UPDATES

ദേശീയം

ജനങ്ങളോട് വോട്ടഭ്യര്‍ഥിച്ച രാഹുല്‍ ദ്രാവിഡിന് ഇത്തവണ വോട്ടില്ല; വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്തു

ബെംഗളൂരു സെന്‍ട്രലില്‍ നിന്ന് വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന് പേഴ്സണല്‍ സെക്രട്ടറി വഴി ദ്രാവിഡ് ആവശ്യപ്പെട്ടിരുന്നെങ്കിലും അതു സാധ്യമല്ലെന്നായിരുന്നു കമ്മീഷന്റെ മറുപടി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം രാഹുല്‍ ദ്രാവിഡിന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തു. കര്‍ണാടക തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംബാസഡര്‍ കൂടിയാണ് താരം. തെരഞ്ഞെടുപ്പില്‍ ജനങ്ങളോട് വോട്ടഭ്യര്‍ഥിക്കാന്‍ രാഹുല്‍ പറയുന്ന വീഡിയോകള്‍ പുറത്തിറങ്ങിയ ശേഷമാണ് താരത്തിന് വോട്ടില്ലെന്നത് പുറത്താകുന്നത്.

ഇന്ദിരാനഗറിലെ താമസക്കാരനായിരുന്ന ദ്രാവിഡ് മല്ലേശ്വരത്തേക്കു താമസം മാറിയെങ്കിലും നിശ്ചയിച്ച സമയത്തിനുള്ളില്‍ തന്റെ മണ്ഡലം മാറ്റുന്നതിനുള്ള അപേക്ഷ ദ്രാവിഡ് നല്‍കാതിരുന്നതാണ് പട്ടികയില്‍ നിന്ന് പേരില്ലാതായത്. ദ്രാവിഡ് ഈ സമയം വിദേശത്തായിരുന്നതിനാലാണ് ഇതിന് കഴിയാതെ പോയത്.

നേരത്തെ ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിനു കീഴില്‍ വരുന്ന ഇന്ദിരാ നഗറിലായിരുന്നു ദ്രാവിഡ് താമസിച്ചിരുന്നത്. ഇപ്പോള്‍ ബെംഗളൂരു നോര്‍ത്ത് മണ്ഡലത്തിനു കീഴില്‍ വരുന്ന മല്ലേശ്വരം അദ്ദേഹം താമസിക്കുന്നത്. സെന്‍ട്രല്‍ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് ദ്രാവിഡിന്റെ പേര് നീക്കം ചെയ്യുന്നതിനുള്ള അപേക്ഷ അദ്ദേഹത്തിന്റെ സഹോദരന്‍ നല്‍കിയിരുന്നു. തുടര്‍ന്ന് ബെംഗളൂരു നോര്‍ത്ത് മണ്ഡലത്തില്‍ ദ്രാവിഡിന്റെ പേര് ചേര്‍ക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ മൂന്നുവട്ടം ദ്രാവിഡിന്റെ വീട്ടില്‍ പോയിരുന്നെങ്കിലും വേരിഫിക്കേഷനായി അദ്ദേഹം അവിടെയുണ്ടായിരുന്നില്ല. അവസാന തീയതിയായ മാര്‍ച്ച് 16 ന് ശേഷമാണ് ദ്രാവിഡ് വിദേശത്തുനിന്നു മടങ്ങിയെത്തിയതും.

ബെംഗളൂരു സെന്‍ട്രലില്‍ നിന്ന് വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന് പേഴ്സണല്‍ സെക്രട്ടറി വഴി ദ്രാവിഡ് ആവശ്യപ്പെട്ടിരുന്നെങ്കിലും അതു സാധ്യമല്ലെന്നായിരുന്നു കമ്മീഷന്റെ മറുപടി. നേരത്തേ സമര്‍പ്പിച്ച അപേക്ഷ പ്രകാരം ദ്രാവിഡിന്റെ പേര് ആ മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ നിന്നു നീക്കം ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍