UPDATES

ട്രെന്‍ഡിങ്ങ്

മുസ്ലിം ലീഗിന്റെ പൊന്നാനി പി.വിഅൻവർ എംഎൽഎ കയ്യേറുമോ? ചരിത്രം പറയുന്നത്

കുറച്ചു കാലമായി കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും രണ്ടു തട്ടിലാണെന്ന പ്രചാരണം ശക്തമാണ്.

കെ എ ആന്റണി

കെ എ ആന്റണി

പൊന്നാനി ലോക് സഭ മണ്ഡലത്തിൽ നിന്നുള്ള ഇടതു സ്വതന്ത്ര സ്ഥാനാർത്ഥിയായി തന്റെ പേര് പ്രഖ്യാപിക്കപ്പെട്ടതിനു തൊട്ടുപിന്നാലെ പി.വി അൻവർ എംഎൽഎ നടത്തിയ പ്രതികരണം എന്തുകൊണ്ടും ശ്രദ്ധേയമായിരുന്നു. “എനിക്കെതിരെ എതിരാളികൾ ഉന്നയിക്കുന്ന പ്രധാന ആരോപണം ഞാൻ കയ്യേറ്റക്കാരൻ ആണെന്നതാണ്. ഞാൻ കയ്യേറ്റം നടത്തിയത് നിലമ്പൂരിലെ വോട്ടർമാരുടെ ഹൃദയത്തിലേക്കാണ്. അതേ കയ്യേറ്റം ഞാൻ മുസ്ലിം ലീഗിന്റെ പൊന്നാനിയിലും നടത്തും”. കക്കാടംപൊയിലിലെ വാട്ടർ തീം പാർക്കിന്റെ നിർമാണം മുതൽ ഭൂമി കയ്യേറ്റം നടത്തിയെന്നും ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ചുവെന്നുമൊക്കെയുള്ള ആരോപണങ്ങൾക്കുള്ള മറുപടി എന്ന നിലയിൽ കൂടിയാണ് അൻവർ ഇത്തരത്തിൽ ഒരു പ്രതികരണം നടത്തിയതെന്നത് വ്യക്തം.

പൊന്നാനിയിൽ അൻവറിന്റെ പേര് സിപിഎം പരിഗണിക്കുന്നുവെന്ന വാർത്ത പുറത്തുവന്നപ്പോൾ തന്നെ ഇതിനെതിരെ വലിയ വിമർശനം തന്നെ ഉയർന്നിരുന്നു. ഒടുവിൽ അൻവറിന്റെ സ്ഥാനാർത്ഥിത്വം ഇന്നലെ ഔദോഗികമായി പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ മലയാള ന്യൂസ് ചാനലുകളിലെ പ്രധാന ചർച്ചാവിഷയവും പൊന്നാനിയിലെ അൻവറിന്റെ സ്ഥാനാർത്ഥിത്വം തന്നെയായിരുന്നു. അൻവർ പണ്ട് കോൺഗ്രസ് പ്രവർത്തകനായിരുന്നുവെന്നും പാർക്ക് നിർമാണവും മറ്റും അൻവർ ഇടതു സ്വതന്ത്രനായി മത്സരിച്ചു ജയിക്കുന്നതിനു മുൻപേ ആരംഭിച്ചതാണെന്നും യുഡിഎഫ് ഭരിക്കുന്ന, ഒരു കോൺഗ്രസ്സുകാരി അധ്യക്ഷയായുള്ള കൂടരഞ്ഞി പഞ്ചായത്ത് പാർക്ക് നിർമാണത്തിന് വേണ്ടി അൻവറിനു നൽകിയ വഴിവിട്ട സഹായങ്ങളുമൊക്കെ ചാനൽ ചർച്ചയിൽ പങ്കെടുത്ത നിലമ്പൂർക്കാരൻ കൂടിയായ മലപ്പുറം ഡിസിസി പ്രസിഡന്റ് വി വി പ്രകാശ് പോലും അറിഞ്ഞ ഭാവം പോലും നടിച്ചുകണ്ടില്ല.

അൻവറിനെ വെള്ളപൂശേണ്ട കാര്യമൊന്നും ഇതെഴുതന്ന ആൾക്കില്ലാത്തതിനാൽ തല്ക്കാലം അത്തരം കാര്യങ്ങളിലേക്ക് കൂടുതൽ കടക്കുന്നില്ല. അതുകൊണ്ടു തന്നെ അൻവർ എന്ന വ്യക്തിയുടെ ഡെമെറിറ്റ്സിനെക്കാൾ പൊന്നാനിയിൽ എന്തുകൊണ്ട് അൻവർ എന്നും അയാൾക്ക് അവിടെ ഉണ്ടെന്ന് അയാളും സിപിഎമ്മും കരുതുന്ന അനുകൂല ഘടകങ്ങളിലേക്കും കടക്കാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

പൊന്നാനി മണ്ഡലം മുസ്ലിം ലീഗിന്റെ ഉറച്ച കോട്ടയായി അറിയപ്പെടുമ്പോഴും 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിലും തുടർന്ന് നടന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലും അസംബ്ലി തിരഞ്ഞെടുപ്പിലും യുഡിഎഫിന്റെ വോട്ടു വിഹിതത്തിലുണ്ടായ വലിയ ഇടിവ് തന്നെയാണ് സിപിഎമ്മിനെ ഇക്കുറി ഇത്തരം ഒരു പരീക്ഷണത്തിന് പ്രധാനമായും പ്രേരിപ്പിക്കുന്നത്. 2009 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ 80,000-ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ച പൊന്നാനിയിൽ കഴിഞ്ഞ തവണ (2014 ൽ) അദ്ദേഹത്തിന് ലഭിച്ചത് വെറും 25 ,000-ത്തിൽപ്പരം വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു.

Also Read: ‘ചാക്കിലാക്കി തല മാത്രം പുറത്തിട്ട് ട്രെയിനില്‍ ബര്‍ത്തില്‍ കെട്ടിയിട്ടാണ് ഇസ്മയിലിനെ എത്തിച്ചത്. അവനോട് എന്ത് ജനാധിപത്യമാണ് ഞാന്‍ പറയേണ്ടത്?’ പാണ്ടിക്കാട്ടെ ഈ ‘വിപ്ലവകുടുംബ’ത്തെ അറിയാം

വോട്ടിന്റെ കാര്യത്തിലുള്ള ഈ ഇടിവ് പിന്നീട് നടന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലും അസംബ്ലി തിരഞ്ഞെടുപ്പിലും ആവർത്തിച്ചുവെന്നു കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകുന്നതേയുള്ളൂ. പൊന്നാനി ലോക്സഭ മണ്ഡലത്തിൽ പെട്ടതും മുസ്ലിം ലീഗിനും കോൺഗ്രസിനും നല്ല അടിത്തറയുള്ള തിരൂരിലും താനൂരിലുമൊക്കെ മുസ്ലിം ലീഗിലെയും കോൺഗ്രസ്സിലെയുമൊക്കെ വിമതരെ വെച്ച് രൂപീകരിച്ച ‘സാമ്പാർ മുന്നണിയുടെ സഹായത്തോടെയാണ് സിപിഎം ഇത് സാധ്യമാക്കിയത്. അസംബ്ലി തിരഞ്ഞെടുപ്പിലും പഴയ കോൺഗ്രസ് നേതാവായിരുന്ന വി അബ്‌ദുറഹ്‌മാൻ താനൂരിൽ വിജയം കണ്ടതിനു പിന്നിലും ഇതേ തന്ത്രം തന്നെയായിരുന്നു. മുസ്ലിം ലീഗിലെ അബ്‌ദുറഹ്‌മാൻ രണ്ടത്താണിയെയാണ് അബ്‌ദുറഹ്‌മാൻ 4,918 വോട്ടിനു പരാജയപ്പെടുത്തിയത്. തവനൂരിൽ നിന്നും കെ ടി ജലീലിലും പൊന്നാനിയിൽ നിന്നും പി ശ്രീരാമകൃഷ്ണനും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടെ പൊന്നാനി ലോക്സഭ മണ്ഡലത്തിൽ പെട്ട ഏഴ് അസംബ്ലി മണ്ഡലങ്ങളിൽ മൂന്നെണ്ണം ഇടതിനൊപ്പമായി.

1952-ൽ കെ കേളപ്പൻ വിജയിച്ച പൊന്നാനി പിന്നീട് മൂന്നു തവണ കമ്മ്യൂണിസ്റ്റ് പാർട്ടിക്കൊപ്പം നിന്നു. 1962-ൽ ഇ കെ ഇമ്പിച്ചിബാവ, 67 ൽ സി കെ ചക്രപാണി, 71 ൽ എം കെ കൃഷ്ണൻ എന്നിവരെ വിജയിപ്പിച്ച പൊന്നാനി മണ്ഡലം 77-ൽ ജി.എം ബനാത്‌വാലയിലുടെ പിടിച്ചെടുത്ത മുസ്ലിം ലീഗിന് ഇവിടെ നാളിതുവരെ അടിപതറിയിട്ടില്ല. ഒരിക്കൽ മഞ്ചേരി അത്ര സേഫ് അല്ലെന്നു കണ്ട ഇബ്രാഹിം സുലൈമാൻ സേട്ട് പൊന്നാനിയിലേക്കു കൂടുമാറിയതും ഈ മണ്ഡലം ലീഗിന്റെ ഉറച്ച കോട്ടയാണെന്നതിനു തെളിവാണ്. എന്നാൽ മുസ്ലിം ലീഗിന്റെ പൊന്നാനി ലോക്സഭ മണ്ഡലത്തിലുള്ള സ്വാധീനം ക്ഷയിച്ചുവരുന്നു എന്നതിന്റെ തെളിവാണ് നേരത്തെ സൂചിപ്പിച്ച വോട്ടിടിവ്. ഈ ഭീഷണി മുന്നിൽ കണ്ടു തന്നെയാണ് ഇ ടി മുഹമ്മദ് ബഷീറും പി കെ കുഞ്ഞാലിക്കുട്ടിയും മണ്ഡലങ്ങൾ വെച്ച് മാറുന്നതുമായി ബന്ധപ്പെട്ട ചർച്ച മുസ്ലിം ലീഗിനകത്ത് ഉണ്ടായത്‌. എന്നാൽ മലപ്പുറത്തല്ലെങ്കിൽ താൻ മത്സരിക്കുന്നിലെന്നു കുഞ്ഞാലികുട്ടി തറപ്പിച്ചു പറഞ്ഞതോടെ ആ നീക്കം പൊളിഞ്ഞു.

കുറച്ചു കാലമായി കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും രണ്ടു തട്ടിലാണെന്ന പ്രചാരണം ശക്തമാണ്. അതുകൊണ്ടു തന്നെ വോട്ടിടിവ് സംഭവിച്ചുകൊണ്ടിരിക്കുന്ന പൊന്നാനി മണ്ഡലത്തിൽ ഇ ടി യെ പരാജയപ്പെടുത്തുക എന്നത് അത്ര വിഷമം പിടിച്ച കാര്യമല്ലെന്ന കണക്കുകൂട്ടലിലാണ് സിപിഎം. എന്നാൽ ഇ ടി ക്കെതിരെ അൻവർ വരുമ്പോൾ ഈ കണക്കുകൂട്ടൽ എത്രകണ്ട് ശരിയാവുമെന്നത് കണ്ടു തന്നെ അറിയണം .

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍