UPDATES

വിദേശം

ഇനി ബ്രിട്ടന്‍ പഴയ ബ്രിട്ടന്‍ അല്ല; കാമറോണ്‍ പഴയ കാമറോണും

Avatar

ആദം ടെയ്‌ലര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

രാജ്യത്തിന്റെ രാഷ്ട്രീയ ഭാവി വ്യക്തമാക്കത്ത വിധത്തില്‍ തീര്‍ച്ചയില്ലാത്ത ഒരു തിരഞ്ഞെടുപ്പായിരിക്കും ഇത്തവണ ബ്രിട്ടണില്‍ സംഭവിക്കുക എന്നാണ് പൊതുവെ കരുതപ്പെട്ടിരുന്നത്. എന്നാല്‍ അങ്ങനെയൊന്നുമല്ല സംഭവിച്ചത്. ഈ തിരഞ്ഞെടുപ്പില്‍ ആരൊക്കെയാണ് വിജയികളെന്നും ആരൊക്കെയാണ് പരാജയം ഏറ്റവാങ്ങിയവരെന്നും അസന്നിഗ്ധമായ വിധത്തില്‍ വ്യക്തമാക്കുന്നതായിരുന്ന ഫലങ്ങള്‍. 

തിരഞ്ഞെടുപ്പിന്റെ പൊടിപടലങ്ങള്‍ വെള്ളിയാഴ്ച അടങ്ങുന്നതോടെ, ഭാവി ബ്രിട്ടനെ ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ എങ്ങനെയൊക്കെ ബാധിക്കും എന്ന് പരിശോധിക്കുന്നത് ഉചിതമായിരിക്കും. ഈ തിരഞ്ഞെടുപ്പ് ബ്രിട്ടനെ സംബന്ധിച്ചിടത്തോളം പ്രാധാന്യമര്‍ഹിക്കുന്നതായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ പലരും കരുതിയ വിധത്തിലുള്ള പ്രാധാന്യം അതിന്റെ ഫലങ്ങളില്‍ പ്രതിഫലിച്ച് കണ്ടില്ല. 

2015 ബ്രിട്ടീഷ് തിരഞ്ഞെടുപ്പ് രാജ്യത്തെ ഇങ്ങനെയൊക്കെ മാറ്റിമറിച്ചേക്കാം. 

1. സാമ്പത്തിക അച്ചടക്കത്തെ സംബന്ധിച്ച ഡേവിഡ് കാമറോണിന്റെ വീക്ഷണത്തിന് വ്യക്തമായ ജനപിന്തുണ

സാമ്പത്തിക അച്ചടക്കം പാലിക്കുകയും ബ്രിട്ടീഷ് സര്‍ക്കാരിന്റെ ചിലവുകള്‍ ചുരുക്കുകയും ചെയ്യുക എന്നതായിരുന്ന ഡേവിഡ് കാമറോണിന്റെ മധ്യ-വലത് കണ്‍സര്‍വേറ്റീവ് സര്‍ക്കാരിന്റെ നിര്‍വചനാത്മക കാഴ്ചപ്പാട്. ബ്രിട്ടീഷ് പൊതുജനങ്ങളെയും സാമ്പത്തിക ശാസ്ത്രകാരന്മാരെയും ഒരുപോലെ ഭിന്നിപ്പിച്ച അദ്ദേഹത്തിന്റെ വിവാദ തീരമാനങ്ങളില്‍ ഒന്നുമായിരുന്നു അത്. 

2010ല്‍ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള കാമറോണിന്റെ സാമ്പത്തിക അച്ചടക്ക നടപടി പോലെ തന്നെ നാടകീയമായിരുന്നു ഇത്തരം തീരുമാനങ്ങളെ ന്യായീകരിക്കാനുള്ള രാഷ്ട്രീയ സ്വാധീനം ഇല്ലെന്ന് എല്ലാക്കാലത്തും നിലനിന്നിരുന്ന ധാരണ. 2010 ല്‍ മൊത്തമുള്ള സീറ്റുകളില്‍ ഭൂരിപക്ഷവും (650 സീറ്റുകളില്‍ 306 എണ്ണം) നേടിയെങ്കിലും കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍, ഭരണത്തിലേറാന്‍ അവര്‍ക്ക് ലിബറല്‍ ഡമോക്രാറ്റുകളുമായുള്ള (57 സീറ്റുകള്‍) മുന്നണി ആവശ്യമായി വന്നു. 

പക്ഷെ ഇപ്പോള്‍ കാമറോണിന്റെ സാമ്പത്തിക അച്ചടക്ക നടപടികള്‍ക്ക് വ്യക്തമായ ജനപിന്തുണ ലഭിച്ചിരിക്കുന്നു. പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷം നേടിയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഇനി ലിബറല്‍ ഡമോക്രാറ്റുകളുടെ പിന്തുണയില്ലാതെ തന്നെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കും.

2. തലകള്‍ ഉരുളുന്നു

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ആദ്യം പുറത്ത് വന്നപ്പോള്‍ ഉണ്ടായ അവിശ്വാസങ്ങള്‍ക്ക് അപ്പുറം (ഒരു മുതിര്‍ന്ന പാര്‍ട്ടി നേതാവ് പറഞ്ഞത്, പോള്‍ ഫലങ്ങള്‍ ശരിയാണെങ്കില്‍ തന്റെ തൊപ്പി താന്‍ തന്നെ പരസ്യമായി തിന്നുമെന്നാണ്) മിക്കവരും പേടിച്ചിരുന്നത് തന്നെ വെള്ളിയാഴ്ചത്തെ തിരഞ്ഞെടുപ്പ് ഫലം ഉറപ്പാക്കി: ലിബറല്‍ ഡമോക്രാറ്റുകള്‍ ഏകദേശം തുടച്ചുനീക്കപ്പെട്ടു. സീറ്റുകളുടെ എണ്ണത്തില്‍ അവര്‍ക്ക് ഇരട്ട അക്കം കടക്കാന്‍ സാധിച്ചാല്‍ തന്നെ ഭാഗ്യമായി പലരും കാണുന്നു. ഉയര്‍ന്ന പ്രതീക്ഷകളും 2010ല്‍ #cleggmania യും ഉണര്‍ത്തിയ നിക് ക്ലെഗ് എന്ന അവരുടെ കരിസ്മാറ്റിക് നേതാവ് വെള്ളിയാഴ്ച രാജിവച്ചു. 

ക്ലെഗിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ മോശമാണെങ്കില്‍, ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ വളരെ കാലമായി രണ്ടാം സ്ഥാനത്തുള്ള ഇടതു-മധ്യ ലേബര്‍ പാര്‍ട്ടിയുടെ നേതാവായ എഡ് ബിലിബാന്റിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ ചീഞ്ഞുനാറുകയാണ്. തന്റെ പൊതു നടപടികളെ കുറിച്ചുള്ള കടുത്ത വിമര്‍ശനങ്ങളെ മിലിബാന്റ് അതിജീവിക്കുമെന്നും ബ്രിട്ടീഷ് തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നും പലരും കരുതി. കുറഞ്ഞപക്ഷം ഒരു പോരാട്ടമെങ്കിലും കാഴ്ച വയ്ക്കാം എന്നവര്‍ പ്രതീക്ഷിച്ചു. എന്നാല്‍ 2010 നേക്കാള്‍ കുറവാണ് ഇപ്പോള്‍ ലേബര്‍ പാര്‍ട്ടി നേടിയ സീറ്റുകള്‍ എന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ ബിലിബാന്റ് രാജി സമര്‍പ്പിച്ചു. 

യൂറോപ്യന്‍ യൂണിയനേയും യുകെയിലേക്കുള്ള കുടിയേറ്റത്തെയും എതിര്‍ക്കുന്ന യുണൈറ്റഡ് കിംഗ്ഡം ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി (യുകെഐപി) യുടെ നേതാവും വളരെ പ്രതീക്ഷകള്‍ കാത്തുസൂക്ഷിച്ചിരുന്ന സ്ഥാനാര്‍ത്ഥിയുമായ നൈജല്‍ ഫരാജെയും മത്സരിച്ച മണ്ഡലത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് രാജി സമര്‍പ്പിക്കാന്‍ നിര്‍ബന്ധിതനായി. ബിയര്‍ കുടിക്കുകയും സിഗരറ്റ് വലിക്കുകയും സാധാരണ ബ്രിട്ടീഷുകാരുടെ ശബ്ദം എന്ന് സ്വയം വിശേഷിപ്പിക്കുകയും ചെയ്യുന്ന ഫരാജെ ബ്രിട്ടീഷ് രാഷ്ട്രീയ ലോകത്തിലെ വളരെ അന്യാദൃശ്യനും ഉയര്‍ന്ന വ്യക്തിത്വവുമുള്ള മുഖമാണ്. എന്നാല്‍ അദ്ദേഹത്തിന് മടങ്ങി വരാന്‍ സാധിക്കുമോ എന്നും അതുണ്ടായില്ലെങ്കില്‍ ആരായിരിക്കും അദ്ദേഹത്തിന്റെ പിന്‍ഗാമിയെന്നും ഇപ്പോഴും വ്യക്തമല്ല. 

വ്യാഴാഴ്ച രാത്രിയിലെ തിരഞ്ഞെടുപ്പ് രക്തസ്‌നാനത്തിന് ശേഷം ബ്രിട്ടീഷ് രാഷ്ട്രീയ രംഗത്ത് നിന്നും വിടപറയുന്ന ആളുകളില്‍ ചിലരാണിവര്‍. അവര്‍ നിഷ്‌കാസിതരാകുന്നതിന് നിരവധി ബ്രിട്ടീഷുകാര്‍ ഞെട്ടലോടെ വീക്ഷിക്കുന്ന ധാരാളം ചെറുകിട പേരുകളും (ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ വിന്‍സ് കേബിള്‍, ലേബര്‍ പാര്‍ട്ടിയിലെ എഡ് ബാള്‍സ് തുടങ്ങിയ ഉദാഹരണങ്ങള്‍) പട്ടികയില്‍ ഉണ്ട്. 

3. സ്‌കോട്ട്‌ലന്റിന്റെ പുതിയ രാഷ്ട്രീയ വ്യവസ്ഥ ദൃഢീകരിക്കപ്പെടുന്നു

സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയ കക്ഷിയായ സ്‌കോട്ടിഷ് നാഷ്ണല്‍ പാര്‍ട്ടി, സ്‌കോട്ട്‌ലന്റിന് അനുവദിച്ചിരിക്കുന്ന ഭൂരിപക്ഷം പാര്‍ലമെന്റ് സീറ്റുകളും വിജയിക്കാനുള്ള പാതയിലാണ്. 2010ല്‍ വെറും ആറ് സീറ്റുകള്‍ മാത്രം നേടുകയും 2014ല്‍ നടന്ന ജനഹിത പരിശോധനയില്‍ പരാജയപ്പെടുകയും ചെയ്തതിന് ശേഷം, അമ്പത് സീറ്റുകള്‍ക്ക് മേല്‍ കരസ്ഥമാക്കിക്കൊണ്ട് എസ്എന്‍പി വ്യക്തമായും സ്‌കോട്ടിഷ് രാഷ്ട്രീയത്തിലെ ഏറ്റവും പ്രബല കക്ഷിയായി മാറിയിരിക്കുന്നു. 

സമീപകാലത്തൊന്നും പുതിയ സ്വാതന്ത്ര്യ ഹിതപരിശോധന എന്ന ആവശ്യം മുന്നോട്ട് വയ്ക്കില്ലെന്നും ബ്രിട്ടീഷ് സര്‍ക്കാരില്‍ ഏതെങ്കിലും തരത്തില്‍ ഭാഗഭക്കാകാന്‍ (ലേബര്‍ പാര്‍ട്ടി കൂടുതല്‍ സീറ്റുകള്‍ ജയിച്ചിരുന്നെങ്കില്‍ നിലനിന്നിരുന്ന ഒരു സാധ്യത) ഉദ്ദേശിക്കുന്നില്ലെന്നും എസ്എന്‍പി വ്യക്തമാക്കുമ്പോഴും ഈ തിരഞ്ഞെടുപ്പ് ഫലത്തിന് തിരിച്ചടികള്‍ ഉണ്ടാവില്ല എന്ന് കരുതാന്‍ പ്രയാസമാണ്. എസ്എന്‍പി സമീപകാലത്തൊന്നും സ്വാതന്ത്ര്യം ആവശ്യപ്പെട്ടില്ലെങ്കില്‍ പോലും സ്‌കോട്ട്‌ലന്റിലുള്ള അവരുടെ സമ്പൂര്‍ണ ആധിപത്യവും അവരുടെ ഇടതുപക്ഷ രാഷ്ട്രീയവും, സ്‌കോട്ട്‌ലന്റില്‍ നിന്നും ഒറ്റ എംപിയെ മാത്രമേ ജയിപ്പിച്ചെടുക്കാന്‍ സാധിച്ചുള്ളുവെങ്കിലും അവിടെ ഭരിക്കേണ്ടി വരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഒരു നിയമപ്രതിസന്ധി സൃഷ്ടിക്കുമെന്ന് തീര്‍ച്ച. 

സ്‌കോട്ട്‌ലന്റ് തങ്ങളെ ഉറച്ച് പിന്തുണയ്ക്കുന്ന സ്ഥലമാണെന്ന് ദീര്‍ഘകാലമായി വിശ്വസിച്ചിരുന്ന ലേബര്‍ പാര്‍ട്ടിക്കും ഇവിടെ വലിയ പരാജയമാണ് സംഭവിച്ചിരിക്കുന്നത്. സ്‌കോട്ട്‌ലന്റിലെ ലേബര്‍ പാര്‍ട്ടി നേതാവ് ജിം മര്‍ഫി സ്വന്തം മണ്ഡലത്തില്‍ എസ്എന്‍പിയോട് തോറ്റു എന്ന് മാത്രമല്ല വിരമിച്ച ലേബര്‍ പാര്‍ട്ടിയുടെ മുന്‍ പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണിന്റെ മണ്ഡലം അവര്‍ക്ക് നഷ്ടപ്പെടുകയും ചെയ്തു. ലേബര്‍ പാര്‍ട്ടിയുടെ നിഴല്‍ വിദേശകാര്യ സെക്രട്ടറിയും പ്രചരണ വിഭാഗം തലവനുമായിരുന്ന ഡഗ്ലസ് അലക്‌സാണ്ടര്‍ തന്റെ മണ്ഡലം 20 വയസുള്ള ഒരു വിദ്യാര്‍ത്ഥിനിക്ക് അടിയറ വച്ചു (മ്‌ഹൈറി ബ്ലാക് എന്ന ആ വിദ്യാര്‍ത്ഥിനിയാണ് 1667 ന് ശേഷം ബ്രിട്ടീഷ് എംപിയാവുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി).

എസ്എന്‍പിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പും അതിലുപരിയായുള്ള കണ്‍സര്‍വേറ്റീവുകളുടെ വിജയവും ചൂണ്ടുന്നത് ഒരേ ദിശയിലേക്കാണ്. എല്ലാക്കാലത്തും ബ്രിട്ടണ് അഖണ്ഡമായി തുടരാന്‍ സാധിക്കില്ല. 

4. യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടണ്‍ പിന്മാറിയേക്കും

യൂറോപ്പിന്‍ യൂണിയനിലെ ബ്രിട്ടന്റെ അംഗത്വം സംബന്ധിച്ച് ഒരു ജനഹിത പരിശോധന നടത്തുമെന്ന് 2013ല്‍ കാമറോണ്‍ വാഗ്ദാനം നല്‍കിയിരുന്നു. ഇത് 2017ന് മുമ്പ് നടത്തുമെന്ന് പിന്നീട് അദ്ദേഹം വിശദീകരിച്ചിരുന്നു. 

ബ്രിട്ടണ്‍ യഥാര്‍ത്ഥത്തില്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന് കാമറോണിനോ മറ്റ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഉന്നതര്‍ക്കോ നിര്‍ബന്ധമുണ്ടോ എന്ന കാര്യത്തില്‍ തെളിവുകളൊന്നും ലഭ്യമല്ല. അദ്ദേഹം ഒരു വോട്ടെടുപ്പ് ഒഴിവാക്കാന്‍ ശ്രമിക്കുകയും ചെയ്‌തേക്കാം. എന്നാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ യൂറോ അവിശ്വാസ തൊങ്ങലുകളും യുകെഐപി വോട്ടര്‍മാരും തന്റെ വാക്ക് പാലിക്കാന്‍ അദ്ദേഹത്തില്‍ സമ്മര്‍ദം ചെലുത്തിയേക്കാം. അങ്ങനെ വരികയാണെങ്കില്‍ ഹിതപരിശോധനയ്ക്ക് അനുകൂലമായി മികച്ച പ്രതികരണം ലഭിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. പ്രത്യേകിച്ചും, 2015 തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നേടുന്നതില്‍ യുകെഐപി ബുദ്ധിമുട്ടുമ്പോഴും മൊത്തം വോട്ടിന്റെ പന്ത്രണ്ട് ശതമാനത്തോളം അവര്‍ നേടിയെന്ന വാര്‍ത്തകള്‍ പുറത്ത് വരുമ്പോള്‍. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു ഹിതപരിശോധന നടത്തുകയാണെങ്കില്‍ എങ്ങനെയായിരിക്കും ബ്രിട്ടീഷുകാര്‍ വോട്ട് ചെയ്യുക? ഉത്തരം എളുപ്പമല്ല. യൂറോപ്യന്‍ യൂണിയനില്‍ തുടരാനാവും ഭൂരിപക്ഷവും വോട്ട് ചെയ്യുക എന്ന് പൊതു തിരഞ്ഞെടുപ്പ് സൂചിപ്പിക്കുന്നു. എന്നാല്‍ പ്രചാരണങ്ങള്‍ക്ക് ശേഷം ഈ അവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കാം. പ്രത്യേകിച്ചും വോട്ടെടുപ്പുകള്‍ വഴിതെറ്റിക്കുന്നതാകാം എന്ന് 2015 തിരഞ്ഞെടുപ്പ് തന്നെ വ്യക്തമാക്കുന്ന സ്ഥിതിക്ക്. ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുവരുന്നില്ലെങ്കില്‍ അതിന്റെ അനന്തരഫലങ്ങള്‍ നാടകീയമായിരിക്കും. ബ്രിട്ടണും യൂറോപ്യന്‍ യൂണിയന് തന്നെയും!

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍