UPDATES

വിശകലനം

വടകരയില്‍ ബിജെപി കോണ്‍ഗ്രസിന് വോട്ട് മറിക്കും, മുരളീധരന്‍ വിജയിച്ചാല്‍ വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തിന് കോണ്‍ഗ്രസ് സഹായമെന്നും റിപ്പോര്‍ട്ട്

വടകര കോണ്‍ഗ്രസിന് നല്‍കുന്ന സഹായം ബിജെപി തിരിച്ചും പ്രതീക്ഷിക്കുന്നുണ്ടെന്നും അത് തിരുവനന്തപുരത്തായിരിക്കുമെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്

വടകര ലോക്‌സഭാ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി പി.ജയരാജനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ്-ബിജെപി ധാരണയുള്ളതായി റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ്, ബിജെപി സോഴ്‌സുകളെ ഉദ്ധരിച്ച് മലയാള മനോരമയില്‍ അയ്യപ്പന്‍ ആര്‍. ഇംഗ്ലീഷില്‍ എഴുതിയ ലേഖനത്തിലാണ് ഈ സൂചനകളുള്ളത്. വടകരയില്‍ മുരളീധരന് ബിജെപി വോട്ടു മറിക്കുകയും മുരളീധരന്‍ വിജയിച്ചാല്‍ ഒഴിവു വരുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് തിരിച്ച് സഹായിക്കുകയും ചെയ്യുക എന്നതാണ് ധാരണയെന്നാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.

വടകരയില്‍ ഏതുവിധേനെയും വിജയിക്കുക എന്നത് കോണ്‍ഗ്രസിന്റെ കൂടി ലക്ഷ്യമാണെന്നും അതിനാലാണ് മികച്ച സ്ഥാനാര്‍ത്ഥിയെ ഇവിടെ കണ്ടെത്താന്‍ പാര്‍ട്ടി കൂടുതല്‍ സമയമെടുത്തതെന്നും ലേഖനത്തില്‍ പറയുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു ധാരണയുള്ളതായി പരസ്യമായി സമ്മതിക്കുന്നില്ലെങ്കിലും നേതാക്കള്‍ നല്‍കിയ സൂചന ഇത്തരത്തിലാണെന്ന് ലേഖനത്തില്‍ പറയുന്നു. ഇപ്പോള്‍ ധാരണയുടെ കാര്യം പറയാന്‍ സാധിക്കില്ലെങ്കിലും ഭാവിയില്‍ ഇത് ഉണ്ടാകുമോ എന്ന കാര്യം ഒരു ബിജെപി നേതാവ് നിഷേധിക്കുന്നുമില്ല.

ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റായ മുല്ലപ്പള്ളി രാമചന്ദ്രന്‍ രാമചന്രന്‍ കഴിഞ്ഞ തവണ വടകരയില്‍ മത്സരിച്ചപ്പോള്‍ സിപിഎമ്മിന്റെ എ.എന്‍ ഷംസീറിനേക്കാള്‍ കേവലം 3306 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എ.പി ഷംസീര്‍ എന്ന അപരന്‍ 3485 വോട്ടുകള്‍ പിടിക്കുകയും ചെയ്തതാണ് സിപിഎം സ്ഥാനാര്‍ത്ഥിക്ക് തിരിച്ചടിയായത്. ഇതിനെ തുടര്‍ന്നു വന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന എട്ടില്‍ ആറു മണ്ഡലങ്ങളിലും എല്‍ഡിഎഫ് വിജയിക്കുകയും ചെയ്തു. അന്ന് യുഡിഎഫിനൊപ്പമുണ്ടായിരുന്ന എം.പി വീരേന്ദ്ര കുമാറിന്റെ ലോക്താന്ത്രിക് ജനതാദള്‍ പാര്‍ട്ടി ഇന്ന് എല്‍ഡിഎഫിനൊപ്പമാണ്. കൂത്തുപറമ്പ്, പേരാമ്പ്ര, കുറ്റ്യാടി മണ്ഡലങ്ങളില്‍ ഇവര്‍ക്ക് നിര്‍ണായക സ്വാധീനമുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

Also Read: എന്നും പ്രവചനാതീതന്‍, കെ മുരളീധരന്‍

“മറ്റേത് മണ്ഡലത്തില്‍ തോറ്റാലും വടകര നഷ്ടപ്പെടുത്താന്‍ വയ്യ” എന്നാണ് ഒരു കേണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് മനോരമ റിപ്പോര്‍ട്ട് പറയുന്നു. പേരിയ ഇരട്ടക്കൊലപാതകത്തോടെ ശബരിമല അടക്കമുള്ള വിഷയങ്ങള്‍ പിന്നിലേക്ക് തള്ളി അക്രമരാഷ്ട്രീയമാണ് കോണ്‍ഗ്രസ് പ്രചരണത്തിനായി മുന്നില്‍ നിര്‍ത്തുന്ന പ്രധാന വിഷയം.

വടകര വിജയിക്കുക എന്നത് കോണ്‍ഗ്രസിന്റെ ആത്മാഭിമാന പ്രശ്‌നമായതു കൊണ്ട് ഏതു വിധേനെയും അത് സാധ്യമാക്കുക എന്നതാണ് ആലോചന. ബിജെപിയുമായി മുമ്പ് ഇവിടെ വോട്ടിന്റെ കാര്യത്തില്‍ ധാരണയുണ്ടായിട്ടു താനും. അതുകൊണ്ടു തന്നെ ബിജെപിയുമായി ധാരണ മാത്രമാണ് ഇവിടെ വിജയിക്കാനുള്ള വഴിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

2016-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് വിഹിതത്തിലുണ്ടായ വളര്‍ച്ചയും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. തലശേരി ഒഴിച്ച് മറ്റ് മണ്ഡലങ്ങളിലെല്ലാം ബിജെപി വോട്ട് ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. അതായത്, വടകര മണ്ഡലത്തിന്റെ കീഴില്‍ വരുന്ന എട്ട് നിയമസഭാ മണ്ഡലങ്ങളിലേയും ബിജെപി വോട്ട് ശരാശരി 14 ശതമാനമായി വര്‍ധിച്ചു. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വികെ സജീവന്‍ എട്ടു ശതമാനം വോട്ടാണ് വടകര നേടിയത്.

ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വടകരയില്‍ ബിജെപി ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നില്ല എന്നതും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബിജെപിക്ക് അത്ര ശക്തിയില്ലാത്ത കൊല്ലം, ചാലക്കുടി, കോട്ടയം പോലുള്ള മണ്ഡലങ്ങളില്‍ പോലും ശക്തനായ സ്ഥാനാര്‍ത്ഥിയുടെ കാര്യങ്ങള്‍ ചര്‍ച്ച നടക്കുമ്പോഴാണ് വടകരയുടെ കാര്യത്തില്‍ ഈ ഉദാസീനത. കെ. മുരളീധരന്റെ നാടകീയ രംഗപ്രവേശം തന്നെയാണ് ഇതിനു കാരണമെന്നും ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് മറിയാനുള്ള സാധ്യതയാണ് ഇതിനു പിന്നിലെന്നും റിപ്പോര്‍ട്ട് പറയുന്നു.

വടകര കോണ്‍ഗ്രസിന് നല്‍കുന്ന സഹായം ബിജെപി തിരിച്ചും പ്രതീക്ഷിക്കുന്നുണ്ടെന്നും അത് തിരുവനന്തപുരത്തായിരിക്കുമെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. ശശി തരൂരിനോട് കുമ്മനം രാജശേഖരന്‍ തോല്‍ക്കുകയും വടകരയില്‍ മുരളീധരന്‍ വിജയിക്കുകയും ചെയ്താല്‍ വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വരും. അങ്ങനെയെങ്കില്‍ കുമ്മനമാകും ഇവിടെ സ്ഥാനാര്‍ത്ഥിയാവുക എന്നും ആ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ പിന്തുണയാണ് ഇവിടെ ബിജെപി ആവശ്യപ്പെട്ടേക്കാവുന്നത് എന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ അത്തരമൊരു നീക്കുപോക്ക് അംഗീകരിക്കുമെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇവിടെ കോണ്‍ഗ്രസിന് മറ്റൊരു ന്യായം ഉള്ളതായും നേതാവിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. കോണ്‍ഗ്രസ് ഇവിടെ കുമ്മനത്തെ സഹായിച്ചാല്‍ പോലും വട്ടിയൂര്‍ക്കാവില്‍ വിജയിക്കാന്‍ സിപിഎം അനുവദിക്കില്ല എന്നതാണത്. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ കുമ്മനം വിജയിച്ചേക്കുമെന്ന സാഹചര്യത്തില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥി ടി.എന്‍ സീമയ്ക്ക് പകരം മുരളീധരനാണ് സിപിഎം വോട്ട് മറിച്ചത് എന്നത് പകല്‍ പോലെ വ്യക്തമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

More Read: Analysis | Murali’s candidature from Vadakara smacks of a secret Congress-BJP deal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍