UPDATES

വിശകലനം

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ പകരമാര്? പിന്‍മാറിയ സിദ്ധിഖ് വീണ്ടും വരുമോ? അതോ ഒ സിയോ? കെ സിയോ?

തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും പിസിസികളും രാഹുല്‍ തങ്ങളുടെ സംസ്ഥാനത്ത് മത്സരിക്കണമെന്ന ആവശ്യം നേരത്തെ മുന്നോട്ട് വച്ചിരുന്നു

വയനാട്ടില്‍ ടി സിദ്ധിഖ് പ്രചരണം തുടങ്ങിയതിന് ശേഷമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക പോലും പുറത്തിറങ്ങുന്നത്. വയനാട്ടിലും വടകരയിലുമൊഴികെ മറ്റെല്ലായിടത്തും അവര്‍ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചും കഴിഞ്ഞിരുന്നു. അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കങ്ങള്‍ പ്രതീക്ഷിക്കുമ്പോള്‍ തന്നെയാണ് വയനാട്ടില്‍ സിദ്ധിഖിന് പകരം രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന വാര്‍ത്ത പുറത്തു വരുന്നത്. എഐസിസി ആ വാര്‍ത്ത നിഷേധിച്ചിട്ടില്ലെങ്കിലും ക്ഷണത്തെ സ്വാഗതം ചെയ്യുന്നുമുണ്ട്.

വി ടി ബല്‍റാമാണ് രാഹുല്‍ കേരളത്തില്‍ മത്സരിക്കണമെന്ന ആവശ്യം ആദ്യമായി ഉന്നയിച്ചത്. ആ വാക്കുകളെ ബല്‍റാമിന്റെ ഒരു പതിവ് ഫേസ്ബുക്ക് പോസ്റ്റ് പോലെ തമാശയായി മാത്രമാണ് എല്ലാവരും കണ്ടതും. മുസ്ലീം ലീഗിലെ കെ എം ഷാജി എംഎല്‍എയും ഇതേ ആവശ്യം ഫേസ്ബുക്കിലൂടെ അറിയിച്ചു. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം രാഹുല്‍ വയനാട്ടില്‍ നിന്നും മത്സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടതായി ഉമ്മന്‍ ചാണ്ടി അറിയിച്ചതോടെയാണ് ഈ വാര്‍ത്തയ്ക്ക് കാമ്പുണ്ടായത്. രാഹുല്‍ മത്സരിക്കുമെങ്കില്‍ പിന്മാറാന്‍ തയ്യാറാണെന്ന് സിദ്ധിഖും അറിയിച്ചതോടെ വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന വാര്‍ത്തയ്ക്ക് ശക്തി കൂടി. കേരളത്തിന്റെ ആവശ്യം പരിഗണനയിലാണെന്നാണ് എഐസിസി അറിയിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറിയും നിലവില്‍ രാഹുലിന്റെ വിശ്വസ്ഥനുമായ കെ സി വേണുഗോപാല്‍ ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അത് ഔദ്യോഗികമായി പരിശോധിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്നാണ് ഉറപ്പിച്ച് പറഞ്ഞത്.

തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും പിസിസികളും രാഹുല്‍ തങ്ങളുടെ സംസ്ഥാനത്ത് മത്സരിക്കണമെന്ന ആവശ്യം നേരത്തെ മുന്നോട്ട് വച്ചിരുന്നു. ആവശ്യം പരിഗണിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. തൊട്ടുപിന്നാലെ പിസിസികള്‍ തങ്ങളുടെ ശക്തികാട്ടാനായി രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. രാഹുല്‍ കേരളത്തിലേക്ക് വരുന്നത് സ്വാഗതാര്‍ഹം തന്നെയാണെങ്കിലും ആര് ആരെയാണ് നേരിടേണ്ടതെന്ന ചോദ്യമാണ് എല്ലാവര്‍ക്കും ഉന്നയിക്കാനുള്ളത്. ബിജെപിക്കെതിരായ നിലപാടില്‍ വെള്ളം ചേര്‍ക്കാനാണ് രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നതെന്ന് ഇവിടുത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ പോലും അഭിപ്രായമുള്ളത്. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചതും. ബിജെപിയ്ക്ക് പകരം ഇടതുപക്ഷത്തെ നേരിടുന്നതിലൂടെ ഇടതുപക്ഷത്തെയാണ് തകര്‍ക്കേണ്ടതെന്ന സന്ദേശമാണ് രാഹുല്‍ നല്‍കുന്നതെന്നും അദ്ദേഹം പറയുന്നു.

നേരെ തിരിച്ച് രാഹുലിനെ പേടിച്ച് സിപിഐ സ്ഥാനാര്‍ത്ഥി പി പി സുനീറിനെ പിന്‍വലിക്കില്ലെന്നാണ് കാനം രാജേന്ദ്രന്‍ പറയുന്നത്. രാഹുലിനെ രാഷ്ട്രീയപരമായും ആശയപരമായും നേരിടുമെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി അവകാശപ്പെടുന്നത്. രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ സിപിഐ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ ഉള്‍പ്പെടെ ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രാഹുലിന് വഴിയൊരുക്കലല്ല തങ്ങളുടെ ജോലിയെന്നതാണ് കാനത്തിന്റെ നിലപാട്.

ഏറ്റവുമൊടുവില്‍ മുതിര്‍ന്ന നേതാവ് പത്ര സമ്മേളനവുമായി രംഗത്തെത്തി. രാഹുൽ ഗാന്ധി വയനാട്ടിൽ മൽസരിക്കുമെന്ന് അദ്ദേഹം സമ്മതിച്ചെന്ന് ആങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് വസ്തുതാ പരമല്ലെന്നാണ് പി സി ചാക്കോ പറഞ്ഞത്. രാഹുൽ ഗാന്ധി ഇതു വരെ റിപ്പോർട്ടുകളോട് അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായാണ് രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം എന്ന വാർത്തകൾ ശരിയല്ലെന്നു അദ്ദേഹം പറയുന്നു. എന്നാൽ ഗ്രൂപ്പ് താൽപര്യങ്ങൾക്ക് അതീതമായി പ്രവർത്തിക്കാൻ കേരളത്തിലെ നേതാക്കൾക്ക് കഴിയുന്നില്ല. പക്വമായല്ല, ഗ്രൂപ്പ് വീതം വയ്പ്പാണ് കേരളത്തിലെ സ്ഥാനാർഥി നിർ‌ണയത്തിൽ നടന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

അതേസമയം മുല്ലപ്പള്ളി ഇന്ന് നടത്താനിരുന്ന പത്രസമ്മേളനം നാളത്തേക്ക് മാറ്റി. കോണ്‍ഗ്രസ്സിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി നാളെയാണ് യോഗം ചേരുന്നത്. അതിനു ശേഷം മാത്രമേ രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച് എന്തെങ്കിലും തീരുമാനം ഉണ്ടാകുകയുള്ളൂ.

അണിയറ ചര്‍ച്ചകള്‍ പുരോഗമിക്കട്ടെ. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ പകരമാര്? പിന്‍മാറിയ സിദ്ധിഖ് വീണ്ടും വരുമോ? അതോ ഉമ്മന്‍ ചാണ്ടിയോ? കെ സിയോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍