UPDATES

വിശകലനം

ഭൂരിപക്ഷം കണ്ട് നമ്പാടന്‍ മാഷ് പകച്ചു, എന്താ ‘മെഷീന് വല്ല തകരാറും പറ്റിയോ!

കാല്‍ നൂററാണ്ടിനുശേഷം മുകുന്ദപുരത്തുണ്ടായ വിജയം ഇടതു മുന്നണി നന്നായി തന്നെ ആഘോഷിച്ചു. അവര്‍ ആഹ്ലാദ നൃത്തം ചവിട്ടി. പട്ടണം സ്തംഭിച്ചു.

പല പരാജയങ്ങളും അങ്ങനെയാണ്. ഒളിഞ്ഞിരിക്കുന്ന വിജയം അതിനു പിന്നാലെ നമ്മളെ ആശ്വസിപ്പിക്കാനെത്തും. ചിലപ്പോള്‍ ഇത്തിരി കാത്തിരിക്കേണ്ടിവരും. അത്രേയുള്ളു. 2004 ല്‍ മുകുന്ദപുരം പാര്‍ലമെന്റ് സീറ്റില്‍ മത്സരിക്കാനിറങ്ങിയ ലോനപ്പന്‍ നമ്പാടന് ഉണ്ടായ അനുഭവം അതാണ് പറയുന്നത്.

2001ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കൊടകരയില്‍ നിന്നും കോണ്‍ഗ്രസ് നേതാവ് കെ.പി.വിശ്വനാഥനോട് 7332 വോട്ടുകള്‍ക്ക് പാട്ടും പാടി തോറ്റു നില്‍ക്കുകയായിരുന്നു മാഷ് എന്ന് അറിയാന്‍ ഇഷ്ടപ്പെടുകയും മാഷ് എന്നു സ്വയം പരിചയപ്പെടുത്തുകയും ചെയ്യുന്ന ലോനപ്പന്‍ നമ്പാടന്‍. വളരെ വൈകാതെ ലോക്‌സഭ തെരഞ്ഞെടുപ്പായി. തോറ്റ എംഎല്‍എയായ ലോനപ്പന്‍ നമ്പാടനെ തേടി മുകുന്ദപുരത്തെ സ്ഥാനാര്‍ഥിത്വം എത്തി. എതിര്‍ സ്ഥാനാര്‍ഥിയെ കേട്ടപ്പോഴേ ലോനപ്പന്‍ നമ്പാടന്‍ ഫലമെന്താകുമെന്ന് മനസിലുറപ്പിച്ചു. ലീഡര്‍ കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലാണ് അപ്പുറത്ത്. 1999ല്‍ കരുണാകരന്‍ അവിടെ നിന്നും ജയിച്ചത് 52,000ത്തില്‍ പരം വോട്ടുകള്‍ക്കായിരുന്നു. ലീഡറുടെ മകളെ മണ്ഡലം ഇരു കൈയും നീട്ടി സ്വീകരിക്കുക തന്നെ ചെയ്യുമെന്നും മാഷ് ചിന്തിച്ചു.

പോരാത്തതിന് വലതുപക്ഷ പെരുമ വിളിച്ചു പറയുന്നതാണ് മണ്ഡലത്തിന്റെ ചരിത്രം. സാക്ഷാല്‍ പനമ്പിള്ളി ഗോവിന്ദ മേനോന്റെ തട്ടകം. രണ്ട് തവണ പനമ്പിള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1957ല്‍ നാരായണന്‍ കുട്ടി മേനോനും 1980 ല്‍ ഇ.ബാലാനന്ദന്‍ വിജയിച്ചതല്ലാതെ മണ്ഡലം ഇടതുപക്ഷത്തിനൊപ്പം നിന്ന ചരിത്രമില്ല. 1980ല്‍ ആന്റണി കോണ്‍ഗ്രസ് ഇടതുപക്ഷത്തായിരുന്നു താനും. എന്തായാലും ഒന്നു പയറ്റിനോക്കാം. തോറ്റ എംഎല്‍എ എന്ന ഖ്യാതി എന്തായാലും ഉണ്ടല്ലോ. തോറ്റ എംപി എന്ന പെരുമ കൂടെ ആയിക്കോട്ടെയെന്ന് അടുപ്പമുള്ളവരോട് അദ്ദേഹം പതിവ് തമാശ മട്ടില്‍ പറയുകയും ചെയ്തു.

സിപിഎമ്മിനൊപ്പം നില്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചായെങ്കിലും അദ്ദേഹം പാര്‍ട്ടി ചിഹ്നത്തില്‍ അതുവരേയും മത്സരിച്ചിരുന്നില്ല. മുകുന്ദപുരത്താണ് ലോനപ്പന്‍ നമ്പാടന്‍ ആദ്യമായി അരുവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിക്കാനിറങ്ങിയത്. പ്രചാരണത്തിനിടെ പലരും പറഞ്ഞു ഇക്കുറി വിജയം മാഷിനൊപ്പമായിരിക്കുമെന്ന്. അത് മുഖവിലയ്‌ക്കെടുക്കാന്‍ അദ്ദേഹത്തിനായില്ല. ഗ്രൂപ്പ് പോരിലെ വിശാരദന്മാരെല്ലാം കരുണാകരനേയും മകളേയും പിന്നില്‍ നിന്നു കുത്താനായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന കാര്യമൊക്കെ മാഷ് കേട്ടതാണ്. എന്നാലും ജയിക്കുമോ? തന്നോടുള്ള സ്‌നേഹം കൊണ്ട് എല്ലാവരും പറയുന്നതാണെന്ന് നമ്പാടന്‍ മാഷ് കരുതി.

ഒടുവില്‍ പെട്ടി പ്രചാരണവും നിശബ്ദ പ്രചാരണവും ഒക്കെ കഴിഞ്ഞു. വോട്ടെണ്ണലായി. തോല്‍ക്കുമെന്ന് മനസ്സില്‍ കുറിച്ച നമ്പാടന്‍ മാഷ് വോട്ടെണ്ണല്‍ ദിവസം വീട്ടില്‍ കുത്തിയിരുന്നു. എന്തിനാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പോയിട്ട്. ഏറിവന്നാല്‍ പത്മജയുടെ ഭൂരിപക്ഷം കുറയ്ക്കാനായേക്കും. അതിനപ്പുറം ഒന്നുമുണ്ടാകില്ല. വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് വിളിക്കാനെത്തിവരെയൊക്കെ നിരുത്സാഹപ്പെടുത്തി അദ്ദേഹം വീട്ടില്‍ തന്നെയിരുന്നു. ഉച്ചയോടെ ചാലക്കുടിയില്‍ നിന്നും കുറെ ഡിവൈഎഫ്‌ഐ സഖാക്കള്‍ മാഷെ തേടിയെത്തി. അവര്‍ പറഞ്ഞു.

”നമുക്ക് 20,000 വോട്ടിന്റെ ഭൂരിപക്ഷമായി മാഷെ, ഇനി പേടിക്കാനില്ല, ഉടനെ നമുക്ക് ചാലക്കുടിയിലെ പാര്‍ട്ടി ഓഫീസിലേക്ക് പോകണം.”മാഷ് പിന്നേയും മടിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പല്ലേ. 20,000 വോട്ട് വലിയ കാര്യമൊന്നുമല്ല. മറിയാന്‍ അധികസമയമൊന്നും വേണ്ട. അതിനിടെ ഭൂരിപക്ഷം ക്രമമായി ഉയരുന്ന വാര്‍ത്തകള്‍ വന്നുകൊണ്ടേയിരുന്നു. 30,000 എത്തിയതോടെ സഖാക്കള്‍ മാഷെ കൂട്ടിയേ ചാലക്കുടിക്കുള്ളു എന്ന നിലപാടിലായി.

അവരുടെ സ്‌നേഹപൂര്‍വമുള്ള നിര്‍ബന്ധത്തിന് അദ്ദേഹം ഒടുവില്‍ വഴങ്ങി. മനസ്സില്ലാ മനസോടെ കാറില്‍ ചാലക്കുടിക്ക് പോയി. ചാലക്കുടി ഓഫീസില്‍ എത്തുന്നതിനു മുന്‍പ് തന്നെ ഭൂരിപക്ഷം 40,000 ആയി. പിന്നെ ഭൂരിപക്ഷം സുനാമി പോലെ കുതിച്ചുയര്‍ന്നുകൊണ്ടേയിരുന്നു. ചാലക്കുടിയിലെ പാര്‍ട്ടി ഓഫീസില്‍ സഖാക്കള്‍ക്കൊപ്പം ഇരുന്ന് ടീവിയില്‍ ആ കാഴ്ച കണ്ടു, സ്വയം വിശ്വസിക്കാനാകാതെ. കോണ്‍ഗ്രസുകാര്‍ക്ക് തന്നോട് ഇത്ര സ്‌നേഹം ഉണ്ടായിരുന്നുവെന്ന് ഒരു പാട് കുട്ടികളെ പഠിപ്പിച്ച നമ്പാടന്‍ മാഷ് തിരിച്ചറിഞ്ഞിരുന്നില്ല.

Read More: പ്രൊഫ. കെ.വി. തോമസിന്റെ രാഷ്ട്രീയ ജീവിതത്തെ ഉലച്ച ഫ്രഞ്ച് ചാരക്കേസിന് പിന്നീടെന്ത് സംഭവിച്ചു?

ഭൂരിപക്ഷം ഒരു ലക്ഷം കഴിഞ്ഞപ്പോള്‍ മാഷ്‌ക്ക് തന്നെ സംശയം. എന്താ ‘മെഷീനു വല്ല തകരാറും പറ്റിയോ!’ എന്നായി അദ്ദേഹം. ഒടുവില്‍ അന്തിമഫലം വന്നു. ഭൂരിപക്ഷം 1,17,097. നമ്പാടന്‍ മാഷ്‌ക് 3,75,175 വോട്ടുകള്‍ ലഭിച്ചു. പത്മജയ്ക്ക് 2,58, 078 വോട്ടുകളും.

പൊടുന്നനെ ചാലക്കുടി ടൗണില്‍ നിന്നും ചുമട്ടുതൊഴിലാളികള്‍ അടക്കം നിരവധി പേര്‍ പാര്‍ട്ടി ഓഫീസിലേക്ക് ഇരച്ചുവന്നു. അവര്‍ നമ്പാടന്‍ മാഷെ പൊക്കിയെടുത്ത് പുറത്തേക്ക് കൊണ്ടുപോയി. പിന്നെ മാഷ് ഒന്നും അറിഞ്ഞില്ല. ചാലക്കുടി പട്ടണം മുഴുവന്‍ അവര്‍ മാഷെ തോളിലേറ്റി പ്രദക്ഷിണം ചെയ്തു. തന്നെ താഴെയിടല്ലേയെന്ന് അവരുടെ കൈകകളില്‍ കിടന്ന് മാഷ് കേണുകൊണ്ടിരുന്നു. ആരു കേള്‍ക്കാന്‍? മാഷ് ഭയാക്രാന്തനായി. തന്നെ പൊക്കിയെടുത്തിട്ടുള്ളവരില്‍ ഏറിയ പങ്കും നല്ല ‘സ്പിരിററി’ലാണെന്ന് മാഷ് മണം കൊണ്ടറിഞ്ഞു. അതോടെ അദ്ദേഹത്തിന്റെ ഭയം ഇരട്ടിയായി.

കാല്‍ നൂററാണ്ടിനുശേഷം മുകുന്ദപുരത്തുണ്ടായ വിജയം ഇടതു മുന്നണി നന്നായി തന്നെ ആഘോഷിച്ചു. അവര്‍ ആഹ്ലാദ നൃത്തം ചവിട്ടി. പട്ടണം സ്തംഭിച്ചു. നാടെങ്ങും പടക്കങ്ങള്‍. കൊടകരയിലെ പരാജയം അദ്ദേഹം മറന്നു. വന്‍ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ നമ്പാടന്‍ മാഷ് മണ്ഡലത്തിലെ തെരുവുവീഥികളിലൂടെ തല ഉയര്‍ത്തി സഖാക്കള്‍ക്കൊപ്പം നടന്നു. 25 വര്‍ഷക്കാലം എംഎല്‍എയും രണ്ടു വട്ടം മന്ത്രിയുമായ അദ്ദേഹം അങ്ങനെ അഞ്ചു വര്‍ഷക്കാലം എംപിയുമായി.

തൊട്ടടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുകുന്ദപുരം ഇല്ലാതെയായി. മണ്ഡലം ചാലക്കുടിയായി പുനര്‍നിര്‍ണയിച്ചു. അങ്ങനെ മുകുന്ദപുരത്തെ അവസാന എംപി. ഏറെ പ്രഗത്ഭന്മാര്‍ പ്രതിനിധീകരിച്ച ആ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയ വ്യക്തിയെന്ന ഖ്യാതിയും നമ്പാടന്‍ മാഷ് ചരിത്രത്തില്‍ എഴുതി ചേര്‍ത്തു.

(അവലംബം: സഞ്ചരിക്കുന്ന വിശ്വാസി ലോനപ്പന്‍ നമ്പാടന്‍, ഡിസി ബുക്‌സ്)

Read More: ഹൈക്കമാന്‍ഡ് ഇറക്കിയ കെ.പി ഉണ്ണികൃഷ്ണന്‍ കെപിസിസിയുടെ ലീലാ ദാമോദര മേനോനെ ‘വെട്ടിയ’ കഥ

എസ് ബിനീഷ് പണിക്കര്‍

എസ് ബിനീഷ് പണിക്കര്‍

മാധ്യമ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, കൊച്ചിയില്‍ താമസം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍