UPDATES

വിശകലനം

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ നാമജപം: വിവാദത്തിന് പിന്നില്‍

മുഖ്യമന്ത്രി സംസാരിക്കാന്‍ തുടങ്ങിയപ്പോഴേക്ക് അപ്രതീക്ഷിതമായി അതിശബ്ദത്തില്‍ ശരണംവിളി ഉയരുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം തടസ്സപ്പെടുത്തി ഉയര്‍ന്ന നാമജപത്തിന്റെ ഉച്ചഭാഷിണി സിപിഎം നേതാക്കള്‍ ഇടപെട്ട് ഓഫാക്കിച്ചത് വിവാദമാക്കാനൊരുങ്ങുകയാണ് ചില മാധ്യമങ്ങള്‍. തിങ്കളാഴ്ച കാട്ടാക്കടയില്‍ ആറ്റിങ്ങല്‍ എംഎല്‍എ എ സമ്പത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു സംഭവം. മുഖ്യമന്ത്രി പ്രസംഗം തുടങ്ങി ഏതാനും മിനിറ്റുകള്‍ക്കകം കാട്ടാല്‍ ഭദ്രകാളി ക്ഷേത്രത്തില്‍ സ്ഥാപിച്ച ഉച്ചഭാഷിണിയിലൂടെ നാമജപം മുഴങ്ങുകയായിരുന്നു.

മുഖ്യമന്ത്രി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ ഐ ബി സതീഷ് എംഎല്‍എയും വി ശിവന്‍കുട്ടിയും ചേര്‍ന്ന് ഉച്ചഭാഷിണി ഓഫാക്കിച്ചു. അതേസമയം വിശ്വാസികളെ പ്രകോപിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ വേദിയിലും പരിസര പ്രദേശങ്ങളിലും മൈക്ക് ഓര്‍ഡര്‍ നല്‍കിയത് നിയമങ്ങള്‍ ലംഘിച്ചാണെന്നും തങ്ങള്‍ക്ക് നിയമപ്രകാരം തന്നെ അനുമതി ലഭിച്ചിരുന്നുവെന്നുമാണ് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് സന്തോഷ് കുമാര്‍ പറയുന്നത്. ഒരാഴ്ചയായി കാട്ടാല്‍ ഭദ്രകാളി ക്ഷേത്രത്തില്‍ തൂക്ക ഉത്സവം നടക്കുകയാണ്. ചട്ടങ്ങള്‍ ലംഘിച്ച് എല്‍ഡിഎഫ് മേഖലാ കമ്മിറ്റിക്ക് ഉച്ചഭാഷിണികള്‍ പ്രവര്‍ത്തിക്കാന്‍ പോലീസ് അനുമതി നല്‍കിയത് സംഘര്‍ഷം ഉണ്ടാക്കാനാണെന്ന് ക്ഷേത്ര ഭരണ സമിതി ആരോപിക്കുന്നു. നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് മുഖ്യമന്ത്രി ഇവിടെ പ്രസംഗിച്ചതെന്നും ഭാരവാഹികള്‍ ആരോപിക്കുന്നുണ്ട്.

അതേസമയം മുഖ്യമന്ത്രിയുടെ പ്രസംഗം അലങ്കോലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് റെക്കോഡ് ചെയ്ത അയ്യപ്പ നാമജപം പ്ലേ ചെയ്തതെന്നാണ് സിപിഎം ആരോപിക്കുന്നത്. സംഭവ സമയത്ത് അവിടെയുണ്ടായിരുന്ന ചില മാധ്യമപ്രവര്‍ത്തകരുടെ വാക്കുകളും ഇത് ശരിവയ്ക്കുന്നു. രാവിലെ 10 മണിക്കായിരുന്നു മുഖ്യമന്ത്രിയുടെ പൊതുയോഗം തീരുമാനിച്ചിരുന്നത്. ഒമ്പതരയോടെ തന്നെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ വേദിയിലേക്ക് എത്തി തുടങ്ങി. അപ്പോള്‍ മുതല്‍ മാധ്യമപ്രവര്‍ത്തകരുടെ വലിയ സംഘവും അവിടെയുണ്ട്. പൊതുയോഗം ആരംഭിക്കുന്നതിന് മുന്നോടിയായി വേദിയില്‍ ആദ്യം ഓട്ടംതുള്ളല്‍ നടന്നു. 10 മണിയോടെ വേദി നിറഞ്ഞു.

10.20 ഓടെ മുഖ്യമന്ത്രി വേദിയിലെത്തി. സ്വാഗത പ്രസംഗം ആരംഭിച്ചു. സ്വാഗത പ്രസംഗം ആരംഭിച്ചതിന് പിന്നാലെ തൊട്ടടുത്ത മുടിപ്പുര ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ നിന്ന് പാട്ടും നാമജപവും തുടങ്ങി. സ്വാഗത പ്രസംഗം തുടങ്ങുംവരെ അവിടെ നിന്ന് പാട്ടോ നാമജപമോ ഒന്നും കേട്ടിരുന്നില്ല. സ്പീക്കറില്‍ ഉച്ചത്തില്‍ കേട്ട നാമജപത്തിന്റെ ശബ്ദാധിക്യം മൂലം മുഖ്യമന്ത്രിക്ക് പ്രസംഗം തുടരാന്‍ കഴിയാത്ത നിലയായി. ഒരു സ്പീക്കര്‍ മുഖ്യമന്ത്രിയുടെ വേദിയിലേക്ക് തന്നെ തിരിച്ചുവച്ചിരുന്നു. പ്രസംഗം നിര്‍ത്തിയ മുഖ്യമന്ത്രി വേദിയില്‍ ഉണ്ടായിരുന്ന നേതാക്കളോട് എന്താണ് അവിടെ ഇങ്ങനെ ഒരു പരിപാടി എന്ന് ചോദിച്ചു. ഉത്സവമാണെന്ന് നേതാക്കള്‍ മറുപടി പറഞ്ഞു. ഉത്സവമാണെങ്കില്‍ ഇങ്ങനെയാണോ എന്ന് വീണ്ടും മുഖ്യമന്ത്രിയുടെ ചോദ്യം. ഇതിന് പിന്നാലെ കാട്ടക്കട എം.എല്‍.എ ഐ ബി സതീഷ്, തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന വി ശിവന്‍കുട്ടി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു എന്നിവര്‍ പുറത്തേക്ക് പോയി. മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദിയിലേക്ക് തിരിച്ച് വച്ച സ്പീക്കറിലേക്കുള്ള വൈദ്യുതി ബന്ധം ഇടതുപ്രവര്‍ത്തകര്‍ വിഛേദിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകനെ ഇതിനിടെ ഇടത് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇത്രയുമാണ് അവിടെ ഉണ്ടായത്.

അറിഞ്ഞ മറ്റൊരു കാര്യം കൂടി. യോഗം തുടങ്ങുന്നതിന് മുന്‍പ് തന്നെ പൊലീസ് ക്ഷേത്രഭാരവാഹികളോട് സംസാരിക്കുകയും മുഖ്യമന്ത്രി വന്നുപോകുന്നത് വരെ അത്യാവശ്യമില്ലെങ്കില്‍ ഉച്ചഭാഷിണി ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കുറച്ച് നേരത്തേക്ക് മൈക്ക് നിര്‍ത്തിവച്ച് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി പ്രദേശത്തെ എല്‍.ഡി.എഫ് നേതാക്കളും പറയുന്നു. ക്ഷേത്രഭാരവാഹികള്‍ അത് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സംസാരിക്കാന്‍ തുടങ്ങിയപ്പോഴേക്ക് അപ്രതീക്ഷിതമായി അതിശബ്ദത്തില്‍ ശരണംവിളി ഉയരുകയായിരുന്നുവെന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ സെയ്ഫ് സൈനുലാബുദ്ദീന്‍ പറയുന്നു.

മുഖ്യമന്ത്രി വരുന്നതിന് മുന്‍പ് കേള്‍ക്കാതിരുന്ന നാമജപം, അതും തോറ്റംപാട്ട് ഉയരേണ്ട ഒരു ഭദ്രകാളി ക്ഷേത്രത്തില്‍ ശരണംവിളി മുഖ്യമന്ത്രി വന്നപ്പോള്‍ മാത്രം ഉയര്‍ന്നത് സംഘപരിവാറിന്റെ ആസൂത്രിതമായ കുല്‍സിത ശ്രമത്തിന്റെ ഭാഗമാണെന്നാണ് സെയ്ഫും പറയുന്നത്. ഇതിനിടെ ഞായറാഴ്ച ക്ഷേത്രത്തില്‍ ഹിന്ദുമഹാസമ്മേളനം നടന്നിരുന്നുവെന്നും സമ്മേളനത്തില്‍ സ്വാമി ചിദാനന്ദപുരി പ്രസംഗിച്ചപ്പോള്‍ സിപിഎമ്മുകാര്‍ ക്ഷേത്ര പരിസരത്ത് ഉച്ചഭാഷിണി പ്രവര്‍ത്തിച്ച് പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കിയതായും വാര്‍ത്തകളുണ്ട്.

വിശ്വാസികളെ പ്രകോപിപ്പിക്കാനും വിശ്വാസത്തിന് തടസം നില്‍ക്കാനുമാണ് സിപിഎം ശ്രമിച്ചതെന്നാണ് സംഘപരിവാര്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയ ഉപയോഗിച്ച് ഈ പ്രചരണം തുടരുകയാണ്. ഇത് തെരഞ്ഞെടുപ്പ് അടുപ്പിച്ച് സിപിഎമ്മിന് മേല്‍ വിശ്വാസ വിരുദ്ധ കെട്ടിവയ്ക്കാനാണെന്നാണ് കരുതുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍