UPDATES

ലോകം ചുറ്റിയ വിശ്വപൗരന്‍, അമേരിക്ക വിസ നിഷേധിച്ച കമ്യൂണിസ്റ്റുകാരന്‍; ഇത് തൃശൂരില്‍ മാറ്റുരയ്ക്കുന്ന രാജാജി മാത്യു തോമസ്

പക്ഷെ, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇതെല്ലാം എത്രകണ്ട് ഗുണം ചെയ്യുമെന്ന് കാത്തിരുന്നു കാണുക തന്നെ വേണം.

ഇന്ത്യയില്‍ തങ്ങളുടെ ഏക സിറ്റിംഗ് സീറ്റ് നിലനിര്‍ത്താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സിപിഐ) നിയോഗിച്ചിരിക്കുന്നത് രാജാജി മാത്യു തോമസിനെയാണ്. സി എന്‍ ജയദേവന്‍ പ്രതിനിധീകരിച്ച തൃശൂര്‍ മണ്ഡലത്തില്‍ ഒരു മാറ്റം അത്രകണ്ട് അപ്രതീക്ഷിതമല്ലായിരുന്നെങ്കിലും രാജാജിയുടെ പേര് പാര്‍ട്ടിക്കാര്‍ക്കിടയില്‍ പോലും അമ്പരപ്പ് ഉണ്ടാക്കിയിരുന്നു.

ഏതെങ്കിലും ഒരു മുന്നണിയെ കണ്ണുമടച്ചു പിന്താങ്ങുന്ന സ്വഭാവം തൃശൂരിനില്ല. കെ കരുണാകരന്റെ പ്രതാപകാലത്തുപോലും തൃശൂര്‍ ഇടത്തേക്കും വലത്തേക്കും ഒരുപോലെ ചിന്തിച്ചിരുന്നു. വി വി രാഘവനെയും സി കെ ചന്ദ്രപ്പനെയും ഡല്‍ഹിയിലേക്ക് കയറ്റവിട്ട തൃശൂര്‍ സി എന്‍ ജയദേവനിലൂടെ കഴിഞ്ഞ തവണ സിപിഐക്ക് ഒഴിവാക്കി കൊടുത്തത് വട്ടപ്പൂജ്യം എന്ന നാണക്കേടായിരുന്നു. കഴിഞ്ഞ നിയമസഭതെരഞ്ഞെടുപ്പിലാകട്ടെ ഒന്നൊഴിച്ച് ബാക്കിയെല്ലാം മണ്ഡലങ്ങളും ഇടതിനൊപ്പം നിന്നു. പക്ഷേ, തൃശൂരിന്റെ സാഹചര്യങ്ങള്‍ പലഘടകങ്ങളാലും സ്വാധീനിക്കപ്പെടുന്നതാണ്. ആളെ ആളന്ന് തൃശൂര്‍ വിധി പ്രഖ്യാപിക്കും. അതിപ്പം സ്വന്തം നാട്ടുകാരന്‍ തന്നെയാകണമെന്നൊന്നും നിര്‍ബന്ധവുമില്ല. പക്ഷേ, പാര്‍ട്ടി മാത്രമല്ല, സ്ഥാനാര്‍ത്ഥിയാരെന്നും തൃശൂര്‍ നോക്കിയിരിക്കും.

രാജാജി മാത്യു തോമസ് തൃശൂര്‍ക്കാരന്‍ തന്നെയാണ്. ഒല്ലൂര്‍ മണ്ഡലത്തില്‍ നിന്നും നിയമസഭയില്‍ എത്തിയിട്ടുമുണ്ട്. ഒല്ലൂര്‍ക്കാര്‍ രാജാജിയെ തോല്‍പ്പിച്ചിട്ടുമുണ്ട്. തൃശൂരിന്റെ കാര്യം പറഞ്ഞപോലെയാണ്. ഒല്ലൂരിനും ആരോടും പ്രത്യേക താത്പര്യമൊന്നുമില്ല. ജയിപ്പിക്കുകയും ചെയ്യും തോല്‍പ്പിക്കുകയും ചെയ്യും. ഇത്തവണ പക്ഷേ, ഒല്ലൂരിനോടു മാത്രമല്ല, മൊത്തം തൃശൂരിനോടും വോട്ട് ചോദിക്കണം പാണേേഞ്ചരി പഞ്ചായത്തിലെ കണ്ണാറ സ്വദേശിയായ രാജാജി മാത്യു തോമസിന്.

സംഘാടന മികവാണ് രാജാജിയുടെ വലിയ പ്രത്യേകതയായി ചൂണ്ടിക്കാണിക്കുന്നത്. മലയാള മനോരമയുടെ ബാലജനസഖ്യമാണ് അക്കാര്യത്തിലെ അടിത്തറ. ഒമ്പതാംക്ലാസില്‍ പഠിക്കുമ്പോള്‍ ബാലജന സഖ്യത്തിന്റെ മേഖലയിലെ അമരക്കാരനായി. തൃശൂര്‍ സെന്റ് അലോഷ്യസ് കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കോളജ് യൂണിയന്‍ മാഗസിന്‍ എഡിറ്ററായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ശ്രീകേരള വര്‍മ്മ കോളേജിലെ ബിരുദ പഠന കാലത്താണ് എഐഎസ്എഫിന്റെ സജീവാംഗമാകുന്നത്. യൂണിറ്റ് കമ്മിറ്റിയുടെ സെക്രട്ടറിയായി. പിന്നീട് എഐഎസ്എഫ് ജില്ലാ സെക്രട്ടറിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.

Also Read: സിപിഎം ഇന്നസെന്റിന് അരിവാള്‍ ചുറ്റിക നല്‍കിയതിനു പിന്നില്‍

വിദ്യാര്‍ത്ഥി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് കമ്യൂണിസ്റ്റു പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിന്റെ തൃശൂര്‍ ജില്ലാ ലേഖകന്‍ എന്ന നിലയില്‍ മാധ്യമ രംഗത്തേക്ക് കടക്കുന്നത്. എഐവൈഎഫ് മുഖപത്രമായ ‘യൂത്ത് ലൈഫി’ന്റെ പത്രാധിപ ചുമതല ഏറ്റെടുത്തതോടെ രാജാജിയുടെ പ്രവര്‍ത്തന മേഖല ഡല്‍ഹിയായി. ഈ ഘട്ടത്തിലാണ് ലോക യുവജന ഫെഡറേഷന്റെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഫെഡറേഷന്‍ മുഖപത്രമായ ‘വേള്‍ഡ് യൂത്തി’ന്റെ പത്രാധിപസമിതി അംഗമായി. 2011 മുതല്‍ 13 വരെ ജനയുഗം എക്‌സിക്യൂട്ടീവ് എഡിറ്ററായി പ്രവര്‍ത്തിച്ചു. 2015 മുതല്‍ ജനയുഗം പത്രാധിപരാണ്.

1985 മുതല്‍ 96 വരെ ലോക യുവജന ഫെഡറേഷന്റെ വൈസ് പ്രസിഡന്റായിരുന്ന രാജാജിയുടെ പ്രവര്‍ത്തനം ഹങ്കറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലായിരുന്നു. ലോകത്തെ എല്ലാ ഭൂഖണ്ഡങ്ങളിലുമായി 78 രാജ്യങ്ങളില്‍ യുവജന ഫെഡറേഷന്‍ ഉപാധ്യക്ഷനെന്ന നിലയില്‍ സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ഈ കാലയളവില്‍ ലോക യുവജന ഫെഡറേഷന്റെ ഏഷ്യന്‍ ഫെസഫിക് തലവനായിരുന്നു. ഒപ്പം മുഖപത്രമായ വേള്‍ഡ് യൂത്തിന്റെ പത്രാധിപ സമിതി അംഗവുമായി രാജാജി. 1985-ല്‍ മോസ്‌കോയില്‍ നടന്ന 12ാം ലോക യുവജനോത്സവത്തില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ ലീഡറായി. ഉത്തര കൊറിയയില്‍ നടന്ന 13ാം ലോക യുവജന സമ്മേളനത്തിന്റെ സ്ഥിരം സമിതി കോ-ഓര്‍ഡിനേറ്റര്‍ പദവി നിര്‍വഹിക്കാനുള്ള ചുമതല രാജാജിക്കായിരുന്നു.

ലോക സാമ്രാജ്യത്വ വിരുദ്ധ പോരാളിക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരം വുഫ്ഡി ഡിപ്ലോമ’ ലഭിച്ച ഇന്ത്യന്‍ യുവനേതാവാണ് രാജാജി മാത്യു തോമസ്. പ്രതിവിപ്ലവകാരികള്‍ക്കെതിരെ നിക്വരാഗന്‍ സ്റ്റാന്റിനിസ്റ്റുകള്‍ നടത്തിയ പോരാട്ടങ്ങള്‍ക്ക് പിന്തുണകൊടുക്കാന്‍ ലോക യുവജന പ്രസ്ഥാനം നിയോഗിച്ചത് ഉപാധ്യക്ഷനായ രാജാജിയെയായിരുന്നു. പലസ്തീന്‍ വിമോചന പോരാട്ടത്തിന് ശക്തിപകര്‍ന്ന് ലോകത്തെമ്പാടും ഐക്യദാര്‍ഢ്യ പ്രസ്ഥാനം വളര്‍ത്തിയെടുക്കുന്നതിലും ലോക യുവജന നേതാവ് എന്ന നിലയില്‍ രാജാജി നിര്‍ണായക പങ്ക് വഹിച്ചു.

വര്‍ണ്ണവിവേചനത്തിനെതിരെയും കോളനി വാഴ്ചയ്‌ക്കെതിരെയും ആഫ്രിക്കന്‍ നാടുകളില്‍ നടന്ന പോരാട്ടങ്ങളിലും രാജാജിയുടെ പങ്കാളിത്തം പറയുന്നുണ്ട്. 1990ല്‍ സൗത്ത് ആഫ്രിക്കന്‍ രാഷ്ട്രമായ നമീബിയയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ആ നാട്ടിലെ സ്വാതന്ത്ര്യ സമര പോരാളികള്‍ക്കൊപ്പം സാര്‍വദേശീയ യുവജന സംഘടനയും രാജാജിയെ പോലുള്ള അതിന്റെ പ്രതിനിധികളും അഭിനന്ദിക്കപ്പെട്ടിരുന്നു.

ഇന്ത്യന്‍ യുവജന ഫെഡറേഷന്റെ (എഐവൈഎഫ്) ദേശീയ ജനറല്‍ സെക്രട്ടറിയായി രണ്ടു ടേം രാജാജി പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോകത്തെ യുവജന സംഘടനകളുടെ വേദിയായ ലോക യുവജന ഫെഡറേഷന്റെ നേതാവായിരുന്ന രാജാജി മാത്യു തോമസ് വി പി സിംഗ് സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള യുവജന കമ്മീഷനില്‍ അംഗമായിട്ടുണ്ട്. യുവജന രംഗത്തുനിന്ന് വിടവാങ്ങിയ ശേഷം കേരളത്തിലേക്ക് പ്രവര്‍ത്തനം മാറ്റിയതിനെ തുടര്‍ന്നാണ് അഖിലേന്ത്യാ കിസാന്‍സഭയുടെ തൃശൂരിലെ നേതൃത്വം ഏറ്റെടുക്കുന്നത്. കേരള നിയമസഭയില്‍ അംഗമായിരിക്കെ നാളികേര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതിയുടെ കണ്‍വീനറായിരുന്നു രാജാജി. സികെപി പത്മനാഭനും മുഹമ്മദുണ്ണി ഹാജിയും രാജാജിയും ചേര്‍ന്ന സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെയും നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇന്ന് നാളികേര വികസന കോര്‍പറേഷന്‍ പ്രവര്‍ത്തിക്കുന്നത്. കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പദവിയും രാജാജി നിര്‍വഹിച്ചിട്ടുണ്ട്.

12ാം നിയമസഭയില്‍ ഒല്ലൂര്‍ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത് രാജാജി എംഎല്‍എ ആയി. നിയമസഭ പരിസ്ഥിതി സമിതി ചെയര്‍മാനായിരുന്നു. 2011 ല്‍ ഇവിടെ തോല്‍ക്കുകയും ചെയ്തു. നിലവില്‍ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, ജനയുഗം പത്രാധിപര്‍, മീഡിയ അക്കാഡമി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

Also Read: മുസ്ലിം ലീഗിന്റെ പൊന്നാനി പി.വിഅൻവർ എംഎൽഎ കയ്യേറുമോ? ചരിത്രം പറയുന്നത്

അമേരിക്കയിലൊഴിച്ച് ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളും സന്ദര്‍ശിച്ച ഒരാള്‍ എന്നും ഒരു കാലം വരെ രാജാജിയെ കുറിച്ച് പ്രത്യേകതയോടെ പറയുമായിരുന്നു. അമേരിക്ക വിസ തടഞ്ഞ കമ്മ്യൂണിസ്റ്റുകാരന്‍ എന്നൊരു വിശേഷണവും രാജാജി മാത്യു തോമസിനുണ്ട്. നെല്‍സണ്‍ മണ്ടേല ജയില്‍വിമോചിതനായപ്പോള്‍ ലോകയുവജന ഫെഡറേഷന്റെ സ്വീകരണം ലണ്ടനില്‍ കൊടുത്തതും രാജാജിയായിരുന്നു. ഓക്‌സ്‌ഫോര്‍ഡിലും കേംബ്രിഡ്ജിലും തുടങ്ങി ലോകത്തിലെ പല യൂണിവേഴ്‌സിറ്റികളിലും പല വിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിക്കാനും രാജാജിക്ക് അവസരം കിട്ടിയിട്ടുണ്ട്. വിവിധ ഭാഷകളില്‍ പ്രാവിണ്യം നേടിയിട്ടുള്ള രാജാജി പല ഇംഗ്ലീഷ് ഗ്രന്ഥങ്ങളെയും പ്രഭാത് ബുക്‌സിനു വേണ്ടി മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുമുണ്ട്.

ബുഡാപെസ്റ്റില്‍ വച്ചായിരുന്നു രാജാജിക്ക് മകള്‍ ജനിക്കുന്നത്. അഞ്ച് നദികള്‍ കൂടിച്ചേരുന്ന ‘ദൂനാ’ എന്ന നദിയുടെ പരിസരത്തായിരുന്നു ജനനം എന്നതുകൊണ്ട് മകള്‍ക്ക് പേരിട്ടത് ദൂനാ എന്നു തന്നെയായിരുന്നു. ശാന്തയാണ് ഭാര്യ. ദൂന മരിയ ഭാര്‍ഗവിയെ കൂടാതെ ഒരു മകന്‍ കൂടിയുണ്ട്. ചില്ലോഗ് തോമസ് അച്ചുത്.

സംഘടന മികവും അന്താരാഷ്ട്രരംഗത്തെ പ്രവര്‍ത്തന മികവും പക്ഷേ, രാജാജിക്ക് തൃശൂരില്‍ എത്രകണ്ട് ഗുണം ചെയ്യുമെന്നത് കാത്തിരുന്നേ പറയാനാവൂ. മണ്ഡലത്തില്‍ അത്രകണ്ട് ജനകീയനല്ല രാജാജി എന്ന നിരാശ പങ്കുവയ്ക്കുന്നത് പാര്‍ട്ടിക്കാര്‍ തന്നെയാണ്. തൃശൂരിനു പുറത്തായിരുന്നു ഭൂരിഭാഗം സമയവും പ്രവര്‍ത്തനമെന്നതിനാല്‍ തന്നെ മണ്ഡലത്തിലെ സ്വാധീനത്തിന്റെ കാര്യത്തില്‍ രാജാജി പിന്നിലാണെന്നതാണ് പോരായ്മയായി ചൂണ്ടിക്കാണിക്കുന്നത്. തൃശൂരില്‍ ഇത്തവണ കോണ്‍ഗ്രസിനൊപ്പം ബിജെപിയും ശക്തമായി പോരാട്ടം നടത്തും. സമുദായ വോട്ടുകള്‍ നിര്‍ണായകമാകുന്ന മണ്ഡലമാണ് തൃശൂര്‍. ഹൈന്ദവ-ക്രിസ്ത്യന്‍ വോട്ടുകള്‍ ജയസാധ്യതയെ ബാധിക്കും. ബിജെപിക്ക് സവര്‍ണ ഹിന്ദു വോട്ടുകളിലൂടെ നേട്ടം ഉണ്ടാക്കാന്‍ കഴിയുമെന്നതിനാല്‍ അത് കോണ്‍ഗ്രസിനും സിപിഐക്കും ഒരുപോലെ തിരിച്ചടി നേരിടും. ക്രിസ്ത്യന്‍ വോട്ടുകള്‍ ശേഖരിക്കാന്‍ തക്ക മിടുക്ക് രാജാജിക്ക് സ്വന്തമായി ഉണ്ടെന്നു തോന്നുന്നില്ല. മാത്രമല്ല, കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി ആരു വരുമെന്നതും രാജാജിയുടെ വിജയവുമായി ബന്ധപ്പെട്ടു കിടക്കുന്നു. വി എം സുധീരന്റെ പേര് ഇപ്പോഴും അന്തരീക്ഷത്തില്‍ നില്‍ക്കുന്നുണ്ട്. മത്സരിക്കാന്‍ ഇല്ലെന്ന തീരുമാനത്തിലാണ് വി എം ഇപ്പോഴുമെങ്കിലും സോണിയ ഗാന്ധിയോ രാഹുലോ നിര്‍ബന്ധിച്ചാല്‍ തീരുമാനം മാറുമോ എന്നറിയില്ല. സുധീരന്‍ ആണ് വരുന്നതെങ്കില്‍ രാജാജിക്ക് വലിയ ആഘാതം നേരിടേണ്ടി വരും. സുധീരന്‍ നില്‍ക്കുന്നില്ലെങ്കില്‍, അദ്ദേഹം നിര്‍ദേശിക്കുന്ന ടി എന്‍ പ്രതാപന്‍ ഒരുപക്ഷേ മത്സര രംഗത്തു വരാം. പ്രതാപനും രാജാജിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തും. ഇരുവരും തമ്മില്‍ പോരാടിയാല്‍ മുന്‍തൂക്കം പ്രതാപനു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും നല്‍കുന്നത്. ചുരുക്കത്തില്‍ പറഞ്ഞാല്‍ രാജാജി പറയാന്‍ ഏറെയുള്ള ഒരു പ്രൊഫൈല്‍ തന്നെയാണ്. പക്ഷേ, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അതെല്ലാം എത്രകണ്ട് ഗുണം ചെയ്യുമെന്ന് കാത്തിരുന്നു കാണുക തന്നെ വേണം.

Also Read: ‘ചാക്കിലാക്കി തല മാത്രം പുറത്തിട്ട് ട്രെയിനില്‍ ബര്‍ത്തില്‍ കെട്ടിയിട്ടാണ് ഇസ്മയിലിനെ എത്തിച്ചത്. അവനോട് എന്ത് ജനാധിപത്യമാണ് ഞാന്‍ പറയേണ്ടത്?’ പാണ്ടിക്കാട്ടെ ഈ ‘വിപ്ലവകുടുംബ’ത്തെ അറിയാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍