UPDATES

വിശകലനം

രാഹുല്‍ പ്രഭാവം ഇല്ല, ഭൂരിപക്ഷം ലക്ഷം കടക്കില്ലെന്ന് സര്‍വെ, കോണ്‍ഗ്രസ് അധ്യക്ഷനെ വയനാട്ടിലെത്തിച്ചവര്‍ മറുപടി പറയേണ്ടിവരുമോ?

വയനാട്ടിലെ പകുതി വോട്ടര്‍മാരുടെ പിന്തുണ പോലും നേടാന്‍ സാധിച്ചില്ലെങ്കില്‍ എന്തിനാണ് രാഹുല്‍ ഇവിടെ മത്സരിച്ചതെന്ന ചോദ്യം ഉയരുന്നുണ്ട്

വയനാട്ടില്‍ രാഹുല്‍ ഗാന്ധി വന്നാല്‍ ഭൂരിപക്ഷം രണ്ട് ലക്ഷം കവിയുമെന്നും തെക്കെ ഇന്ത്യ ആകെ കോ്ണ്‍ഗ്രസിന് അനുകൂലമായ വികാരം രൂപപ്പെടുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെട്ടത്. എന്നാല്‍ പുറത്തുവരുന്ന സര്‍വെകള്‍ സൂചിപ്പിക്കുന്നത് രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം ലക്ഷത്തില്‍ എത്തില്ലെന്നാണ്. ഇതോടെ ഇടതുപക്ഷത്തെ പ്രകോപിപ്പിച്ച് രാഹുലിനെ വയനാട്ടിലെത്തിച്ച കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ രാഷ്ട്രീയ തന്ത്രത്തെക്കുറിച്ചാണ് സംശയം ഉയരുന്നത്. തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി നേതൃത്വത്തോട് ഇവര്‍ വിശദീകരണം നല്‍കേണ്ടിവരുമൊ എന്നുമുള്ള സംശയങ്ങളാണ് പൊതുവില്‍ ഉയരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് AZ റിസര്‍ച്ച് സര്‍വേ പുറത്തുവരുമ്പോള്‍ ശബരിമലയും രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വവും വലിയ സ്വാധീനം ചെലുത്തില്ലെന്നാണ് തെളിഞ്ഞത്. 20,870 വോട്ടിന്റെ ഭൂരിപക്ഷമാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംഐ ഷാനവാസ് നേടിയത്. രാഹുല്‍ മത്സരിക്കാനെത്തുമ്പോള്‍ രണ്ട് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. വയനാട് മണ്ഡലത്തില്‍ പതിമൂന്ന് ലക്ഷം വോട്ടര്‍മാരാണ് ആകെയുള്ളത്.

2014ലെ തെരഞ്ഞെടുപ്പില്‍ ഒമ്പത് ലക്ഷത്തിന് മുകളില്‍ ജനങ്ങളാണ് ഇവിടെ വോട്ട് ചെയ്തത്. ഈ കണക്കിലാണ് ഏഷ്യാനെറ്റ് സര്‍വേ നടത്തിയിരിക്കുന്നതും. ഈ കണക്ക് നോക്കിയാല്‍ രാഹുലിന് രണ്ട് ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷം നേടണമെങ്കില്‍ കുറഞ്ഞത് അഞ്ച് ലക്ഷം വോട്ടെങ്കിലും നേടേണ്ടതുണ്ട്. 3.77 ലക്ഷം വോട്ടായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഷാനവാസ് നേടിയത്. എന്നാല്‍ സര്‍വേ ഫലത്തില്‍ 45 ശതമാനം വോട്ടാണ് രാഹുലിന് പ്രതീക്ഷിക്കുന്നത്. അതായത് ഏകദേശം നാല് ലക്ഷം വോട്ട്. രണ്ടാം സ്ഥാനത്തെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പി പി സുനീറിന്റെ വോട്ട് ഷെയര്‍ 39 ശതമാനമായിരിക്കുമെന്നും സര്‍വേ ഫലത്തില്‍ പറയുന്നുണ്ട്. അതായത് 3.5 ലക്ഷത്തോളം വോട്ട് സുനീര്‍ പിടിക്കും. അങ്ങനെ നോക്കിയാല്‍ രാഹുലിന് കിട്ടുന്ന ഭൂരിപക്ഷം കേവലം നാല് ലക്ഷം മാത്രമായിരിക്കും.

2009ലെ തെരഞ്ഞെടുപ്പില്‍ എംഐ ഷാനവാസ് 1.5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവിടെ നേടിയത്. വയനാട്ടിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഇത്. ഇതിനെ മറികടന്ന് ഇക്കുറി രണ്ട് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്നാണ് യുഡിഎഫ് അവകാശപ്പെട്ടത്. അതിലുപരി രാഹുലിന്റെ വരവ് കേരളത്തില്‍ യുഡിഎഫ് തരംഗത്തിന് വഴിവയ്ക്കുമെന്നുമുള്ള കണക്കു കൂട്ടലുകളെയുമാണ് ഈ സര്‍വേ ഫലം ചോദ്യം ചെയ്യുന്നത്. രണ്ട് ലക്ഷം പോയിട്ട് അതിന്റെ പകുതി പോലും ഭൂരിപക്ഷം നേടാന്‍ രാഹുലിന് സാധിച്ചില്ലെങ്കില്‍ തന്നെ അതൊരു പരാജയമാണ്. കോണ്‍ഗ്രസിന് ഉറപ്പുള്ള മണ്ഡലത്തില്‍ മത്സരിച്ചിട്ട് പോലും അതിശയ ഭൂരിപക്ഷം നേടാനായില്ലെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജനകീയനല്ലെന്ന് പറയേണ്ടി വരും. രാഹുലിന്റെ ഈ പരാജയം അദ്ദേഹത്തേക്കാളുപരി ബാധിക്കുന്നത് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെയാണ്. കോണ്‍ഗ്രസ് എന്ന സംഘടനയുടെ പരാജയമാണ് ഇത്. രാഹുലിന് പോലും പ്രതീക്ഷിച്ച വോട്ട് നേടിക്കൊടുക്കാന്‍ സാധിച്ചില്ലെങ്കില്‍ കേരളത്തിലെ മറ്റ് 19 മുന്നണി സ്ഥാനാര്‍ത്ഥികളില്‍ ആര്‍ക്ക് വേണ്ടിയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്ന ചോദ്യം ഉയരുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷത്തെ തെരഞ്ഞെടുപ്പുകളേക്കാള്‍ എല്‍ഡിഎഫിന് വോട്ട് ഷെയര്‍ കൂടുതല്‍ കിട്ടുന്നതും ഇക്കുറിയായിരിക്കുമെന്നാണ് സര്‍വേ ഫലം തെളിയിക്കുന്നത്. 2009ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം റഹമത്തുള്ള 31.23 ശതമാനം വോട്ട് നേടിയിരുന്നു. 2014ല്‍ സത്യന്‍ മൊകേരി സ്ഥാനാര്‍ത്ഥിയായപ്പോള്‍ 38.92 ശതമാനത്തിലെത്തി. ഈ വോട്ട് ഷെയര്‍ ഇക്കുറി 39 ശതമാനത്തിന് മുകളിലേക്ക് പോകുമെന്നാണ് കണക്കുകൂട്ടപ്പെടുന്നത്.

45 ശതമാനം വോട്ടാണ് രാഹുലിന് സര്‍വേയില്‍ പ്രതീക്ഷിക്കുന്നത്. വയനാട്ടിലെ പകുതി വോട്ടര്‍മാരുടെ പിന്തുണ പോലും നേടാന്‍ സാധിച്ചില്ലെങ്കില്‍ എന്തിനാണ് രാഹുല്‍ ഇവിടെ മത്സരിച്ചതെന്ന ചോദ്യം ഉയരുന്നുണ്ട്. അത് മാത്രമല്ല, അങ്ങനെയെങ്കില്‍ അദ്ദേഹത്തെ ഇവിടെ മത്സരിപ്പിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞവരുടെ രാഷ്ട്രീയ ബുദ്ധിയും ചോദ്യം ചെയ്യപ്പെടേണ്ടിയിരിക്കുന്നു. രാഹുല്‍ ഗാന്ധി വന്നിട്ട് പോലും കോണ്‍ഗ്രസിന്റെ സംഘടനാ തലത്തില്‍ കെട്ടുറപ്പുണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നതാണ് സത്യം. അതുകൊണ്ടാണല്ലോ പല സ്ഥാനാര്‍ത്ഥികളും പ്രചരണത്തിലെ നേതൃത്വത്തിന്റെ പങ്കാളിത്തത്തെക്കുറിച്ച് പരാതിപ്പെട്ടത്. മറ്റ് മണ്ഡലങ്ങളില്‍ നിന്നും വ്യത്യസ്തമായി മുഴുവന്‍ നേരവും സ്ഥാനാര്‍ത്ഥിയുടെ സാന്നിധ്യത്തിന് യാതൊരു സാധ്യതയുമില്ലാത്ത മണ്ഡലമാണ് വയനാട്. അങ്ങനെ നോക്കിയാല്‍ രാഹുലിന് കുറയുന്ന ഓരോ വോട്ടുകള്‍ക്കും കണക്ക് പറയേണ്ടി വരുന്നത് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍