UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തെരഞ്ഞെടുപ്പ് ബഹിഷ്ക്കരണ പ്രചാരണം; ഏഴു പേര്‍ മാസങ്ങളായി അഴിക്കുള്ളില്‍

Avatar

എം കെ രാമദാസ്

സമ്മതിദാനാവകാശം സ്വയം നിരാകരിക്കുകയും തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണത്തിന് ആഹ്വാനം ചെയ്യുന്നതും രാജ്യദ്രോഹമായി സംസ്ഥാനം ഭരിക്കുന്ന ഇടതു ഭരണകൂടം കരുതുന്നുവോ എന്നതാണ് പ്രധാന പ്രശ്‌നം. അതേ എന്നാണ് ഉത്തരമെങ്കില്‍ ചരിത്രത്തെ നിഷേധിക്കുകയും അനുഭവങ്ങള്‍ മറക്കുകയും വേണം. ഭരണകൂടത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ശൗര്യം പ്രസംഗങ്ങളിലും പ്രവര്‍ത്തനങ്ങളിലും സൂക്ഷിക്കുന്ന പിണറായി വിജയന്‍ മുഖ്യമന്ത്രിയായ കേരളത്തില്‍ ഈ വിഷയത്തിന്റെ വ്യാപ്തിയേറെയാണ്. മറിച്ച് അല്ലായെന്നാണ് മറുപടിയെങ്കില്‍ ഇതേ കുറ്റം ചുമത്തി തെരഞ്ഞെടുപ്പ് കാലത്ത് ജയിലിലടച്ചവരെ സ്വതന്ത്രരാക്കാന്‍ ഈ സര്‍ക്കാര്‍ തയ്യാറാകണം.

യു എ പി എ ചുമത്തി അഴിക്കുള്ളിലാക്കിയവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിക്കു സമീപം സംഘടിപ്പിച്ച പ്രതിഷേധ പരിപാടി  ഉദ്ഘാടനം ചെയ്തത്  ഇടതു സഹയാത്രികനും മുന്‍ ലോകസഭാംഗവുമൊക്കെയായ സെബാസ്റ്റ്യന്‍ പോളാണ്. അദ്ദേഹത്തിന്റെ വാക്കുകളില്‍ മേല്‍പറഞ്ഞ ആശയങ്ങള്‍ ഉണ്ട്.  ‘യു എ പി എ സംബന്ധിച്ച ചര്‍ച്ചയില്‍ സിപിഐ (എം) ആണ് നിയമത്തിന്റെ ദുരുപയോഗത്തിനെതിരെ നിയമനിര്‍മ്മാണ സഭയില്‍ രംഗത്തു വന്നത്. പാര്‍ട്ടിക്ക് ഭരണം ലഭിച്ച കേരളത്തില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണത്തിന് ആഹ്വാനം നല്‍കിയവര്‍ക്കെതിരെ യു എ പി എ ചുമത്തി കേസ്സ് എടുത്തത് ശരിയായില്ല. തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്ന നിലപാടിനോട് യോജിപ്പില്ല. എന്നാല്‍ ഈ ആശയം പ്രചരിപ്പിക്കുന്നതിനെ എതിര്‍ക്കുന്നില്ല. അതുകൊണ്ട് തന്നെ യു എ പി എ നടപ്പാക്കല്‍ അസംബന്ധം മാത്രമല്ല ക്രൂരമായ ഫലിതം കൂടിയാണ്.  രാജഭരണ കാലത്ത് തിരുവിതാംകൂറില്‍ നടന്നിരുന്ന ചില സംഭവങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാണ് യു എ പി എ നടപ്പാക്കല്‍. കുറ്റവാളിയായി പിടികൂടുന്നവര്‍ക്കെതിരെ പിടിച്ചുപറിക്കാരന്‍, കൊള്ളക്കാരന്‍ എന്നീ പ്രയോഗങ്ങള്‍ കൂടാതെ കമ്മ്യൂണിസ്റ്റുകാരനാണെന്ന് കൂടി എഴുതിചേര്‍ക്കുമായിരുന്നു. ഇന്ന് മാവോയിസ്റ്റ്, മുസ്ലിം തീവ്രവാദി തുടങ്ങിയ വിശേഷണങ്ങളാണ് പോലീസ് ചിലര്‍ക്കെതിരെ ചുമത്തുന്നത്’. സെബാസ്റ്റ്യന്‍ പോളിന്റെ പ്രസംഗത്തിന്റെ രത്‌നചുരുക്കമാണിത്. 

തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണത്തിനായി പ്രചാരണം നടത്തിയ കുറ്റത്തിന് സംസ്ഥാനത്ത് ഏഴു പേര്‍ മാസങ്ങളായി അഴിക്കുള്ളിലാണ്. ഇവര്‍ക്കെതിരെ ചുമത്തിയത് രാജ്യദ്രോഹ കുറ്റമായി കരുതപ്പെടുന്ന യു എ പി എയാണ്. പോരാട്ടം പ്രവര്‍ത്തകരായ സി.എ അജിതന്‍, സാബു, ചാത്തു, ഗൗരി, പാഠാന്തരം വിദ്യാര്‍ത്ഥി കൂട്ടായ്മ നേതാവ് ദിലീപ്, ജോയി കാദര്‍, ബാലന്‍ എന്നിവരാണ് ഇവര്‍. ഇവര്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങളൊന്നും നിരോധിതമല്ല. എന്നാല്‍ ഇവര്‍ക്ക് സിപിഐ മാവോയിസ്റ്റ് ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയാണ് പോലീസ് നടപടി. തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണാഹ്വാനം പോസ്റ്ററായി പതിച്ച കുറ്റത്തിനാണ് അജയന്‍ മണ്ണൂരിനെതിരെ യു എ പി എ ചുമത്തിയത്.

ആദിവാസികള്‍, അവര്‍ക്കനുകൂലമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് പലപ്പോഴും ഇങ്ങിനെ യു എ പി എയ്ക്ക് വിധേയരായി അഴിക്കുള്ളിലായിട്ടുണ്ട്. ചത്തീസ്ഗഡ്, ഒറീസ എന്നിവിടങ്ങളില്‍ നിന്ന് ഉള്‍പ്പെടെയുള്ള രാജ്യത്തെ ആയിരത്തോളം പേര്‍ ജയിലിലുണ്ടെന്നാണ് ഏകദേശ കണക്ക്. ഗവണ്‍മെന്റ് താല്‍പ്പര്യങ്ങളാണ് ഇവിടെ പ്രതികളെ നിശ്ചയിക്കുന്നത്. നക്‌സലേറ്റ് മുദ്രകുത്തപ്പെട്ട് കസ്റ്റഡിയിലെത്തിയ മുരളി കണ്ണമ്പള്ളിക്കെതിരെ പ്രാഥമിക  കുറ്റപത്രത്തില്‍ ചാര്‍ത്തിയ വകുപ്പുകള്‍ നിസാരമാണ്. ആള്‍മാറാട്ടമാണിതില്‍ പ്രധാനം. കേസ്സ് കോടതിയിലെത്തുന്ന മുറയ്ക്ക് മറ്റ് കേസ്സുകള്‍ കൂടി ചുമത്തുകയാണ് പതിവ്. ജാമ്യം നിഷേധിക്കുകയാണ് ഇതിന്റെ ലക്ഷ്യം. രൂപേഷ്, ഷൈന എന്നിവര്‍ക്കെതിരെയും ഇതേ ശൈലിയാണ് പോലീസ് നടപടി നീങ്ങുന്നത്. ഇവര്‍ക്കെതിരെ ഇരുപത് കേസ്സുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓരോ കേസ്സിലും മിനിമം ആറ് മാസം വിചാരണതടവെന്ന കാലയളവ് പരിശോധിച്ചാല്‍ 12 വര്‍ഷം ഇവര്‍ ജയിലിനകത്തുതന്നെ.

രാജ്യദ്രോഹം സമ്പന്ധിച്ച് സുപ്രിംകോടതിയും ബോംബേ, കേരള ഹൈക്കോടതികളും പുറപ്പെടുവിച്ച നിരവധി വിധികളുണ്ട്. ഈ വിധികള്‍ പൗരന്‍മാരുടെ അന്യായ കസ്റ്റഡിയെ ഒഴിവാക്കുന്നു. നിരോധിത സംഘടനയില്‍ അംഗമാവുന്നതുപോലും രാജ്യദ്രാഹമല്ലെന്ന് സുപ്രിം കോടതി അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്നറസ്റ്റ് ചെയ്യപ്പെട്ട സിപിഐ മാവോയിസ്റ്റ് പോളിറ്റിബ്യൂറോ അംഗം കോബാദ് ഗണ്ടി ഏഴുവര്‍ഷം വിചാരണതടവുകാരനായി  കഴിഞ്ഞതിനുശേഷമാണ് ഈയിടെ പുറത്തിറങ്ങിയത്.  വിചാരണയില്‍ പോലീസിന് രാജ്യദ്രോഹകുറ്റം തെളിയിക്കാനായില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

(അഴിമുഖം കണ്‍സള്‍ട്ടന്‍റ് എഡിറ്ററാണ് എം കെ രാമദാസ്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍