UPDATES

ഡോ. പി.കെ ബിജു: ആലത്തൂരിൽ മറിച്ചൊരു പേര് സിപിഎമ്മിന് ചിന്തിക്കേണ്ടി വന്നില്ല

ആലത്തൂരില്‍ പി.കെ ബിജുവിന് മൂന്നാമങ്കം

സംസ്ഥാനത്തെ ലോക്സഭാ മണ്ഡലങ്ങൾ പുനൻ നിർണയിച്ചപ്പോൾ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ഇല്ലാതാവുകയും പകരം രൂപം കൊള്ളുകയും ചെയ്ത മണ്ഡലമാണ് ആലത്തൂർ. സംവരണ മണ്ഡലമായിരുന്ന ഒറ്റപ്പാലത്തിന് പകരം അതേ സ്റ്റാറ്റസോടെയായിരുന്നു ആലത്തൂർ രൂപം കൊണ്ടതും. പിന്നീട് രാഷ്ട്രപതിയായ കെ.ആർ നാരായണനെ മൂന്നുവട്ടം സഭയിലെത്തിച്ച മണ്ഡലമായാണ് ഒറ്റപ്പാലം ലോക്സഭാ മണ്ഡലം അറിയപ്പെട്ടിരുന്നതത്. ഐക്യമുന്നണി പ്രതിനിധിയായിട്ടായിരുന്നു കെ.ആർ നാരായണൻ ഇടതുപക്ഷത്തുനിന്നും ഒറ്റപ്പാലം പിടിച്ചെടുത്തത്. പിന്നെ രണ്ടു തവണ കൂ‍ടി കെ.ആർ നാരായണനിലൂടെ യു.ഡി.എഫ് മണ്ഡലം സ്വന്തമാക്കി. എന്നാൽ അദ്ദേഹത്തിന് ശേഷം യുഡിഎഫിന് ഒറ്റപ്പാലത്ത് നില ഉറപ്പിക്കായിട്ടില്ല. 1993-ൽ കെ ശിവരാമനിലൂടെയാണ് എൽഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കുന്നത്. 1996 മുതൽ 2009 വരെ അജയകുമാർ ഒറ്റപ്പാലം നിലനിർത്തി. ഇതിന് പിറകെയായിരുന്നു ആലത്തൂർ നിലവിൽ വന്നത്. പുതിയ മണ്ഡലത്തിലേക്ക് സിപിഎം പരിഗണിച്ചതും ഒരു പുതുമുഖത്തെയായിരുന്നു. അന്നത്തെ എസ്എഫ്ഐ ദേശീയ പ്രസിഡന്റും കോട്ടയം ജില്ലയിലെ വൈക്കം മാഞ്ഞൂർ സൗത്തിലെ കർഷക തൊഴിലാളി ദമ്പതികളുടെ മകനുമായ ഡോ. പി കെ ബിജു അങ്ങനെയാണ് 2009-ൽ ആലത്തുരിലെത്തുന്നത്.

എന്നാൽ, ജനപ്രതിനിധിയായി പത്തു വർഷം പിന്നിടുമ്പോഴും ആലത്തൂരിൽ മറിച്ചൊരു പേര് സിപിഎമ്മിന് ചിന്തിക്കേണ്ടിവന്നില്ല. സിറ്റിങ്ങ് എംപി പി.കെ ബിജു തന്നെ സ്ഥാനാർത്ഥി ആകണമെന്ന് പാർ‌ട്ടി തീരുമാനിക്കുകയായിരുന്നു. നേരിട്ട രണ്ടു തിരഞ്ഞെടുപ്പിലും എതിരാളികളെ മികച്ച ഭൂരിപക്ഷത്തിനു തറപറ്റിക്കാനായി എന്നതിന്റെ ചരിത്രമാണ് ബിജുവിന്റെയും പാർട്ടിയുടെയും ആത്മവിശ്വാസത്തിന് പിന്നിൽ. തൃശൂർ, പാലക്കാട് ജില്ലകളിലെ മലയോര പ്രദേശങ്ങൾ തുടങ്ങി നിളാ നദിയുടെ കരയോട് ചേർന്ന് കിടക്കുന്ന ആലത്തൂർ മണ്ഡലത്തിലെ ജനകീയ പ്രശ്നങ്ങളിൽ കാര്യക്ഷമായി ഇടപെടാൻ ആയെന്ന വിലയിരുത്തൽ തന്നെയായിരുന്നു പാർട്ടി ബിജുവിനെ മുന്നാം അങ്കത്തിന് നിയോഗിച്ചതും. കുടിവെള്ള പ്രശ്നം, മണ്ഡലത്തിലുണ്ടായിരുന്ന വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള പദ്ധതികൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവയുടെ പുരോഗതിയായിരിക്കും ബിജു ഇത്തവണ മണ്ഡലത്തില്‍ ഉയർത്തിക്കാട്ടുക.

അതിനിടെ, ജനകീയ പ്രശ്നങ്ങളിൽ പി കെ ബിജുവിന്റെ പ്രവർത്തനം അത്ര മികച്ചതല്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മണ്ഡലത്തിലുള്ളവർക്ക് ജനപ്രതിനിധിയെ കിട്ടുന്നില്ലെന്നായിരുന്നു ഇതിലെ പ്രധാന ആക്ഷേപം. ഇതിന്റെ അടിസ്ഥാനത്തിൽ മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ പാർട്ടി നിർദേശം നൽകുകയും ചെയ്തു. ഈ സാഹചര്യം മുൻനിർത്തി ഇത്തവണ ചേലക്കര മുന്‍ എംഎൽഎയും സ്പീക്കറുമായിരുന്ന കെ രാധാകൃഷ്ണന്റെ പേരും ഒരുഘട്ടത്തിൽ സ്ഥാനാർത്ഥിയായി ഉയർന്നു കേട്ടിരുന്നു. ഈ നിർദേശം മറികടന്നാണ് പാർട്ടി ഇത്തവണയും മണ്ഡലം ഡോ. പി കെ ബിജുവിനെ വിശ്വസിച്ച് ഏൽപ്പിക്കുന്നത്.

അനായാസമായാണ് കന്നിയങ്കത്തിലും രണ്ടാം തവണയും പി കെ ബിജു ജയിച്ചുകയറിയത്. യുഡിഎഫ് അനുകൂല അന്തരീക്ഷം നിലനിന്നിരുന്ന 2009-ൽ 20ൽ 16 സീറ്റുകളും അവർ സ്വന്തമാക്കിയപ്പോൾ ഇടത് പക്ഷത്തിന് ലഭിച്ച നാലു സീറ്റുകളിൽ ഒന്നായിരുന്നു ആലത്തൂർ. 20,960 ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ സുധീറിനെ ബിജു മറികടന്നത്. എൽഡിഎഫ് സ്ഥാനാർത്ഥികളിൽ കാസർകോട് പി കരുണാകരന് പിറകിൽ ഉയർന്ന ഭൂരിപക്ഷവും ബിജുവിനായിരുന്നു. 35.19 ശതമാനം വോട്ടുകളായിരുന്നു അന്ന് ബിജു നേടിയത്.

2014ലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഇത്തവണ യുഡിഎഫിലെ കെ എ ഷീബയായിരുന്നു എതിർ സ്ഥാനാർത്ഥി. 37,312 വോട്ടുകൾക്കായിരുന്നു ബിജുവിന്റെ ജയം. എന്നാൽ ആലത്തുർ മറ്റൊരു രീതിയിൽ കൂടി 2014ൽ ശ്രദ്ധ നേടി. സംസ്ഥാനത്ത് ഏറ്റവും അധികം നോട്ട പോൾ ചെയ്ത മണ്ഡലമായിരുന്നു അത്തവണ ആലത്തൂർ. പി കെ ബിജു 4,11,808, കെ എ ഷീബ- 3,74,496, ബിജെപി സ്ഥാനാർത്ഥി ഷാജുമോൻ വട്ടേക്കാട്‍ 87,803 വോട്ടുകളും നേടിയപ്പോൾ നോട്ട 21,417 വോട്ടുകൾ നേടി നാലാമതെത്തിയതും പി.കെ ബിജുവിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ രേഖപ്പെടുത്തി.

2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തിലെ വടക്കാഞ്ചേരി ഒഴികെയുള്ള ആറ് നിയമസഭാ മണ്ഡലങ്ങളും ഇടതുമുന്നണിക്ക് ഭുരിപക്ഷം നൽകി. കണക്കുകൾ പ്രകാരം യുഡിഎഫിനെക്കാള്‍ 91,760 കൂടുതല്‍ വോട്ടാണ് എൽഡിഎഫ് നേടിയത്. വടക്കാഞ്ചേരിയില്‍ 43 വോട്ടിന് വിജയം കൈപ്പിടിയിലൊതുക്കിയ അനില്‍ അക്കര മാത്രമായിരുന്നു ഇവിടെ നിന്നും നിയമസഭയിലെത്തിയ യുഡിഎഫ് അംഗം.

ഇതിനിടെ,  പട്ടികജാതി സംവരണ സീറ്റായ ആലത്തൂരിൽ മൽസരിക്കാൻ പി കെ ബിജു അർഹനല്ലെന്ന ആരോപണവും കാലങ്ങളായി ഉയർന്നു വന്നിരുന്നു. 2009 മുതൽ ഇത്തവണയും കോണ്‍ഗ്രസ് ഇതേ ആരോപണം ഉന്നയിക്കുന്നുണ്ട്. പട്ടികജാതി വിഭാഗത്തിനുള്ള ആനൂകൂല്യങ്ങള്‍ക്ക് ബിജു അര്‍ഹനല്ലെന്ന് ആരോപിച്ച് വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഡ്വ. സി വിജയൻ കോട്ടയം ആര്‍ഡിഓയ്ക്കും വൈക്കം തഹസീല്‍ദാര്‍ക്കും പരാതി നല്‍കിയതാണ് ഇതിലെ പുതിയ സംഭവം. ബിജു ക്രിസ്തുമതത്തില്‍ നിന്നും ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തയാളാണെന്നും മതപരിവര്‍ത്തനം നടത്താന്‍ സാധിക്കുമെങ്കിലും പട്ടികജാതി വിഭാഗത്തിനുള്ള ആനുകൂല്യം നല്‍കാന്‍ കഴിയില്ലെന്നാണ് ആരോപണം. ബിജു ക്രിസ്തുമതത്തിലെ ചേരമന്‍ വിഭാഗത്തില്‍ പെട്ട ആളായിരുന്നു. എന്നാല്‍ അദ്ദേഹം തിരുവനന്തപുരത്ത് ആര്യസമാജത്തില്‍ പോയി ഹിന്ദു മതം സ്വീകരിക്കുകയായിരുന്നു.  മതം മാറാം, പക്ഷേ ജാതി മാറാന്‍ ആകില്ലെന്നായിരുന്നു ആരോപണം. എന്നാൽ തെരഞ്ഞെടുപ്പ് പരാതിയായി കണക്കാക്കാനാകില്ലെന്നതിന്റെ അടിസ്ഥാനത്തിൽ 2009ല്‍ ഹൈക്കോടതി ഈ പരാതി തള്ളുകയും ചെയ്തിരുന്നു.

ജനപ്രതിനിധി എന്ന നിലയില്‍ പാർലമെന്റിലും മികച്ച പ്രകടനമായിരുന്നു ഡോ. പികെ ബിജു കാഴ്ച വച്ചിട്ടുള്ളത്. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ 86 ശതമാനമാണ് പാർലമെന്റിലുള്ള പി കെ ബിജുവിന്റെ ഹാജർ നില. 106 പ്രസംഗങ്ങളായിരുന്നു പാർലമെന്റിൽ നടത്തിയത്. കുട്ടികളുടെ സംരക്ഷണം, പഠനം, കേരളത്തിലെ നാളികേര കർഷകരുടെ പ്രശ്നങ്ങൾ, ബാങ്കിംഗ് മേഖലയിലെ തൊഴിൽ പ്രശ്നങ്ങൾ, വിവാദമായ ഐപിഎല്‍ അഴിമതി, കേരളത്തിനുള്ള മണ്ണെണ്ണയുടെ വിഹിതം വെട്ടി കുറയ്ക്കൽ, വേതനം കുറഞ്ഞ പ്രവാസി തൊഴിലാളികളുടെ നാട്ടിലെ പുനരധിവാസം, കാസർഗോഡ് എൻഡോസൾഫാൻ വിഷയം, മത്സ്യ തൊഴിലാളി സംരക്ഷണം, കേരളത്തിൽ ഐഐടി, സ്ത്രീ സംരക്ഷണം, സിവിൽ സർവിസ് പരീക്ഷയിൽ നിന്ന് പ്രാദേശിക ഭാഷകൾ നീക്കം ചെയ്യൽ തുടങ്ങി നൂറ്റി ആറോളം ചർച്ചകളിലായിരുന്നു ബിജുവിന്റെ സജീവമായി പങ്കാളിത്തം.

AICTE അധികാരികൾ നടത്തുന്ന അഴിമതികൾ, കോളേജുകളുടെ യു ജി സി അംഗീകാരം തുടങ്ങിയ വിദ്യാഭ്യാസ മേഖല, കാർഷിക മേഖല, ആരോഗ്യ മേഖല, ഗ്രാമ വികസനം, പ്രവാസികളുടെ വോട്ടവകാശം തുടങ്ങി 436 ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. ഇതിന് പുറമെ മാനവ വികസനശേഷി സമിതി സ്ഥിരാംഗം, ഇൻഫർമേഷഷൻ & ടെക്നോളജി ഉപദേശകസമിതി അംഗം, പാർമെന്ററി യുവജന ഫോറം അഡീഷണൽ പ്രതിനിധി, വാട്ടർ കണ്‍സർവേഷൻ & മാനേജ്മെന്റ് പാർലമെന്റ് ഫോറം അംഗം, പെട്രോളിയം പ്രകൃതിവാതകം സ്റ്റാൻഡിങ്ങ് കമ്മിറ്റി അംഗം എന്നിങ്ങനെ വിവിധ പാർലമെന്റ് സമിതികളിലും അദ്ദേഹം അംഗമായിരുന്നു.

2014-19 കാലത്ത് എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 20.21 കോടിയുടെ പ്രവർത്തനങ്ങളാണ് നടപ്പാക്കിയത്. ഗ്രാമീണ റോഡുവികസനത്തിനായി 423.50 ലക്ഷം രൂപയും കുടിവെള്ള പദ്ധതികള്‍ക്ക് 544.99 ലക്ഷം, ഗ്രാമീണ വായനശാലകളുടെ പ്രവർത്തനങ്ങൾക്കായി 103.67 ലക്ഷം, അങ്കണവാടികൾക്ക് 53.50 ലക്ഷം, വിദ്യാഭ്യാസ മേഖലയ്ക്ക് 372.55 ലക്ഷം, പാലക്കാട് ജില്ലയുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണുന്നതിനും സാങ്കേതിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും മാത്രമായി ഒരു കോടി രൂപ അനുവദിച്ചു. യുപി മുതൽ ഹയർ സെക്കൻഡറി വരെ ഇത് പൂർണമായും നടപ്പാക്കി. ആരോഗ്യമേഖലയ്ക്ക് 191.42 ലക്ഷം, വൈദ്യുതീകരണത്തിന് 47.5 ലക്ഷം എന്നിങ്ങനെയാണ് എംപി ഫണ്ട് വിനിയോഗം.

ഇതിന് പുറമെയാണ് മണ്ഡലത്തിലെ റെയിൽ വെ, കാര്‍ഷിക, ദേശീയപാത വികസനവും നേട്ടങ്ങളായി ചൂണ്ടിക്കാട്ടുന്നു. തൃശൂർ- എറണാകുളം മെമു പാലക്കാട്ടേക്ക് നീട്ടിയതിലും, മണ്ണൂത്തി- വാളയാർ ദേശീയപാത സഞ്ചാരയോഗ്യമാക്കുന്നതിലും മികച്ച ഇടപെടലുകളാണ് നടത്തിയത്. ഇതിനായി കേന്ദ്രമന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം വിളിപ്പിച്ച് സാധ്യമാവും വേഗത്തിൽ നടപടികൾ സ്വീകരിക്കാനും അദ്ദേഹത്തിനായി. സംവരണ മണ്ഡലത്തിൽ പട്ടികജാതി വികസനത്തിന് 5.4 കോടി രൂപയാണ് അദ്ദേഹം ചെലവാക്കിയത്.

കോട്ടയത്തെ സാധാരണ കാർഷിക കുടുംബാഗമാണ് പികെ ബിജു. മാഞ്ഞൂര്‍ സൗത്ത് പറയന്‍ പറമ്പില്‍ കുട്ടപ്പന്റെയും ഭവാനിയുടെയും മകനായി 1974 ഏപ്രില്‍ 3-നായിരുന്നു പി.കെ ബിജുവിന്റെ ജനനം. മാഞ്ഞൂര്‍ ശ്രീ നാരായണവിലാസം സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം, പി.കെ.വി.എം.എന്‍.എസ്.എസ് സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും, മാന്നാനം കെ.ഇ.കോളേജില്‍ നിന്നും പ്രീഡിഗ്രിയും രസതന്ത്രത്തില്‍ ബിരുദവും കരസ്ഥമാക്കി. പിന്നീട്, മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സില്‍ നിന്നും രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി.

രസതന്ത്രത്തിൽ ഗവേഷണ ബിരുദവും പി കെ ബിജുവിനുണ്ട്. മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ 2000-ലാണ് അദ്ദേഹം ഗവേഷണം ആരംഭിക്കുന്നത്. ഇതിന് ശേഷം ഡോ. എം.ആര്‍ ഗോപിനാഥന്‍ നായരുടെ കീഴില്‍ പോളിമര്‍ കെമിസ്ട്രിയില്‍ സ്വാഭാവിക റബ്ബറിന്റെയും പോളിവിനൈല്‍ ക്ലോറൈഡിന്റെയും സംയുക്തങ്ങള്‍ രൂപീകൃതമാകുന്നത് സംബന്ധിച്ചായിരുന്നു ഗവേഷണം. ഇതിനിടെ സംഘടനാ പ്രവര്‍ത്തനവും ജനപ്രതിനിധി എന്ന നിലയിലുള്ള തിരക്കുകളും ഗവേഷണം നീളാൻ ഇടയാക്കി. 17 വര്‍ഷത്തോളമാണ് ഗവേഷണം നീണ്ടത്. 2015-ലാണ് തിസീസ് സമര്‍പ്പിച്ചത്. ഇക്കാലത്തിനിടെ, അന്താരാഷ്ട്ര ശാസ്ത്ര ജേണലുകളില്‍ നാല് പ്രബന്ധങ്ങളും അദ്ദേഹത്തിന്റെ പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് സജീവമായ പികെ ബിജു എസ്‌എഫ്‌ഐയുടെ കോട്ടയം ജില്ലാ പ്രസിഡന്റായി നാലു തവണയും 2003 മുതല്‍ തുടര്‍ച്ചയായി രണ്ടുതവണ എസ്.എഫ്.ഐയുടെ സംസ്ഥാന പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എസ്എഫ്ഐ ദേശീയ ജോയിന്റ് സെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം 2008 സെപ്തംബറില്‍ കൊല്‍ക്കത്തയില്‍ നടന്ന എസ്എഫ്ഐയുടെ പതിമൂന്നാം ദേശീയ സമ്മേളനത്തിലായിരുന്നു ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. വിജി വിജയനാണ് ഭാര്യ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍