UPDATES

മണ്ഡലങ്ങളിലൂടെ

ശബരിമലയും പ്രളയവും ഉഴുതുമറിച്ചിട്ട പത്തനംതിട്ടയില്‍ തീപാറുകയാണ്

സിറ്റിങ് എംപി ആന്റോ ആന്റണി, സിറ്റിങ് എംഎല്‍എ വീണാ ജോര്‍ജ്, ശബരിമല പ്രക്ഷോഭങ്ങളിലെ ‘മുന്നണി പോരാളി’ ഇമേജുള്ള കെ സുരേന്ദ്രന്‍- ഇവരില്‍ ആര് നേടും? കടുത്ത പോരാട്ടത്തിന് വേദിയാവുന്ന പത്തനംതിട്ട മണ്ഡലം

ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന മത്സരം നടക്കുന്ന മണ്ഡലമാണ് പത്തനംതിട്ട. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലം. മുമ്പെങ്ങുമില്ലാത്ത വിധം പത്തനംതിട്ട മണ്ഡലം ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്നതിന് പിന്നില്‍ ഒരേയൊരു കാരണമാണ്; ശബരിമല. ശബരിമല ഉള്‍പ്പെടുന്ന മണ്ഡലം എന്ന നിലയ്ക്കും ബിജെപി സ്ഥാനാര്‍ഥിക്ക് വിജയസാധ്യത കല്‍പ്പിക്കപ്പെടുന്ന മണ്ഡലം എന്ന നിലയ്ക്കും പത്തനംതിട്ട വാര്‍ത്തകളില്‍ ഇടംനേടി. സിറ്റിങ് എംഎല്‍എയേയും എംപിയേയും രംഗത്തിറക്കി തിരഞ്ഞെടുപ്പിനെ നേരിടുന്ന എല്‍ഡിഎഫിനും യുഡിഎഫിനും കടുത്ത വെല്ലുവിളിയാണ് ശബരിമല പ്രക്ഷോഭങ്ങളില്‍ ‘മുന്നണി പോരാളി’ എന്ന പ്രതിച്ഛായയുള്ള കെ സുരേന്ദ്രന്‍ ഉയര്‍ത്തുന്നത്.

2008ലെ മണ്ഡല പുന:ക്രമീകരണത്തിലാണ് പത്തനംതിട്ട മണ്ഡലമുണ്ടാവുന്നത്. ഏഴ് ലക്ഷത്തിനടുത്ത് വരുന്ന ഹിന്ദു വോട്ടുകള്‍, നാല് ലക്ഷത്തോളം വരുന്ന ക്രിസ്ത്യന്‍ സമുദായ വോട്ടുകള്‍, 75,000ത്തിനടുത്ത് വരുന്ന മുസ്ലിം വോട്ടുകള്‍- ജാതി,മത സമവാക്യങ്ങള്‍ മത്സര ഫലം തീരുമാനിക്കുന്ന പത്തനംതിട്ട മണ്ഡലത്തില്‍ ഇക്കുറിയും ഫലം തീരുമാനിക്കുക ഈ വോട്ടര്‍മാരായിരിക്കും. മണ്ഡലം രൂപീകരിച്ചതിന് ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും വിജയം യുഡിഎഫിനൊപ്പമായിരുന്നു. രണ്ട് തവണയും വിജയിച്ചത് യുഡിഎഫിന്റെ ആന്റോ ആന്റണി തന്നെ. 2009ലെ തിരഞ്ഞെടുപ്പില്‍ രണ്ട് ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ആന്റോ വിജയിച്ചത്. എന്നാല്‍ 2014ല്‍ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവുണ്ടായി. അരലക്ഷം വോട്ടുകളുടെ മാത്രം ഭൂരിപക്ഷമാണ് ആന്റോയ്ക്ക് ലഭിച്ചത്. എല്‍ഡിഎഫ് ഏറെക്കുറെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും കാഴ്ച വച്ചത്. എന്നാല്‍ ബിജെപിയുടെ വോട്ടിങ് ശതമാനത്തില്‍ രണ്ട് തിരഞ്ഞെടുപ്പിലും വര്‍ധനവുണ്ടായി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായ എം ടി രമേശ് ഒന്നരലക്ഷത്തിലധികം വോട്ടുകളാണ് മണ്ഡലത്തില്‍ പിടിച്ചത്. ആന്റോയുടെ ഭൂരിപക്ഷം അരലക്ഷത്തിലേക്ക് താഴാന്‍ ഇതും ഒരു കാരണമായി. ഇത്തവണ ശബരിമല വിഷയം നിലനില്‍ക്കുമ്പോള്‍ ബിജെപി കൂടുതല്‍ വോട്ടുകള്‍ നേടുന്നത് തങ്ങള്‍ക്ക് ഗുണകരമായിരിക്കും എന്ന കണക്കുകൂട്ടലാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കുള്ളത്. യുഡിഎഫിന്റെ വോട്ടുകളാണ് ചോരുക എന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. എന്നാല്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരുടെയടക്കം, പ്രത്യേകിച്ച് ഈഴവ സമുദായാംഗങ്ങളുടെ, വോട്ടുകളാവും സുരേന്ദ്രന് ലഭിക്കാന്‍ സാധ്യതയുണ്ടെന്നും എല്‍ഡിഎഫിന്റെ വോട്ടിലാവും കാര്യമായ ചോര്‍ച്ച വരികയെന്നുമാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍.

സിറ്റിങ് എംപിയായ ആന്റോ ആന്റണി മൂന്നാമങ്കത്തിനിറങ്ങുമ്പോള്‍ മണ്ഡലത്തില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങളാണ് ഉയര്‍ത്തിക്കാട്ടുന്നത്. ഇത് മത്സരഫലം തങ്ങള്‍ക്കനുകൂലമാക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. ആറന്‍മുള എംഎല്‍എയായ വീണ ജോര്‍ജിനെ തന്നെ എല്‍ഡിഎഫ് രംഗത്തിറക്കിയതിന് പിന്നില്‍ ചില കാരണങ്ങള്‍ ചൂണ്ടിക്കാട്ടപ്പെടുന്നു. മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവന്ന വീണയുടെ നല്ല പ്രതിച്ഛായ ഗുണമാകുമെന്ന് എല്‍ഡിഎഫ് കരുതുന്നു. ശബരിമല വിഷയം സ്ത്രീകളുടെ വോട്ടുകളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലുണ്ടായതോടെ ഇതിനെ മറികടക്കാന്‍ ഒരു സ്ത്രീയെ തന്നെ മത്സരരംഗത്തിറക്കുക എന്നതായിരുന്നു മറ്റൊരു ഉദ്ദേശം. ഓര്‍ത്തഡോക്സ് വിഭാഗം സര്‍ക്കാരുമായി ഇടഞ്ഞ് നില്‍ക്കുകയാണെങ്കിലും ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറിയുടെ ഭാര്യ കൂടിയായ വീണാ ജോര്‍ജിന് സമുദായ വോട്ടുകള്‍ നേടാനാവുമെന്നതും എല്‍ഡിഎഫ് പ്രതീക്ഷയാണ്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി പത്തനംതിട്ട മണ്ഡലം രണ്ട് കാര്യങ്ങളാണ് തിരഞ്ഞെടുപ്പിലും ചര്‍ച്ച ചെയ്യുന്നത്; പ്രളയവും ശബരിമലയും. മണ്ഡലത്തെ മുഴുവന്‍ മുക്കിയ പ്രളയവും കെടുതികളും, അതിന്റെ കാരണവും, പുന:നിര്‍മ്മാണത്തിലെ വീഴ്ചകളും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമെല്ലാം സജീവ ചര്‍ച്ചയാക്കി നിലനിര്‍ത്തി സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടാക്കിയാണ് യുഡിഎഫിന്റെ പ്രചരണം മുന്നോട്ട് നീങ്ങുന്നത്. അതേസമയം ശബരിമല എന്ന ഒറ്റ വിഷയത്തില്‍ കേന്ദ്രീകരിച്ചാണ് എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍. ആചാരസംരക്ഷണത്തിനായി നടന്ന പ്രക്ഷോഭങ്ങളെ മുന്നില്‍ നിന്ന് നയിച്ച, അക്കാരണത്തിനായി ജയില്‍ വാസമനുഷ്ഠിച്ച ആളെന്ന നിലയില്‍ കെ സുരേന്ദ്രന് പത്തനംതിട്ട മണ്ഡലത്തില്‍ ഇതിനോടകം വലിയ സ്വീകാര്യത നേടാനായിട്ടുണ്ട്. രാത്രി വളരെ വൈകിയുള്ള സ്വീകരണങ്ങളിലും കാണുന്ന സ്ത്രീജന പങ്കാളിത്തം സുരേന്ദ്രന്‍ അനുകൂല തരംഗമായാണ് ബിജെപി പ്രവര്‍ത്തകര്‍ കണക്കാക്കുന്നത്. ഹിന്ദു സമുദായ വോട്ടുകളുടെ ഏകീകരണമുണ്ടാവുമെന്നതാണ് ബിജെപിയുടെ പ്രതീക്ഷ. രണ്ടരലക്ഷത്തിലധികം വോട്ടുകള്‍ മണ്ഡലത്തില്‍ പിടിക്കാനാവുമെന്നാണ് മുന്നണിയുടെ കണക്കുകൂട്ടല്‍.

ഏറെക്കുറെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് എല്‍ഡിഎഫ് കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകലിലും കാണിച്ചതെങ്കിലും വോട്ട് ശതമാനത്തിന്റെ കണക്കെടുത്താല്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ഗ്രാഫ് താഴേക്കാണ് പോയിട്ടുള്ളതെന്ന് കാണാം. അതേസമയം ബിജെപിയുടെ ഗ്രാഫ് ഉയരുകയും ചെയ്തു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അടൂര്‍,റാന്നി, മണ്ഡലങ്ങളില്‍ ബിജെപിയ്ക്കായിരുന്നു മുന്‍തൂക്കം. ആറന്‍മുള, തിരുവല്ല, കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങളിലും ബിജെപി നേട്ടമുണ്ടാക്കി. കോന്നി മാത്രമാണ് യുഡിഎഫിന്റെ ഉറച്ച കോട്ടയായി നിന്നത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായിരുന്നു മേല്‍ക്കൈ. പത്തനംതിട്ട ജില്ലയിലെ അടൂര്‍, ആറന്‍മുള, തിരുവല്ല, റാന്നി, കോന്നി മണ്ഡലങ്ങളില്‍ കോന്നി ഒഴികെ നാല് മണ്ഡലങ്ങളിലും എല്‍ഡിഎഫാണ് വിജയിച്ചത്. കോന്നി മാത്രമാണ് യുഡിഎഫിന് വിജയം സമ്മാനിച്ചത്. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ യുഡിഎഫ് വിജയിച്ചു. ജനപക്ഷവുമായി വന്ന പി സി ജോര്‍ജാണ് പൂഞ്ഞാറില്‍ വിജയിച്ചത്. പി സി ജോര്‍ജ് എന്‍ഡിഎയ്ക്ക് കൈകൊടുത്തെങ്കിലും പൂഞ്ഞാറിലെ ജനങ്ങള്‍ ബിജെപിയ്‌ക്കൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷ എന്‍ഡിഎ മുന്നണിക്കില്ല.

യുഡിഎഫ് കുത്തകയായിരുന്ന മണ്ഡലത്തില്‍ അടിയൊഴുക്ക് ശക്തമാണെന്നാണ് വിലയിരുത്തല്‍. അത് ശബരിമലയുമായി ബന്ധപ്പെട്ടാണെന്നും രാഷ്ട്രീയവിദഗ്ദ്ധര്‍ കണക്കുകൂട്ടുന്നു. രണ്ടര ലക്ഷത്തിലധികം വോട്ടുകള്‍ സുരേന്ദ്രന്‍ നേടുമെന്ന പ്രതീക്ഷ മുന്നണിക്കുണ്ടെങ്കിലും വിജയത്തിലേക്കെത്തണമെങ്കില്‍ നാല് ലക്ഷത്തിനടുത്ത വോട്ടുകള്‍ നേടണം. ഹിന്ദു വോട്ടുകളുടെ ഏകീകരണമുണ്ടായാല്‍ വിജയം ഉണ്ടാവുമെന്നാണ് എന്‍ഡിഎ കണക്കുകൂട്ടുന്നത്. കെ സുരേന്ദ്രന്‍ വിജയിക്കുമെന്ന ട്രെന്‍ഡ് മണ്ഡലത്തില്‍ ഉണ്ട്. എന്നാല്‍ അത്തരത്തില്‍ ഒരു ട്രെന്‍ഡ് ഉണ്ടാവുമ്പോള്‍ ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കപ്പെടുകയാണെങ്കില്‍ അത് ആന്റോയ്ക്ക് ഗുണം ചെയ്യുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. രാഹുല്‍ഗാന്ധിയുടെ വരവോടെ ന്യൂനപക്ഷ ഏകീകരണത്തിനുള്ള സാധ്യതകളും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ വന്നാല്‍ അഞ്ച് ലക്ഷത്തോളം വരുന്ന ക്രിസ്ത്യന്‍-മുസ്ലിം വോട്ടുകളില്‍ വലിയ ശതമാനം യുഡിഎഫിന് ലഭിക്കും. ഈഴവ വോട്ടുകളില്‍ നല്ലൊരു ശതമാനവും, 85 ശതമാനം നായര്‍ വോട്ടുകളും സുരേന്ദ്രന് ലഭിക്കാനുള്ള സാധ്യതകളാണ് മണ്ഡലത്തിലുള്ളത്. ഒന്നേമുക്കാല്‍ ലക്ഷത്തിനടുത്ത് ദളിത് സമുദായ വോട്ടുകളും മണ്ഡലത്തില്‍ നിര്‍ണായകമാവും. ദളിത് സമുദായ വോട്ടുകള്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്നാണ് പ്രവര്‍ത്തകരുടെ പ്രതീക്ഷ. എന്നാല്‍ കുറവര്‍,സാംബവ വിഭാഗങ്ങളും പുന്നലശ്രീകുമാറിനോടൊപ്പമല്ലാത്ത പുലയവി സമുദായത്തിന്റെ വോട്ടുകളും ഇത്തവണ ഇടതുപക്ഷത്തെ തുണയ്ക്കാനിടയില്ല. ഇത് കൂടി ബിജപിയുടെ അക്കൗണ്ടിലേക്ക് വരുമെന്നാണ് പ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍.

ജനങ്ങളുടെ പ്രതികരണം അനുകൂലമായ കാലഘട്ടം ഉണ്ടായിട്ടില്ല, വിജയം തുടരാനാവും എന്ന യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ആത്മവിശ്വാസം, മണ്ഡലത്തില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ വോട്ടാവും എന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രതീക്ഷ, ശബരിമല വിജയം നേടിത്തരും എന്ന എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ കണക്കുകൂട്ടല്‍- പത്തനംതിട്ടയില്‍ ഇക്കുറി നടക്കുക തീപാറുന്ന പോരാട്ടമാവും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍