UPDATES

വിശകലനം

സത്യന്റെയും നസീറിന്റെയും ആദ്യ സിനിമയ്ക്ക് പിന്നില്‍ കേരളത്തിലെ ഒരതികായനുണ്ട്, ഒരു തെരഞ്ഞെടുപ്പും

ഇന്ന് സ്ഥാനാര്‍ഥികള്‍ ഫാന്‍സ് അസോസിയേഷന്‍കാരെ പോലെ താരരാജാക്കന്മാരുടെ അനുഗ്രഹം തേടി വീടിനു മുന്നില്‍ കെട്ടിക്കിടക്കുന്നതുപോലെ ഒന്നുമായിരുന്നില്ല പണ്ട്

മലയാളത്തിലെ രണ്ട് അതുല്യ അഭിനയ പ്രതിഭകളുടെ ആദ്യ ചിത്രം പിറന്നത് കേരളത്തിലെ ഒരു സോഷ്യലിസ്റ്റ് നേതാവിന്റെ മൂശയില്‍. ചിത്രം പുറത്തിറങ്ങിയില്ലെങ്കിലും അതിലെ രണ്ട് നായക നടന്മാരും പിന്നീട് അഭിനയ രംഗത്തെ മുടിചൂടാമന്നന്‍മാരായി. അവര്‍ മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ഈ നേതാവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി. ഒരാള്‍ വോട്ടഭ്യര്‍ഥിച്ച് പാട്ട് പാടി. മറ്റയാള്‍ പണം കൊടുത്ത് സഹായിച്ചു.

ഞാന്‍ പറഞ്ഞുവരുന്ന നായകര്‍ പ്രേംനസീറും സത്യനും. ചിത്രം ത്യാഗസീമ. ചിത്രത്തിനു കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്തത് ആര്‍എസ്പി നേതാവും മാധ്യമ രംഗത്തെ കുലപതിയുമായ കൗമുദി ബാലകൃഷ്ണനും. ഇന്നിപ്പോള്‍ സ്ഥാനാര്‍ഥികള്‍ ഫാന്‍സ് അസോസിയേഷന്‍കാരെ പോലെ താരരാജാക്കന്മാരുടെ അനുഗ്രഹം തേടി വീടിനു മുന്നില്‍ കെട്ടിക്കിടക്കുന്നതുപോലെ ഒന്നുമായിരുന്നില്ല പണ്ട്. തന്റേടവും എല്ലുറപ്പും ഉള്ള നേതാക്കളുടെ കാലം.

1951 കളുടെ അപരാഹ്നത്തിലാണ് സംഭവഗതികളുടെ തുടക്കം. 1951 ജനുവരി 26-ന് ചന്ദ്രിക എന്ന തന്റെ ബാല്യകാല പ്രണയിനിയെ വിവാഹം ചെയ്ത് തിരുവനന്തപുരത്ത് പേട്ടയ്ക്കടുത്ത് പിതാവും തിരുകൊച്ചി മുഖ്യമന്ത്രിയുമായ സി. കേശവന്‍ വാടകയ്‌ക്കെടുത്ത ഭാരതിവിലാസം വീട്ടില്‍ താമസിക്കുന്നു ആര്‍എസ്പി നേതാവായ കെ. ബാലകൃഷ്ണന്‍. മുഖ്യമന്ത്രിയായ സി. കേശവന്റെ താമസം ക്ലിഫ് ഹൗസിലും. ഭാരതിവിലാസത്തിലേക്ക് ഒരു ദിവസം നിര്‍മാതാവായ കെ.എം.കെ. മേനോന്‍ കടന്നുവന്നു. ബാലകൃഷ്ണന്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ഒരു സിനിമ നിര്‍മിക്കണമെന്ന ആഗ്രഹം അദ്ദേഹം അറിയിച്ചു. ചന്ദ്രിക എന്ന സിനിമ കെ.എം.കെ മേനോന്‍ 1950-ല്‍ നിര്‍മിക്കുകയുണ്ടായി. സിനിമ നിരന്തരം കാണുകയും ആസ്വാദനക്കുറിപ്പുകള്‍ എഴുതിയിതിനപ്പുറം അതിന്റെ വ്യാകരണമൊന്നും പഠിച്ചിട്ടില്ലാത്ത ബാലകൃഷ്ണന്‍ എന്തായാലും സിനിമ ചെയ്യാമെന്നേറ്റു.

കുടുബത്തിനകത്ത് നിന്നും ശക്തമായ എതിര്‍പ്പുണ്ടായിട്ടും ബാലകൃഷ്ണന്‍ സിനിമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയി. 1951 മാര്‍ച്ചില്‍ കൗമുദിയിലും മറ്റും ചിത്രത്തിന്റെ പരസ്യങ്ങളും പ്രത്യക്ഷപ്പെട്ടു. 4000 അടിയോളം ഫിലിം ചെലവിട്ട് ചിത്രീകരണവും നടത്തിയെങ്കിലും പല കാരണങ്ങളാലും ചിത്രത്തിന്റെ പണി പൂര്‍ത്തിയാക്കാനായില്ല. സി. കേശവന്റെ മുഖ്യമന്ത്രി സ്ഥാനം നഷ്ടമായതടക്കം പല രാഷ്ട്രീയ കാരണങ്ങളും അതിനുള്ളതായി പലരും രേഖപ്പെടുത്തിയിട്ടുണ്ട്. എന്തായാലും ചിത്രം വേണ്ടന്നു വയ്ക്കാന്‍ നിര്‍മാതാവ് നിര്‍ബന്ധിതനായി.

ഒട്ടേറെ അപൂര്‍വതകള്‍ ഈ ചിത്രത്തിനുണ്ട്. പ്രേംനസീര്‍ എന്ന് പില്‍ക്കാലത്ത് അറിയപ്പെട്ട അബ്ദുള്‍ ഖാദറും സത്യനേശന്‍ നാടാര്‍ എന്ന സത്യനും ആയിരുന്നു ചിത്രത്തിലെ നായകര്‍. ഇരുവരുടേയും ആദ്യ ചിത്രം. ഇരുവരും പില്‍ക്കാലത്തെ മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങളായി. ഒരാള്‍ നിത്യഹരിത നായകന്‍. അപരന്‍ അനശ്വര നടന്‍. അവരുടെ നായികയാവട്ടെ തിരുവിതാംകൂര്‍ കൊട്ടാരത്തിലെ നര്‍ത്തക വിദുഷിയായ ഇന്ദിരാഭായി തമ്പുരാട്ടിയും. കൊട്ടാരം വക കാറില്‍ നായിക നടി എത്തുമ്പോള്‍ സെറ്റിലുള്ളവരെല്ലാം എഴുന്നേറ്റ് നില്‍ക്കും. അതായിരുന്നു ചിട്ട. ഫ്യൂഡല്‍ ക്രമം സിനിമ സൈറ്റിലാണെങ്കിലും മാറ്റമില്ലല്ലോ!

Also Read: ഒരേ സഭയില്‍ ജയിച്ചയാള്‍ എംഎല്‍എ; തോറ്റയാള്‍ മന്ത്രി

ചിത്രത്തില്‍ അഭിനയിക്കാന്‍ ഇടയായ സാഹചര്യത്തെ കുറിച്ച് നസീര്‍ തന്നെ പില്‍ക്കാലത്ത് വിശദീകരിച്ചിട്ടുണ്ട്. അന്ന് പ്രേംനസീര്‍ ഒന്നുമായിട്ടില്ല. വെറും അബ്ദുള്‍ ഖാദര്‍. തിരുവനന്തപുരത്ത് നടന്ന ഒരു അഭിനയ മത്സരത്തില്‍ സമ്മാനിതനായി നില്‍ക്കുകയാണ്. സി.ഐ പരമേശ്വര പിള്ളയായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താവ്. അദ്ദേഹമാണ് കെ. ബാലകൃഷ്ണന് നസീറിനെ പരിചയപ്പെടുത്തുന്നത്. ചിത്രത്തെ കുറിച്ച് പ്രേംനസീര്‍ ‘കെ.ബാലകൃഷ്ണന്‍ സ്മരണിക’യില്‍ എഴുതുന്നു: ”…മൂന്ന് നാല് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കുളത്തൂര്‍ ശ്രീകൃഷ്ണ സ്റ്റുഡിയോയില്‍ ചെല്ലുവാന്‍ എനിക്കൊരു അറിയിപ്പ് കിട്ടി. അവിടെ ചെല്ലുമ്പോള്‍ കെ.എം.കെ. മേനോനുണ്ട്, സിഐയുണ്ട്, ബാലകൃഷ്ണനുണ്ട്. ബാലനെഴുതിയ ത്യാഗസീമ എന്ന കഥ സിനിമയാക്കാന്‍ പോകുന്നു. ഞാന്‍ കഥാനായകന്‍. ശ്രീമതി ഇന്ദിരാ തങ്കച്ചി കഥാനായിക! സത്യനും അതില്‍ നായകനായിരുന്നു. രണ്ട് കഥാനായകന്മാരായിരുന്നു ത്യാഗസീമയുടെ പുതുമ.’

ബാലകൃഷ്ണന്‍ ഇന്ദിരാ തങ്കച്ചിയെ പരിചയപ്പെടുത്തി തന്നതും ഈ മീശ കിളുക്കാത്ത പയ്യനാണോ നായകനെന്ന തരത്തില്‍ തന്നെ അവര്‍ നോക്കിയതും ഒക്കെ നസീര്‍ പറയുന്നത് കേള്‍ക്കുക:  ”എനിക്ക് വല്ലാത പരവേശം. ക്യാമറ ശരിയായി… പ്രേമരംഗമാണ്… പാട്ട്. ആദ്യമേ അവരെ പൂണ്ടടക്കം കെട്ടിപ്പിടിച്ച് അഭിനയിക്കാന്‍ മേനോന്‍ പറയുന്നു. കെട്ടിപ്പിടിക്കാന്‍ പോയിട്ട് തൊടാനെനിക്കു പേടി. ങും. ചുമ്മാ കെട്ടിപ്പിടിക്ക്.. .താന്‍ കഥാപാത്രമാണ്… ങും. ബാലന്‍ പ്രോത്സാഹിപ്പിക്കുന്നു. കെട്ടിപ്പിടിച്ചു. തറയില്‍ കിടന്ന് ഉരുണ്ടുപിരണ്ടു. അതും ഒന്നല്ല, രണ്ടോ മൂന്നോ പ്രാവശ്യം. ഇതില്‍ ഒന്നുരണ്ടെണ്ണം റിഹേഴ്‌സലായിരുന്നത്രെ. യഥാര്‍ഥത്തില്‍ സിനിമാഭിനയമെന്ന ത്യാഗത്തിന്റെ സീമയില്ലാത്ത പ്രവര്‍ത്തനം അങ്ങനെ ആരംഭിക്കുകയായിരുന്നു.’

തിരുവനന്തപുരത്ത് പോലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന സത്യനേശന്‍ നാടാറിനെ നേരത്തെ ബാലകൃഷ്ണനറിയാം. ബാലകൃഷ്ണന്‍ സിനിമയെ കുറിച്ച് എഴുതിയിട്ടുളളതൊക്കെ സത്യന്‍ വായിച്ചിട്ടുമുണ്ട്. ബാലന്‍ സിനിമ ചെയ്യുന്നതറിഞ്ഞ് ഭാരതിവിലാസത്തിലേക്ക് സൈക്കിള്‍ ചവിട്ടിചെന്ന് വേഷം ചോദിക്കുകയായിരുന്നു സത്യന്‍. അദ്ദേഹം എഴുതുന്നു: ‘‘…പിന്നെ അധികമൊന്നും ചിന്തിച്ചിരുന്നില്ല. നേരെ ബാലനെ വീട്ടില്‍ പോയി കണ്ടു. സിനിമ നിര്‍മാണ വാര്‍ത്ത വായിച്ചെന്ന് പറഞ്ഞു. ബാലന്‍ ചിരിച്ചു. പിന്നെ മുഖം ഗൗരവഭാവം കൈക്കൊണ്ടു. ദീര്‍ഘനേരം സംസാരിച്ചു. സത്യനേശനെപ്പറ്റി ഞാന്‍ ആലോചിക്കാതിരുന്നില്ല. പണം മുടക്ക് എനിക്കല്ലെന്നറിയാമല്ലോ? എന്റെ കൈയില്‍ പണമില്ല. കെ.എം.കെ. മേനോനാണ് പണം മുടക്കുന്നത്. അദ്ദേഹം തിരുവനന്തപുരത്തുകാരനാണ്. കലാസ്‌നേഹിയാണ്. അടുത്ത ദിവസം വരും. നമുക്ക് കാണാം. ഒരാഴ്ചയ്ക്കകം മേനോന്‍ വന്നു. ബാലകൃഷ്ണന്‍ എന്നെ വിളിപ്പിച്ചു. മേനോനു പരിചയപ്പെടുത്തി. നാടകരംഗത്തെ നേട്ടങ്ങളെ പറ്റി പറഞ്ഞു. പട്ടാളത്തിലും പോലീസിലും നടത്തിയിട്ടുള്ള വീരകൃത്യങ്ങളെപ്പറ്റി പറഞ്ഞു. അദ്ദേഹം ക്യാമറ ടെസ്റ്റ് തന്നു. അതിന്റെ റിസള്‍ട്ടറിയുവാന്‍ പിറ്റേന്ന് പോയപ്പോള്‍ എല്ലാം ശുഭമായെന്നും ഉടന്‍ ഷൂട്ടിംഗ് തുടങ്ങാമെന്നും പറഞ്ഞു.”

ത്യാഗസീമയില്‍ അഭിനയിക്കുന്നതിനായി സത്യന് ഒരു മാസത്തെ ലീവ് ശരിയാക്കിയതും ബാലകൃഷ്ണന്‍ ഇടപെട്ടാണ്. ഐജി ചന്ദ്രശേഖരന്‍ നായരാണ് ഇതിനായി പ്രത്യേക അനുമതി നല്‍കിയതും.

ശാസ്തമംഗലത്തെ ചെറിയ ഓടിട്ട കെട്ടിടത്തിലായിരുന്നു ഷൂട്ടിംഗ് നടന്നത്. പി. ഭാസ്‌ക്കരനായിരുന്നു ത്യാഗസീമയുടെ പാട്ടെഴുതിയത്. പില്‍ക്കാലത്ത് നിര്‍മാതാവ് കെ.എം.കെ മേനോന്റെ സഹധര്‍മ്മിണിയായ ഭാരതിയും സി. നാരായണ പിള്ളയും സി.ഐ. പരമേശ്വരന്‍ പിള്ളയും നോവലിസ്റ്റ് ജി. വിവേകാനന്ദനുമൊക്കെ ഈ ചിത്രത്തില്‍ അഭിനയിച്ചു. ഇതൊക്കെയാണെങ്കിലും പടം മുടങ്ങി. പെട്ടിയില്‍ ഒടുങ്ങി.

2.
1957-ല്‍ കെ. ബാലകൃഷ്ണന്‍ ഇരവിപുരത്ത് നിന്നും നിയമസഭയിലേക്കും ചിറയന്‍കീഴ് നിന്ന് പാര്‍ലമെന്റിലേക്കും മത്സരിച്ചു. ഇരവിപുരത്ത് ബാലകൃഷ്ണനു നേരിടേണ്ടി വന്ന പ്രധാന എതിരാളി കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥിയായ പി. രവീന്ദ്രനായിരുന്നു. ചിറയന്‍കീഴിലാവട്ടെ ബാലന്റെ ബന്ധുവും പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ എം.കെ. കുമാരനായിരുന്നു എതിരാളി. കമ്യൂണിസ്റ്റ് സ്വതന്ത്രനായിട്ടാണ് എം.കെ. കുമാരന്‍ മത്സരിച്ചത്. ഇരു മണ്ഡലങ്ങളിലും കലാകാരന്മാരും എഴുത്തുകാരും ബാലകൃഷ്ണനുവേണ്ടി രംഗത്തിറങ്ങി. അവര്‍ പാടി, പ്രസംഗിച്ചു.
അക്കൂട്ടത്തില്‍ സാക്ഷാല്‍ സത്യനുമെത്തി ബാലകൃഷ്ണന്റെ ജന്മനാടായ മയ്യനാട്ട്. ബാലന്റെ ബന്ധുവും ചങ്ങാതിയുമായ ചാപ്ര സുകുമാരന്റെ വീട്ടിലാണ് സത്യന്‍ താമസിച്ച് പ്രചാരണം നടത്തിയത്. ഇത് കേട്ടറിഞ്ഞെത്തിയ ആളുകള്‍ സത്യന്‍ സത്യനെന്ന് ആര്‍ത്തുവിളിച്ച് ചാപ്ര സുകുമാരന്റെ വീടിന്റെ മുള്ളുവേലി പൊളിച്ച് അകത്തുകയറി. സത്യന്റെ രാഷ്ട്രീയ നിലപാടുകള്‍ ആര്‍എസ്പിക്കൊപ്പമാണോയെന്ന് അറിയില്ല. എന്തായാലും തന്നെ ആദ്യമായി ക്യാമറയ്ക്കു മുന്നില്‍ പിടിച്ച് നിര്‍ത്തിയ ബാലകൃഷ്ണനെ അദ്ദേഹം മറന്നില്ല.

മയ്യനാട്ടെ വലിയ ജനാവലിയോട് ബാലകൃഷ്ണന് വോട്ട് ചെയ്യണമെന്ന് സത്യന്‍ അഭ്യര്‍ത്ഥിച്ചു. രാമു കാര്യാട്ടിന്റെ ‘നീലക്കുയില്‍’ പുറത്തുവന്ന സമയമാണത്. പി. ഭാസ്‌ക്കരന്‍ എഴുതിയ അതിലെ പാട്ടുകള്‍ വലിയ ഹിറ്റ് ആയിക്കഴിഞ്ഞിരുന്നു. അതിലെ ‘കുയിലിനെ തേടി കുയിലിനെ തേടി’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചു കൊണ്ടാണ് സത്യന്‍ അവിടെ പ്രസംഗം തുടങ്ങിയത്. ജനം ആര്‍ത്തുവിളിച്ചു. പിന്നീടും പല യോഗങ്ങളില്‍ സത്യന്‍ പ്രസംഗിച്ചു. ശാന്താ പി നായരും ബാബുരാജും ഒക്കെ ബാലകൃഷ്ണനു വോട്ടു ചോദിക്കാനെത്തിയ കലാകാരന്മാരുടെ സംഘത്തില്‍ പെടുന്നു. ‘തുമ്പി… തുമ്പി’ എന്നാരംഭിക്കുന്ന പാട്ടു പാടിയാണ് ശാന്ത പി നായര്‍ വോട്ട് തേടിയത്. പാട്ടൊക്കെ നാട്ടുകാര്‍ നന്നായി ആസ്വദിച്ചുവെങ്കിലും പാട്ടധികമായതിനാലാകണം രണ്ടിടത്തും അക്കുറി ബാലകൃഷ്ണന്‍ പാട്ടും പാടി തോറ്റു.

Also Read: ഭൂരിപക്ഷം കണ്ട് നമ്പാടന്‍ മാഷ് പകച്ചു, എന്താ ‘മെഷീന് വല്ല തകരാറും പറ്റിയോ!

എന്നാല്‍ പിന്നീട് വിജയിച്ച തെരഞ്ഞെടുപ്പിനു സഹായം തേടി ബാലകൃഷ്ണന്‍ നസീറിന്റെ അടുക്കല്‍ പോയിട്ടുണ്ട്. അത് 1971-ല്‍. ജീവിതത്തില്‍ ഏറെ തിരിച്ചടികള്‍ നേടി ദീര്‍ഘകാലം രാഷ്ട്രീയത്തില്‍ നിന്നൊക്കെ മാറി നിന്ന് ശേഷമാണ് അന്ന് പാര്‍ലമെന്റിലേക്ക് മത്സരിക്കാനായി കെ. ബാലകൃഷ്ണന്‍ എത്തിയത്. ബേബി ജോണും ടി.കെ. ദിവാകരനും മറ്റും പ്രത്യേക താത്പര്യമെടുത്താണ് മദ്യവും മറ്റുമായി അലസ ജീവിതം നയിച്ചുവന്ന കെ. ബാലകൃഷ്ണനെ മത്സര രംഗത്തിറക്കിയത്. ആര്‍എസ്പിക്ക് ആദ്യം അനുവദിച്ചത് വടകരയായിരുന്നു. പിന്നീട് അത് അമ്പലപ്പുഴയായി. എവിടെയാണെങ്കിലും തോല്‍ക്കാനായി ഒരു നേര്‍ച്ചക്കോഴിയെ ആയിരുന്നു വേണ്ടിയിരുന്നത്. പുലരും വരെ ബേബി ജോണിന്റെ വീട്ടില്‍ യോഗം ചേര്‍ന്നാണ് ബാലകൃഷ്ണനെ മത്സരിപ്പിക്കാനായി തീരുമാനിച്ചത്. എന്തായാലും തോല്‍ക്കും. ബാലകൃഷ്ണനാണെങ്കില്‍ പ്രസംഗിച്ച് കാടിളക്കുകയെങ്കിലും ചെയ്യും. ഇതായിരുന്നു നേതാക്കളുടെ നിലപാട്. സുശീലാ ഗോപാലനായിരുന്നു എതിര്‍ സ്ഥാനാര്‍ഥി.

അക്കാലത്ത് ആലപ്പുഴയിലെ ഉദയാ സ്റ്റുഡിയോയില്‍ നസീറിനെ പോയി കണ്ട് തന്നെ സഹായിക്കണമെന്ന് കെ. ബാലകൃഷ്ണന്‍ അഭ്യര്‍ഥിച്ചു. നസീര്‍ തന്നെ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്: ‘‘ബാലന്‍ അമ്പലപ്പുഴയില്‍ സുശീല ഗോപാലനെതിരെ പാര്‍ലമെന്റിലേക്ക് മത്സരിക്കുമ്പോള്‍ ഒരു ദിവസം പൊടുന്നനേ ഉദയാ സ്റ്റുഡിയോയിലേക്ക് വന്നു. കുടിച്ചിരുന്നില്ല. അന്ന് എന്നോടു പറഞ്ഞു. താന്‍ കുറച്ചു രൂപ താ, ഞാന്‍ മത്സരിക്കുന്നത് സുശീലാ ഗോപലനെതിരെയാണ്. ജയിക്കില്ലായിരിക്കാം. പക്ഷെ ബാലന്‍ മത്സരിക്കുന്നത് കമ്യൂണിസ്റ്റുകാരുടെ രാഷ്ട്രീയാസ്ഥിരതയ്‌ക്കെതിരെയാണ്.” ആ തെരഞ്ഞെടുപ്പില്‍ ബാലന്‍ കരുതിയില്ലെങ്കിലും ജയിച്ചു. 25,918 വോട്ടുകളുടെ ഭൂരിപക്ഷത്തിന്. മികച്ച പാര്‍ലമെന്റേറിയനായി ശോഭിക്കുകയും ചെയ്തു.

എസ് ബിനീഷ് പണിക്കര്‍

എസ് ബിനീഷ് പണിക്കര്‍

മാധ്യമ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, കൊച്ചിയില്‍ താമസം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍