UPDATES

സ്ഥാനാര്‍ത്ഥിയെ അറിയാം

കൊല്ലത്തെ ബിജെപി സ്ഥാനാര്‍ത്ഥി ചാവേറോ? കെ വി സാബുവിനെ അറിയാം

സഭാ വിശ്വാസികളുടെ പൂര്‍ണ പിന്തുണ പ്രതീക്ഷിച്ചാണ് ന്യൂനപക്ഷ വിഭാഗക്കാരനായ സാബുവിനെ ഇവിടെ മത്സരിപ്പിക്കുന്നത്

ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി പട്ടിക സ്വാഗതാര്‍ഹമാണെന്നും രണ്ട് മുന്നണികളെയും ചെറുത്ത് തോല്‍പ്പിച്ച് ഇത്തവണ ബിജെപിക്ക് വിജയിക്കാന്‍ സാധിക്കുമെന്നുമാണ് സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തെക്കുറിച്ച് പ്രതികരിച്ചത്. എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പ്രാമുഖ്യം നല്‍കിയിട്ടുള്ള പട്ടികയാണ് പുറത്ത് വന്നിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെടുന്നു. സംശുദ്ധമായ പൊതുജീവിതത്തിന് ഉടമകളാണ് സ്ഥാനാര്‍ത്ഥികളായി വന്നിട്ടുള്ളതെന്നാണ് പിള്ള അവകാശപ്പെടുന്നത്.

കൊല്ലത്ത് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരിക്കുന്നത് ദേശീയ ന്യൂനപക്ഷ മോര്‍ച്ച അഖിലേന്ത്യ പ്രസിഡന്റ് കെ വി സാബുവിനെയാണ്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, സുരേഷ് ഗോപി, ടോം വടക്കന്‍, ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് സുരേഷ് എന്നിവരുടെ പേരാണ് കൊല്ലത്ത് സ്ഥാനാര്‍ത്ഥിയായി അവസാന നിമിഷം വരെ ഉയര്‍ന്നു കേട്ടിരുന്നത്. ഈ പേരുകളെല്ലാം വെട്ടിയാണ് അവസാന നിമിഷം സാബുവിന്റെ പേര് പ്രഖ്യാപിച്ചതും. എന്നാല്‍ എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ സ്വദേശിയായ സാബു തെരഞ്ഞെടുപ്പ് രംഗത്തെ പുതുമുഖമല്ല. 2009ല്‍ ചാലക്കുടിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സാബു 2014ല്‍ ഇടുക്കിയിലും മത്സരിച്ചു. ചാലക്കുടിയില്‍ കെ പി ധനപാലന്‍ വിജയിച്ച തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായിരുന്നെങ്കിലും 45,367 വോട്ട് പിടിക്കാന്‍ സാബുവിന് സാധിച്ചിരുന്നു. 2014ല്‍ ഇടുക്കിയില്‍ മത്സരിച്ചപ്പോഴും മൂന്നാം സ്ഥാനത്തായിരുന്നെങ്കിലും 50,438 വോട്ടുകള്‍ നേടാന്‍ അദ്ദേഹത്തിന് സാധിച്ചു. തൃപ്പൂണിത്തുറയിലെ പ്രശസ്തമായ കരപ്പിള്ളില്‍ ഫാര്‍മസി ഉടമയാണ് യാക്കോബായ വിഭാഗക്കാരനായ സാബു വര്‍ഗ്ഗീസ് എന്നും അറിയപ്പെടുന്ന കെ വി സാബു.

സഭാ വിശ്വാസികളുടെ പൂര്‍ണ പിന്തുണ പ്രതീക്ഷിച്ചാണ് ന്യൂനപക്ഷ വിഭാഗക്കാരനായ സാബുവിനെ ഇവിടെ മത്സരിപ്പിക്കുന്നത്. കൊല്ലത്ത് 22 പള്ളികള്‍ യാക്കോബായ സഭക്ക് ഉണ്ട്. അടൂര്‍, മുഴംകുളം, കട്ടച്ചിറ, കൊട്ടാരക്കര എന്നിവിടങ്ങളില്‍ നിന്നുമാണ് സാബുവിന് വോട്ട് പ്രതീക്ഷിക്കുന്നത്. യാക്കോബായ വിഭാഗക്കാരെ കൂടാതെ ക്‌നാനായക്കാരുടെ വോട്ടും ഇവിടെ നിര്‍ണായകമാണ്. പള്ളിത്തര്‍ക്കത്തില്‍ ധാര്‍ഷ്ട്യം കാണിക്കുന്ന ഓര്‍ത്തഡോക്ള്‍സ് സഭക്ക് എതിരെ നില്‍ക്കുന്ന ക്‌നാനായ-യാക്കോബായ, മാര്‍ത്തോമാ സഭയുടെ വോട്ടുകള്‍ സാബുവിന് കിട്ടുമെന്നാണ് ബിജെപിയുടെ കണക്കു കൂട്ടല്‍. ഇത് കൂടാതെ ശബരിമല വിശ്വാസികളുടെ വോട്ടു കൂടി ലഭിച്ചാല്‍ സാബുവിന് നിഷ്പ്രയാസം ജയിക്കാമെന്നും അവര്‍ കണക്കു കൂട്ടുന്നു.

അതേസമയം കണക്കു കൂട്ടുന്നത് പോലെയാകണമെന്നില്ല ഒരിക്കലും കാര്യങ്ങളെന്നതിന് തെരഞ്ഞെടുപ്പ് ചരിത്രം നമുക്ക് തെളിവായുണ്ട്. സാക്ഷാല്‍ എംഎ ബേബിയെ അട്ടിമറിച്ച് എന്‍കെ പ്രേമചന്ദ്രന്‍ വിജയിയായ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി പി എം വേലായുധന് 58,671 വോട്ടുകളാണ് ലഭിച്ചത്. പ്രേമചന്ദ്രന് ലഭിച്ചത് നാല് ലക്ഷത്തിന് മുകളിലും ബേബിയ്ക്ക് ലഭിച്ചത് 3.7 ലക്ഷം വോട്ടുമാണ്. അതേസമയം കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രേമചന്ദ്രന് വോട്ട് മറിയ്ക്കാനാണ് സാബുവിനെ മത്സരിപ്പിക്കുന്നതെന്ന് ഇപ്പോള്‍ തന്നെ ആരോപണം ഉയര്‍ന്നു കഴിഞ്ഞു. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴും എതിരാളികള്‍ക്ക് യാതൊരു വിധത്തിലുമുള്ള വെല്ലുവിളിയും ഉയര്‍ത്താന്‍ സാധിക്കാതിരുന്ന സാബുവിനെ ഇത്തവണ കൊല്ലത്ത് തന്നെ നിര്‍ത്തുന്നതിലെ സാങ്കേതികതയാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. കോടിയേരി ബാലകൃഷ്ണന്‍ പറയുന്ന കോ-ലീ-ബി സഖ്യത്തിന്റെ സാധ്യത സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് മുമ്പ് തന്നെ കരുതിയിരുന്ന മണ്ഡലമാണ് കൊല്ലം. ഇത് കൂടാതെ കൊല്ലം ബൈപ്പാസ് ഉദ്ഘാടനം മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയ പ്രേമചന്ദ്രനും ബിജെപിയും തമ്മിലുള്ള രഹസ്യ ബന്ധവും ചൂണ്ടിക്കാട്ടപ്പെടുന്നു.

സി പി എം തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിടുന്ന കൊല്ലം മണ്ഡലത്തില്‍ ഇത്തവണ സാബുവിനെ പോലെ ഒരു അപരിചിതനായ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചാല്‍ ബിജെപി-ആര്‍എസ്എസ് വോട്ടുകള്‍ പ്രേമചന്ദ്രന് ലഭിക്കുകയും ആ വോട്ടുകള്‍ നിര്‍ണായകമാകുകയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു നേതാവിനെ തന്നെ ഇത്തരത്തില്‍ ചാവേറായി വിട്ടുകൊടുക്കാന്‍ ബിജെപി തയ്യാറാകുമോയെന്നതാണ് അവശേഷിക്കുന്ന ചോദ്യം.

കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ..

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍