UPDATES

വാര്‍ത്തകള്‍

നിശബ്ദ പ്രചാരണം നടക്കുന്ന 91 മണ്ഡലങ്ങളില്‍ മോദിയുടെ പ്രസംഗം തുടരെത്തുടരെ സംപ്രേക്ഷണം ചെയ്ത് നമോ ടിവി

ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 126 പ്രകാരം തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് നമോ ടിവിക്കോ ഡി ടി എച്ച് ഓപ്പറേറ്റര്‍ക്കോ എതിരെ ഒരു നടപടിയും ഇതുവരെയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൈക്കൊണ്ടിട്ടില്ല

20 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 91 മണ്ഡലങ്ങളിലേക്കുള്ള പരസ്യ പ്രചാരണം അവസാനിച്ചിട്ടും കഴിഞ്ഞ പത്തു ദിവസമായി വിവാദത്തിന്റെ കേന്ദ്ര ബിന്ദുവായ നമോ ടിവി പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. വ്യാഴാഴ്ച പോളിംഗ് ബൂത്തുകളിലേക്ക് പോകുന്ന മണ്ഡലങ്ങളില്‍ ഉള്‍പ്പെടെ.

ചൊവാഴ്ച വൈകുന്നേരം 5 മണി എന്ന സമയ പരിധിക്ക് ശേഷവും പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങള്‍ തുടര്‍ച്ചയായി സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുകയാണ് നമോ ടിവി. എന്നാല്‍ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 126 പ്രകാരം തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് നമോ ടിവിക്കോ ഡി ടി എച്ച് ഓപ്പറേറ്റര്‍ക്കോ എതിരെ ഒരു നടപടിയും ഇതുവരെയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൈക്കൊണ്ടിട്ടില്ല.

തിരഞ്ഞെടുപ്പ് കമീഷനില്‍ നിന്നുള്ള ചില സ്രോതസ്സുകള്‍ വെളിപ്പെടുത്തുന്നത് നമോ ടിവി വഴിയുള്ള പരസ്യ സംപ്രേക്ഷണത്തിന്റെ ചിലവ് ബിജെപിയുടെ തിരഞ്ഞെടുപ്പ് ചെലവായി രേഖപ്പെടുത്തും എന്നാണ്. കൂടാതെ നമോ ടിവിയിലൂടെ സംപ്രേക്ഷണം ചെയ്യുന്ന ഉള്ളടക്കം നേരത്തെ സര്‍ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളതാണോ എന്നു പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മീഷനോട് ആവശ്യപ്പെടാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡല്‍ഹി ഓഫീസിലേക്ക് കത്തക്കാനും തീരുമാനിച്ചതായി ദി ഇന്‍ഡ്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നമോ ടിവി മുഴുവന്‍ സമയ വാര്‍ത്താ ചാനല്‍ അല്ലെന്നും നാപ്‌റ്റോള്‍ പോലുള്ള ഒരു പരസ്യ പ്ലാറ്റ്‌ഫോം മാത്രമാണെന്നുമാണ് എന്നാണ് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ നിലപാട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എല്ലാ പ്രചരണ പരിപാടികളും തത്സമയം റിപ്പോര്‍ട്ട് ചെയ്യുന്ന നമോ ടി വിക്കെതിരെ നടപടിയെടുക്കാനാകില്ലെന്നും മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിലവില്‍ എല്ലാ ഡിടിഎച്ച് പ്ലാറ്റ്‌ഫോമുകളിലും നമോ ടി വി ലഭ്യമാണ്.

എന്നാല്‍ പ്ലാറ്റ് ഫോം സര്‍വീസോ ചാനലോ ആയാലും നിശബ്ദ പ്രചാരണ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണ ഉള്ളടക്കം സംപ്രേക്ഷണം ചെയ്യുന്നത് ജനപ്രാതിനിധ്യ നിയമ പ്രകാരം ചട്ട ലംഘനമാണ് എന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയുമാണ് ചാനലിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് നേരത്തെ തന്നെ പരാതി നല്‍കിയിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഐ ആന്‍ഡ് ബി മന്ത്രാലയത്തോട് വിശദീകരണം തേടിയത്. എന്നാല്‍ ടിവിയുടെ ഉടമ ആരാണെന്നും ഇതിന്റെ ഫണ്ട് എവിടെ നിന്നാണെന്നും ഇനിയും വ്യക്തമായിട്ടില്ല. ഇതിന്റെ പേരിലുള്ള വെബ്‌സൈറ്റിന്റെ ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അജ്ഞാതന്‍ എന്ന പേരിലാണ്.

ബിജെപി ഇന്ത്യ എന്ന ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ചാനല്‍ തുടങ്ങുന്ന വിവരവും പുറത്തുവിട്ടത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം മാര്‍ച്ച് 31നാണ് നമോ ടിവി എന്ന ചാനല്‍ തുടങ്ങിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷമാണ് ചാനല്‍ തുടങ്ങിയത്. മാര്‍ച്ച് 10നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചത്. അന്ന് മുതല്‍ പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു.

പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം ഇത്തരമൊരു ചാനല്‍ തുടങ്ങാന്‍ ബിജെപിക്ക് എങ്ങനെ സാധിക്കുമെന്നാണ് ആംആദ്മി പാര്‍ട്ടി ചോദിക്കുന്നത്. ഐ ആന്‍ഡ് ബി മന്ത്രാലയത്തിന്റെ അംഗീകരിക്കപ്പെട്ട ടി വി ചാനല്‍ പട്ടികയില്‍ നമോ ടിവി എന്നൊരു ചാനല്‍ ഇല്ല. ഈ സാഹചര്യത്തില്‍ ഇത്തരമൊരു ചാനല്‍ പ്രവര്‍ത്തിക്കുന്നതിനെ കോണ്‍ഗ്രസും ചോദ്യം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍