UPDATES

സ്ഥാനാര്‍ത്ഥിയെ അറിയാം

ശബരിമലയുടെ മണ്ണില്‍ ‘വീരപരിവേഷം’ തുണയ്ക്കുമോ? കെ സുരേന്ദ്രന്റെ രാഷ്ട്രീയ ജീവിതം ഇങ്ങനെ

കെ സുരേന്ദ്രന്‍ ആരാണെന്നോ ആരായിരുന്നുവെന്നോ കേരള സമൂഹത്തിന് പറഞ്ഞ് തരേണ്ടി വരില്ലെന്ന് ഉറപ്പാണ്

ബിജെപി കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഏറ്റവുമധികം ആശയക്കുഴപ്പത്തിലായ മണ്ഡലമാണ് പത്തനംതിട്ട. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നേട്ടം കൊയ്യാമെന്ന് ഉറപ്പിച്ചിരിക്കുമ്പോഴാണ് എല്‍ഡിഎഫും യുഡിഎഫും മണ്ഡലത്തിലെ റിസല്‍റ്റിനെ തന്നെ സ്വാധീനിക്കാനാരുന്ന വീണാ ജോര്‍ജ്ജിനെയും ആന്റോ ആന്റണിയെയും സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചത്. ആന്റോയുടെ സ്ഥാനാര്‍ത്ഥിത്വം നേരത്തെ തന്നെ ഉറപ്പായിരുന്നെങ്കിലും ബിജെപി വോട്ട് പിടിക്കാനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ടാണ് എല്‍ഡിഎഫ് നിലവിലെ എംഎല്‍എ ആയിരുന്ന വീണയെ വീണ്ടും കളത്തിലിറക്കുന്നത്. അതേസമയം ബിജെപിയെ സംബന്ധിച്ച് ആര് മത്സരിക്കണമെന്ന തര്‍ക്കമായിരുന്നു പത്തനംതിട്ടയിലുണ്ടായിരുന്നത്. ഒടുവില്‍ അവര്‍ അതിന് കണ്ടെത്തിയ പരിഹാരമാണ് കെ സുരേന്ദ്രന്‍.

ശബരിമലയിലെ ആചാര സംരക്ഷണത്തിന് വേണ്ടി ജയിലില്‍ കിടന്ന മറ്റൊരു മഹാത്മാഗാന്ധിയാണെന്നാണ് സുരേന്ദ്രനെക്കുറിച്ച് ബിജെപി പ്രവര്‍ത്തകര്‍ക്കിടയിലുള്ള വിശ്വാസം. ശബരിമലയിലെ യുവതീ പ്രവേശനം എതിര്‍ത്ത് രംഗത്ത് വന്ന ആയിരക്കണക്കിന് ആളുകളെ കണ്ടാണ് പത്തനംതിട്ട സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി കടിപിടുത്തം നടന്നത്. സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയ്ക്കും ജനറല്‍ സെക്രട്ടറിമാരായ എം ടി രമേശിനും സുരേന്ദ്രനും ഒരുപോലെ കണ്ണുണ്ടായിരുന്ന മണ്ഡലമാണ് ഇത്. എന്നാല്‍ നാമജപത്തിന് വന്നവരെല്ലാം പത്തനംതിട്ട മണ്ഡലത്തില്‍ തന്നെ വോട്ടുള്ളവരാണെന്ന മിഥ്യാധാരണയിലാണ് ഇവര്‍. സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാണെന്ന പ്രഖ്യാപനം വന്നപ്പോള്‍ ഒരു ധീര വിപ്ലവകാരിയെ ഇറക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. അതു തന്നെയാണ് അവര്‍ സുരേന്ദ്രനില്‍ കാണുന്ന പ്രതീക്ഷയും. ക്രിസ്ത്യന്‍ വോട്ടുകളും പാര്‍ട്ടി വോട്ടുകളും ഹരിച്ചും ഗുണിച്ചും നോക്കുമ്പോള്‍ ഉത്തരം മാറി വരുന്നുണ്ട്. അതിനാല്‍ തന്നെ പത്തനംതിട്ടയില്‍ വീണ ജോര്‍ജ്ജിനും ആന്റോ ആന്റണിക്കും കിട്ടാവുന്ന വോട്ടുകളെക്കുറിച്ച് ഒന്നും പറയാനാകില്ല. എന്നാല്‍ ഇവരില്‍ ആരുടെയെങ്കിലും വോട്ട് സുരേന്ദ്രനെന്ന രക്തസാക്ഷിക്ക് കിട്ടിയാല്‍ മാത്രമാണ് ബിജെപിക്ക് പ്രതീക്ഷയുള്ളൂ.

ആ പ്രതീക്ഷകള്‍ അവിടുത്തെ സമുദായ-രാഷ്ട്രീയ സമവാക്യങ്ങള്‍ക്കനുസരിച്ചിരിക്കും. സുരേന്ദ്രന് പ്രതീക്ഷിക്കാനാകുന്നത് പത്തനംതിട്ടയിലെ ഹൈറേഞ്ച് ഈഴവരുടെ വോട്ടുകളാണ്. എസ്എന്‍ഡിപിയുടെ അഴകൊഴമ്പന്‍ നിലപാടുകള്‍ ആരിലുമുണ്ടാക്കുന്ന ആശയക്കുഴപ്പം ഇവിടെ പ്രശ്‌നമാകുകയും ചെയ്യും. എന്‍എസ്എസ് പണ്ടേ കൂടെയുണ്ടാകുമെന്ന് ഉറപ്പിച്ചാണ് സുരേന്ദ്രന്‍ എത്തുന്നത്. ആചാരണ സംരക്ഷണത്തില്‍ അവരുടെ നേതാവ് സുരേന്ദ്രനായിരുന്നല്ലോ?

കെ സുരേന്ദ്രന്‍ ആരാണെന്നോ ആരായിരുന്നുവെന്നോ കേരള സമൂഹത്തിന് പറഞ്ഞ് തരേണ്ടി വരില്ലെന്ന് ഉറപ്പാണ്. കീറിയ ഷര്‍ട്ടും തലയില്‍ ഇരുമുടിക്കെട്ടുമായാണ് നാം സുരേന്ദ്രനെ അവസാനം കണ്ടത്. പിന്നീട് ശബരിമല ആചാര സംരക്ഷണത്തിന്റെ പേരില്‍ ജയിലുകളും കോടതികളും കയറിയിറങ്ങുന്ന സുരേന്ദ്രനെയും നാം കണ്ടതാണ്. സോഷ്യല്‍ മീഡയയില്‍ സജീവമായിരിക്കുമ്പോഴും മാധ്യമങ്ങളോട് നേരിട്ട് പ്രതികരിക്കാന്‍ വിമുഖതയുള്ള നേതാവാണ് സുരേന്ദ്രന്‍. സാക്ഷാല്‍ മോദിയുടെ ലൈന്‍. ആകെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരുന്നത് താനെന്തോ ചെയ്തുവെന്ന് തോന്നുമ്പോള്‍ മാത്രം.

പക്ഷെ മറ്റൊരു സുരേന്ദ്രനുണ്ട്. കോഴിക്കോട് സാമൂതിരി കോളേജിലെ എബിവിപി നേതാവായിരുന്ന സുരേന്ദ്രന്‍. അടുത്തകാലം വരെയും എബിവിപിയുടെ കോട്ടയായിരുന്നു സാമൂതിരി കോളേജ്. എബിവിപിയിലും ബിജെപിയിലുമായി വിവിധ പദവികള്‍ വഹിച്ച സുരേന്ദ്രന്‍ പിന്നീട് കാസറഗോഡേക്ക് ചുവടുമാറ്റി. അവിടുത്തെ ജനങ്ങളുമായി സംവദിക്കാനായി തന്നെ സുരേന്ദ്രന്‍ തുളു, കന്നഡ ഭാഷകള്‍ പഠിക്കുകയും ചെയ്തു. ഇതിന് ഫലവുമുണ്ടായി. 2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാസറഗോഡ് മത്സരിച്ച സുരേന്ദ്രന്‍ 1.25 ലക്ഷം വോട്ടുകള്‍ നേടി കരുത്ത് തെളിയിച്ചു. 2011ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മത്സരിച്ച സുരേന്ദ്രന്‍ സിപിഎം സ്ഥാനാര്‍ത്ഥി സി എച്ച് കുഞ്ഞമ്പുവിനെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തി. വിജയിച്ച മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പി ബി അബ്ദുള്‍ റസാഖിനെക്കാള്‍ 5,828 വോട്ടുകള്‍ മാത്രമായിരുന്നു സുരേന്ദ്രന് കുറവ്. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാകുന്നതിന് മുമ്പ് മുന്‍ ബിജെപി ദേശീയ പ്രസിഡന്റ് വെങ്കയ്യ നായിഡു സുരേന്ദ്രനെ കാസറഗോഡ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് വിവാദമായിരുന്നു. അതിനെതിരെ രംഗത്തെത്തിയത് ബിജെപി നേതാക്കളായ ശോഭാ സുരേന്ദ്രനും വി മുരളീധരനുമാണ്. അതേസമയം ഇത്തരം വിമര്‍ശനങ്ങളെയെല്ലാം അതിജീവിച്ച് കാസറഗോഡ് തന്നെ മത്സരിച്ച സുരേന്ദ്രന്‍ 1.72 ലക്ഷം വോട്ടുകളാണ് പിടിച്ചത്. ഇതോടെ പാര്‍ട്ടിയില്‍ സുരേന്ദ്രന്‍ പറയുന്നത് ശ്രദ്ധിക്കുന്ന ഒരു വലിയ വിഭാഗം തന്നെ രൂപപ്പെടുകയും ചെയ്തു. സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തായിരുന്നെങ്കിലും കേരളത്തിലെ മോദി തരംഗത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു അദ്ദേഹത്തിന് കിട്ടിയ വോട്ട് ശതമാനം. അത് ഇപ്പോഴും അതേവിധത്തില്‍ ആഘോഷിക്കപ്പെടുന്നുമുണ്ട്.

2016ല്‍ സുരേന്ദ്രന്‍ ബിജെപിയുടെ കേരളത്തിലെ ആറ് ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായി ചുമതലയേറ്റു. 2016ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സുരേന്ദ്രന്‍ മത്സരിക്കുമെന്നാണ് അഭ്യൂഹങ്ങള്‍ പരന്നത്. അതേസമയം മഞ്ചേശ്വരം തന്നെയാണ് അദ്ദേഹം തെരഞ്ഞെടുത്തത്. അബ്ദുള്‍ റസാഖ് ജയിച്ചെങ്കിലും വെറും 89 വോട്ടുകള്‍ക്ക് മാത്രമാണ് സുരേന്ദ്രന് പിന്നിലായത്. തിരിമറികള്‍ ആരോപിച്ച് ഈ ഫലം റദ്ദാക്കണമെന്ന് സുരേന്ദ്രന്‍ കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും അബ്ദുള്‍ റസാഖിന്റെ മരണത്തോടെ മഞ്ചേശ്വരം സീറ്റില്‍ ഒഴിവ് വന്നു. ലോക്‌സഭ തെരഞ്ഞെടുപ്പും അടുത്ത് വന്നതോടെ സുരേന്ദ്രന്‍ കേസില്‍ നിന്നും പിന്‍മാറുകയും ചെയ്തു.

ഈ ഹരിക്കുമ്പോഴും ഗുണിക്കുമ്പോഴും ഉത്തരം ശരിയാണെന്ന് തോന്നിയാലും ഒന്നു കൂടി ഹരിച്ചും ഗുണിച്ചും നോക്കുന്നത് നല്ലതല്ലേ? എന്ന് ചോദിക്കുന്നത് പോലെയാണ് സുരേന്ദ്രന്റെ കാര്യം. പ്രവചനാതീതമാണ് സുരേന്ദ്രന്റെ മത്സരഫലങ്ങള്‍. ശബരിമല വിഷയത്തെ കൂട്ടുപിടിച്ച് പത്തനംതിട്ടയില്‍ വീണയെയും ആന്റോയെയും പിന്തള്ളാന്‍ സുരേന്ദ്രന് സാധിച്ചാലും അതില്‍ അത്ഭുതപ്പെടാനില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍