UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയും ഷായും കണ്ടതല്ല കാശ്മീര്‍

Avatar

ടീം അഴിമുഖം

ഝാര്‍ഖണ്ഡിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായെങ്കിലും, നരേന്ദ്രമോദി ശബ്ദഘോഷത്തോടെ പ്രചാരണം നടത്തിയിട്ടും ജമ്മു കാശ്മീരില്‍ കേവലഭൂരിപക്ഷത്തിന് വേണ്ട മാന്ത്രിക സംഖ്യ 44-ലെത്താന്‍ ബി ജെ പിക്കായില്ല.

ഝാര്‍ഖണ്ഡ്, ജമ്മു കാശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളെയും ലോക്സഭാ തെരഞ്ഞെടുപ്പിനെയും താരതമ്യം ചെയ്താല്‍ ബി ജെ പിക്ക് ആഹ്ലാദിക്കാന്‍ അത്രയൊന്നുമില്ല. 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഝാര്‍ഖണ്ഡിലെ 81 നിയമസഭാ മണ്ഡലങ്ങളില്‍ 60-ലും ബി ജെ പിക്കായിരുന്നു ഭൂരിപക്ഷം. ഇത്തവണയാകട്ടെ പകുതി മണ്ഡലങ്ങളില്‍ വിജയിക്കാന്‍ കഷ്ടപ്പെട്ടു.

ജമ്മു കാശ്മീരിലെ ബി ജെ പിയുടെ പ്രചാരണം ഭിന്നിപ്പിക്കുന്നതും ആശയക്കുഴപ്പം നിറഞ്ഞതുമായിരുന്നു. മുന്‍ വിഘടനവാദി സജ്ജദ് ലോണുമായുള്ള സഖ്യം; ഹിന്ദു മുഖ്യമന്ത്രി എന്ന വാഗ്ദാനം; ആര്‍ടിക്കിള്‍ 370 എടുത്തുകളയുമെന്നുള്ള രാം മാധവിന്റെ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട്; 370-ആം ആര്‍ടിക്കിള്‍ റദ്ദാക്കിയാല്‍ വീണ്ടും തോക്കെടുക്കുമെന്നുള്ള ഹീന ഭട്ടിന്റെ ഭീഷണി; നിര്‍ണായക വിഷയങ്ങളില്‍ പരസ്പരവിരുദ്ധമായ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് ബി ജെ പിയിലെ ദേവന്മാരും അസുരന്മാരും തങ്ങളുടെ വേഷങ്ങള്‍ വളരെ ഗൌരവത്തോടെ ആടിതീര്‍ത്തു.

രണ്ട് സംസ്ഥാനങ്ങളിലെയും പാര്‍ടി പ്രവര്‍ത്തകരെ അഭിനന്ദിക്കവേ, 2014, ബി ജെ പിയെ സംബന്ധിച്ചു അപ്രതീക്ഷിതമായ തെരഞ്ഞെടുപ്പ് വിജയങ്ങളുടെ വര്‍ഷമാണെന്ന് ദേശീയാദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ജമ്മു കാശ്മീരില്‍ പാര്‍ടിക്ക് മുമ്പില്‍ എല്ലാ സാധ്യതകളും തുറന്നു കിടക്കുകയാണെന്ന് ഷാ പറയുന്നു. “എല്ലാ സാധ്യതകളും തുറന്നുകിടക്കുകയാണ്. ഒരു ബി ജെ പി സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള സാധ്യതയുണ്ട്. ആരെയെങ്കിലും പിന്തുണക്കുകയുമാവാം. ഏതെങ്കിലും സര്‍ക്കാരില്‍ ചേരുകയുമാകാം.മൂന്നു സാധ്യതകളും തുറന്നുകിടക്കുകയാണ്.”

ഝാര്‍ഖണ്ഡിന്റെ ചരിത്രത്തില്‍ ആദ്യമായി ജനങ്ങള്‍ കേവല ഭൂരിപക്ഷത്തോടെ ഒരു സഖ്യത്തെ തെരഞ്ഞെടുത്തു എന്നും ഷാ പറഞ്ഞു. ജമ്മു കാശ്മീരില്‍ ബി ജെ പി ഒരു ‘പ്രസക്തമായ ജനാധിപത്യ ശക്തി’യായെന്നും ഷാ കൂട്ടിച്ചേര്‍ത്തു. “വികസനത്തെ എതിര്‍ക്കുന്ന സകലര്‍ക്കും ഇതൊരു സന്ദേശമാണ്,” ആഹ്ലാദദീപ്തനായ ഷാ പ്രഖ്യാപിച്ചു.

കാശ്മീര്‍ താഴ്വരയിലും വടക്കന്‍ ജില്ലകളിലും രണ്ടു പ്രാദേശിക കക്ഷികള്‍ക്കുമിടയില്‍-നാഷണല്‍ കോണ്‍ഫറന്‍സും (എന്‍ സി), എതിരാളി പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ടിയും(പി ഡി പി)- വൃത്തിയായ ഒരു വിപരീതക്രിയയാണ് സംഭവിച്ചത്. കഴിഞ്ഞ രണ്ടു തവണയും എന്‍ സി വിജയിച്ച അത്രയും എണ്ണം സീറ്റുകളില്‍-28- ഇത്തവണ പി ഡി പി ജയിക്കുന്നു.  അപ്പോള്‍ ഒരു സഖ്യമുണ്ടാക്കുന്നതിന് എന്താണ് തടസം? ഇവിടെയാണ് എണ്ണക്കണക്കുകള്‍ വേറൊരു വശം കാണിക്കുന്നത്. ജമ്മു മേഖലയില്‍ ഏതാണ്ട് മുഴുവന്‍ സീറ്റും തൂത്തുവാരിയ ബി ജെ പി കാശ്മീര്‍ താഴ്വരയില്‍ ഒരു മണ്ഡലത്തില്‍പ്പോലും വിജയിച്ചില്ല.

വേറൊരു തരത്തില്‍ കഠിനമായ താഴ്വരയിലെ ഉയര്‍ന്നപോളിംഗ് ശതമാനം മറ്റ് ചിലതാണ് കാണിക്കുന്നത്: അത് ബി ജെ പിക്കെതിരായ വോട്ടാണ്. താഴ്വര വിജയിയെ നിശ്ചയിക്കുകയും അതോടൊപ്പം ജമ്മു മേഖലയില്‍ നിന്നും അധികാരത്തിലെത്തുന്ന കക്ഷിക്ക് കുറച്ചു സീറ്റുകള്‍ ലഭിക്കുകയും ചെയ്യുന്നതായിരുന്നു സംസ്ഥാനത്ത് നിലനിന്നിരുന്ന സമതുലിതാവസ്ഥ.  പക്ഷേ ഇത്തവണ അത് പൊളിഞ്ഞു: ബി ജെപിയുടെ സീറ്റുകള്‍ പി ഡി പിയുടെതില്‍ നിന്നും വെറും മൂന്നെണ്ണം മാത്രമാണു കുറവ്. ന്യൂഡല്‍ഹിയിലെ ഭരണകക്ഷിയുടെ കൈതാങ്ങില്ലാതെ സംസ്ഥാനത്തിന് നിലനില്‍ക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് മറ്റൊരു പ്രശ്നം. അങ്ങനെയല്ലെന്ന് എങ്ങനെയൊക്കെ നിഷേധിച്ചാലും, താഴ്വരയിലെ ഏത് രാഷ്ട്രീയക്കാരനും അതാണ് വസ്തുതയെന്ന് അറിയാം. ഇത്, ഏറ്റവും വലിയ ഒറ്റക്കക്ഷി പി ഡി പിയെ വിഷമസന്ധിയിലാക്കുന്നു.

ബി ജെ പിയുമായി കൂട്ടുചേരാന്‍ ആഗ്രഹിക്കാത്ത അവര്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനായിരിക്കും താത്പര്യപ്പെടുക. പക്ഷേ കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍നിന്നും പുറത്തായ സ്ഥിതിക്ക് അവരുടെ മുന്നില്‍ അധികം വഴികളില്ല. കോണ്‍ഗ്രസിന്റെ കൂടെച്ചേരുന്നത് ധീരമായ നടപടിയായേക്കാം, പക്ഷേ യുക്തിസഹമാകില്ല. ജമ്മു കാശ്മീരിലെ രാഷ്ട്രീയം സവിശേഷമായ തുടര്‍ച്ച പ്രകടിപ്പിക്കുന്നതിന് പിന്നില്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന ആഴത്തിലുള്ള പല ഘടകങ്ങളുമുണ്ട്. കുടുംബ വാഴ്ച മത്സരം-ഒരു ഇന്ത്യന്‍ വിപത്ത്- യൂണിയനില്‍  നിന്നും ഏറ്റവും ദൂരെയെന്ന് അവകാശപ്പെടുന്ന ഈ പ്രവിശ്യയില്‍ അതിന്റെ ഏറ്റവും ജീര്‍ണമായ രൂപത്തിലാണ് പ്രയോഗിക്കപ്പെടുന്നത്. രണ്ടു ഭരണാധികാരികള്‍ക്ക്,അല്ലെങ്കില്‍ നാട്ടുരാജാക്കന്‍മാര്‍ക്ക് ഭരിക്കാനുള്ളത്ര വലിപ്പം ജമ്മു കാശ്മീരിനില്ല. ഈ മത്സരം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ കാണുന്ന തരം പ്രാദേശികതയെ തടയുകയും ചെയ്യുന്നു.

ചരിത്രപരമായ വേരുകളുള്ള മറ്റൊരു മാനവും സംസ്ഥാനത്തെ ഈ മത്സരത്തിനുണ്ട്. ഉദ്ഭവം തൊട്ടേ സമഗ്രമായ ഒരൊറ്റ രാഷ്ട്രീയ ഖണ്ഡമല്ലാതിരുന്ന സംസ്ഥാനം-ജമ്മു, ലഡാക്, ബാള്‍ടിസ്ഥാന്‍, പൂഞ്ച്, പാകിസ്ഥാന്‍ അധിനിവേശത്തിലുള്ള വടക്കന്‍ മേഖല- എന്നിവയെല്ലാമാണ് പല കാലങ്ങളില്ലായി ജമ്മു കാശ്മീരിന്റെ ഭാഗമാകുന്നത്. ഇത് തെരഞ്ഞെടുപ്പ് മത്സരത്തിന് ഒരു വ്യത്യസ്ത ച്ഛായ നല്‍കുന്നു. താഴ്വരയില്‍ നിന്നുള്ള കക്ഷികള്‍ ജമ്മുവില്‍ അത്ര സ്വീകാര്യരല്ല.

കോണ്‍ഗ്രസാണ് ഇവിടെ പരമ്പരാഗതമായി സ്വാധീനം ചെലുത്തിയിരുന്നത്. ഇത്തവണ അത് ബി ജെ പി പിടിച്ചെടുത്തു. ഈ വിഭജനം-രണ്ടു മേഖലകളും നാല് കക്ഷികളും തമ്മില്‍- സംസ്ഥാനത്തിന്റെ സവിശേഷതയാണ്. ന്യൂഡല്‍ഹിയില്‍ നിന്നുള്ള ഇടപെടലല്ല, മറിച്ച് ഇതാണു സംസ്ഥാനത്ത് ജമ്മു കാശ്മീരിന് കുതന്ത്ര രാഷ്ട്രീയത്തിന്റെ കുപ്രസിദ്ധി നല്കിയത്. ഇത്തരം ഘടനാപരമായ ഘടകങ്ങള്‍ സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ ശക്തികള്‍ ഉരുത്തിരിഞ്ഞുവരുന്നതിന് കടുത്ത വിഘാതം സൃഷ്ടിക്കുന്നു. വിശ്വസനീയത നഷ്ടപ്പെട്ട രണ്ടു നാട്ടുരാജാക്കന്മാര്‍ ഇപ്പൊഴും വിലസുമ്പോള്‍ ഒരു സജ്ജദ് ഖാന് ഒരു ചലനവും സൃഷ്ടിക്കാനാകാത്തതിന്റെ കാരണവും മറ്റൊന്നല്ല. ഈ ഘടകങ്ങളെയൊന്നും മായ്ച്ചുകളയാനാവില്ലെങ്കിലും തളര്‍ന്ന് അവശരായ കോണ്‍ഗ്രസിനെ അപേക്ഷിച്ച്  കേന്ദ്രീകൃത ശക്തി ഏറെയുള്ള ബി ജെ പിയുടെ വരവ് ഈ കുഴഞ്ഞുമറിഞ്ഞ പ്രവിശ്യയില്‍ കാര്യങ്ങള്‍ മാറ്റിമറിക്കാന്‍ സഹായിച്ചേക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍