UPDATES

ഒടുവില്‍ കെസി നിലപാട് വ്യക്തമാക്കി: ഉമ്മന്‍ ചാണ്ടിയും സുധീരനും മുല്ലപ്പള്ളിയും ഇനി എന്നാണ്? കോണ്‍ഗ്രസ് പട്ടിക വൈകുന്നത് ഇവര്‍ മൂലമോ?

തെരഞ്ഞെടുപ്പിന്റെ ഒരു പതിവ് ഇത്തവണയും കേരളത്തില്‍ തെറ്റിയില്ല

തെരഞ്ഞെടുപ്പിന്റെ ഒരു പതിവ് ഇത്തവണയും കേരളത്തില്‍ തെറ്റിയില്ല. ഇടതു മുന്നണി തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ 20 മണ്ഡലങ്ങളിലേക്കുമുള്ള തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി സിപിഎമ്മും സിപിഐയും പ്രഖ്യാപിച്ചു. ഒന്നോ രണ്ടോ മണ്ഡലങ്ങള്‍ ഒഴിച്ചാല്‍ ബാക്കിയെല്ലായിടത്തും മികച്ച മത്സരം കാഴ്ച്ചവയ്ക്കാന്‍ കഴിയുന്നവര്‍. തെരഞ്ഞെടുപ്പ് വാര്‍ത്തകളില്‍ ഇടതുപക്ഷവും അവരുടെ സ്ഥാനാര്‍ത്ഥികളും മാത്രമാണ് ഇപ്പോഴത്തെ പ്രധാന വിഷയം. ഇടതു സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോഴും കോണ്‍ഗ്രസ് പതിവുപോലെ ചര്‍ച്ചകളും തര്‍ക്കങ്ങളുമൊക്കെയായി തുടരുകയാണ്. എല്ലാക്കലത്തേയുമെന്നപോലെ.

ആരൊക്കെ മത്സരിക്കണം എന്ന ചോദ്യത്തിലാണ് കോണ്‍ഗ്രസ് തട്ടിനില്‍ക്കുന്നത്. പതിവുപോലെ ഡല്‍ഹിയിലേക്ക് ലിസ്റ്റ് കൊണ്ട പോയിട്ടുണ്ടെങ്കിലും അതിലൊരു തീരുമാനം എന്നുണ്ടാകുമെന്നു ചോദിച്ചിട്ട് കോണ്‍ഗ്രസുകാര്‍ക്ക് പോലും ഉത്തരമില്ല. പ്രധാനപ്പെട്ട നേതാക്കള്‍ എല്ലാവരും മത്സരിക്കണം എന്നതാണ് കേരളത്തില്‍ നിന്നുള്ള പ്രധാന ആവശ്യം. ഉമ്മന്‍ ചാണ്ടി, വി എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സി വേണുഗോപാല്‍ എന്നിവര്‍ ഉറപ്പായും മത്സരിക്കണമെന്നാണ് അണികളുള്‍പ്പെടെ ആവശ്യപ്പെടുന്നത്. എന്നാല്‍ വിഎം സുധരന്‍, ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി എന്നിവര്‍ മത്സരിക്കാന്‍ തയ്യാറല്ല. ഇവരുടെ തീരുമാനങ്ങളാണ് ഇപ്പോഴത്തെ പ്രധാനപ്പെട്ട കീറാമുട്ടി. മത്സരിക്കാനില്ലെന്ന് ഇന്ന് കെ സി വേണുഗോപാല്‍ ഉറപ്പിച്ച് പറയുകയും ചെയ്തിരിക്കുന്നു.

ദേശീയ രാഷ്ട്രീയവും ശബരിമല വിഷയവുമൊക്കെ തങ്ങള്‍ക്ക് അനുകൂലമായി സാഹചര്യങ്ങള്‍ മാറ്റിയെന്ന ആത്മവിശ്വാസത്തിലായിരുന്നു ഇതുവരെ കോണ്‍ഗ്രസ്. എന്നാല്‍ ഇടതുപക്ഷം വര്‍ദ്ധിതവീര്യത്തോടെയാണ് ഈ തെരഞ്ഞെടുപ്പിനെ കാണുന്നതെന്ന് അവരുടെ സ്ഥാനാര്‍ത്ഥി പട്ടിക കണ്ടാല്‍ മനസിലാകും. ഇത് കോണ്‍ഗ്രസുകാരെയും ഒന്നുലച്ചിട്ടുണ്ട്. എല്ലായിടത്തും തന്നെ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാന്‍ കഴിവുള്ളവരാണ് ഇടതു സ്ഥാനാര്‍ത്ഥികള്‍. അമിത ആത്മവിശ്വാസം ചതിക്കുമെന്ന് കോണ്‍ഗ്രസുകാര്‍ക്ക് മനസിലായിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് തങ്ങളുടെ പക്ഷത്തു നിന്നും ഏറ്റവും കരുത്തന്മാരായവരെ തന്നെ നിര്‍ത്തണം എന്നാവശ്യം ഉയരുന്നത്. മത്സരിക്കാന്‍ ഇല്ലെന്നറിയിച്ച ഉമ്മന്‍ ചാണ്ടിയും വി എം സുധീരനും മുല്ലപ്പള്ളിയും മത്സരിക്കണമെന്ന സമ്മര്‍ദ്ദം നിലനില്‍ക്കുന്നതിനു പിന്നിലും കാരണമിതാണ്. ഹൈക്കമാന്‍ഡിന്റെ തീരുമാനത്തിനാണ് ഇപ്പോള്‍ എല്ലാവരും കാത്തുനില്‍ക്കുന്നത്. കേരളത്തില്‍ നിന്നും പരമാവധി സീറ്റ് നേടുകയെന്നത് ദേശീയ നേതൃത്വത്തെ സംബന്ധിച്ചും വളരെ ആവശ്യമാണ്.

Also Read: ലോകം ചുറ്റിയ വിശ്വപൗരന്‍, അമേരിക്ക വിസ നിഷേധിച്ച കമ്യൂണിസ്റ്റുകാരന്‍; ഇത് തൃശൂരില്‍ മാറ്റുരയ്ക്കുന്ന രാജാജി മാത്യു തോമസ്

ഇടുക്കിയിലോ കോട്ടയത്തോ ഉമ്മന്‍ ചാണ്ടി തന്നെ നില്‍ക്കണമെന്ന ആവശ്യത്തിന് ഇപ്പോഴും ആള്‍ക്കാരുണ്ട്. ഉമ്മന്‍ ചാണ്ടിയെ പോലൊരാള്‍ അല്ലെങ്കില്‍ ഇടുക്കി ഇത്തവണയും പോകുമെന്നു കോണ്‍ഗ്രസുകാര്‍ക്ക് പേടിയുണ്ട്. ജോസഫ് വാഴയ്ക്കാന്‍ ആണെങ്കില്‍ പോലും അത്രവലിയ പ്രതീക്ഷ വേണ്ടെന്നാണ് പലരും പറയുന്നത്. ഈ സീറ്റ് പി ജെ ജോസഫിന് കൊടുത്തുകൊണ്ട് ഉമ്മന്‍ ചാണ്ടി ഒരുപക്ഷേ പിന്മാറാനും സാധ്യതയുണ്ട്. കേരള രാഷ്ട്രീയം തന്നെയാണ് ഉമ്മന്‍ ചാണ്ടി ഇപ്പോഴും ആഗ്രഹിക്കുന്നതെന്നാണ് ഈ പിന്മാറ്റത്തിന്റെ പ്രധാന കാരണം. ഇടുക്കിയല്ലെങ്കില്‍ ഉമ്മന്‍ ചാണ്ടിയെ നിര്‍ത്താന്‍ പറയുന്ന മറ്റൊരു മണ്ഡലം കോട്ടയമാണ്. കെ എം മാണിയുടെ പിടിവാശി ഇപ്പോഴും തുടരുന്നുണ്ട് കോട്ടയത്തിനു വേണ്ടി. മാണിക്ക് കോട്ടയം കൊടുക്കാതെ ഇങ്ങോട്ട് എടുക്കുകയാണെങ്കില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ മാത്രം പേടിച്ചാല്‍ പോരാ, കോണ്‍ഗ്രസിന്. വാസവന്‍ ദുര്‍ബലനായൊരു സ്ഥാനാര്‍ത്ഥിയായിട്ടാണ് കോണ്‍ഗ്രസുകാര്‍ കാണുന്നതെങ്കിലും സ്വന്തം പാളയത്തില്‍ നിന്നും അടി കിട്ടിയാല്‍ വീണു പോകും. ആ അപകടം ഒഴിവാക്കാനും ഉമ്മന്‍ ചാണ്ടി തന്നെയാണ് ബെസ്റ്റ്.

തൃശൂരില്‍ വി എം സുധീരന്റെ പേരാണ് പറഞ്ഞു കേള്‍ക്കുന്നത്. പക്ഷേ, മത്സരിക്കില്ലെന്ന പിടിവാശിയിലാണ് സുധീരന്‍. സോണിയ ഗാന്ധി നേരിട്ട് വിളിച്ചു പറഞ്ഞിട്ടുപോലും മത്സരിക്കാനില്ലെന്ന വാശിയില്‍ നിന്നും പിറകോട്ട് പോകാത്ത പില്‍ക്കാല ചരിത്രം വി എമ്മിനുണ്ട്. ഇത്തവണയും അതേ നിലപാടില്‍ തന്നെയാണ് അദ്ദേഹം. എന്നാല്‍ തൃശൂര്‍ പിടിച്ചെടുക്കാന്‍ സുധീരനെ തന്നെ കളത്തില്‍ ഇറക്കണമെന്നാണ് പറയുന്നത്. ഈ ആവശ്യം ഹൈക്കമാന്‍ഡിന് മുന്നിലിമുണ്ട്. രാഹുലും സോണിയയും ഒരുപോലെ ആവശ്യപ്പെട്ടാല്‍ സുധീരന് നിരസിക്കാന്‍ കഴിയണമെന്നില്ല. പക്ഷേ, തൃശൂരില്‍ നില്‍ക്കാതിരിക്കാന്‍ സുധീരന് മറ്റൊരു കാരണം കൂടിയുണ്ട്. ടി എന്‍ പ്രതാപനു വേണ്ടി സുധീരന്‍ ആഗ്രഹിക്കുന്ന സീറ്റാണത്. പ്രതാപനെ വെട്ടി താന്‍ നിന്നു എന്ന ചീത്തപ്പേര് ഒഴിവാക്കാനും പ്രതാപന് സീറ്റു കിട്ടാനുമാണ് സുധീരന്‍ നിലപാട് എടുക്കുന്നതെങ്കില്‍ കാര്യങ്ങള്‍ ആ വഴിക്കു പോകും.

Also Read: മുസ്ലിം ലീഗിന്റെ പൊന്നാനി പി.വിഅൻവർ എംഎൽഎ കയ്യേറുമോ? ചരിത്രം പറയുന്നത്

വടകരയിലെ സിറ്റിംഗ് എപിയാണ് മുല്ലപ്പള്ളി. എന്നാല്‍ കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ ഇത്തവണ മത്സരിക്കാന്‍ മുല്ലപ്പള്ളി തയ്യാറാകില്ല. മത്സരിച്ചാല്‍ അധ്യക്ഷസ്ഥാനം രാജിവയ്‌ക്കേണ്ടി വരും. അത് മുല്ലപ്പള്ളി ആഗ്രഹിക്കുന്നില്ല. ആ സ്ഥാനം ഏറെ നാള്‍ കാത്തിരുന്നിട്ട് കിട്ടിയതാണ്. മാത്രമല്ല, സംസ്ഥാന രാഷ്ട്രീയത്തില്‍ നില്‍ക്കാന്‍ തന്നെയാണ് മുല്ലപ്പള്ളിയും ആഗ്രഹിക്കുന്നത്. അതിനുള്ള സാഹചര്യങ്ങളൊക്കെ ഇപ്പോള്‍ ഒത്തുവന്നിട്ടുണ്ട്. അതെല്ലാം വിട്ടെറിഞ്ഞ് വീണ്ടും ദേശീയരംഗത്തേക്ക് പോകാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല. എന്നാല്‍ പി ജയരാജനെ പോലൊരാള്‍ വടകരയില്‍ മത്സരത്തിന് എത്തുമ്പോള്‍ അതിശക്തനെ തന്നെ കോണ്‍ഗ്രസ് ഇറക്കണം. ഇല്ലെങ്കില്‍ മണ്ഡലം നഷ്ടപ്പെട്ടേക്കാം. മുല്ലപ്പള്ളിക്ക് ജയരാജനെ എതിര്‍ക്കാന്‍ കഴിയും. എന്നാല്‍ മറ്റൊരാള്‍ക്ക് അതിനെത്ര കഴിയുമെന്നിടത്താണ് സംശയം.

നില്‍ക്കുമോ ഇല്ലയോ എന്ന സംശയം ഇന്ന് വൈകിട്ട് വരെ ഏറ്റവും ഉയര്‍ന്നു കേള്‍ക്കുന്ന പേരുകാരനായിരുന്നു കെ സി വേണുഗോപാല്‍. ആലപ്പുഴയില്‍ കെ സിക്ക് വേണ്ടി ചുവരെഴുത്തുകളും പ്രചാരണങ്ങളും തുടങ്ങിക്കഴിഞ്ഞെങ്കിലും അദ്ദേഹം സ്ഥാനാര്‍ത്ഥികുമെന്ന കാര്യത്തില്‍ തീരുമാനമായിരുന്നില്ല. സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി എന്ന വലിയ ഉത്തരവാദിത്വം കെ സി വേണുഗോപാലിനുണ്ട്. സംഘടന തലത്തില്‍ ഒരുപാട് ജോലികള്‍ ചെയ്യാനുണ്ടെന്നതിനാല്‍ വീണ്ടും മത്സരിക്കുന്നതില്‍ ചില അപാകതകളുമുണ്ട്. അതുകൊണ്ടാണ് കെ സി ഇത്തവണ സ്വയം മുന്നിട്ടിറങ്ങാത്തത്. മണ്ഡലത്തിലെ കോണ്‍ഗ്രസുകാര്‍ക്കും കെ സി വേണുഗോപാല്‍ തന്നെ മത്സരിക്കണമെന്നായിരുന്നു.

Also Read: സിപിഎം ഇന്നസെന്റിന് അരിവാള്‍ ചുറ്റിക നല്‍കിയതിനു പിന്നില്‍

കാരണം, ഇത്തവണ എതിരാളിയായി വന്നിരിക്കുന്നത് നിസ്സാരക്കാരനല്ല. എ എം ആരിഫ് സീറ്റ് മോഹിച്ച് വാങ്ങിച്ചെടുക്കുന്നതില്‍ തന്നെ ഒരാത്മവിശ്വാസമുണ്ട്. 20 മണ്ഡലങ്ങളിലെ ത്രില്ലിംഗ് ഫൈറ്റുകളില്‍ ഒന്നായിരിക്കും കെ സിയും ആരിഫും തമ്മില്‍ ഏറ്റുമുട്ടിയാല്‍. ഇവരില്‍ ആര്‍ക്കാണ് മുന്‍തൂക്കമെന്നു ചോദിച്ചാല്‍ ഒരിഞ്ച് എങ്കിലും വേണുഗോപാലിനെന്നു പറയുന്നവരാണ് ആലപ്പുഴക്കാര്‍. വേണുഗോപാല്‍ അല്ലെങ്കില്‍ ഒരു സംശയ വുമില്ലാതെ ആരിഫ് എന്നു പറയുന്നവര്‍ കൂടും. മുസ്ലിം- ഈഴവ വോട്ടുകളാണ് മണ്ഡലത്തില്‍ ഏറെ നിര്‍ണായകമാകുക. ആരിഫ് വരുമ്പോള്‍ മുസ്ലിം വോട്ടുകള്‍ വലിയ തോതില്‍ ഇടത് സ്ഥാനാര്‍ത്ഥിക്കു പോകും. വേണുഗോപാലിന് അത് നേരിടാന്‍ കഴിയുമെങ്കിലും മറ്റൊരാള്‍ക്ക് കഴിയില്ല. ഈ മറ്റൊരാള്‍ ആരാകും എന്നതിലും ഒരു ഉറപ്പില്ല. ശരിക്കും പറഞ്ഞാല്‍ വേണുഗോപാല്‍ അല്ലെങ്കില്‍ വിജയസാധ്യത പറഞ്ഞ് നിര്‍ത്താന്‍ ആലപ്പുഴയില്‍ മറ്റൊരാളെ കോണ്‍ഗ്രസിന് പറയാനില്ല. ഈഴവ സമുദായത്തില്‍ നിന്നൊരാള്‍ വേണമെന്നാണ് കെ സിക്ക് പകരാക്കാരനെ തേടുന്നുണ്ടെങ്കില്‍ കണ്ടെത്തേണ്ടതാണ് പറയുന്നത്. എം ലിജുവിന്റെ പേര് പറയുന്നുണ്ടെങ്കിലും ലിജു മത്സരിക്കാന്‍ തയ്യാറാകില്ല. ഇത്തരം കണ്‍ഫ്യൂഷനുകള്‍ നിറയുമ്പോള്‍ കെ സി തന്നെ തീര്‍പ്പായി വരുമെന്നും ആലപ്പുഴയില്‍ അദ്ദേഹം വീണ്ടും ജനവിധി തേടുമെന്നാണ് കോണ്‍ഗ്രസുകാര്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ ഈ വിശ്വാസങ്ങളെല്ലാമാണ് ഇന്ന് വൈകിട്ട് നാല് മണിയോടെ തകര്‍ന്നത്.

Also Read: കെ.സി വേണുഗോപാലെന്ന രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനെ തളയ്ക്കാന്‍ ആരിഫിന് അരൂരിലെ ഭൂരിപക്ഷം മതിയാകുമോ?

പ്രധാനപ്പെട്ട ഈ നേതാക്കളുടെ കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടായാല്‍ പിന്നെ പ്രശ്‌നങ്ങളൊന്നുമില്ല. ബാക്കിയെല്ലായിടത്തും ഏതാണ്ടൊക്കെ തീരുമാനിച്ച് വച്ചിരിക്കുകയാണ്. പക്ഷേ ഇവരുടെ കാര്യത്തില്‍ തീരുമാനം ആകാതെ മറ്റുള്ളവരുടെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കഴിയില്ല എന്നതാണ് കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധി.

Also Read: ‘ചാക്കിലാക്കി തല മാത്രം പുറത്തിട്ട് ട്രെയിനില്‍ ബര്‍ത്തില്‍ കെട്ടിയിട്ടാണ് ഇസ്മയിലിനെ എത്തിച്ചത്. അവനോട് എന്ത് ജനാധിപത്യമാണ് ഞാന്‍ പറയേണ്ടത്?’ പാണ്ടിക്കാട്ടെ ഈ ‘വിപ്ലവകുടുംബ’ത്തെ അറിയാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍