സിപിഐ തിരുവനന്തപുരത്ത് അപ്രധാനിയായി മാറിയിരിക്കുകയാണെന്നാണ് ദിവാകരനെ പോലെ ശക്തനായൊരു നേതാവിന് ഉണ്ടായ പതനവും സൂചിപ്പിക്കുന്നത്. ബിജെപി കുമ്മനം രാജശേഖരനിലൂടെ അകൗണ്ട് തുറക്കുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷിച്ചിരുന്ന മണ്ഡലത്തില്‍ ശശീ തരൂര്‍ മൂന്നാം തവണയും വിജയിച്ചപ്പോള്‍ ബിജെപിക്ക് കഴിഞ്ഞ തവണത്തെപ്പോലെ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അപ്പോഴും അവര്‍ക്ക് ആശ്വസിക്കാം. ആശ്വസിക്കാന്‍ ഒന്നുമില്ലാതെ പോയത് ഇടതു മുന്നണിക്കാണ്.

മാവേലിക്കരയെന്ന കോണ്‍ഗ്രസ് മണ്ഡലത്തില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ വിജയത്തുടര്‍ച്ചയ്ക്ക് തടയിടാനാണ് അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറിനെ രംഗത്തിറക്കിയതെങ്കിലും ആ പരീക്ഷണം പരാജയപ്പെട്ടു. വിചാരിച്ചതുപോലെ ഒരു പോരാട്ടം നടത്താന്‍ ചിറ്റയത്തിന് കഴിഞ്ഞില്ല. കോഴിക്കോട് സിറ്റിംഗ് എംപി എം കെ രാഘവനെ തോല്‍പ്പിക്കാന്‍ സിപിഎം കണ്ടുപിടിച്ച ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥി തന്നെയായിരുന്നു കോഴിക്കോട് എംഎല്‍എ ആയ പ്രദീപ് കുമാര്‍. രാഘവനെതിരേ ഒളിക്കാമറ വിവാദം കൂടി വന്നതോടെ പ്രദീപ് കുമാര്‍ അത്ഭുതം കാണിക്കുമെന്ന് കരുതി. എന്നാല്‍ രാഘവന്‍ വ്യക്തമായ ലീഡ് ഓടുകൂടി വിജയം ആവര്‍ത്തിച്ചപ്പോള്‍ സിപിഎമ്മിന്റെ മറ്റൊരു എംഎല്‍എ പരീക്ഷണം കൂടി പാളിപ്പോയി. അതേ പാളല്‍ തന്നെയാണ് പൊന്നാനിയിലും കണ്ടത്. ലീഗ് കോട്ടയായ പൊന്നാനിയില്‍ ഇത്തവണ ചെങ്കൊടി പാറിക്കുമെന്ന അവകാശവാദമായിരുന്നു അവസാനം വരെ നിലമ്പൂരിലെ സിപിഎം സ്വതന്ത്രനായ ജനപ്രതിനിധി പി വി അന്‍വര്‍ നടത്തിക്കൊണ്ടിരുന്നത്. തോറ്റാല്‍ താന്‍ എംഎല്‍എ സ്ഥാനം വരെ രാജിവയ്ക്കുമെന്ന് പറയാന്‍ വരെ അന്‍വര്‍ തയ്യാറായി. പിന്നീടത് മാറ്റി പറഞ്ഞെങ്കിലും. പക്ഷേ, ജയിച്ചില്ലെങ്കില്‍ പോലും അന്‍വര്‍ നടത്തിയ അവകാശവാദങ്ങള്‍ പോലെ ഇ ടി മുഹമ്മദ് ബഷീറിനെ ഒന്നു വിറപ്പിക്കാന്‍ പോലും കഴിഞ്ഞില്ലെന്നതിന്റെ നാണക്കേട് സിപിഎം കൂടി പേറണം. വോട്ടെണ്ണലിനു മുന്നേ തന്നെ സിപി ഐക്കാര്‍ തനിക്ക് പാരവച്ചു എന്നു പറഞ്ഞ് വിവാദം ഉണ്ടാക്കിയതാണ് അന്‍വര്‍. ഇപ്പോള്‍ തോറ്റ് കഴിഞ്ഞ സ്ഥിതിക്ക് അന്‍വറിന്റെ കൂടുതല്‍ പ്രസ്താവനകള്‍ പുറത്തു വന്നാല്‍, ഈ എംഎല്‍എ മത്സരിച്ചതിന്റെ പേരില്‍ സിപിഎം-സിപിഐ ഏറ്റുമുട്ടല്‍ വരെ നടന്നേക്കും.

എന്തായലും പാലായിലടക്കം അഞ്ചു മണ്ഡലങ്ങളില്‍ ഇനി നിയമസഭ ഉപതെരഞ്ഞെടുപ്പ് വരും. ബാക്കി കാഴ്ച്ചകള്‍ അവിടെയാണ്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍