UPDATES

വാര്‍ത്തകള്‍

സോഡാക്കുപ്പി കൊണ്ട് ആക്രമിച്ച പ്രസ്ഥാനത്തെ പരാജയപ്പെടുത്തി; ശ്രീകണ്ഠന് ഇനി താടിയെടുക്കാം

എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ 1990ല്‍ സോഡാക്കുപ്പി പൊട്ടിച്ച് കുത്തിയത് ശ്രീകണ്ഠന്റെ കവിളിലാണ്

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ ശ്രീകണ്ഠന് ഇനി താടിയെടുക്കാം. 1990ല്‍ ഷൊര്‍ണൂര്‍ എസ് എന്‍ കോളേജില്‍ പഠിക്കുമ്പോള്‍ ശ്രീകണ്ഠനെടുത്ത ശപഥത്തിന്റെ പേരിലാണ് ഇക്കാലമത്രയും അദ്ദേഹം താടി വളര്‍ത്തിയിരുന്നത്.

‘എന്നെ ആക്രമിച്ച പ്രസ്ഥാനത്തെ പരാജയപ്പെടുത്തുന്ന ദിവസം മാത്രമേ ഞാന്‍ ഈ താടിയെടുക്കൂ, അതൊരു ശപഥമാണ്’ എന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ശ്രീകണ്ഠന്‍ പലയാവര്‍ത്തി പറഞ്ഞപ്പോഴും ഇത്രയും വലിയ ലീഡ് ഉണ്ടാകുമെന്ന് നേതൃത്വം പോലും വിചാരിച്ചിരുന്നില്ല.

എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അന്ന് സോഡാക്കുപ്പി പൊട്ടിച്ച് കുത്തിയത് ശ്രീകണ്ഠന്റെ കവിളിലാണ്. കവിളിലെ മുറിപ്പാട് മറയ്ക്കാനാണ് താടി വയ്ക്കുന്നത് പതിവാക്കിയത്. പ്രസ്ഥാനത്തെ പരാജയപ്പെടുത്തുന്ന ദിവസം മാത്രമേ താടിയെടുക്കൂ എന്ന ശപഥത്തിന് ഒരു പതിറ്റാണ്ടത്തെ പഴക്കമാണുള്ളത്.

കോണ്‍ഗ്രസ് നേതൃത്വം പോലും പ്രതീക്ഷിക്കാത്ത വിജയമാണ് യുഡിഎഫ് പാലക്കാട് നേടിയത്. വിജയസാധ്യതയില്‍ നേതൃത്വം സംശയം പ്രകടിപ്പിച്ചെങ്കിലും താന്‍ അട്ടിമറി ജയം നേടുമെന്ന് ശ്രീകണ്ഠന്‍ പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്നാല്‍ 20 സീറ്റും നേടുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞിരുന്നു. ജനങ്ങളിലേക്ക് ഇറങ്ങിയുള്ള പ്രചരണമാണ് ശ്രീകണ്ഠന്റെ ജയത്തിന് കാരണം. ജയ് ഹോ എന്ന പേരില്‍ നടത്തിയ പദയാത്ര വലിയ ആവേശമാണ് അണികളിലും ജനങ്ങളിലും ഉണ്ടാക്കിയത്.

എക്‌സിറ്റ് പോളിലടക്കം സിപിഎമ്മിന് പ്രതീക്ഷയുണ്ടായിരുന്ന മണ്ഡലമാണ് പാലക്കാട്. വോട്ടെണ്ണല്‍ ആരംഭിച്ച് ഒന്നര മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ശ്രീകണ്ഠന്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തിയത്. മലമ്പുഴ ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും ശ്രീകണ്ഠന്‍ മുന്നിലാണ്.

read more: ശബരിമലയിലും ക്ലച്ച് പിടിക്കാതെ ബിജെപി; നേട്ടം കൊയ്തത് കോണ്‍ഗ്രസ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍