UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കും; ഇതിനായി വനിതാ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

നേരത്തെ കാസറഗോഡ് ജില്ലാ കളക്ടറും ഇക്കാര്യം അറിയിച്ചിരുന്നു.

മുഖാവരണം ധരിച്ച് വോട്ട് ചെയ്യാനെത്തുന്നവരെ പരിശോധിക്കുമെന്നും ഇതിനായി വനിതാ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. നാളെ നാല് ബൂത്തുകളില്‍ നടക്കുന്ന റീപോളിംഗിന് മുന്നോടിയായാണ് മീണയുടെ പ്രഖ്യാപനം. നാളത്തെ വോട്ടെടുപ്പിനും 23ന് നടക്കുന്ന വോട്ടണ്ണലിനുമായി നടത്തിയിരിക്കുന്ന ഒരുക്കങ്ങളെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കണമെന്ന് സിപിഎം നേതാക്കളും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടിരുന്നു. മുഖാവരണം ധരിച്ചെത്തിയവരാണ് കാസറഗോഡ് മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്തതെന്ന ആരോപണവും ഇവര്‍ ഉയര്‍ത്തിയിരുന്നു.

വോട്ട് ചെയ്യാന്‍ എത്തിയവര്‍ വരിയില്‍ നില്‍ക്കുമ്പോള്‍ തന്നെ മുഖപടം മാറ്റണമെന്നും ക്യാമറയില്‍ മുഖം കൃത്യമായി പതിയുന്ന തരത്തില്‍ മാത്രമേ വോട്ട് ചെയ്യാന്‍ അനുവദിക്കാവൂ എന്നായിരുന്നു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ പരാമര്‍ശം. പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കണ്ണൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പി കെ ശ്രീമതിയും ജയരാജന് പിന്തുണയുമായി രംഗത്തെത്തി. മുഖം മറച്ചെത്തുന്നവര്‍ ബൂത്ത് ഏജന്റുമാര്‍ ആവശ്യപ്പെട്ടാല്‍ മുഖം വെളിപ്പെടുത്താന്‍ തയ്യാറാകണമെന്ന് കോടിയേരിയും വോട്ടര്‍ പട്ടികയില്‍ ഫോട്ടോ നല്‍കിയവര്‍ മുഖം മറച്ച് വോട്ട് ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് ശ്രീമതിയും പറഞ്ഞു. മുല്ലപ്പള്ളിയും മുഖം മറച്ച് വോട്ട് ചെയ്യാനെത്തുന്നവരെ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി.

ഈ സാഹചര്യത്തിലാണ് മുഖം മറച്ച് വോട്ട് ചെയ്യുന്നവരെ പരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചത്. നേരത്തെ കാസറഗോഡ് ജില്ലാ കളക്ടറും ഇക്കാര്യം അറിയിച്ചിരുന്നു.

read more:‘വോട്ടർ പട്ടികയിൽ ഫോട്ടോ നൽകി മുഖം മറച്ച് വോട്ട് ചെയ്യുന്നത് അംഗീകരിക്കാനാവില്ല’; ജയരാജന് പിന്തുണയുമായി മറ്റ് സിപിഎം നേതാക്കളും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍