UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എഡിഎംകെയുടെ പാര്‍ട്ടി ചിഹ്നം രണ്ടില തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു

ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്

ജയലളിതയുടെ മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്നത്തിന് അവകാശ വാദമുന്നയിച്ച് രണ്ടു വിഭാഗങ്ങള്‍ രംഗത്തെത്തി. തുടര്‍ന്ന് എഡിഎംകെയുടെ പാര്‍ട്ടി ചിഹ്നമായ ‘രണ്ടില’ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു. ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ജയലളിതയുടെ മരണത്തിനു ശേഷം ഒ. പനീര്‍ശെല്‍വത്തിന്റെയും ശശികല നടരാജന്റെയും നേതൃത്വത്തില്‍ രണ്ടു വിഭാഗങ്ങളായി പിളര്‍ന്ന പാര്‍ട്ടിയില്‍ ചിഹ്നത്തിനായി രൂക്ഷ തര്‍ക്കമാണ് നടക്കുന്നത്.

രണ്ടില ചിഹ്നം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് വാദിച്ച് ഇരുവിഭാഗവും വീട്ടുവീഴ്ചയില്ലാതെ ഉറച്ചു നില്‍ക്കുകയാണ്. ഇതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം മരവിപ്പിക്കുകയായിരുന്നു. ചിഹ്നത്തിനായി അവകാശവാദമുന്നയിച്ച് ശശികല വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരന്‍ ഇതു സംബന്ധിച്ച് ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

ഔദ്യോഗിക വിഭാഗം സ്ഥാനാര്‍ഥിയായി താന്‍ മാര്‍ച്ച് 23-ന് പത്രിക സമര്‍പ്പിക്കുമെന്നും ചിഹ്നം തനിക്ക് അനുവദിക്കണമെന്നുമായിരുന്നു ദിനകരന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ചിഹ്നത്തിന്റെ അവകാശികള്‍ തങ്ങളാണെന്ന് കാട്ടി പനീര്‍ശെല്‍വം വിഭാഗവും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.

മാര്‍ച്ച് 14-ന് ആരംഭിച്ച പത്രികാ സമര്‍പ്പണം 24-നാണ് അവസാനിക്കുന്നത്. ഏപ്രില്‍ 12-ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഏപ്രില്‍ 17-ന്പ്രഖ്യാപിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍